ഭൈരവേശ്വർ ശിഖരയുടെ താഴെയുള്ള ശിവ ക്ഷേത്രം

'നിങ്ങളുടെ മനസ്സിന് ധൈര്യമുണ്ടെങ്കിൽ യാനയിലേക്ക് പോകൂ'

ടൂറിസത്തി​െൻറ കാര്യത്തിൽ കർണാടക എപ്പോഴും അദ്​ഭുതങ്ങളാണ്​ സൃഷ്​ടിക്കുന്നത്​. 'ഒരു സംസ്​ഥാനം, ഒരുപാട്​ ലോകം' എന്ന പരസ്യവാചകം അന്വർഥമാക്കുന്ന കാഴ്​ചകളാണ്​ ഗോകർണയിലടക്കമുള്ളത്​. ബീച്ചുകൾ, ഗുഹകൾ, കോട്ടകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാഴ്​ചകൾ ഉത്തര കന്നഡയിലെ ഈ നാട്​ ഒരുക്കിവെച്ചിരിക്കുന്നു. ഗോകർണയിലെ മനോഹരമായ ബീച്ചുകളുടെ സൗന്ദര്യവും നുകർന്ന്​ അടുത്തതായി ഞാൻ പോയത്​ മിർജാൻ ഫോർട്ടിലേക്കാണ്​.

കുംതയിൽനിന്നും 12 കിലോമീറ്റർ അകലെയാണ് ചരിത്രമുറങ്ങുന്ന ഈ കോട്ട. ഗോകർണയിലേക്കുള്ള വഴിയിൽ മിർജാൻ ബസ് സ്​റ്റോപ്പിലിറങ്ങി ഒരു കിലോമീറ്റർ ചെമ്മണ്ണ് വിരിച്ച പാതയിലൂടെ നടന്നുചെല്ലുമ്പോൾ തലയുയർത്തി നിൽക്കുന്ന കോട്ട കാണാം.

മിർജാൻ കോട്ട

ഒത്തിരി ചരിത്ര കഥകൾ പറയാനുണ്ട്​ ഈ കോട്ടക്ക്​. 16ാം നൂറ്റാണ്ടിൽ വിജയ സാമ്രാജ്യത്തി​െൻറ കീഴിൽ അധികാരം ഉണ്ടായിരുന്ന ചെന്നഭൈരവി ദേവി റാണിയാണ് ചെങ്കല്ലിൽ തീർത്ത ഈ കോട്ട പണിതത്. നീണ്ട 54 കൊല്ലം ഇവർ ഇവിടെ ഭരിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കരിങ്കല്ലിൽ തീർത്ത ഉയർന്ന കൂറ്റൻ മതിലുകളും കോട്ട കൊത്തളങ്ങളും ഒരു പ്രധാന കവാടവും മൂന്ന്​ ഉപ കവാടങ്ങളുമടക്കം നാല്​ പ്രവേശന കവാടങ്ങളുമു​ണ്ടിവിടെ.

അകത്തെ കിടങ്ങുമായി ബന്ധപ്പെടുന്ന തുരങ്കങ്ങളിൽ പരസ്​പരം ബന്ധിക്കപ്പെട്ട രണ്ട്​ വലിയ കിണറുകൾ കാണാം. ഇരുമ്പ് അഴികൾ കൊണ്ട് ഈ കിണറിനെ മൂടിയിരുക്കുന്നു. പ്രവേശന കവാടത്തിൽനിന്നും വീതിയേറിയ പടികളിലൂടെയാണ് കോട്ടയിലേക്ക്​ കയറേണ്ടത്​. ഹിന്ദു ദൈവങ്ങളുടെ ശിലാരൂപങ്ങൾ ഒരു മരത്തി​െൻറ ചുവട്ടിലായി കാണാം.

മരച്ചുവട്ടിലെ വിഗ്രഹങ്ങൾ

മതപരമായ പ്രാർഥനകൾ നടത്താനുള്ള മുറികളും സുരക്ഷിതമായ ഒളിത്താവളങ്ങളും കോട്ടക്കകത്തുണ്ട്​. ഇതി​െൻറ പലഭാഗങ്ങളും നാമാവശേഷമായി തുടങ്ങി. ശത്രുക്കളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള ആ കാലഘട്ടത്തിലെ നിർമിതികൾ എല്ലാം ഇന്ന് നാമവശേഷമായി കിടക്കുന്നത് ചരിത്ര കുതുകികളെ നിരാശയിലാഴ്​ത്തും.

ക്യൂൻ ഓഫ്​ പെപ്പർ

ഇന്ത്യയിലെ മറ്റു കോട്ടകളെപ്പോലെ ചോരചിന്തിയ യുദ്ധ കഥകളിലെ ധീര പ്രതീകമായൊന്നും മിർജാൻ കോട്ട നിറഞ്ഞുനിന്നിട്ടില്ല. എന്നാൽ, ആഗ്‌നാശിനി നദി തീരത്തോട് ചേർന്നുകിടക്കുന്ന ഈ കോട്ട പ്രധാനമായും വാണിജ്യത്തിന് പേരുകേട്ടതായിരുന്നു. അന്നത്തെ കാലത്ത് ഇവിടെനിന്നും ധാരാളം കുരുമുളക് സൂറത്തിലേക്ക് കയറ്റി അയച്ചിരുന്നു. അങ്ങനെ കുരുമുളകി​െൻറ പേരിൽ പോർച്ചുഗീസുകാർ റാണിക്ക് ഒരു സ്ഥാനപ്പേരും നൽകി, ക്യൂൻ ഓഫ് പെപ്പർ.

മിർജാൻ കോട്ടയുടെ മുകൾഭാഗം

വിജയനഗര സാമ്രാജ്യത്തി​െൻറ പതനത്തിനുശേഷം ബഹാനാമി സുൽത്താൻ​െൻറയും പിന്നീട് ബിജാപൂർ സുൽത്താ​െൻറയും അധീനതയിലായ ഈ കോട്ട പോർച്ചുഗീസുകാർ പിടിച്ചടക്കി. അവരിൽനിന്നും ഹൈദരാലി വഴി ടിപ്പു സുൽത്താ​െൻറ അധീനതയിൽ എത്തിച്ചേർന്നു. അദ്ദേഹത്തി​െൻറ മരണശേഷം ബ്രിട്ടീഷുകാർ കീഴടക്കിയെന്നാണ്​ ചരിത്രം.

ഒരു കാലത്ത്​ റാണിമാരുടെയും പരിവാരങ്ങളുടെയും കച്ചവടക്കാരുടെയും ശബ്​ദങ്ങളാൽ മുഖരിതമായ ഈ കോട്ട ഇന്നിപ്പോൾ നിശ്ശബ്​ദതയെ പുൽകി ഉറങ്ങുകയാണ്. അനുദിനം നാമാവശേഷമാകുന്ന ഈ കോട്ട കർണാടകയെ സംബന്ധിച്ച് എന്നും ഒരു അദ്​ഭുതം തന്നെയാണെന്നതിൽ സംശയമില്ല.

കോട്ടയിലെ അറകൾ

കാടി​െൻറ വന്യതയിൽ

അടുത്തലക്ഷ്യം പരമശിവ​െൻറയും ഭസ്​മാസുര​െൻറയും കഥകളാൽ നിറഞ്ഞുനിൽക്കുന്ന പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിലെ യാന ഗുഹകളിലേക്കാണ്​. കുംത ബസ് സ്​റ്റാൻഡിൽനിന്നും 30 കിലോമീറ്റർ അകലെയാണ് യാന. ദിവസേന രാവിലെ 7.30, ഉച്ചക്ക്​ 12.30, വൈകുന്നേരം 4.30 എന്നിങ്ങനെ ഇവിടേക്ക് ബസുകൾ പോകുന്നുണ്ട്. ഉച്ചക്കുള്ള ബസ്സിലാണ് ഞാൻ കയറുന്നത്​. ഐതിഹ്യകഥകൾ മാത്രമല്ല, മറ്റൊരു പ്രത്യേകത കൂടി യാനക്കുണ്ട്. ഇന്ത്യയിലെ വൃത്തിയുള്ള ഗ്രാമങ്ങളിൽ രണ്ടാം സ്ഥാനം യാനയിലെ ഗ്രാമങ്ങൾക്കാണ്.

കുംതയിൽനിന്നും ബസ് പതിയെ നീങ്ങിത്തുടങ്ങി. സിർസി റൂട്ടിലൂടെയാണ് യാത്ര. ഏകദേശം പകുതി ദൂരം കഴിഞ്ഞപ്പോൾ നഗരംവിട്ടു. നഗര ജീവിതത്തിൽനിന്നും പൊടുന്നനെ ഗ്രാമങ്ങളിലേക്ക് എടുത്തെറിയുന്നത് പോലെയാണ് അനുഭവപ്പെട്ടത്.

യാന ഗുഹയിലേക്കുള്ള വഴിയിലെ വിശ്രമകേന്ദ്രം

പിന്നീടങ്ങോട്ട് ഒരു ബസിന്​ മാത്രം പോകാൻ കഴിയുന്ന പൊട്ടിപ്പൊളിഞ്ഞ ദുർഘടമായ പാത മാത്രം. കന്നടക്കാർക്ക്​ ഇടയിൽ ഒരു ചൊല്ലുണ്ട്, 'നിങ്ങൾക്ക് കാശുണ്ടെങ്കിൽ ഗോകർണയിലേക്ക് പോകൂ, നിങ്ങളുടെ മനസ്സിന് ധൈര്യമുണ്ടെങ്കിൽ യാനയിലേക്ക് പോകൂ'. അത് എത്രമാത്രം സത്യമാണെന്ന് ഈ യാത്ര നമുക്ക് മനസ്സിലാക്കിത്തരുന്നു. സൂര്യപ്രകാശം നേരിയതോതിൽ പതിക്കുന്ന ഇരുണ്ട വഴികളിലൂടെ, ഇരുഭാഗത്തും ഇടതൂർന്ന മരങ്ങളും വന്യജീവികളും നിറഞ്ഞ കൊടുംകാട്ടിലൂടെയാണ് യാത്ര. മൊബൈലിൽനിന്ന്​ റേഞ്ചെല്ലാം പരിധിക്ക്​ പുറത്തായി. അങ്ങിങ്ങായി കൃഷിയിടങ്ങളും ചെറിയ വീടുകളും അരുവികളും കാണാം. പക്ഷെ, കുറച്ചുദൂരം ചെന്നപ്പോൾ കാടി​െൻറ നിശ്ശബ്​ദതക്കിടയിൽ വണ്ടിയുടെ ഇരമ്പൽ മാത്രമാണ് കേൾക്കുക.

ഏകദേശം 12 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്​ത്​ അവസാനം ചെറിയൊരു കവാടത്തിന്​ മുന്നിൽ ബസ്​ നിർത്തി. ഇനി ഇവിടെനിന്നും കാട്ടിലൂടെ ഒന്നര കിലോമീറ്ററിലധികം നടന്നുപോകണം. വഴിയിലുടനീളം വിശ്രമിക്കാനുള്ള സിമ​ൻറ്​ ബെഞ്ചുകളും കൂടാരങ്ങളുമുണ്ട്​. അതി​െൻറ തൊട്ടടുത്തായി തന്നെ വന്യമൃഗങ്ങളെ സൂക്ഷിക്കാനുള്ള ബോർഡും കാണാം. ആ ബോർഡ് കണ്ടശേഷം അവിടെ ഒറ്റക്കിരുന്ന് വിശ്രമിക്കാനുള്ള ആഗ്രഹം പാടെ ഉപേക്ഷിച്ചു.


ചെറിയ വഴികളെ മുറിച്ചുകൊണ്ട് ഒഴുകുന്ന അരുവി

പാറക്കൂട്ടങ്ങളിൽ വെള്ളം ശക്തിയായി തട്ടി പതച്ചൊഴുകുന്ന അരുവികളുടെ കളകള നാദം കേൾക്കാം. ചെറിയ ചെറിയ വഴികളെ മുറിച്ചുകൊണ്ട് അരുവികൾ ഒഴുകുന്നു. അതിൽ കാൽ നനച്ച്​ കൈയും മുഖവും കഴുകി പിന്നെയും യാത്ര തുടർന്നു.

പടികൾ കയറി ഗുഹയിലേക്ക്​

അവസാനം യാന ഗുഹകളിലേക്ക് കയറാനുള്ള പടിക്കെട്ടിന്​ മുന്നിലെത്തി. തൊട്ടടുത് ഒരു ഗണപതി ക്ഷേത്രമുണ്ട്​. അവിടെ കുറച്ചുനേരം വിശ്രമിച്ചശേഷം പടികൾ ഓരോന്നായി കയറാൻ തുടങ്ങി. ഏകദേശം നൂറോളം പടികൾ കയറി മുകളിലേക്ക്​ എത്തുമ്പോൾ തന്നെ കൂർത്തമുനകളോട് കൂടി തലയുയർത്തി നിൽക്കുന്ന പർവത ശിഖരങ്ങളെ കാണാം. മോഹിനി ശിഖയുടെ വിദൂര ദൃശ്യമാണിത്. 90 മീറ്റർ ഉയരമുണ്ട് മോഹിനി ശിഖരക്ക്.

മോഹിനി ശിഖര

ഇതി​െൻറ ചുവട്ടിലെ ഗുഹയുടെ അകത്തേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. മോഹിനി ശിഖരയും കടന്ന്​ വീണ്ടും മുന്നിലേക്ക് നടക്കുമ്പോൾ ഭൈരവേശ്വര ശിഖര എന്ന രണ്ടാമത്തെ പർവതം കാണാം. അതിന്​ തൊട്ടുതാഴെയായി ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇത്​ സ്വയംഭൂവായ ശിവലിംഗമാണെന്ന് പറയപ്പെടുന്നു.

വലുപ്പത്തിൽ മോഹിനി ശിഖരയേക്കാൾ മുന്നിലാണ് ഭൈരവേശ്വര ശിഖര, 120 മീറ്റർ ഉയരം. ഉൾഭാഗം തികച്ചും പൊള്ളയായ പർവതമാണിത്. ചിലയിടങ്ങളിൽ മുകൾ ഭാഗത്തും പൊള്ളയാണ്. അതിലൂടെ സൂര്യപ്രകാശത്തി​െൻറ നേർത്ത കിരണങ്ങൾ താഴേക്ക് പതിക്കുന്നു. ഈ രണ്ട്​ പർവതങ്ങൾക്ക് പിന്നിലും പുരാണ കഥയുണ്ട്.

ഗുഹയുടെ ഉൾവശം

അസുരരാജാവായ ഭസ്​മാസുരൻ കഠിന തപസ്സിലൂടെ പരമശിവനിൽനിന്നും ഒരു വരം നേടിയെടുത്തു. താൻ ആരുടെ തലയിൽ തൊട്ടാലും അവർ ചാരമായി പോകണം എന്ന വരമായിരുന്നുവത്. തനിക്ക് ലഭിച്ച വരം പരമശിവനിൽ തന്നെ പരീക്ഷിക്കാൻ ഭസ്​മാസുരൻ മുതിർന്നു. ഇതുകണ്ട് പരമശിവൻ മഹാവിഷ്​ണുവി​െൻറ അടുക്കൽ അഭയം പ്രാപിച്ചു. ഭസ്​മാസുരനെ നിഗ്രഹിക്കാൻ വിഷ്​ണു മോഹിനി രൂപംപൂണ്ടു.

വശീകരിച്ച ശേഷം നൃത്ത മത്സരത്തിനായി ഭസ്​മാസുരനെ ക്ഷണിച്ചു. താൻ ചെയ്യുന്നതുപോലെ നൃത്തം ചെയ്​ത്​ കാണിച്ചുതന്നാൽ എന്നെ നിങ്ങൾക്ക് സ്വന്തമാക്കാമെന്ന് മോഹിനി രൂപംപൂണ്ട വിഷ്​ണു പറഞ്ഞു. അതുകേട്ട അസുരൻ നൃത്തത്തിന് തയാറായി. നൃത്ത മത്സരം അരങ്ങുതകർക്കുന്നതിനിടെ മോഹിനി ത​െൻറ കൈപ്പത്തി സ്വന്തം ശിരസ്സിൽ വെച്ചു.

ഭൈരവേശ്വര ശിഖര

നൃത്തത്തി​െൻറ ലഹരിയിൽ, തനിക്ക്​ ലഭിച്ച വരമോർക്കാതെ ഭസ്​മാസുരൻ അതുപോലെ സ്വന്തം കൈ തലയിൽ വെക്കുന്നതോടെ ഉഗ്രസ്ഫോടനം നടക്കുകയും അതി​െൻറ ഫലമായുണ്ടായ അഗ്നിയും ചാരവും ചേർന്നാണ് ഈ പാറക്കൂട്ടങ്ങൾക്ക്​ കറുത്തനിറം ലഭിച്ചതെന്നുമാണ് ഐതിഹ്യം. ഭസ്​മാസുരനിൽനിന്നും ഓടിഒളിക്കുവാൻ ശിവൻ കയറിയ പാറക്കൂട്ടമാണ് ഭൈരവേശ്വര ശിഖര എന്നാണ് പറയപ്പെടുന്നത്. ശിവരാത്രി നാളിൽ ഈ പ്രദേശം ആഘോഷത്തിമിർപ്പിലാകും. ധാരാളം തീർഥാടകർ ഈ സമയം യാനയിലേക്ക്​ പ്രവഹിക്കും.

പുറത്തുള്ള പൈപ്പ് വെള്ളത്തിൽനിന്ന്​ കാലും മുഖവും കഴുകിയശേഷമേ ക്ഷേത്രത്തിനകത്തേക്ക്​ പ്രവേശിച്ചു. മുകളിലെ അരുവിയിൽനിന്നുള്ള ജലം ശ്രീകോവിലൂടെ ഒഴുകി ക്ഷേത്രത്തിന്​ പുറത്തേക്ക് പോകുന്ന കാഴ്​ച അതിമനോഹരമാണ്. ക്ഷേത്രത്തിനകത്ത്​ കൂടെ നടക്കുമ്പോൾ തന്നെ ഗുഹയിലേക്ക് കയറാനുള്ള പടിക്കെട്ടുകൾ കാണാം.

ഗുഹയിലേക്ക്​ കയറാനുള്ള പടികൾ

ഈർപ്പമുള്ള കൽപ്പടവുകൾ കയറി ഗുഹയിലേക്ക്​ പ്രവേശിച്ചു. ഉള്ളിലേക്ക് കയറുംതോറും ഇരുട്ട്​ കൂടിവരുന്നു. ചില സ്ഥലങ്ങളിൽ പൊള്ളയായ മുകൾ വശത്തുനിന്നും നേരിയ സൂര്യപ്രകാശം താഴേക്ക് അരിച്ചരിച്ച് ഇറങ്ങുന്നുണ്ട്. ആളനക്കം കേൾക്കുമ്പോൾ വവ്വാലുകൾ ചിറകടിച്ചു പറക്കുന്നു. അതി​െൻറ ശരീരത്തിൽനിന്നും വരുന്ന ഒരുതരം ദുർഗന്ധം ഗുഹക്കകത്ത്​ തളംകെട്ടി നിൽക്കുന്നു. മുകളിൽ നിറയെ തേനീച്ചക്കൂടുകളാണ്.

തേനീച്ചയുടെ അപകടത്തെക്കുറിച്ചുള്ള ബോർഡുകൾ അവിടെ സ്​ഥാപിച്ചിട്ടുണ്ട്. കാഴ്​ചകൾ കണ്ടശേഷം ക്ഷേത്രത്തിന്​ പുറത്തേക്കിറങ്ങി. തൊട്ടടുത്ത ഒരു കടയിൽ സർബത്ത് കുടിക്കാൻ കയറിയപ്പോഴാണ് മറ്റൊരു വിവരം അറിയാൻ കഴിഞ്ഞത്. ഇവിടെ തൊട്ടടുത്ത്​ തന്നെ വിഭൂതി എന്നൊരു വെള്ളച്ചാട്ടം ഉ​ണ്ടെന്നും ഇവിടെ വരുന്നവർ അവിടത്തെ കുളിയും കഴിഞ്ഞാണ് തിരിച്ചുപോകുന്നതെന്നും. സമയം അഞ്ച്​ മണി കഴിഞ്ഞു. യാനയിൽ നിന്നുള്ള അവസാന ബസ് ആറു മണിക്കാണ്. പതുക്കെ പതുക്കെ കയറിവന്ന കൽപ്പടവുകൾ ഓടിയിറങ്ങി യാനയിലെ ആദ്യ കവാടത്തിലേക്കെത്തി. അവിടെ കുംതയിലേക്കുള്ള അവസാന ബസ്​ എന്നെയും കാത്തുനിൽപ്പുണ്ടായിരുന്നു.

ഗുഹക്കകത്തെ സഞ്ചാരികൾ

പിറ്റേന്ന് വൈകുന്നേരം നാല്​ മണിക്കാണ്​ നാട്ടിലേക്കുള്ള ട്രെയിൻ. അതുവരെ സമയം പോകാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. ഗൂഗിളിൽ തപ്പി തൊട്ടടുത്തുള്ള മുരുഡേശ്വറിലേക്ക് പാസഞ്ചർ ട്രെയിൻ കയറി. റെയിൽവേ സ്റ്റേഷൻൽനിന്നും ഒരു ഓട്ടോയിലാണ്​ മുരുഡേശ്വർ ക്ഷേത്രത്തിലെത്തിയത്​. ലോക്കറിൽ ബാഗ്​ സൂക്ഷിക്കാനേൽപ്പിച്ചു. തുടർന്ന്​ പുതിയ കാഴ്​ചകൾ തേടിയിറങ്ങി. ആദ്യമെത്തിയത്​​ ശിവ​ പ്രതിമയുടെ മുന്നിലാണ്​.

ഈ പ്രതിമയുടെ മുകൾഭാഗം ട്രെയിൻ മുരുഡേശ്വറിലേക്ക് അടുക്കുമ്പോൾ തന്നെ കാണാൻ കഴിയും. അത്രക്കും ഉയരമുണ്ടതിന്​. ക്ഷേത്രത്തി​െൻറ പിൻഭാഗത്ത്​ കടലാണ്. ചെറിയ വള്ളങ്ങൾ ദൂരെയായി കാണാം. കുറച്ചുപേർ കടലിൽ ഇറങ്ങിക്കുളിക്കുന്നു. കഴിഞ്ഞദിവസം ഗോകർണയിലെ ബീച്ചുകൾ കണ്ടനുഭവിച്ചതിനാൽ ഒരുപാട് നേരമൊന്നും അവിടെ നിൽക്കാൻ തോന്നിയില്ല.

മുരുഡേശ്വർ ക്ഷേത്രം

ക്ഷേത്ര കവാടത്തി​െൻറ അരികിലായി ഒരു കോഫീ ഹൗസുണ്ട്​. പകുതിയോളം കടലിലേക്ക്​ ചാഞ്ഞാണ് അതി​െൻറ നിർമിതി. അതി​െൻറ മുകൾ തട്ടിൽ കടലിനോട് ചേർന്നുള്ള ജാലകത്തി​െൻറ അരികെ​ പോയിരുന്ന്​ ഭക്ഷണം ഓർഡർ ചെയ്​തു. കപ്പലിൽ ഇരുന്ന് കഴിക്കുന്ന ഒരു പ്രതീതിയാണ് നമുക്ക് ലഭിക്കുക. താഴെ നീല നിറത്തിൽ കടൽ കാണാം. തണുത്ത കാറ്റ്​ വീശിയടിക്കുന്നു. ആ കാറ്റുമേറ്റ്​ എത്രനേരം വേണമെങ്കിലും നമ്മൾ അവിടെ ഇരുന്നുപോകും.

നാല്​ മണിയായതോടെ മടക്കയാത്ര തുടങ്ങി. കൊങ്കൺ പാതയിലൂടെ ട്രെയിൻ കൂകിപ്പായുകയാണ്​. മുരുഡേശ്വറും കഴിഞ്ഞ്​ ട്രെയിൻ മംഗലാപുരം വഴി കേരളത്തിലേക്ക്​ കടന്നു​. അപ്പോഴും കണ്ട്​ കൊതിതീരാത്ത ഗോകർണയിലെ കാഴ്​ചകളും കാണാൻ പറ്റാതെ പോയ യാനയിലെ വിഭൂതി വെള്ളച്ചാട്ടവുമാണ് മനസ്സ്​ നിറയെ.

(അവസാനിച്ചു)

മുരുഡേശ്വർ ക്ഷേത്രത്തിന്​ സമീപം ലേഖകൻ


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.