നിളയുടെ ഓളപ്പരപ്പിൽ തുഴയെറിഞ്ഞ്​ സ്​പീക്കർ; കയാക്കിങ്ങിൽ സ്​ഥിരംവേദിയാകാൻ വെള്ളിയാങ്കല്ല്​

അസ്തമയ സൂര്യന്‍റെ ചാരുതയാർന്ന ദൃശ്യവും ഇരുകരകളിലെയും പച്ചപ്പും ആസ്വദിച്ച് നിളയുടെ ഓളപ്പരപ്പിനെ കീറിമുറിച്ച് തുഴയെറിഞ്ഞ്​ മുന്നേറി സ്​പീക്കർ എം.ബി. രാജേഷ്​. തൃത്താലയിൽ നടന്ന കയാക്കിങ്​ ഫെസ്റ്റ്​ ഉദ്​ഘാനം ചെയ്യാനെത്തിയതായിരുന്നു സ്​പീക്കർ. പാലക്കാട്​ ജില്ലയിൽ ആദ്യത്തെ കയാക്കിങ് അനുഭവമാണ്​ തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഭാരതപ്പുഴയില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയത്​.

പുഴയിൽ മാലിന്യം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ കഴിയുന്നത്ര മാലിന്യങ്ങൾ പുഴയിൽനിന്ന്​ ശേഖരിക്കുകയും അവ പഞ്ചായത്ത് വഴി സംസ്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പരിപാടി വിജയകരമാവുന്ന പക്ഷം തൃത്താലയെ കായാക്കിങ്ങി​െൻറ സ്ഥിര വേദിയാക്കാനും ഉദ്ദേശ്യമുണ്ട്​. ചൊവ്വാഴ്ച പൊതുജനങ്ങൾക്കും കയാക്കിങ്​ നടത്താൻ അവസരം നൽകി.


ഭാരതപ്പുഴയിലൂടെയുള്ള കയാക്കിങ്​ ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്ന അനുഭവമായിരുന്നുവെന്ന്​ എം.ബി. രാജേഷ്​ ഫേസ്​ബുക്കിൽ കുറിച്ചു. തൃത്താലയുടെ ടൂറിസം വികസനത്തിനുള്ള വലിയൊരു ചുവടുവെപ്പായാണ് കയാക്കിങ്ങിന് ജനങ്ങൾ നൽകിയ വമ്പിച്ച പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്​ബുക്ക്​ പോസ്റ്റിൽനിന്ന്​:

അസ്തമയ സൂര്യന്‍റെ ചാരുതയാർന്ന ദൃശ്യവും ഇരുകരകളിലെ പച്ചപ്പും ആസ്വദിച്ച് നിളയുടെ ഓളപ്പരപ്പിനെ കീറിമുറിച്ച് തുഴഞ്ഞു മുന്നേറുന്നത് മനം നിറക്കുന്ന അനുഭവമാണ്; ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്ന അനുഭവം. തൃത്താല വെള്ളിയാങ്കല്ലിൽ നടക്കുന്ന രണ്ടു ദിവസത്തെ കയാക്കിങ് ഫെസ്റ്റിവലിൽ പങ്കാളിയാകാൻ കഴിഞ്ഞു; ജീവിതത്തിലാദ്യം. പാലക്കാട് ജില്ലയിലെ ആദ്യത്തെ കയാക്കിങ് ഫെസ്റ്റിവലാണ് ഉദ്ഘാടനം ചെയ്തത്. ആയിരക്കണക്കിനാളുകൾ ആഹ്ലാദാരവങ്ങളോടെ കയാക്കിങ് ഫെസ്റ്റിവലിന് സാക്ഷ്യം വഹിച്ചു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തുഴച്ചിലുകാരെല്ലാം നിളയുടെ സൗന്ദര്യത്തിൽ മതിമറന്നു. കയാക്കിങ്ങിന് കേരളത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് അവരെല്ലാം സാക്ഷ്യപ്പെടുത്തി. ഏറ്റവും പ്രധാനം നിളയുടെ സ്വച്ഛതയും പ്രകൃതിഭംഗിയും തന്നെ. രണ്ടാമതായി, ആഴം കുറവാണെന്നത് അപകട സാധ്യത ഇല്ലാതാക്കുന്നു. ശുദ്ധമായ തെളിഞ്ഞ വെള്ളമാണ് വെള്ളിയാങ്കല്ലിലുള്ളത്. ഇതെല്ലാം ചേർന്ന് വെള്ളിയാങ്കല്ലിനെ കയാക്കേഴ്സിന് പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു.


വിനോദസഞ്ചാരികളെ ധാരാളമായി ആകർഷിക്കാൻ ഈ സ്ഥലം അനുയോജ്യമാണെന്ന് കയാക്കേഴ്സ് പറഞ്ഞു. ഫെസ്റ്റിവലിനെ തുടർന്ന് ഇവിടെ സ്ഥിരമായി കയാക്കിങ് സൗകര്യം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വെള്ളിയാങ്കല്ലിന്‍റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന് കയാക്കിങ് ഊർജം പകരുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രകൃതിസൗഹൃദമായ ടൂറിസം പ്രവർത്തനമാണ് കയാക്കിങ്. വിദേശ രാജ്യങ്ങളിൽ വലിയ പ്രചാരമുള്ള കായികവിനോദമാണിത്. മലിനീകരണമില്ലാതെയും സുരക്ഷ ഉറപ്പുവരുത്തിയും ജലാശയങ്ങളെ ആസ്വദിക്കുക എന്നതാണ് കയാക്കിങ്ങിന്‍റെ പ്രാധാന്യം.

ധാരാളം പുഴകളും ജലാശയങ്ങളുമുള്ള കേരളവും കയാക്കിങ്ങിന് അനുയോജ്യമാണ്. ടൂറിസത്തെ പ്രകൃതിയുമായി ഇണക്കിച്ചേർക്കുന്ന പുതിയ സങ്കേതങ്ങൾ ടൂറിസം വികസനത്തിന് ഉപയോഗിക്കപ്പെടണം. ഈ ആശയത്തിന്‍റെ സാക്ഷാത്കാരം കൂടിയാണിത്. തൃത്താലയുടെ ടൂറിസം വികസനത്തിനുള്ള വലിയൊരു ചുവടുവെപ്പായാണ് കയാക്കിങ്ങിന് ജനങ്ങൾ നൽകിയ വമ്പിച്ച പ്രതികരണം.

Tags:    
News Summary - velliyankallu to become a permanent venue in kayaking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT