തണുപ്പുകാലം ശക്തിപ്പെടുകയാണ്. നിരവധി വിനോദാവസരങ്ങൾ തുറക്കപ്പെടുന്ന സന്ദർഭമാണ് യു.എ.ഇയിൽ വിന്റർ സീസൺ. കുമിഞ്ഞുകൂടുന്ന മഞ്ഞിൽ സ്കേറ്റിങ് നടത്താൻ കൊതിക്കാത്തവരുണ്ടാകില്ല. എന്നാൽ പ്രകൃതിദത്തമായ സ്കേറ്റിങ് ഏരിയകൾ യു.എ.ഇയിൽ രൂപപ്പെടുന്നത് വിരളമാണ്. എങ്കിലും സുരക്ഷിതമായ രീതിയിൽ സ്കേറ്റിങ് നടത്താൻ ഐസ് റിങ്കുകൾ നിരവധി പലയിടങ്ങളിലും ഒരുക്കപ്പെടാറുണ്ട്.
ഇക്കൂട്ടത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആസ്വാദകരമായതാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്ന പുതിയ ഔട്ഡോർ സ്നോ ഫെസ്റ്റ് ഐസ് റിങ്ക്. ലോകോത്തര ഗുണമേന്മയുള്ള സിന്തറ്റിക് റിങ്കാണിതെന്നാണ് ആഗോള ഗ്രാമത്തിന്റെ സംഘാടകർ അവകാശപ്പെടുന്നത്.
കാലുകൾ നനയാതെയും തണുപ്പിൽ വിറങ്ങലിക്കാതെയും യഥാർഥ സ്കെയിറ്റിങ് അനുഭവമാണ് ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നത്. ഏത് കാലാവസ്ഥയിലും മികച്ച അനുഭവം പകരുന്ന ഐസ് റിങ്കിൽ മഞ്ഞുമഴ ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിലെ കാർണിവൽ ഭാഗത്തിന്റെ കവാടത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
സ്കേറ്റിങിന് ആവശ്യമാല എല്ലാ ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നതാണ്. കുട്ടികൾക്കാണെങ്കിൽ സുരക്ഷിതമായി സ്കേറ്റിങ് നടത്താൻ ഏറ്റവും അനുയോജ്യമായ ഒരുങ്ങളാണിവിടെയുള്ളത്. 20മിനിറ്റിന് 40ദിർഹമാണ് ഇവിടെ ഈടാക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനിലും ഗ്ലോബൽ വില്ലേജ് ആപ്പിലും ലഭ്യമാണ്.
ദുബൈയിലെ താമസക്കാരുടെയും സന്ദർശകരുടെയും ഏറ്റവും പ്രധാനപ്പെട്ട വിനോദ ആകർഷണ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഇക്കഴിഞ്ഞ ഒക്ടോബർ അവസാനത്തിലാണ് വീണ്ടും കൺതുറന്നത്. ഷോപ്പിങും വിനോദങ്ങളും ഭക്ഷണശാലകളുമായി ആറുമാസം നീളുന്ന മേള അക്ഷരാർഥത്തിൽ നഗരവാസികൾക്ക് അൺലിമിറ്റഡ് ഉൽസവ ദിനങ്ങളാണ് സമ്മാനിക്കുന്നത്.
ലോകത്തെ വിവിധ പവലിയനുകളിൽ നിന്ന് വ്യത്യസ്ത തരം ഉൽപന്നങ്ങൾ വാങ്ങാനും വിവിധ പ്രദേശങ്ങളിലെ വൈവിധ്യപൂർണമായ രുചിഭേദങ്ങൾ ആസ്വദിക്കാനും ആയിരങ്ങളാണ് ഓരോ ദിവസവും എത്തിച്ചേരുന്നത്. 27ാമത് വർഷത്തിലേക്ക് കടന്ന 'ആഗോള ഗ്രാമം' ഓരോ തവണയും പുതിയ പുതിയ കൗതുകങ്ങളുമായാണ് തുറക്കപ്പെടാറുള്ളത്.
ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവലിയനുകൾ, 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകൾ, 250ലധികം റസ്റ്റോറന്റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ എന്നിവയെല്ലാമാണ് എത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളും ലഭ്യമാക്കിയിട്ടുമുണ്ട്. ഇതിന്റെ ഭാഗമായാണ് മഞ്ഞിന്റെ അനുഭവം സമ്മാനിക്കുന്ന ഐസ് റിങ്ക് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.