യാത്ര പോയാൽ സെൽഫിയെടുക്കുക എന്നത് ഇന്ന് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. അതിൽ കുറച്ച് സാഹസികത കൂടി വരുേമ്പാൾ ആ ചിത്രം കൂടുതൽ സന്തോഷമുള്ളതായി തീരും. എന്നാൽ, ഇതിനിടയിൽ സൂക്ഷിച്ചില്ലെങ്കിൽ പണി പാളാനും സാധ്യതയുണ്ട്.
സെൽഫിക്കിടെ ജീവൻ വെടിഞ്ഞവർ നിരവധി പേരുണ്ട് ഈ ലോകത്ത്. സുരക്ഷ നോക്കാതെയുള്ള സെൽഫി ഭ്രമമാണ് അത്യാഹിതങ്ങൾക്ക് വഴിവെക്കുന്നത്. എന്നാൽ, ചില സ്ഥലങ്ങളിൽ മുട്ടുവിറച്ചല്ലാതെ സെൽഫിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്തരത്തിൽ ആരും പേടിച്ചുപോകുന്ന ലോകത്തിൽ അഞ്ച് വ്യത്യസ്ത സെൽഫി സ്പോട്ടുകളെ ഇവിടെ പരിചയപ്പെടാം.
കാളപ്പോരിന് ആതിഥേയത്വം വഹിക്കുന്നതിൽ പ്രശസ്തമാണ് സ്പെയിനിലെ പാംപ്ലോണ നഗരം. ഉത്സവ വേളയിൽ കാളകളുമായി ഓടുന്നത് തന്നെ ഏറെ അപകടകരമാണ്. ഇതിനിടയിൽ ചിലർ സെൽഫിയെടുക്കുന്നതാണ് പുതിയ പുലിവാൽ. ഇതും ഏറെ അപകടങ്ങൾ വരുത്തിവെക്കുന്നതിനാൽ ഉദ്യോഗസ്ഥർ പുതിയ നിയമം പാസാക്കിയിരിക്കുകയാണ്. ഓടുന്ന കാളകൾക്ക് മുന്നിൽനിന്ന് സെൽഫിയെടുത്താൽ 4000 യൂറോയാണ് പിഴ.
സാഹസികരുടെ പ്രിയപ്പെട്ട ഇടമാണ് ചൈനയിലെ ഹുവ പർവതം. 7087 അടി ഉയരത്തിൽ മലഞ്ചെരുവിൽ തടികൊണ്ട് നിർമിച്ച നടപ്പാതയാണ് ഇവിടേക്കുള്ള വഴി. ഇതൊരു ജനപ്രിയ സെൽഫി സ്പോട്ടായി മാറിയിട്ടുണ്ട്.
എന്നാൽ, ഈ സ്ഥലം ഇപ്പോൾ അപകടങ്ങൾക്കും കുപ്രസിദ്ധിയാർജിച്ചിരിക്കുകയാണ്. നൂറിലധികം അപകടങ്ങളാണ് സെൽഫിക്കിടെ ഇവിടെ സംഭവിച്ചതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ ദേശീയ പാർക്കുകളിൽ സെൽഫിയെടുക്കുന്നവർക്ക് മുന്നിൽ വില്ലനായെത്തുന്നത് കരടികളാണ്. ഇവയുടെ പശ്ചാത്തലത്തിൽ സഞ്ചാരികൾ സെൽഫി എടുക്കുന്നത് പതിവാണ്. എന്നാൽ, ഇതിനെതിരെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പലപ്പോഴും ഇവ സന്ദർശകരെ ആക്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾ കൂടെയുള്ള കരടികളാണ് കൂടുതൽ ആക്രമകാരികൾ.
കിലാവിയ, ഹവായ്
അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതും സെൽഫി ആരാധകരെ ആവേശത്തിലാക്കുന്ന കാര്യമാണ്. അമേരിക്കയിലെ ഹവായിയിലുള്ള കിലാവിയ പർവതം പൊട്ടിത്തെറിച്ചതോടെ അത് കാണാനും സെൽഫിയെടുക്കാനും എത്തിയത് നിരവധി പേരാണ്.
ഹവായിയൻ ദ്വീപുകളിലെ ഏറ്റവും സജീവമായ അഗ്നിപർവതമാണ് കിലാവിയ. പതിയെ നീങ്ങുന്ന ലാവക്കടുത്ത് നിന്ന് സന്ദർശകർ സെൽഫി എടുക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ അവിചാരിതമായിട്ടാകും ഇവ പൊട്ടിത്തെറിക്കുക. ഇത് പലപ്പോഴും അത്യാഹിതങ്ങൾക്ക് വഴിവെക്കാറുണ്ട്.
പ്ലിറ്റ്‌വിസ് തടാകം ദേശീയോദ്യാനം, ക്രൊയേഷ്യ
ഒറ്റനോട്ടത്തിൽ തന്നെ ആരെയും കീഴടക്കാനുള്ള സൗന്ദര്യമുണ്ട് ക്രൊയേഷ്യയിലെ പ്ലിറ്റ്‌വിസ് തടാകം ദേശീയോദ്യാനത്തിലെ വെള്ളച്ചാട്ടങ്ങൾക്ക്. നയാഗ്ര, വിക്ടോറിയ പോലുള്ള ലോകത്തിലെ ഏറ്റവും ശക്തമായ വെള്ളച്ചാട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്ലിറ്റ്‌വിസിലെ വെള്ളച്ചാട്ടങ്ങൾ താരതമ്യേന നിരുപദ്രവകരമാണെന്ന് തോന്നാം.
എന്നാലും ആളുകൾ അവരുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾക്കായി അനാവശ്യ റിസ്ക് എടുക്കുന്നത് പതിവാണ്. ഇത് പലപ്പോഴും തള്ളിവിടുന്നത് മരണത്തിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.