????????? ????????? ???????????? ?????? ??????? ????????? ???????????????? ????????? ????????????????.

പെനാങ്ങിലൊരു രാത്രികാലം

തമിഴ് മുസ്‌ലിം ആവാസകേന്ദ്രമായ ചൂലിയയിലെ പുരാതനമായ കപ്പിത്താന്‍ കലിംഗ് മസ്ജിദ് യുനെസ്‌ക ോ പൈതൃകപട്ടികയില്‍ പെടുത്തിയ പള്ളികളിലൊന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധികാരികള്‍ അനുവദിച്ച സ്ഥലത്ത് ഖാദര്‍ മുഹ്‌യുദ്ധീന്‍ മരിക്കാര്‍ എന്ന തമിഴ് കപ്പിത്താനാണ് വിശാലമായ പള്ളി നിര്‍മിച്ചത്. കവാടം മുതല്‍ പള്ളി വരെ പച്ചപ്പും ചെടികളും കൊണ്ടലംകൃതമാണ്. പെനാങ്ങ് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായതു കൊണ്ട് വിദേശയാത് രികരെ ഉദ്ദേശിച്ചുള്ള പള്ളിപ്രവേശന മര്യാദകളും അമുസ്‌ലിംകള്‍ക്ക് സൗജന്യമായി എടുക്കാവുന്ന ഇസ്‌ലാം പ്രബോധന ലഘു ലേഖകളും പള്ളി വരാന്തയിലുണ്ടായിരുന്നു. ശാഫി മദ്ഹബാണ് മലേഷ്യയിലുടനീളം പിന്തുടരുന്നത്. ഗ്രാമങ്ങളിലെ ചെറിയ പള്ള ികള്‍ മുതല്‍ അതിബൃഹത്തായ നാഷണല്‍ മോസ്‌കില്‍ വരെ സ്ത്രീകള്‍ക്ക് അഞ്ചുനേരവും നിസ്‌കരിക്കാനുള്ള മാന്യമായ സംവി ധാനം മലേഷ്യന്‍ സുന്നികള്‍ക്കിടയില്‍ സാധാരണമാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും നിസ്‌കാരസ്ഥലങ്ങള്‍ വേര്‍ത ിരിക്കുന്ന ഒരു ബോര്‍ഡോ വരയോ തുണിശീലയോ പള്ളികളില്‍ കാണാം. വെള്ളിയാഴ്ച ജുമുഅകളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന പ തിവ് മലേഷ്യയിലെ പള്ളികളിലില്ല.

അതിബൃഹത്തായ നാഷണല്‍ മോസ്‌കില്‍ വരെ സ്ത്രീകള്‍ക്ക് അഞ്ചുനേരവും നിസ്‌കരിക്കാ നുള്ള സംവിധാനം മലേഷ്യന്‍ സുന്നികള്‍ക്കിടയില്‍ സാധാരണമാണ്

തമിഴ് മുസ്‌ലിം സംസ്‌കാരത്തി ന്റെ സമ്പന്നമായ അടയാളങ്ങള്‍ ജോര്‍ജ് ടൗണിലുണ്ട്. ലിറ്റില്‍ ഇന്ത്യാ തെരുവും ചൂലിയയും രുചികരമായ തമിഴ് മുസ്‌ലിം ഭക്ഷണത്തിനു പേരുകേട്ടതാണ്. നാസികന്ദര്‍ എന്നാണ് പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണമറിയപ്പെടുന്നത്. അതു വിളമ്പുന്ന വിശ ്രുതവും തിരക്കേറിയതുമായ തമിഴ് റെസ്‌റ്റോറന്റുകളുണ്ട്. രാത്രി ഭക്ഷണം അവിടെ നിന്നാക്കാമെന്നു വച്ചു.

ജോര്‍ജ് ടൗണ്‍ സഞ്ചാരികളുടെ ഉത്സവപ്പറമ്പാണ്. അതിമനോഹരമായ വാസ്തുശില്‍പകല പ്രകടമായ പഴയ കെട്ടിടങ്ങൾ. കൊളോണിയല്‍ ഓഫീസുകള ്‍, ചുമര്‍ചിത്രങ്ങൾ, സൗകര്യപ്രദമായ നടപ്പാതകളോടു കൂടിയ ഭംഗിയുള്ള തെരുവുകൾ, ചായക്കടകള്‍, പുസ്തകപ്പീടികകള്‍, പലത രം വംശമിശ്രണങ്ങൾ, ഭക്ഷണ വൈവിധ്യം, വശ്യമായ കടപ്പുറം, കടലിലേക്ക് തൂണിന്മേല്‍ കെട്ടിയുയര്‍ത്തിയ പരമ്പരാഗത ചൈനീസ ് മുക്കുവഗ്രാമങ്ങൾ, പഴയ കാലത്തിന്റെ ഓർമകളിൽ ചെറുതായി ഇളകി കടലില്‍ നങ്കൂരമിട്ടു കിടക്കുന്ന എണ്ണമറ്റ ചരക്കുകപ്പലുകൾ, ചൈനീസ് ദേവാലയങ്ങള്‍, ബൗദ്ധമന്ദിരങ്ങൾ, ദർഗകള്‍, പള്ളികള്‍, മണി എക്‌സ്‌ചേഞ്ച് കടകൾ, എല്ലാം ചേര്‍ന്ന് അനുഭവങ്ങളുടെയും കാഴ്ചകളുടെയും ആനന്ദമാണീ നഗരി.

നാഗൂര്‍ ആണ്ടവന്‍ എന്നറിയപ്പെടുന്ന ഷാഹുല്‍ ഹമീദ് ഖാദിര്‍ വലിയ്യിന്റെ ബഹുമാനാര്‍ഥം, നാഗൂരില്‍ നിന്നു കൊണ്ടുവന്ന ഏതാനും അവശിഷ്ടങ്ങളും മറ്റും വച്ചു പണിത കൊച്ചുദര്‍ഗയില്‍ ആളും ആരവവും കുറവായിരുന്നു. കടലു കടന്നുപോയാലും കെടാതെ കാക്കുന്ന വേരുകളുടെ പുണ്യം ഒരു ജനതയെ ആപല്‍കാലങ്ങളില്‍ എങ്ങനെയൊക്കെയാവും തുണക്കുന്നുണ്ടാവുക എന്ന് അവിടെ നില്‍ക്കുമ്പോള്‍ ഞാനോര്‍ത്തു. കുറച്ചു പുണ്യാളന്മാരുടെ ഖബറുകളും കണ്ടതോര്‍ക്കുന്നു. പെനാങ്ങിലെ പളളികളെയും സൂഫികളെയും മാത്രം തേടുന്ന മറ്റൊരു യാത്ര മനസ്സിലുണ്ട്.

ജോര്‍ജ് ടൗണിലുളള കാംപുങ് മലബാര്‍ എന്നറിയപ്പെടുന്ന മലബാര്‍ ഗ്രാമമിപ്പോള്‍ മലബാരികളുടേതല്ല. ചൈനാടൗണിന്റെ ഭാഗമാണത്. പണ്ടുകാലത്ത് നിര്‍മാണത്തൊഴിലാളികളായും കരകൗശലപ്പണിക്കുവേണ്ടിയും മലബാര്‍ മേഖലയില്‍ നിന്നു വന്നവരുടെ തെരുവായിരുന്നു കാംപുങ് മലബാര്‍ എന്നു പറയപ്പെടുന്നു. കാലത്തിന്റെ ഒഴുക്കിൽ, മലബാര്‍ ഇപ്പോള്‍ പേരില്‍ മാത്രമായി അവശേഷിക്കുന്നു.

ഈ പരിണാമങ്ങള്‍ പെനാങ്ങിന്റെ പൊതുവെയുള്ള ചരിത്രം സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷുകാരും രണ്ടാം ലോകയുദ്ധക്കാലത്ത് ജപ്പാന്‍കാരും പിടിച്ചടക്കിയ ദ്വീപാണ് പെനാങ്ങ്. പിന്നീട് വിയറ്റ്‌നാം യുദ്ധ കാലത്ത് വിശ്രമിക്കാന്‍ ഇടത്താവളം തേടി വരുന്ന അമേരിക്കന്‍ പട്ടാളക്കാരുടെ കേന്ദ്രവുമായി ഈ നാട്. ആരെയും സ്വീകരിക്കാന്‍ മടിക്കാതിരുന്നതിന്റെ ഗുണദോഷങ്ങള്‍ പെനാങ്ങിന്റെ സംസ്‌കൃതിയെ സ്വാധീനിച്ചു. ജോര്‍ജ് ടൗണില്‍ നിന്ന് ബട്ടര്‍വര്‍തിലേക്കുള്ള ജങ്കാറില്‍ പെനാങ്ങിന്റെ സകല ചരിത്രവും വംശമിശ്രണങ്ങളും കയറിക്കൂടിയതായി തോന്നി. പെനാങ്ങ് പോര്‍ട്ടിലേക്ക് അടുപ്പിക്കാനായി നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകള്‍ക്കും വലിയ മീന്‍പിടുത്ത ബോട്ടുകള്‍ക്കുമിടയിലൂടെ ജങ്കാര്‍ വാഹനങ്ങളെയും മനുഷ്യരെയും പേറി ബട്ടര്‍വര്‍ത് ജെട്ടിയിലെത്തി. അവിടെനിന്ന് മലേഷ്യയിലെ വിവിധ നഗരങ്ങളിലേക്ക് വോള്‍വോ ബസുകളും സിറ്റിബസുകളും കിട്ടും. ഒരു ചായ കുടിച്ച്, ഒന്നുരണ്ടു പേരെ പരിചയപ്പെട്ട്, കാഴ്ചകള്‍ കണ്ട്, തിരിച്ച് ജങ്കാര്‍ കയറി.

ജങ്കാറിൽ കണ്ട ണ്ട്​ തമിഴ്​വംശജരായ രണ്ടുപേർ

പെനാങ്ങിലെ രാത്രിജീവിതം ഏറ്റവും ചടുലമായിരിക്കുന്നത് ഒരുപക്ഷേ യൂറോപ്യന്‍ ക്വാര്‍ട്ടേഴ്‌സിലാവും. തെരുവിലേക്ക് തുറന്നുവച്ച ഓപ്പണ്‍ ബാറുകളും ഭക്ഷണശാലകളും നിരവധിയായിരുന്നു. പലേടങ്ങളിലും ഗിറ്റാറും ജാസുമായി സംഗീതാവതരണം നടക്കുന്നുണ്ടായിരുന്നു. അധികവും വെള്ളക്കാരായ യാത്രികരാണ്. ഭക്ഷണവും വീഞ്ഞും മദ്യവും കാണാം. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. പാതി ഇരുട്ടില്‍ അമിതമായ ചമയങ്ങളണിഞ്ഞ് ആവശ്യക്കാരെ അങ്ങിങ്ങായി കാത്തിരിക്കുന്ന രണ്ടുമൂന്നു വേശ്യാ സ്ത്രീകളെ കണ്ടു. ബോബ് മാര്‍ലിയെ വരച്ച വലിയ ചുമരില്‍ ചാരിയിരുന്ന് ഒരു പെനാങ്ങി ചെറുപ്പക്കാരന്‍ മൈക്കില്‍ റെഗ്ഗേ പാടിക്കൊണ്ടിരിക്കുന്നു. ഭക്ഷണപ്പാത്രങ്ങളിലോ വീഞ്ഞു ചഷകങ്ങളിലോ സംഭാഷണങ്ങളിലോ കഞ്ചാവിലോ സ്വയം നഷ്ടപ്പെട്ടുപോവാത്തവര്‍ മാത്രം അയാളെ കേട്ടു.

​പെനാങ്ങ്​ നഗരത്തിലെ രാത്രി ഗാനസദസ്സ്​

പിറ്റേന്ന് അങ്കിള്‍ ഇദ്‌രീസിനും അങ്കിള്‍ മൊയ്തീനുമൊപ്പം അടുത്തുളള വലിയപളളിയില്‍ ജുമുഅ നിസ്‌കരിച്ചു. സഹായിക്കാന്‍ തയാറായി കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ ഒരു നാടുമുഴുവനും കരുതലോടെ ചുറ്റുംനിന്നിട്ടും, എല്ലാം അഭിവാദ്യപുരസരം നിരസിച്ച്, കഴിയുന്നത്ര കാര്യങ്ങള്‍ സ്വയം ചെയ്യാനുളള അങ്കിളിന്റെ ഉത്സാഹത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യങ്ങള്‍ കൂടി അടങ്ങിയിരുന്നുവെന്നു തോന്നി.

ഉച്ചഭക്ഷണത്തിലന്നും പങ്കുചേര്‍ന്ന ശേഷം അങ്കിളിന്റെ മുന്നിലിരിക്കുമ്പോള്‍ കൂടുതല്‍ അടുപ്പവും സുരക്ഷയും അനുഭവപ്പെട്ടു.
‘നിങ്ങള്‍ കാപ്പിനുവേണ്ടി ഒരു പുസ്തകം എഴുതുന്നോ..?’
എന്ന് അങ്കിള്‍ ഗൗരവത്തില്‍ ചോദിച്ചു. ‘ഒരു ചെറിയ പുസ്തകം. ഞങ്ങള്‍ വലിയ പുസ്തകങ്ങള്‍ ഇറക്കാറില്ല..’ മാധ്യമങ്ങളുടെയും മാധ്യമ പഠനങ്ങളുടെയും ഡീകോളനൈസേഷനെക്കുറിച്ച് അങ്കിള്‍ തുടരുകയാണ്. 'താല്‍പര്യമുള്ള വിഷയമാണ്, ആലോചിക്കാം...’ എന്നു പെട്ടെന്നു മറുപടി പറഞ്ഞു. എന്നിട്ട്, ഒരല്‍പ നേരത്തെ മൗനത്തിനു ശേഷം തുടര്‍ന്നു:
‘സത്യത്തില്‍ ഒരു പുസ്തകത്തിന്റെ കാര്യം അങ്ങോട്ടു ചോദിക്കാനും നിര്‍ദേശിക്കാനുമുണ്ട്. അങ്കിളിന്റെ ജീവചരിത്രം എഴുതണം. താങ്കളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും സമരജീവിതവും രേഖപ്പെടുത്തിവക്കല്‍ പ്രധാനമാണ്. അനുവാദമുണ്ടെങ്കില്‍ എനിക്കുതന്നെ എഴുതാനും ആഗ്രഹമുണ്ട്'. അങ്കിള്‍ അതുകേട്ട് കുലുങ്ങിച്ചിരിച്ചു. പരിഹാസമാണോ ദാര്‍ശനിക പ്രതികരണമാണോ എന്നു വ്യക്തതയില്ലാത്ത തരം ചിരി.
‘എന്റെ ജീവചരിത്രം എഴുതേണ്ട കാര്യമൊന്നുമില്ല. ഞാന്‍ നിങ്ങളുടെ മഹാത്മാ അല്ല..’ . അങ്കിള്‍ ചിരിച്ചൊഴിഞ്ഞു. ഞാന്‍ ഉമയുടേയും അങ്കിള്‍ മൊയ്തീന്റെയും സഹായം തേടിക്കൊണ്ട് അവരെ നോക്കി.
‘നിങ്ങളെന്തു കരുതുന്നു? അങ്ങനെയൊരു ജീവചരിത്രം വരേണ്ടതല്ലേ?’ അവര്‍ അംഗീകാര ഭാവത്തില്‍ പ്രോത്സാഹിപ്പിച്ചു ചിരിച്ചു. ഈയാവശ്യമുന്നയിക്കുന്ന ആദ്യത്തെ ആളായിരിക്കില്ല ഞാനെന്നും എത്രയോ തവണ എത്രയോ രീതികളില്‍ അങ്കിളത് നിരസിക്കുന്നതവര്‍ കണ്ടതാണെന്നും ഞാനപ്പോള്‍ ഊഹിച്ചു.

CAPൻെറ പ്രധാനികളിൽ ഒരാളാണ്​ ഉമ

കമ്യൂണിസ്റ്റുപച്ച പോലത്തെ നിസാരമനുഷ്യര്‍ പോലും വമ്പിച്ച ആത്മകഥകളെഴുതി ലോകത്തെ ശല്യംചെയ്യുമ്പോഴാണ് വടവൃക്ഷമായി പടര്‍ന്നു പന്തലിച്ച ഈ മഹദ്ജീവിതം അതിനെ തള്ളിക്കളയുന്നത്. സമാധാന നോബേല്‍ പുരസ്‌കാരമൊക്കെ നേടിയ ചിലരുടെ പ്രൊഫൈലുകള്‍ വായിക്കുമ്പോളാണ് അങ്കിള്‍ ഇദ്‌രീസിനെപ്പോലുള്ള യഥാര്‍ഥ പോരാളികളുടെ വലിപ്പവും മഹത്വവുമറിയുക. പിന്നീട്, പല സന്ദര്‍ഭങ്ങളിലായി ഉമയുമായി നടത്തിയ ഇമെയില്‍ സംഭാഷങ്ങളില്‍ ആരെക്കൊണ്ടെങ്കിലും ജീവചരിത്രമെഴുതിക്കുവാന്‍ അങ്കിള്‍ സമ്മതം മൂളിയോ എന്ന് ഞാനന്വേഷിച്ചുകൊണ്ടേയിരുന്നു. അതൊരിക്കലും സംഭവിച്ചില്ല. അനേകാത്മാക്കളില്‍ ആലേഖിതമായ ബൃഹദാഖ്യാനങ്ങളാല്‍ സ്വയം നിറഞ്ഞ് ആ ധന്യജീവിതം 2019 മെയ് 17 ന് ഈ ഭൂമിയില്‍ നിന്നു മാഞ്ഞു. മലേഷ്യന്‍ സമൂഹത്തിനും മൂന്നാം ലോകത്തെ ദരിദ്രമനുഷ്യര്‍ക്കും വലിയൊരത്താണി ഇല്ലാതായി.

ഓഫീസില്‍ നിന്നു മടങ്ങുമ്പോള്‍ ഉമ അവരുടെ മുറിയിലേക്കു വിളിച്ച് അങ്കിള്‍ ഇദ്‌രീസ് തരാന്‍ പറഞ്ഞതാണ് എന്ന മുഖവുരയോടെ ഒരു ചെറിയ കവര്‍ തന്നു. ഞാന്‍ നോക്കിയപ്പോള്‍ അതില്‍ 300 റിങ്കിറ്റായിരുന്നു. എന്റെ അമ്പരപ്പു കണ്ട ഉമ വിശദീകരിച്ചു. ഇത് നിങ്ങളുടെ യാത്രാചെലവിലേക്കായി അങ്കിള്‍ തരാന്‍ ഏല്‍പിച്ചതാണ്. ഒരു ചെറിയ പാരിതോഷികം പോലെ കരുതിയാല്‍ മതി. എന്റെ ഹൃദയവും കണ്ണും നിറഞ്ഞു. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഒരു ഉപ്പാപ്പ മുഹൂര്‍ത്തമായിരുന്നു അത്. ഞാനാ പണം വാങ്ങില്ലെന്നുറപ്പായപ്പോള്‍ ഉമ എന്നെ വീണ്ടും അങ്കിളിന്റെ മുറിയിലേക്കു കൊണ്ടുപോയി. ഏതാണ്ട് ഒരു പരാതിപോലെ കാര്യം പറഞ്ഞു. അങ്കിള്‍ ചിരിച്ചുകൊണ്ട് അതു സ്വീകരിക്കൂ എന്ന് പറഞ്ഞെങ്കിലും ഞാന്‍ വിനയത്തോടെയും ഗുരുത്വം നഷ്ടപ്പെടുമോ എന്നുപേടിച്ചും അതു നിരസിച്ചു. കാപ്പിന് ഒരുപകാരവുമില്ലാത്ത എന്റെ വ്യക്തിപരമായ സന്ദര്‍ശനത്തിന് അവിടെ നിന്നു പണം സ്വീകരിക്കുന്നത് എനിക്കുള്‍ക്കൊള്ളാനാവുമായിരുന്നില്ല.

അങ്കിൾ ഇദ്​രിസ്​ ബോധവത്​കരണ പരിപാടിക്കിടയിൽ...

തിരിച്ചുപോരും മുമ്പെ, അറുപതുകളെത്തി നില്‍ക്കുന്ന ഉമയോട് എത്ര കാലമായി കാപ്പില്‍ ജോലിചെയ്യുന്നു എന്നന്വേഷിച്ചു. മുപ്പതു വര്‍ഷങ്ങൾ..! വിശ്രമജീവിതം ആലോചിക്കുന്നില്ലേ എന്ന ചോദ്യത്തിനവര്‍ തന്ന മറുപടി രസകരമായിരുന്നു.
‘മിസ്റ്റര്‍ ഇദ്‌രീസിന്റെ തലയില്‍ ഓരോ ദിവസവും അഞ്ചു പുതിയ പദ്ധതികളെങ്കിലുമുദിക്കും. അവയൊക്കെയും നടത്തിക്കേണ്ട പണിയില്ലേ...?’ മനുഷ്യന്റെ മാധുര്യവും മനോഹാരിതയും കരുത്തും അനുഭവിച്ചാണ് ഞാന്‍ പെനാങ്ങിനോടു വിടപറഞ്ഞ് കോത്തബാരുവിലേക്കുള്ള ബസില്‍ കയറിയത്. അങ്കിള്‍ ഇദ്‌രീസ് ആ മണ്ണിലിട്ട വിത്തുകള്‍ പൂവുംകായുമാകാതിരിക്കില്ല വരുംകാലങ്ങളിൽ.

(സമാപിച്ചു)

(ഫാസിൽ ഫിറോസ് എഡിറ്റ് ചെയ്ത് ബുക്ക് പ്ലസ് പ്രസിദ്ധീകരിക്കുന്ന 'സഫർ: മുസ്‌ലിം ജീവിതങ്ങളിലൂടെ പല യാത്രകൾ' എന്ന പുസ്തകത്തോട്​ കടപ്പാട്)

Tags:    
News Summary - journey through penang malasia part 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.