തായ്‌ലാൻഡ്, പട്ടായ എന്നെല്ലാം കേൾക്കുേമ്പാൾ പലരുടെയും മുഖത്ത് ഒരു കള്ളച്ചിരിയാണ് ആദ്യം വിരിയുക. നമ്മുടെ നാട്ടിൽ നിരോധിച്ച ചില കാര്യങ്ങൾ അവിടെ നിയമപരമായി ചെയ്യാമെന്നതാണ് ആ ചിരിയുടെ പിന്നിൽ. എന്നാൽ, അതിനപ്പുറത്ത് പ്രകൃതിയും മനുഷ്യരും ഒരുക്കിവെച്ച മനോഹര കാഴ്ചകൾ ധാരാളം ഒളിഞ്ഞിരിപ്പുണ്ട് ആ രാജ്യത്ത്. അത്തരം കാഴ്ചകൾ തേടിയായിരുന്നു ഞങ്ങളുടെ യാത്ര. ടിക്കറ്റ്, വിസ എന്നിവയെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. 4000 രൂപ മുതൽ വിമാന ടിക്കറ്റ് ലഭിക്കും. യാത്രയുടെ മൂന്ന് മാസം മുേമ്പ ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ പോയിവരാം. വിസ ഓൺ അറൈവലാണ്. ഇതിന് 1000 തായ് ബാത്ത് ചെലവാകും (2.36 രൂപയാണ് ഒരു തായ് ബാത്ത്). കൂടാതെ 20,000 രൂപയോളം മൂല്യംവരുന്ന തായ് ബാത്ത് കൈവശവും വേണം. ഈ തുക ഡോളറാക്കി മാറ്റിവെക്കുന്നതാണ് നല്ലത്.
അങ്ങനെ ടിക്കറ്റും ഡോളറും കൈക്കലാക്കി നെടുമ്പാശ്ശേരിയിൽനിന്ന് പറന്നുയർന്നു. രാവിലെ ബാങ്കോക്ക് എയർപോർട്ടിൽ വന്നിറങ്ങുേമ്പാൾ വിസക്ക് അപേക്ഷിക്കാൻ നീണ്ടവരി. കൗണ്ടറിന് സമീപത്തെ ഫോം പൂരിപ്പിച്ച് നൽകണം. എന്നാൽ, തിരക്ക് കാരണം അതിന് രണ്ട് മണിക്കൂർ വരെ താമസം പിടിക്കും. 200 തായ് ബാത്ത് അധികം കൊടുത്താൽ പെട്ടന്ന് വിസ അടിച്ച് തരുന്ന കൗണ്ടർ തൊട്ടടുത്തുണ്ട്. ഞങ്ങൾ അവിടെ അപേക്ഷ കൊടുത്തു. അഞ്ച് മിനിറ്റിനുള്ളിൽ വിസ തയാർ.
തിരിച്ച് നാട്ടിലേക്കുള്ള വിമാനടിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ഹോട്ടൽ റൂം ബുക്കിങ് എന്നിവയും കൈയിൽ വേണം. എന്നാൽ, മാത്രമേ എയർപോർട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയൂ. അല്ലെങ്കിൽ, ബന്ധുക്കളോ സുഹൃത്തുക്കളോ തായ്‌ലൻഡിൽ ഉണ്ടെങ്കിൽ അവർ താമസിക്കുന്ന സ്ഥലത്തിെൻറ വിലാസം വെച്ചുള്ള ക്ഷണക്കത്ത് വേണം. നിയമങ്ങൾ ഇങ്ങനെ ആണെങ്കിലും ചിലപ്പോൾ ഇതൊന്നും അവർ നോക്കാറില്ല എന്ന് അനുഭവത്തിലൂടെ മനസ്സിലായി. എയർപോർട്ടിൽനിന്ന് പുറത്തിറങ്ങുേമ്പാൾ ഒരു രേഖയും പരിശോധിച്ചില്ല.
ബസിൽ പട്ടായയിലേക്ക്
ദിവസങ്ങൾ നീളുന്ന യാത്രയിൽ പട്ടായയാണ് ആദ്യത്തെ ലക്ഷ്യം. ബാങ്കോക്കിൽനിന്ന് 150 കിലോമീറ്റർ ദൂരമുണ്ട്. ബസിൽ പോകാനാണ് പ്ലാൻ. എയർപോർട്ടിന് പുറത്തെ പ്ലാറ്റ്ഫോമിൽനിന്ന് സ്റ്റാൻഡിലേക്ക് ബസ് സർവിസുണ്ട്. സെക്യൂരിറ്റി ജീവനക്കാരനോട് സ്റ്റാൻഡിൽ പോകാനുള്ള ബസ് ഏതാണെന്ന് ഇംഗ്ലീഷിൽ ചോദിച്ചു. തായ്‌ലാൻഡിൽ ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്ന് അറിയാം. പക്ഷെ, ഇത്രയും ഭീകരമാണെന്ന് അനുഭവിച്ചുതന്നെ അറിയണം. തായി ഭാഷയിൽ അയാൾ എന്തൊക്കെയോ പറഞ്ഞു. കണ്ണ് പുറത്തേക്ക് തള്ളി ഞാൻ നിന്നു. ഇതിനിടയിലാണ് ഒരു മലയാളി സഹായത്തിന് വന്നത്. പുള്ളി വഴി പറഞ്ഞുതന്നു. മൂന്ന് മാസത്തിൽ ഒരിക്കൽ പട്ടായയിൽ വരാറുണ്ടന്ന് പറഞ്ഞ് ഒരു കള്ളചിരിയോടെ അദ്ദേഹം നടന്നകന്നു. അയാൾ പറഞ്ഞത് പോലെ എ വൺ ടെർമിനൽനിന്ന് ബസ് കയറി. 30 ബാത്ത് നൽകി ചാറ്റുചക് മോച്ചിറ്റ് ബസ് ടെർമിനലിലെത്തി. അവിടെ നിന്നാണ് പട്ടായയിലേക്കുള്ള ബസ്.
180 തായി ബാത്താണ് ഒരാളുടെ നിരക്ക്. എ.സി ബസിൽ പുഷ്ബാക്ക് സീറ്റാണുള്ളത്. ഏതൊരു ആധുനിക നഗരത്തോടും കിടപിടിക്കുന്ന ബാങ്കോക്കിലെ റോഡുകളിലൂടെ ബസ് പതിയെ നീങ്ങാൻ തുടങ്ങി. ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്. കഴിഞ്ഞദിവസം അർധരാത്രിയാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് വിമാനം കയറിയത്. യാത്രാക്ഷീണം കാരണം ബസ് കയറിയ ഉടനെ നന്നായി ഉറങ്ങി. കണ്ണ് തുറന്നപ്പോൾ പട്ടായയിലെ സ്റ്റാൻഡിലെത്തിയിട്ടുണ്ട്.
ആഡംബരങ്ങളുടെ തലസ്ഥാനം
തലസ്ഥാനമായ ബാങ്കോക്കിനിന്ന് തെക്കുപടിഞ്ഞാറ് ഗൾഫ് ഒാഫ് തായ്ലാൻഡിെൻറ തീരത്താണ് പട്ടായയെന്ന അതിമനോഹര നഗരം. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ആഡംബര ടൂറിസ്റ്റ് കേന്ദ്രമാണിത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ച് ബില്യണിന് മുകളിൽ സഞ്ചാരികൾ ഒരു വർഷം ഇവിടം സന്ദർശിക്കുന്നു. പട്ടായ എന്ന പേര് കുറച്ചുനാൾക്ക് മുമ്പാണ് ഈ നഗരത്തിന് ലഭിച്ചതത്രെ. അതിന് മുന്നേ ടപ്പായ എന്നായിരുന്നു പേര്. ട്രാവൽസ് വഴി ജോമിട്ടെൻ എന്ന സ്ഥലത്താണ് റൂം ബുക്ക് ചെയ്തിട്ടുള്ളത്. ട്യുക് ട്യുക് എന്ന ടാക്സിയിലാണ് അവിടേക്കുള്ള യാത്ര. നമ്മുടെ നാട്ടിലെ ടെമ്പോക്ക് സമാനമായ വാഹനം. മുകളിൽ മറച്ച് രണ്ട് ഭാഗത്തും സീറ്റ് ഘടിപ്പിക്കുമ്പോൾ ട്യുക് ട്യുക് ടാക്സി ആയി. ഇതിൽ 12 പേർക്ക് സഞ്ചരിക്കാം.
ജോമിട്ടെൻ എത്തി വളരെ കഷ്ടപ്പെട്ട് റൂം കണ്ടുപിടിച്ചു. പക്ഷെ, റൂമിൽ പറഞ്ഞ സമയത്ത് ചെക്ക്ഇൻ ചെയ്യാൻ ആരും വന്നില്ല. ഏകദേശം രണ്ട് മണിക്കൂർ റിസപ്ഷനിൽ കാത്തിരുന്നു. അവസാനം നാട്ടിലെ ട്രാവൽസിൽ വിളിച്ച് റൂം ഒഴിവാക്കാൻ പറഞ്ഞു. വീണ്ടും പട്ടായയിലേക്ക് വണ്ടി കയറി. തായ്‌ലാൻഡിൽ വരുമ്പോൾ മുൻകൂട്ടി പണം നൽകി റൂം ബുക്ക് ചെയ്യരുതെന്ന് മനസ്സിലായി. പലപ്പോഴും നമുക്ക് ലഭിക്കുന്ന റൂം പ്രധാന സഞ്ചാര കേന്ദ്രങ്ങളിൽനിന്ന് അകലെയാകാൻ സാധ്യതയുണ്ട്. അവിടെനിന്ന് പോകേണ്ട സ്ഥലത്തേക്ക് വീണ്ടും വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.
പണം നൽകാതെ റൂം ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടങ്ങളിലുണ്ട്. വിമാനത്താവളത്തിൽ കാണിക്കാൻ അതിെൻറ പ്രിൻറ് എടുത്ത് സൂക്ഷിച്ചാൽ മതി. 1000 രൂപ മുതലാണ് റൂം നിരക്ക്. ഇന്ത്യയിലെ പോലെ വിലപേശാൻ നിന്നിട്ട് കാര്യമില്ല. ഒന്നാമത് അവർക്ക് ഇംഗ്ലീഷ് അറിയില്ല. പിന്നെ നിശ്ചിത നിരക്കാണ് വാങ്ങുന്നത്. പട്ടായയിലെത്തി റൂം അന്വേഷിച്ച് നടന്നു. മൂന്നുപേരുണ്ട് ഞങ്ങൾ. ഒരു ഡബിൾ റൂമിൽ രണ്ടുപേർക്കേ താമസിക്കാൻ അനുവാദമുള്ളൂ. എക്സ്ട്ര ബെഡ് എന്ന സമ്പ്രദായം ഇവിടെയില്ല. ഏറെനേരത്തെ അലച്ചിലിന് ശേഷം മൂന്ന് ബെഡ്ഡുകളുള്ള റൂം കിട്ടി. തിരിച്ചറിയൽ രേഖക്കായി ഒരാളുടെ പാസ്പോർട്ട് അവർ വാങ്ങിവെച്ചു. റൂം ഒഴിയുമ്പോൾ മാത്രമാണ് അത് തിരിച്ചുതരിക. അതുകാരണം ഒരുപാട് പൈസ അഡ്വാൻസായിെട്ടാന്നും വാങ്ങിയില്ല.
റിസപ്ഷനിൽ സ്ത്രീകൾ മാത്രമാണുള്ളത്. രാജ്യത്തെ നല്ലൊരു വിഭാഗം സ്ത്രീകളും ഇതുപോലെ ഹോട്ടൽ റിസപ്ഷൻ, ക്ലീനിംഗ് ജോലി ചെയ്ത് ജീവിക്കുന്നവരാണ്. പിന്നെയുള്ള ഒരുകൂട്ടർ ലൈംഗിക തൊഴിലാളികളാണ്. പക്ഷെ, ഈ കാരണം കൊണ്ടു അവരെ സമൂഹം അകറ്റിനിർത്താറില്ല. ഏതുതരം തൊഴിൽ ചെയ്ത് ജീവിച്ചാലും സ്ത്രീകൾക്ക് അവരുടേതായ ബഹുമാനം കൊടുക്കുന്നുണ്ട് ഇൗ നാട്. ഇതിനെല്ലാം പുറമെ ട്രാൻസ്ജൻഡർ വിഭാഗത്തിനും ഇവിടെ മാന്യമായ സ്ഥാനമുണ്ട്. മിക്കവാറും ഹോട്ടൽ റൂം സർവിസെല്ലാം അവർ തന്നെയാണ് ചെയ്യുന്നത്. മസാജ് പാർലറുകളിലും ഇവരുണ്ട്. ലേഡി ബോയ് എന്നാണ് ഇവരെ വിളിക്കുക. ഇവർ നടത്തുന്ന പ്രത്യേക ഡാൻസ് ബാറുകളും പട്ടായയിൽ കാണാം.
അത്യാവശ്യം നല്ല റൂം തന്നെയാണ് ഞങ്ങൾക്ക് ലഭിച്ചത്. റൂമിൽ കയറുമ്പോൾ തന്നെ ചെറിയ ബോർഡ് കാണാം. അകത്ത് പുകവലി നിരോധിച്ചിട്ടുണ്ട്, തുണി കഴുകി ജനാലയിലോ ബാൽക്കണിയിലോ വിരിക്കാൻ പാടില്ല, ചുമരുകളിൽ പേന കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കൾ കൊണ്ടോ അടയാളം വീഴാൻ പാടില്ല... അങ്ങനെ കുറെ നിയമങ്ങൾ അതിൽ എഴുതിവെച്ചിരിക്കുന്നു. ഓരോന്നിനും 500 മുതൽ 1000 രൂപ വരെ പിഴ. വൃത്തിക്ക് അത്രയും പ്രാധാന്യം കൊടുക്കുന്ന നാടാണ് തായ്‌ലാൻഡ്.
ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോൾ നിറയെ മദ്യകുപ്പികൾ. അതിൽനിന്ന് വല്ലതും എടുക്കണമെങ്കിൽ അധിക പണം നൽകണം. ഞങ്ങൾ ഒന്നു ഫ്രഷായി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി. പുറമെനിന്ന് നോക്കിയപ്പോൾ അത്യാവശ്യം കൊള്ളാം എന്ന് തോന്നിയ ഹോട്ടലിൽ കയറി. ഫ്രൈഡ് റൈസാണ് ഓർഡർ ചെയ്തത്. വലിയ രുചിയൊന്നും തോന്നിയില്ല. തിരിച്ച് റൂമിലേക്ക് തന്നെ പോയി. നേരം ഇരുട്ടുന്നത് വരെ നന്നായി ഉറങ്ങണം. കാരണം പട്ടായയിലെ കാഴ്ചകൾ തുടങ്ങുന്നത് രാത്രിയിലാണ്.
നടന്നുതീരാത്തെ വഴികൾ
രാത്രി എട്ട് മണിയോടെ പുറത്തിറങ്ങി. വാൾക്കിങ് സ്ട്രീറ്റ് ലക്ഷ്യമാക്കിയാണ് നടത്തം. ഉച്ചക്ക് വന്നിറങ്ങിയ പട്ടായയല്ല ഞങ്ങൾക്ക് മുന്നിൽ. നിറയെ ആൾക്കൂട്ടം. തെരുവോരങ്ങളിലെ ബാറുകളിൽ ഡി.ജെ പാർട്ടികൾ അരങ്ങുതകർക്കുന്നു. ബാറുകളുടെ പുറത്ത് അൽപ്പവസ്ത്രധാരിണികൾ അകത്തേക്ക് മാടിവിളിക്കുന്നു. നടന്നുപോകുന്ന ചിലരെ കൈപിടിച്ച് വലിച്ചുകയറ്റാൻ ശ്രമിക്കുന്നു.
ഏകദേശം 2000 ബാറുകൾ ഇവിടെയുണ്ട്. ഓപൺ ബാറുകളാണ് മിക്കതും. നടന്നുപോകുമ്പോൾ ബാറുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഏജൻറുമാർ വന്ന് പൊതിയുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്ന് ജോലി തേടിയെത്തിയ ചെറുപ്പക്കാരാണ് അതിലധികവും. അതിൽനിെന്നല്ലാം രക്ഷപ്പെട്ട് മുന്നോട്ട് പോയി. തെരുവിെൻറ പലഭാഗത്തും ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ചിലയിടങ്ങളിൽ സ്ട്രീറ്റ് ഡാൻസ് നടക്കുന്നുണ്ട്. ഒറ്റക്കൈയിൽ തലകീഴായി നിന്ന് ഡാൻസ് കളിക്കുന്ന വിദ്വാൻമാർ. ഉയരുന്ന സംഗീതത്തിനൊപ്പം നിരവധി പേർ അത് ലൈവായി ആസ്വദിക്കുന്നു. കൂട്ടത്തിൽ കഞ്ചാവ് വേണോ എന്നും ചോദിച്ച് പലരും വരുന്നുണ്ട്. സമയം 12 കഴിഞ്ഞു. ആളുകൾ കൂടികൂടി വരികയാണ്. രാത്രി ഉണരുന്ന നഗരം എന്ന് പറയുന്നത് എത്ര സത്യം. നേരം പുലർന്നുതുടങ്ങി. തെരുവിൽനിന്ന് ആളുകൾ ഒഴിയുകയാണ്. ഡാൻസുകാരും യുവതികളും കച്ചവടക്കാരുമെല്ലാം മടങ്ങുന്നു. നേരം പുലർന്നാൽ പിന്നെ ഇവിടെ ആളും അനക്കവുമുണ്ടാകില്ല. തെരുവിലെ പഴക്കച്ചവടക്കാർ മാത്രം ബാക്കിയാകും. തെരുവ് കാലിയായതോടെ ഞങ്ങളും റൂമിലേക്ക് മടങ്ങി.
കടലിെൻറ മടിത്തട്ടിലൊരു ദിനം
രാവിലെ പത്ത് മണിയായിട്ടുണ്ട് ഉറക്കം വിട്ടുണരുേമ്പാൾ. പെട്ടന്ന് തന്നെ തയാറായി. പട്ടായക്ക് സമീപത്തെ കോറൽ ഐലൻഡാണ് ഇന്നത്തെ ലക്ഷ്യം. അതിന് മുമ്പ് ഭക്ഷണം കഴിക്കണം. റെസ്റ്റോറൻറ് തപ്പി നഗരത്തിലൂടെ നടന്നു. നല്ല വൃത്തിയുള്ള സ്ഥലങ്ങൾ. യാതൊരുവിധ മാലിന്യവുമില്ല. എത്ര മനോഹരമായാണ് ഇവർ നഗരം പരിപാലിക്കുന്നത്. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞാൽ പിഴയുണ്ട്. കൂടാതെ ഒരോ മൂലയിലും മാലിന്യക്കൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു രസകരമായ ഒരു നിയമം കൂടിയുണ്ടിവിടെ- അടിവസ്ത്രം ഇട്ടില്ലെങ്കിലും പിഴ നൽകണം! പോകുന്ന വഴികളിൽ നിറയെ ട്രാൻസ്ജെൻഡറുകളെ കാണാം. ചുണ്ടിൽ നിറയെ ചായംപൂശി മസാജിന് വേണ്ടി മാടിവിളിക്കുന്നു അവർ. ഒരു സ്ഥാപനത്തിന് മുന്നിൽ ഏകദേശം 10 പേരെങ്കിലും ഉണ്ടാകും. എല്ലാവരും ഒരുപോലെ വസ്ത്രം ധരിച്ചിരിക്കുന്നു.
രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെ ഇവരെ വഴിയരികിൽ കാണാം. കാഴ്ചകൾ കണ്ട് നടക്കുന്നതിനിടെ റെസ്റ്റോറൻറിലെത്തി. തായ് വിഭവങ്ങളാണ് കൂടുതലും. പക്ഷെ, ന്യൂഡിൽസ് പോലുള്ള വിഭവങ്ങളോടൊപ്പം പാതിവേവിച്ചതും കരിച്ചതുെമല്ലാമായ പ്രാണികളെല്ലാം അടങ്ങിയ ചേരുവകളാണ് അതിലുണ്ടാവുക. ചൈനീസ് വിഭവങ്ങളോട് സമാനമായി തോന്നി അവ. ഞങ്ങൾ തൽക്കാലം ഇന്ത്യൻ മെനുവെടുത്ത് ചിക്കൻ ഫ്രൈഡ് റൈസ് മതിയെന്ന് പറഞ്ഞു. ഒരാൾക്ക് ഏകദേശം 600 രൂപയായി.
തനത് തായ് വിഭവങ്ങൾക്ക് വില കുറവാണ്. ഭക്ഷണം കഴിച്ചശേഷം ഒരു ടാക്സി പിടിച്ച് കോറൽ െഎലൻഡിന് അടുത്തേക്ക് യാത്രതിരിച്ചു. പട്ടായയിൽ ഓട്ടോയേക്കാൾ ലാഭം ടാക്സിയാണ്. രണ്ട് കിലോമീറ്റർ പോകാൻ 100 തായി ബാത്ത് വരെ ചോദിച്ച ഓട്ടോ ഡ്രൈവർമാരുണ്ടായിരുന്നു. കടൽതീരത്തുനിന്ന് കോറൽ െഎലൻഡിലേക്ക് ബോട്ടിൽ വേണം പോകാൻ. കാര്യമായിട്ടും വാട്ടർസ്പോർട്സ് വിനോദങ്ങളാണ് അവിടെയുള്ളത്. ഒരു പാക്കേജ് എടുത്താണ് അങ്ങോേട്ടക്കുള്ള യാത്ര. െഎലൻഡിൽ കൊണ്ടുപോയി തിരിച്ചെത്തിക്കുക, വിവിധ വിനോദങ്ങൾ, ഉച്ചഭക്ഷണം എന്നിവയാണ് അതിലുള്ളത്. ഒരാൾക്ക് 4100 രൂപയാണ് ചെലവ്. അങ്ങനെ ബോട്ട് ഞങ്ങളെയും കൊണ്ട് കടലിലെ ഒാളങ്ങളെ വകഞ്ഞുമാറ്റി കുതിച്ചു. മിനിറ്റുകൾക്കുള്ളിൽ ദ്വീപിലെത്തി.
മനോഹരമായ കടൽത്തീരമാണ് കോറൽ െഎലൻഡിലേത്. വെളുത്ത മണൽത്തരികൾ. നീലയും പച്ചയുമെല്ലാം ചേർന്ന വെള്ളം. സ്കൂബ ഡൈവിങ്ങായിരുന്നു ആദ്യത്തെ ഇനം. പവിഴപ്പുറ്റുകൾ നിറഞ്ഞ ദ്വീപാണിത്. പക്ഷെ, ഞങ്ങൾ പോയ സമയത്ത് അടിയിൽ തെളിച്ചം കുറവുള്ളതുപോലെ. വിവിധതരം മീനുകളും പവിഴപ്പുറ്റുകളൊന്നും വൃത്തിയായി കാണാൻ കഴിയുന്നില്ല. മുമ്പ് ലക്ഷദ്വീപിലെ മിനിക്കോയി സന്ദർശിച്ചപ്പോഴാണ് സ്കൂബ ചെയ്തിട്ടുള്ളത്. അവിടെ എല്ലാം വ്യക്തമായി കാണാമായിരുന്നു. സഞ്ചാരികൾ കുറവാണെന്ന ഒരു കാരണം കൂടി ലക്ഷദ്വീപിനുണ്ട്. എന്നാൽ, പട്ടായയിൽ അങ്ങനെയല്ല. ആയിരങ്ങളാണ് ദിവസവും ഇൗ ദ്വീപിൽ വരുന്നത്. അതുകൊണ്ട് തന്നെ വെള്ളത്തിെൻറ തെളിച്ചമെല്ലാം സ്വാഭാവികമായും കുറയും.
അടുത്തത് പാരാഗ്ലൈഡിങ്ങാണ്. സ്പീഡ് ബോട്ടിൽ കെട്ടിവലിച്ചാണ് കൊണ്ടുപോവുക. ഇടക്ക് കടലിൽ മുക്കിയ ശേഷം വീണ്ടും ആകാശത്തിലേക്ക് ഉയർത്തും. അതിെൻറ അനുഭവം വേറെ ലെവൽ തന്നെയാണ്. ബോട്ട് വേഗത്തിൽ പോകുമ്പോൾ നമ്മൾ ആകാശത്തേക്ക് ഉയർന്ന് പറക്കും. താഴെ നീലനിറത്തിലെ കടലും പട്ടായയുടെ തീരത്തെ മനോഹരമായ കെട്ടിടങ്ങളുമെല്ലാം ഉയരത്തിൽനിന്ന് കാണാം. അതിനുശേഷം ബനാന ബോട്ടിങ്ങും സ്പീഡ് ബോട്ടിലെ കസർത്തുമെല്ലാം ഉണ്ടായിരുന്നു. അങ്ങനെ ഒരു പകൽ മൊത്തം കടലിെൻറ തിരകൾക്കൊപ്പം ആറാടി.
തിരിച്ച് റൂമിലെത്തി അൽപ്പനേരം വിശ്രമിച്ചു. രാത്രി പട്ടായയിലെ കാഴ്ചകൾ തേടി വീണ്ടുമിറങ്ങി. ഇത്തവണ പോയത് തടാകത്തിന് അരികിലൂടെയുള്ള വാൾക്കിങ് ഏരിയയിലേക്കാണ്. അവിടെ നിരനിരയായി സ്ത്രീകൾ നിൽപ്പുണ്ട്. ഏജൻറുമാർ അവരെ കൊണ്ടുവിട്ട് പോവുകയാണ്. ഇവർക്ക് കാവലായി തായ് പൊലീസും സമീപം തന്നെയുണ്ട്. സ്ത്രീകളെ ശല്യം ചെയ്താൽ പൊലീസ് അപ്പോൾ തന്നെ പൊക്കും.
കാഴ്ചകൾ കണ്ട് മുന്നോട്ടുനടന്നു. ഏജൻറുമാർ വന്നു പൊതിയുന്നുണ്ട്. റഷ്യൻ ഡാൻസ് കാണാൻ വരുന്നോ എന്നെല്ലാം ചോദിക്കുന്നു. ഏജൻറുമാരുടെ കൈയിൽ ഒരുപാട് തട്ടിപ്പുകളുണ്ട്. മുടി വളരാൻ, വയർ കുറക്കാൻ എന്നിവക്കെല്ലാം ഒറ്റമൂലിയുണ്ടെന്ന് പറഞ്ഞ് അടുത്ത് വരും. എന്നിട്ട് അവരുടെ കൈവശമുള്ള ഒരുതരം പൗഡർ വാങ്ങിപ്പിക്കും.
അതിനുശേഷം, പ്രത്യേക തരം എണ്ണ ചേർത്താണ് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ് സമീപത്തെ കടയിൽനിന്ന് അതും വാങ്ങിപ്പിക്കും. ആ കടയിൽ കൊണ്ടുപോയി സാധനം വാങ്ങിപ്പിച്ചതിെൻറ കമീഷൻ ഉടമയിൽനിന്നും കിട്ടും. ഒരു ഉപയോഗം പോലുമില്ലാത്ത സാധനമാണത്. അവർ ടൂറിസ്റ്റുകളെ മാത്രമേ ഇങ്ങനെ പറഞ്ഞ് പറ്റിക്കുകയുള്ളൂ. അവരെ പിന്നീട് കാണേണ്ടി വരില്ലല്ലോ എന്ന വിശ്വാസമാകാം അതിന് പിന്നിൽ.
വീണ്ടും ഇത്തരം ഏജൻറുമാരുടെ വലയിൽ കുടുങ്ങാതിരിക്കാൻ അവിടെനിന്ന് പെട്ടെന്ന് സ്ഥലം കാലിയാക്കി. അടുത്തദിവസം േഫ്ലാട്ടിങ് മാർക്കറ്റിലേക്കാണ് പോകാനുള്ളത്. അതിന് മുമ്പായി നന്നായൊന്ന് ഉറങ്ങണം. ഒരു ദിവസം മുഴുവൻ കടലിൽ ചെലവഴിച്ചതിെൻറ ക്ഷീണമുണ്ട് എല്ലാവരുടെയും മുഖത്ത്. വിളക്കുകൾ പ്രകാശം തീർക്കുന്ന വഴികളിലൂടെ ഞങ്ങൾ റൂം ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.