???????-??????????? ??? ???????????: ??.?? ????

ഗോക്കള്‍ വാഴും പാതകള്‍

ഇന്ത്യ ടൂര്‍ ഭാഗം: 2

പതിവുപോലെ അതിരാവിലെ എഴുന്നേറ്റ് യാത്ര പുനരാരംഭിച്ചു. താണെയില്‍ റെയില്‍വേസ്റ്റേഷന് സമീപമായിരുന്നു റൂമെടുത്തിരുന്നത്. ഞായറാഴ്ചയായിട്ടും രാവിലെത്തന്നെ റോഡില്‍ നല്ല തിരക്ക്. ആദ്യം കണ്ട ഹോട്ടലില്‍ കയറി ആലൂ പറാത്തയും തൈരും അച്ചാറും അടങ്ങിയ പ്രഭാതഭക്ഷണം അകത്താക്കി. ഞങ്ങളുടെ യാത്രയില്‍ പകുതിയിലധികം ദിവസവും രാവിലത്തെ ഭക്ഷണം സ്വാദിഷ്ടമായ ആലൂ പറാത്തയായിരുന്നു. ദേശീയ പാതയോരത്തെ പല ദാബകളിലും ആലൂ പറാത്തയും തന്തൂരി റൊട്ടിയും മാത്രം ലഭിക്കുന്നതിനാല്‍ ചില ദിവസങ്ങളില്‍ രാത്രിയും ഞങ്ങള്‍ ഇത് കഴിക്കാന്‍ നിര്‍ബന്ധിതരായി. ഗോതമ്പ് മാവിനുള്ളില്‍ ഉരുളക്കിഴങ്ങും മല്ലിയിലയും ഉള്ളിയുമെല്ലാം ചേര്‍ത്ത് നെയ്യില്‍ ചുട്ടെുടത്താണ് പറാത്ത തയാറാക്കുന്നത്. കറിക്ക് പകരം തൈരും അച്ചാറുമൊക്കെയാണ് ഉണ്ടാവുക. പല ദിവസങ്ങളിലും ഉച്ചഭക്ഷണമായി ലഭിച്ചത് തന്തൂരി റൊട്ടിയും പരിപ്പ് കറിയുമായിരുന്നു.

ആലൂ പറാത്ത
 


ഭക്ഷണശേഷം വീണ്ടും വാഹനവുമായി റോഡിലേക്കിറങ്ങി. നഗരക്കാഴ്ചകളില്‍ നിന്ന് ഏറെ ദൂരം ഓടിപ്പോന്നിരിക്കുന്നു. കണ്ണാടി പോലെയുള്ള റോഡ്. അറിയാതെ തന്നെ ആക്സിലറേറ്ററിനോട് ഇഷ്ടം കൂടുന്നു. ഇതിനിടയില്‍ വഴിയറിയാന്‍ മൊബൈലില്‍ ജി.പി.എസ് എടുത്തുനോക്കി. അപ്പോഴാണ് മനസ്സിലാകുന്നത് റോഡ് തെറ്റിയ വിവരം. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് നാസിക്കിലേക്കുള്ള നാലുവരി റോഡിലാണ്.

നാലുവരി പാത കൈയടക്കിയ പശുക്കള്‍
 


അടുത്തുകണ്ട പെട്രോള്‍ പമ്പില്‍ കയറി സൂറത്തിലേക്കുള്ള വഴി ചോദിച്ചറിഞ്ഞു. പമ്പിന് സമീപത്തുനിന്ന് അഹമ്മദാബാദിലേക്കുള്ള ദേശീയപാതയിലേക്ക് ഇടവഴിയുണ്ടെന്ന് മനസ്സിലാക്കി. നാലുവരി പാതയില്‍നിന്ന് ചെറിയ ഇടവഴിയില്‍ കയറിയതോടെ റോഡിന്റെ സ്വഭാവം മാറി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പജീറ ഒരു കൂസലുമില്ലാതെ മുന്നോട്ട്. കുറച്ച് സമയം നഷ്ടമായെങ്കിലും വഴിതെറ്റിയത് അനുഗ്രഹമായാണ് തോന്നിയത്. തനി നാട്ടിന്‍പുറത്തിലൂടെയാണ് യാത്ര. പരിഷ്കാരങ്ങള്‍ എത്തിനോക്കാത്ത ഗ്രാമങ്ങളില്‍ കാര്‍ഷിക ജീവിതത്തിന്റെ സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്നു. പലയിടത്തും വീടുകളുടെ മുറ്റം ഞങ്ങള്‍ കടന്നുപോകുന്ന ടാറിടാത്ത റോഡാണ്.

ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാല്‍വില്‍പ്പനക്ക് പോകുന്ന ചെറുപ്പക്കാര്‍
 


ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരം താണ്ടിയപ്പോഴേക്കും സൂറത്തിലേക്കുള്ള ഹൈവേ പിടിച്ചു. വണ്ടി വീണ്ടും കുതിക്കാന്‍ തുടങ്ങി. എന്നാല്‍, നാലുവരി പാത മൊത്തം പശുക്കള്‍ കീഴടക്കിയിരിക്കുകയാണ്. ഗ്രാമീണരുടെ മുഖ്യജീവിത മാര്‍ഗമാണ് കൃഷിയും പശുക്കളും. ഇടക്കിടക്ക് ബ്രേക്ക് ചവിട്ടേണ്ടതിനാല്‍ വേഗത കുറക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. ഉത്തരേന്ത്യയിലെ മിക്ക റോഡുകളുടെയും സ്ഥിതി ഏറെക്കുറെ ഇങ്ങനെയാണ്. ഏതു നിമിഷവും പശുക്കള്‍ വാഹനത്തിന് മുന്നിലേക്ക്് ചാടാം.
 

ഗുജറാത്തില്‍നിന്ന് രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നു
 

ഉച്ചയായപ്പോഴേക്കും ഗുജറാത്തിന്റെ ബോര്‍ഡര്‍ കടന്ന് സൂറത്തിനടുത്തെത്തി. ദേശീയപാതയോരത്തുള്ള ഹോട്ടലില്‍ കയറി ഗുജറാത്തി താലി (ാലമഹ)െ ഓര്‍ഡര്‍ ചെയ്തു. ചപ്പാത്തിയും കറിയും പത്തിലധികം തനി ഗുജറാത്തി വിഭവങ്ങളുമാണ് ആദ്യമെത്തിയത്. ചപ്പാത്തി കഴിച്ചശേഷം മാത്രമേ പച്ചയരികൊണ്ട് തയാറാക്കിയ ചോറ് തരികയുള്ളൂ. ഓരോ വിഭവങ്ങളും നുണയുമ്പോള്‍ സുന്ദരമായ സ്വാദ് വായില്‍ വന്നുനിറയും. ഹോട്ടലില്‍നിന്ന് ഇറങ്ങി സമീപത്തെ കൃഷിയിടങ്ങളിലൂടെ അല്‍പ്പം നടക്കാമെന്ന് കരുതിയെങ്കിലും കത്തിജ്വലിക്കുന്ന സൂര്യന്‍ അതിനനുവദിച്ചില്ല.
 

ഉദയ്പുരിന് സമീപം റോഡിലുള്ള തുരങ്കം
 

ഒടുവില്‍ നടത്തം വേണ്ടെന്ന് വെച്ച് വീണ്ടും കാറുമായി നാലുവരിപ്പാതയില്‍ കയറി. ബറൂച്ച് എന്ന സ്ഥലത്ത് നര്‍മദ നദിക്ക് മുകളില്‍ പാലം പണി നടക്കുന്നതിനാല്‍ ഒരു മണിക്കൂറിലേറെ അവിടെ കുടുങ്ങി. ചെറു വാഹനങ്ങള്‍ക്ക് പോകാന്‍ ചെറിയ പാത ഒരുക്കിത്തന്നിട്ടുണ്ട്. എന്നാല്‍, ലോറിയടക്കമുള്ള വലിയ വാഹനങ്ങള്‍ മണിക്കൂറുകള്‍ കാത്തിരുന്നുവേണം പാലം കടക്കാന്‍. കുരുക്കില്‍നിന്നെല്ലാം രക്ഷപ്പെട്ട് വൈകുന്നേരമായപ്പോഴേക്കും വഡോദര എത്താറായി. അവിടെനിന്ന് അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും റോഡുകള്‍ രണ്ടായി തിരിയുന്നു.

രാജസ്ഥാനിലെ ഒരു വഴിയോര ഹോട്ടല്‍
 


ഞങ്ങള്‍ ജയ്പൂര്‍ ലക്ഷ്യമാക്കി വണ്ടി വലത്തേക്ക് തിരിച്ചു. സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പാതയോരത്തെ നിലവിളക്കുകള്‍ തെളിഞ്ഞു. റോഡിന് ഇരുവശവും ദാബകള്‍ ധാരാളമുണ്ടെങ്കിലും താമസിക്കാന്‍ പറ്റിയ ഹോട്ടലുകള്‍ ഒന്നുപോലുമില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് യാത്ര വീണ്ടും തുടരേണ്ടി വന്നു. രാത്രി ഒമ്പത് മണിയായപ്പോഴേക്കും ഗുജറാത്തിലെ മൊഡാസ എന്ന ചെറിയ നഗരത്തിലെത്തി മുറിയെടുത്തു. 14 മണിക്കൂറിലേറെ യാത്ര ചെയ്തതിന്റെ ക്ഷീണം ഞങ്ങളെ ആവേശിച്ചിരുന്നു. ഒട്ടും സമയം കളയാതെ എല്ലാവരും ഉറക്കത്തിലേക്ക് ആണ്ടുപോയി.

അജ്മീര്‍ ദര്‍ഗയിലേക്കുള്ള വീഥി
 


തിങ്കളാഴ്ച രാവിലെ യാത്ര തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഗുജറാത്തിനോട് വിടപറഞ്ഞ് മരുഭൂമികളുടെയും കോട്ടകളുടെയും നാടായ രാജസ്ഥാനിലേക്ക് പ്രവേശിച്ചു. അജ്മീറും പുഷ്കറും സന്ദര്‍ശിച്ച് ജയ്പൂരിലെത്തുകയാണ് ലക്ഷ്യം. രാജസ്ഥാനിലെത്തിയതോടെ ഭൂപ്രകൃതിയിലും മാറ്റം വരാന്‍ തുടങ്ങി. ചെറിയ ചെറിയ കുന്നുകള്‍ റോഡുകള്‍ക്ക് ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്നു. ശീതളഛായയില്‍ മുങ്ങിനില്‍ക്കുന്ന രാജസ്ഥാന്റെ ഗ്രാമീണ ഭംഗിയും മുന്നറിയിപ്പൊന്നുമില്ലാതെ എത്തിയ ചാറ്റല്‍ മഴയും യാത്രയെ കൂടുതല്‍ ആനന്ദകരമാക്കി.

അജ്മീര്‍ ദര്‍ഗക്ക് മുന്നിലെ കാഴ്ച
 


ഉദയ്പുര്‍ പിന്നിട്ട് ഉച്ചയോടെ അജ്മീര്‍ ശരീഫ് ദര്‍ഗയില്‍ ഖാജ മൊയിനുദ്ദീന്‍ ചിശ്തിയുടെ സന്നിധിയിലെത്തി. ജനനിബിഡമായിരുന്നു ദര്‍ഗയിലേക്കുള്ള പാതകള്‍. തെരുവുകളില്‍ ബഹുവര്‍ണകാഴ്ചകളാണ്. പാതക്ക് ഇരുവശവും ദര്‍ഗയിലേക്ക് ആവശ്യമായ റോസാപുഷ്പവും വിരിപ്പുകളും മറ്റും വില്‍ക്കുന്ന കടകള്‍. ഇന്ത്യയൂടെ എല്ലാ ഭാഗത്തുനിന്നുള്ള ജനവിഭാഗങ്ങളും ഒരു കുടക്കീഴില്‍ ഇവിടെ അണിനിരക്കുന്നു. ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഇവിടെയുത്തുന്നുണ്ടെന്നാണ് കണക്ക്.
 

അജ്മീര്‍ ദര്‍ഗക്കുള്ളില്‍ ഖവാലി ആസ്വദിക്കുന്നവര്‍
 

സുരക്ഷാ പരിശോധനക്ക് ശേഷമാണ് ദര്‍ഗയിലേക്ക് ആളുകളെ കടത്തിവിടുക. ചെരുപ്പും കാമറയും അകത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. ദര്‍ഗയുടെ ഓരോ കോണിലും ഭക്തി തുളുമ്പിനില്‍ക്കുന്നു. ഖബറിടത്തിന് സമീപമിരുന്ന് ഗായകര്‍ ഖവാലി ആലപിക്കുകയാണ്. സ്വര്‍ഗീയ സംഗീതം പോലെ അതവിടെ പരന്നൊഴുകുന്നു. അതിലലിഞ്ഞ് ചേര്‍ന്ന് നിരവധിപേര്‍. സ്ത്രീകളടക്കമുള്ളവര്‍ പ്രാര്‍ഥനയില്‍ മുഴുകി ദര്‍ഗക്ക് ചുറ്റുമിരിക്കുന്നു. ഖബറിടം കാണാന്‍ നീണ്ടനിരയാണുള്ളത്. വലിയ പുതപ്പുകളും റോസാപുഷ്പങ്ങളുമായാണ് ശീതീകരിച്ച ഖബറിടത്തിനുള്ളിലേക്ക് ആളുകള്‍ വരുന്നത്. ഇതിനുള്ളില്‍ സന്ദര്‍ശകരില്‍നിന്ന് നിര്‍ബന്ധിച്ച് പണം വാങ്ങാനും ഒരുകൂട്ടര്‍ നില്‍ക്കുന്നു.
 

പുഷ്കര്‍ തടാകം
 

ദര്‍ഗയില്‍നിന്ന് പുറത്തിറങ്ങി വഴിയോരങ്ങളില്‍ ചെറിയ ഷോപ്പിങും നടത്തി വീണ്ടും വണ്ടിയില്‍ കയറി. അടുത്ത ലക്ഷ്യം താര്‍ മരുഭൂമിയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന പുഷ്കറാണ്. അജ്മീറില്‍നിന്ന് പുഷ്കറിലെത്തുമ്പോള്‍ ഉച്ചവെയില്‍ മാഞ്ഞിട്ടുണ്ട്. പഴമ തോന്നിക്കുന്ന ഭാവമാണ് ഈ പുരാതന നഗരത്തിന്. ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് പുഷ്കര്‍. തെരുവു വാണിഭക്കാര്‍ നിറഞ്ഞ വീഥികളിലൂടെ നടന്ന് ഞങ്ങള്‍ പ്രസിദ്ധമായ പുഷ്കര്‍ തടാകക്കരയിലെത്തി. അഞ്ഞൂറിനടുത്ത് ക്ഷേത്രങ്ങളും 52 സ്നാന കേന്ദ്രങ്ങളും തടാകത്തിന് ചുറ്റുമുണ്ട്. തടാകക്കരയിലെ പ്രാവുകളും വലിയ മത്സ്യങ്ങളും കാഴ്ചക്ക് വിരുന്നേകുന്നു.

ലേഖകനും സുഹൃത്തുക്കളും പുഷ്കര്‍ തടാകക്കരയില്‍
 


കല്‍പ്പടവുകളില്‍ വിശ്രമിക്കുമ്പോള്‍ സമീപത്തെ മലനിരകളില്‍നിന്നുള്ള കാറ്റ് ഞങ്ങളെ വന്ന് തലോടി. സന്ധ്യമയങ്ങാന്‍ തുടങ്ങിയതോടെ തിരിച്ച് വാഹനം ലക്ഷ്യമാക്കി നടന്നു. അജ്മീര്‍ നഗരം ഒഴിവാക്കി രാജസ്ഥാനിലെ ഗ്രാമീണ പാതയിലൂടെയാണ് യാത്ര. മഴക്കാലമായതിനാല്‍ വരണ്ടുണങ്ങിയ ഭൂമിയിലെല്ലാം പച്ചപ്പിന്റെ പുതുനാമ്പുകള്‍ തളിരിട്ടിരുന്നു. 

പുഷ്കറിലെ ഒരു വഴിയോര കാഴ്ച
 


കിഷന്‍ഗ്രഹ് പിന്നിട്ടതോടെ വീണ്ടും നാലുവരി പാതകള്‍ പ്രത്യക്ഷപ്പെട്ടു. അവിടം മുതല്‍ ഏകദേശം 100 കിലോമീറ്ററിനടുത്ത് തിരക്കൊഴിഞ്ഞ് നീണ്ടുനിവര്‍ന്നു കിടക്കുന്ന റോഡ് മാത്രമേയുള്ളൂ. ഒടുവില്‍ രാത്രി പത്ത് മണിയായി ജയ്പൂരിന്റെ മണ്ണില്‍ പജീറോ ലാന്‍ഡ് ചെയ്യുമ്പോള്‍.

തുടരും...

Day 4 (Aug 28, 2016, Sunday)
Mumbai to Modasa (Gujarat) ^ 601 KM
Route: Vapi, Surat, Bharuch, Vadodara, Godhra, Lunawada
Stay: Modasa
Journey Time: 7.00 AM^9.00 PM (14 hrs)

Day 5 (Aug 29, 2016, Monday)
Modasa to Jaipur (Rajasthan) ^ 584 KM
Route: Udaipur, Beawar, Ajmer, Pushkar
Stay: Jaipur
Journey TIme: 7.00 AM^10.00 PM (15 hrs)



 

Tags:    
News Summary - cow streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.