?????????? ???????? ???????? ???????????????. ???????????: ??.?? ????

ഹിമാലയത്തിൻെറ മടിത്തട്ടിലൂടെ

കൊടുംതണുപ്പിനെ വകവെക്കാതെ ശനിയാഴ്ച അതിരാവിലെ തന്നെ യാത്രക്ക് തയാറായി. മനാലി-ലേഹ് ഹൈവേയിലെ പ്രധാന ഹാള്‍ട്ടിങ് സ്റ്റേഷനായ സര്‍ച്ചുവാണ് ലക്ഷ്യം. ഇരുനൂറിനടുത്തെ ദൂരമുള്ളൂവെങ്കിലും ഹിമാലയത്തിൻെറ മടിത്തട്ടിലൂടെ പറ്റിപ്പിടിച്ച് കയറുന്ന റോഡുകളിലൂടെയുള്ള യാത്രക്ക് ഏറെ സമയം വേണ്ടിവരും. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മാത്രമേ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. ശ്രീനഗര്‍ വഴി ലഡാകില്‍ പോകണമെങ്കിലും ഇതുതന്നെയാണ് സ്ഥിതി. രാവിലെ വണ്ടിയുമായി  നേരെ പെട്രോള്‍ പമ്പിലേക്ക്. ഫുള്‍ടാങ്ക് ഡീസലടിച്ചു. കൂടാതെ 60 ലിറ്റര്‍ കാനിലും നിറച്ചു. മനാലിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ തണ്ടിയിലുള്ള ചെറിയ പെട്രോള്‍ പമ്പ് കഴിഞ്ഞാല്‍ പിന്നെ 350 കിലോമീറ്റര്‍ ദൂരം താണ്ടണം ഡീസലടിക്കാന്‍.
 

മനാലിയിലെ ചെറിയ ഗ്രാമം.
 

രാവിലത്തെ തണുപ്പകറ്റാന്‍ ചൂടുള്ള ചായ കുടിക്കാന്‍ ഹോട്ടലില്‍ കയറി. സമീപത്തെ തോട്ടത്തില്‍ ആപ്പിള്‍ വിളഞ്ഞുനില്‍ക്കുന്നു. ഞങ്ങള്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ഉടമ കുറച്ച് ആപ്പിള്‍ പറിച്ചുതന്നു. അന്നത്തെ പ്രഭാതഭക്ഷണം ആപ്പിള്‍ തന്നെയാക്കി. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണെല്ലോ ചൊല്ല്. മനാലി പിന്നിട്ടാല്‍ പിന്നെ യാത്ര ഉയരങ്ങളിലേക്കാണ്. ഉയരം കൂടുംതോറും ഹൈ ആള്‍ട്ടിറ്റ്യൂഡ് സിക്ക്നസ് നമ്മളെ വീഴ്ത്താന്‍ തുടങ്ങും. മനാലി സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പില്‍നിന്ന് 6726 അടി ഉയരത്തിലാണെങ്കില്‍ അമ്പത് കിലോമീറ്റര്‍ ദൂരരെയുള്ള റോഹ്ത്തങ്ങ് പാസ് എത്തുമ്പോഴേക്കും ഉയരം 13,050 അടിയാകും. പിന്നീടങ്ങോട്ടുള്ള സ്ഥലങ്ങള്‍ പലതും ഇതിലും ഉയരത്തിലാണ്.

റോഹ്ത്തങ് പാസ് ചെക്ക്പോസ്റ്റില്‍നിന്നുള്ള കാഴ്ച
 


ഉയരം കൂടുന്നതിന് അനുസരിച്ച് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കും. ഇതോടൊപ്പം നമ്മുടെ ശരീരത്തിന്റെ മര്‍ദത്തിലും വ്യത്യാസം വരും. തലവേദന, വിശപ്പില്ലായ്മ, ഛര്‍ദി, ഉറക്കക്കുറവ്, ശരീരത്തില്‍ നീരുവരിക, തലചുറ്റല്‍ തുടങ്ങിയവയൊക്കെയാണ് ഹൈ ആള്‍ട്ടിറ്റ്യൂഡ് സിക്ക്നസിന്റെ ലക്ഷണങ്ങള്‍. ചിലപ്പോള്‍ തലച്ചോറിലും ശ്വാസകോശത്തിലും നീരുകെട്ടി മരണം വരെ സംഭവിക്കാം. ധാരാളം വെള്ളം കുടിക്കുക, ലഘുവായി ഭക്ഷണം കഴിക്കുക, പുകവലി, മദ്യപാനം എന്നിവ പൂര്‍ണമായി ഒഴിവാക്കുക, ആയാസപ്പെടാതിരിക്കുക തുടങ്ങിയവയൊക്കെയാണ്  പ്രതിരോധ  മാര്‍ഗങ്ങള്‍. കൂടാതെ ഡയമോക്സ് എന്ന മരുന്നു കഴിക്കുന്നത് നല്ലതാണ്. ഞങ്ങള്‍ അമൃത്സര്‍ വിട്ടപ്പോള്‍ തന്നെ ഡയമോക്സ് കഴിച്ച് തുടങ്ങിയിരുന്നു. എന്നിട്ടും പലര്‍ക്കും ഛര്‍ദിയും തലവേദനയുമൊക്കെ പിടികൂടി. അക്കാര്യം വഴിയേ പറയാം.
 

ചളിനിറഞ്ഞ മനാലി-ലേഹ് ഹൈവേ
 

രണ്ട് ദിവസത്തിന് ആവശ്യമായ കുടിവെള്ളം, ബിസ്കറ്റ്, ബ്രഡ്, ന്യൂഡില്‍സ് തുടങ്ങിയവയെല്ലാം ബാഗില്‍ നിറച്ച് യാത്ര പുനരാരംഭിച്ചു. ആദ്യം റോഹ്ത്തങ്ങ് പാസാണ് പിന്നിടേണ്ടത്. പച്ചപ്പിന്റെ മായിക ഭാവങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ പിന്നിലേക്കാക്കി മല കയറാന്‍ തുടങ്ങി. ഏതാനും ദൂരം പിന്നിട്ടപ്പോള്‍ മനാലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സൊലാങ് വാലിയിലേക്ക് തിരിഞ്ഞുപോകാനുള്ള ദിശാസൂചിക കണ്ടു. പാരാഗൈ്ളഡിങ് പോലുള്ള സാഹസിക വിനോദത്തിന് പേരുകേട്ട സ്ഥലമാണ് സൊലാങ് താഴ് വര. ഞങ്ങളുടെ മുന്നിലെ ലക്ഷ്യം ലഡാക് മാത്രമായതിനാല്‍ വണ്ടി നേരെ തന്നെ കുതിച്ചു. റോഹ്ത്തങ്ങ് പാസ് എത്തുന്നതിന്റെ മുമ്പ് ചെക്ക്പോസ്റ്റുണ്ട്. വാഹനപ്പെരുപ്പം കാരണം പ്രകൃതിക്ക് കോട്ടം സംഭവിക്കുന്നതിനാല്‍ ഒരുദിവസം 800 പെട്രോള്‍ വണ്ടികളും 400 ഡീസല്‍ വണ്ടികളും മാത്രമാണ് കടത്തിവിടുക. ഇതുവഴി പോകാന്‍ 500 രൂപയടച്ച് പെര്‍മിറ്റ് എടുക്കുകയും വേണം. ഓണ്‍ലൈന്‍ വഴി രണ്ട് ദിവസം മുമ്പ് തന്നെ പെര്‍മിറ്റ് എടുക്കാന്‍ സൗകര്യമുണ്ട്. പെര്‍മിറ്റ് ചെക്ക്പോസ്റ്റില്‍ കാണിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മലനിരകളില്‍ തീറ്റതേടിയിറങ്ങിയ ചെമ്മരിയാടിന്‍ കുട്ടങ്ങള്‍ ഇടക്കിടെ വഴിമുടക്കാനെത്തുന്നു. ഒടുവില്‍ വളവുകളും തിരിവുകളും നിറഞ്ഞ റോഡ് താണ്ടി റോഹ്ത്തങ്ങ് പാസിലെത്തി.

റോഡ്പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
 


ധാരാളം സഞ്ചാരികളുണ്ടായിരുന്നു അവിടെ. മനാലി കാണാന്‍ വരുന്നവരിലധികവും ഇവിടെ വരെ വന്ന് തിരിച്ചുമടങ്ങാറാണ് പതിവ്. ഞങ്ങളും വണ്ടിയില്‍നിന്ന് ഇറങ്ങി. അങ്ങകലെ ചെറിയ ഗ്രാമങ്ങള്‍ മലകള്‍ക്കിടയില്‍ വിശ്രമിക്കുന്നു. ദൂരെ അതിര്‍ത്തികാക്കുന്ന മഞ്ഞുമലകള്‍. താഴെ താഴ് വാരങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം കണ്ട് കുളിര്‍കാറ്റേറ്റ് അല്‍പനേരം അവിടെ ചെലവഴിച്ചു. ഹിമാചല്‍പ്രദേശിലെ പ്രധാന നദിയായ ബിയാസിന്റെ ഉദ്ഭവം റോഹ്ത്തങ് പാസിലെ മഞ്ഞുരുകിയാണ്.
 

മനാലി-ലേഹ് ഹൈവേക്ക് സമീപത്തെ ചെറിയ ഗ്രാമം
 

റോഹ്ത്തങ്ങ് പാസ് കഴിഞ്ഞതോടെ മലയിറങ്ങാന്‍ തുടങ്ങി. ഇനിയുള്ള യാത്ര മല കയറിയും ഇറങ്ങിയും ആരോഹണാവരോഹണങ്ങളിലൂടെയാണ്. കുറച്ചുദൂരം പിന്നിട്ടതോടെ റോഡില്‍ ടാറൊന്നും കാണാതായി. മലകളിലെ മഞ്ഞുപാളികള്‍ വെയിലേറ്റ് ഉരുകി വെള്ളം റോഡിലൂടെ ഒലിച്ചുപോകുന്നു. ചളിനിറഞ്ഞ ഒറ്റവരി റോഡിലൂടെ പജീറോ ഭാവവ്യത്യാസമില്ലാതെ ഓടിത്തിമിര്‍ക്കുകയാണ്. ഏതാനും ദൂരം പിന്നിട്ടപ്പോഴേക്കും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. കല്ലുകള്‍ വീണ് റോഡ് ബ്ലോക്കായതാണ്. കേരള രജിസ്ട്രേഷനിലുള്ള ഞങ്ങളുടെ വണ്ടി കണ്ട് കുറച്ച് മലയാളി ചെറുപ്പക്കാര്‍ കുശലാന്വേഷണത്തിന് വന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അവര്‍ 55 ദിവസത്തെ ഭാരത പര്യടനത്തിന് ഇറങ്ങിയതാണ്. ട്രെയിനിലും ബസുകളിലുമൊക്കയായി ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം ചുറ്റിക്കറങ്ങി ലഡാകില്‍ പോയി തിരിച്ചുവരികയാണ്. ഡല്‍ഹിയില്‍നിന്ന് ബുള്ളറ്റ് വാടകക്കെടുത്താണ് അവര്‍ ലഡാകിലെത്തിയത്. ഇന്ത്യയില്‍നിന്നും പുറത്തുനിന്നും വരുന്ന ഭൂരിഭാഗം റൈഡുമാരും ഡല്‍ഹി, മനാലി, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍നിന്ന് ബൈക്ക് വാടകക്കെടുത്താണ് ഹിമാലയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുന്നത്.
 

ചെനാബ് നദിയുടെ പശ്ചാത്തലത്തില്‍ മനാലി-ലേഹ് ഹൈവേ
 

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് (ബി.ആര്‍.ഒ) ഹിമാലയത്തിലെ റോഡുകള്‍ നിര്‍മിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും. ലഡാകിലേക്കുള്ള യാത്രകളില്‍ ആദ്യം നമ്മള്‍ കടപ്പെടേണ്ടതും ഇവരോട് തന്നെയാണ്. തലക്ക് മുകളില്‍ വീഴാന്‍നില്‍ക്കുന്ന പാറക്കഷ്ണങ്ങളും കൂറ്റന്‍ കല്ലുകളും. താഴെ ആരെയും പേടിപ്പിക്കുന്ന കൊക്കകള്‍. ഇത്രയും ഭീതിപ്പെടുത്തുന്ന ചുറ്റുപാടില്‍ സുന്ദരമായ റോഡുകള്‍ ഒരുക്കിത്തരുകയാണ് ബി.ആര്‍.ഒ. റോഡിലെ കല്ലുകള്‍ നീക്കിയതോടെ വീണ്ടും വാഹനങ്ങള്‍ക്ക് ജീവന്‍വെച്ചു. ചെറിയ ഗ്രാമങ്ങളും കൂറ്റന്‍ മലനിരകളും പിന്നിട്ട് ഉച്ചയോടെ കീലോങ്ങിലെത്തി. ലാഹുല്‍ ആന്‍ഡ് സ്പിതി ജില്ലയുടെ ആസ്ഥാനമാണ് കീലോങ്ങ്. മനാലി-ലേഹ് ഹൈവേയിലെ ഏറ്റവും വലിയ ചെറിയ അങ്ങാടിയെന്ന് കീലോങ്ങിനെ വിശേഷിപ്പിക്കാം.

കിലോങ്
 


അടുത്ത ലക്ഷ്യം ജിസ്പയാണ്. വളവുകളും കയറ്റങ്ങളും നിറഞ്ഞ റോഡ്. ഓരോ വളവ് തിരിയുമ്പോഴും പ്രകൃതി വ്യത്യസ്തമായ ഫ്രെയിമുകള്‍ ഒരുക്കിവെച്ചിരിക്കുന്നു. എല്ലാം ക്യാമറയില്‍ ഒപ്പിയെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സമയക്കുറവ് അനുവദിച്ചില്ല. ജിസ്പ വരെ ഭംഗിയുള്ള താഴ് വരകളും പച്ചപ്പ് നിറഞ്ഞ മലകളുമാണ്. പിന്നീടങ്ങോട്ട് ലഡാക് വരെ ഒരു കുറ്റിച്ചെടി പോലുമില്ലാത്ത വരണ്ടുണങ്ങിനില്‍ക്കുന്ന മലനിരകള്‍ മാത്രമേ കാണാന്‍ കഴിയൂ. ജിസ്പ പിന്നിട്ടുകഴിഞ്ഞാല്‍ റോഡിന്റെ അവസ്ഥയും കഷ്ടമാണ്. വഴികള്‍ നിറയെ കുണ്ടും കുഴികളും. കൂടാതെ മൊബൈല്‍ ഫോണിലെ റെയ്ഞ്ചും നഷ്ടപ്പെട്ടു. അല്ലെങ്കിലും നമ്മുടെ നാട്ടിലെ പ്രീപെയ്ഡ് സിം ജമ്മു കശ്മീരില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പോസ്റ്റ്പെയിഡ് സിം മാത്രമേ വര്‍ക്ക് ചെയ്യൂ. അതുകൊണ്ട് തന്നെ ഞങ്ങള്‍ ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ എന്നിവയുടെ പോസ്റ്റ്പെയ്ഡ് സിം നാട്ടില്‍നിന്ന് തന്നെ കരുതിയിരുന്നു.
 

മനാലി-ലേഹ് ഹൈവേക്ക് സമീപം നിറഞ്ഞൊഴുകുന്ന ബാഗാ നദി
 

മലനിരകള്‍ക്കിടയിലൂടെ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങിയപ്പോഴേക്കും സര്‍ച്ചുവിലെത്തി. 14,070 അടി ഉയരത്തില്‍ നില്‍ക്കുന്ന സര്‍ച്ചു ഹിമാചല്‍ പ്രദേശിന്റെയും ജമ്മു കശ്മീരിന്റെയും അതിര്‍ത്തി പ്രദേശമാണ്. താമസിക്കാന്‍ ടെന്റുകള്‍ മാത്രമാണ് ഇവിടെയുള്ളത്. മലഞ്ചെരുവിലുള്ള ഒരു ക്യാമ്പിനകത്തേക്ക് ഞങ്ങള്‍ വണ്ടി തിരിച്ചു. ഒരാള്‍ക്ക്  മുതല്‍ പത്ത് പേര്‍ക്ക് വരെ നില്‍ക്കാന്‍ കഴിയുന്ന ടെന്റുകളുണ്ട് അവിടെ. പുറത്ത് തണുപ്പ് കൂടിവരികയാണ്. വണ്ടിയില്‍നിന്ന് ഇറങ്ങിയതോടെ തണുപ്പ് സഹിക്കാന്‍ കഴിയാതെയായി. ടെന്റിനകത്തും തണുപ്പിന് കുറവില്ല. ഹീറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ അകത്തെ ബാത്ത്റൂമിലുള്ള വെള്ളം തൊടാന്‍ പോലും കഴിയുന്നില്ല. തണുപ്പും ഉയരവും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. രണ്ടുപേര്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിച്ചു. പുറത്ത് വീശിയടിക്കുന്ന കാറ്റ് ടെന്റിനുള്ളിലേക്കും കടന്നെത്തി. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങള്‍ പുതപ്പിനുള്ളില്‍ ഒളിച്ചു. തണുപ്പ് കൂടുതലുള്ളതിനാല്‍ രണ്ട് വലിയ പുതപ്പുകളാണ് ഒരാള്‍ക്കുള്ളത്. അന്തരീക്ഷത്തില്‍ ഓക്സിജന്‍ കുറവായതിനാല്‍ ശ്വാസമെടുക്കുന്നതിന്റെ വേഗതയും കൂടി. ഇതോടെ ഉറക്കത്തിന്റെ കാര്യും പരുങ്ങലിലായി. മൊത്തം കാര്യങ്ങള്‍ ഭീകരമെന്ന് തന്നെ വിശേഷിപ്പിക്കാം.
 

ബാഗാ നദിക്ക് കുറുകെ നിര്‍മിച്ച താല്‍ക്കാലിക ഇരുമ്പുപാലം
 

നല്ല ക്ഷീണമുണ്ടെങ്കിലും ഞായറാഴ്ച അതിരാവിലെ തന്നെ എണീറ്റ് ചായ പോലും കുടിക്കാതെ സ്ഥലം കാലിയാക്കി. ഹൈ ആള്‍ട്ടിറ്റ്യൂഡ് സിക്ക്നസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉയരങ്ങള്‍ കുറഞ്ഞ സ്ഥലങ്ങള്‍ തേടിപ്പോകാനാണ് മുമ്പ് ഇതുവഴി വന്നവര്‍ പറഞ്ഞുതന്നിട്ടുള്ളത്. ഇനി ഏകദേശം ലേഹിന് സമീപമെത്തണം കുറച്ചെങ്കിലും ഉയരം കുറയണമെങ്കില്‍. ഇവിടെനിന്ന് ലേഹിലേക്ക് 250 കിലോമീറ്റര്‍ ദൂരമുണ്ട്. 150 കിലോമീറ്റര്‍ ദൂരയുള്ള ടാഗ്ലാന്‍ഗ പാസ് (17,480 അടി) വരെ റോഡ് ഉയരങ്ങളിലേക്ക് തന്നെയാണ്. രാവിലെ യാത്ര തുടങ്ങി 80 കിലോമീറ്റര്‍ പിന്നിട്ടതോടെ പാങ്ങിലെത്തി. അവിടെനിന്ന് പിന്നെ  വൃത്തിയുള്ള പാതയാണ്. ഇരുഭാഗത്തും നിറങ്ങളുടെ രസക്കൂട്ടുമായി മാമലകള്‍. സമതലപ്രദേശങ്ങളിലൂടെയുള്ള പാതയിലൂടെ വേണമെങ്കില്‍ നൂറിന് മുകളില്‍ വരെ വേഗത്തില്‍ പോകാം.
 

ലേഹ്-മനാലി ഹൈവേയിലെ ചെറിയ ഭക്ഷണശാല
 

മെരൂ എന്ന ഗ്രാമത്തിനടുത്ത് എത്തിയതോടെ പാതയോരത്തായി ഏതാനും ഭക്ഷണശാലകള്‍ കണ്ടു. ഞങ്ങള്‍ രാവിലെ മുതല്‍ കാര്യമായി ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. പോരാത്തതിന് തലേന്ന് ഛര്‍ദിച്ചതിന്റെയും ഉറക്കമില്ലായ്മയുടെയും ക്ഷീണം ബാക്കി. ആദ്യം കണ്ട ഭക്ഷണശാലയില്‍ തന്നെ കയറി. വീടുകളോട് ചേര്‍ന്നാണ് ഭക്ഷശാല പ്രവര്‍ത്തിക്കുന്നത്. പ്രായമായ സ്ത്രീയാണ് ഇതിന്റെ നടത്തിപ്പുകാരി. കഴിക്കാന്‍ ന്യൂഡില്‍സ് മാത്രമേയുള്ളൂ. അത്യാവശ്യ ഘട്ടങ്ങളില്‍ കഞ്ഞിയുണ്ടാക്കി കുടിക്കാന്‍ ഞങ്ങള്‍ നാട്ടില്‍നിന്ന് അരി കരുതിയിരുന്നു. സ്ത്രീയോട് ഞങ്ങള്‍ കഞ്ഞിയുണ്ടാക്കി തരുമോ എന്ന് ചോദിച്ചു. ലഡാകികള്‍ക്ക് എന്ത് കഞ്ഞി. അവര്‍ക്കറിയില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ ഉണ്ടാക്കിക്കോളൂ എന്നും പറഞ്ഞു. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങള്‍ അടുക്കളയില്‍ കയറി. ഇതിനിടയില്‍ താല്‍ക്കാലികാശ്വാസത്തിനായി കുറച്ച് ന്യൂഡില്‍സും കഴിച്ചു. കഞ്ഞി കുടിച്ചതോടെ ശരീരവും മനസ്സുമൊക്കെ ഒന്ന് ഉഷാറായി.
 

സര്‍ച്ചുവിലെ ക്യാമ്പ് സൈറ്റ്
 

ലേഹ് അടുക്കും തോറും വഴിയോരങ്ങളില്‍ വീണ്ടും പച്ചപ്പുകള്‍ വിരുന്നെത്തി. ചെറിയ ഗ്രാമങ്ങളും പട്ടാള ക്യാമ്പുകളും പിന്നിട്ട് വൈകുന്നേരം നാല് മണിയോടെ ലഡാകിന്റെ ആസ്ഥാന നഗരിയില്‍ പ്രവേശിച്ചു. ലേഹ് മാര്‍ക്കറ്റിനടുത്തുള്ള ഹോട്ടലിലാണ് താമസം കരുതിയിരുന്നത്. വണ്ടിയില്‍നിന്ന് ഇറങ്ങി ലേഹ്യുടെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ ഞങ്ങളെ എന്തെന്നില്ലാത്ത ഒരു ആത്സമസംതൃപ്തി വന്നു പൊതിഞ്ഞു. ഇത്രയും കാലം മനസ്സില്‍ താലോലിച്ച് വളര്‍ത്തിയ ആ സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷം മനസ്സില്‍ അലയടിച്ചുകൊണ്ടേയിരുന്നു.

തുടരും...

Day 10 (September 3, 2016, Saturday)
Manali to Sarchu (Jammu And Kashmir) ^ 251 KM
Route: Rohtang Pass, Sissu, Keylong, Jispa, Zing Zang Bar
Stay: Sarchu
Journey Time: 7.00 AM^7.00 PM (12 hrs)

Day 11 (September 4, 2016, Sunday)
Sarchu to Leh (Jammu And Kashmir) ^ 226 KM
Route: Pang, Gya, Miru, Upshi, Karu, Thiksey
Stay: Leh
Journey Time: 6.00 AM^4.00 PM (10 hrs)

 

Tags:    
News Summary - himalayan diary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.