????? ????? ????????? ????????????? ???????????: ??.?? ????

ഇടനെഞ്ചില്‍ മുഴങ്ങിയ വെടിയൊച്ചകള്‍

ഇന്ത്യ ടൂര്‍ ഭാഗം -04
പതിവിന് വിപരീതമായി വ്യാഴാഴ്ച രാവിലെ കുറച്ചുവൈകിയാണ് ഉറക്കമുണര്‍ന്നത്. അന്ന് ഞങ്ങളുടെ പജീറോക്ക് വിശ്രമം നല്‍കി. അവനെ ഹോട്ടലിന് മുന്നില്‍ തനിച്ചാക്കി അമൃത്സറിന്റെ തെരുവുകളിലൂടെ നടക്കാനിറങ്ങി. ഇന്ത്യന്‍ സ്വാതന്ത്രൃ സമര ചരിത്രത്തിന്റെ ദുരന്തസ്മരണകള്‍ ഉറങ്ങുന്ന ജാലിയന്‍ വാലാബാഗിലേക്കാണ് ആദ്യം പോകുന്നത്. ഇലക്ട്രിക്ക് ഓട്ടോകളും സൈക്കിള്‍ റിക്ഷകളും നിറഞ്ഞൊഴുകുന്ന നിരത്തുകള്‍. ജാലിയന്‍ വാലാബാഗിലേക്ക് വേഗത്തിലെത്താന്‍ ഞങ്ങളും ഒരു റിക്ഷ പിടിച്ചു. പ്രായമായ ഒരാളാണ് സൈക്കിള്‍ ചവിട്ടുന്നത്. പ്രായത്തിന്റെ തളര്‍ച്ചയൊന്നുമറിയിക്കാതെ അദ്ദേഹം നിന്നുകൊണ്ട് സൈക്കിള്‍ ആഞ്ഞുചവിട്ടുകയാണ്. ജാലിയന്‍വാലാബാഗിന്റെ 100 മീറ്റര്‍ അടുത്തായി സൈക്കിള്‍ നിര്‍ത്തി.

ജാലിയന്‍ വാലാബാഗ്
 


അവിടെനിന്ന് ബാക്കി ദൂരം നടക്കണം. ഇതിന് സമീപം തന്നെയാണ് പ്രശസ്തമായ സുവര്‍ണ ക്ഷേത്രവും. നിരത്തുകളില്‍ ജനം നിറഞ്ഞൊഴുകുകയാണ്. ജാലിയന്‍വാലാബഗിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവിടെയുള്ള ഓട്ടോക്കാര്‍ ഞങ്ങളുടെ മുന്നിലെത്തി. വൈകുന്നേരം പാക്കിസ്താന്റെ അതിര്‍ത്തിയായ വാഗാ ബോര്‍ഡറില്‍ നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങ് കാണിക്കാന്‍ കൊണ്ടുപോകാമെന്ന ഓഫറുമായാണ് അവര്‍ വന്നിരിക്കുന്നത്. ടൗണില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട് അതിര്‍ത്തിയിലേക്ക്. അവിടെ കൊണ്ടുപോയി തിരിച്ച് ഇവിടെയെത്തിക്കാന്‍ ഒരാള്‍ക്ക് 100 രൂപയാണ് നല്‍കേണ്ടത്. ഉച്ചക്ക് രണ്ട് മണിയാകുമ്പോള്‍ ഓട്ടോ പുറപ്പെടും. താല്‍പര്യമുണ്ടെങ്കില്‍ അവരുടെ കൈവശം പേര് കൊടുക്കണം. അവരോട് കച്ചവടം ഉറപ്പിച്ച് രണ്ട് മണിയാകുമ്പോള്‍ കാണാമെന്ന് പറഞ്ഞ് ജാലിയന്‍ വാലാബാഗിന്റെ ഉള്ളിലേക്ക് കടന്നു.

ജാലിയന്‍വാലാബാഗിലെ കിണര്‍
 


ഇടുങ്ങിയ വഴിയിലൂടെയാണ് അകത്തേക്ക് കടക്കേണ്ടത്. അകത്ത് ചെറിയ മൈതാനം പോലെയുള്ള സ്ഥലം. സന്ദര്‍ശകര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും ഇടങ്ങള്‍. ചുറ്റും ഇഷ്ടിക കൊണ്ട് നിര്‍മിച്ച വലിയ മതില്‍. ഒരു അറ്റത്തായി രക്തസാക്ഷികളുടെ സ്മാരകം ഉയര്‍ന്നുനില്‍ക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്രൃസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് 1919 ഏപ്രില്‍ 13ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പട്ടാളത്തിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ജാലിയന്‍ വാലാബാഗ് മൈതാനത്തില്‍ ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയിരുന്നത്. യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അമൃത്സറിലെ സൈനിക കമാന്‍ഡര്‍ ജനറല്‍ റജിനാള്‍ഡ് ഡയര്‍ 90 അംഗങ്ങള്‍ വരുന്ന ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു.

ജാലിയന്‍വാലബാഗില്‍ വെടിയുണ്ടകള്‍ പതിച്ച ചുമര്‍
 


യോഗം പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പു നല്‍കാതെ തന്നെ ഡയര്‍ വെടിവെപ്പിന് ഉത്തരവിട്ടു. 1,650 തവണയാണ് പട്ടാളക്കാള്‍ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്. അപ്രതീക്ഷിതമായി വന്ന ആക്രമണത്തിനിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള കിണറ്റിലേക്ക് ചാടി. 120 മൃതശരീരങ്ങള്‍ കിണറ്റില്‍നിന്ന് മാത്രം ലഭിച്ചു. ആയിരത്തിലധികം പേരാണ് കൂട്ടകശാപ്പില്‍ രക്തസാക്ഷികളായത്. ജാലിയന്‍ വാലാബാഗ് ദുരന്തത്തിന്റെ സ്മാരകങ്ങളായി കിണറും ചുമരുകളില്‍ വെടിയുണ്ട തുളച്ച ഭാഗങ്ങളും പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ ഈ സംഭവങ്ങള്‍ വിവരിക്കാനായി ചെറിയ ഒരു മ്യൂസിയവും അകത്തുണ്ട്.

ജാലിയന്‍ വാലാബാഗ് സ്മാരകം
 


അവിടെനിന്ന് ഞങ്ങള്‍ പറുത്തിറങ്ങിയപ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയമായിരുന്നു. അടുത്തുള്ള തെരുവിലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിറങ്ങി. ജാലിയന്‍വാലാബാഗ് ഗേറ്റിന് മുന്നില്‍ നേരത്തെ പറഞ്ഞ ഓട്ടോറിക്ഷ ഡ്രൈവര്‍ ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഞങ്ങളെ കൂടാതെ രണ്ട് ജാപ്പനീസ് യുവതികള്‍, നാല് ബീഹാറികള്‍ എന്നിവരും ഓട്ടോയിലുണ്ട്. വാഹനത്തിന് പിന്നിലെ ഭാഗത്ത് മൂന്നുപേര്‍ക്ക് കൂടി ഇരിക്കാവുന്ന സീറ്റുണ്ട്. പിന്നിലെ സീറ്റില്‍ കൗതുകം തോന്നിയ ഞങ്ങള്‍ അതില്‍തന്നെ ഇരിപ്പിടമുറപ്പിച്ചു. കാണാനുള്ള കൗതുകം മാത്രമേ പിന്നിലെ സീറ്റിനുള്ളൂ എന്ന് ഞങ്ങള്‍ക്ക് അല്‍പ്പസമയം കൊണ്ട് മനസ്സിലായി, അത്രക്ക് കുലുക്കമായിരുന്നു വണ്ടിക്ക്. കൂടാതെ പിന്നില്‍നിന്ന് വണ്ടിയുടെ പുക നേരെ മുഖത്തേക്കാണ് വന്നുകൊണ്ടിരുന്നത്.

ഇന്ത്യ-പാക്കിസ്താന്‍ അതിര്‍ത്തിയിലെ നീണ്ട വരി
 


ഒരു മണിക്കൂര്‍ സമയമെടുത്തു വാഗാ അതിര്‍ത്തിയില്‍ എത്താന്‍. സുരക്ഷാ പരിശോധനക്കായി നീണ്ട വരിയാണ്. വെയിലിന് നല്ല കാഠിന്യം. ശരീരമാകെ വിയര്‍ത്തൊലിക്കുന്നു. പരിശോധന കഴിഞ്ഞ് ഒരു കിലോമീറ്റര്‍ ദൂരം നടക്കാനുണ്ട്. കസ്റ്റംസ് ഓഫിസ്, പട്ടാള ക്യാമ്പ്, തപാല്‍ ഓഫിസ്, സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവയെല്ലാം പാതക്ക് സമീപമുണ്ട്. ബീറ്റിങ് റിട്രീറ്റ് കാണാനുള്ള ഗ്യാലറിയുടെ മുന്‍വശത്തെല്ലാം ആദ്യമെത്തിയവര്‍ ഇരിപ്പിടമുറപ്പിച്ചിരിക്കുന്നു. അവസാന ഭാഗത്താണ് ഞങ്ങള്‍ക്ക് ലഭിച്ച സീറ്റ്. ഗ്യാലറിയില്‍നിന്ന് പുറത്തേക്ക് നോക്കിയാല്‍ ഇരുരാജ്യത്തുമായി പച്ചവിരിച്ചുനില്‍ക്കുന്ന കൃഷിയിടങ്ങള്‍ കാണാം.

ഇന്ത്യ-പാക്കിസ്താന്‍ അതിര്‍ത്തിയില്‍ പച്ചവിരിച്ചുനില്‍ക്കുന്ന വയലുകള്‍
 


നല് മണിയായപ്പോഴേക്കും ഇരിപ്പിടമെല്ലാം നിറഞ്ഞു. ഇന്ത്യയിലുള്ള ആളുകളുടെ പകുതി മാത്രമേ പാകിസ്താനിലുള്ള ഗ്യാലറിയിലുണ്ടായിരുന്നുള്ളൂ.
 അഞ്ച് മണിയോടെ ഇരുഭാഗത്തെയും സ്പീക്കറുകള്‍ക്ക് ജീവന്‍വെച്ചു. ഇന്ത്യയില്‍ ദേശഭക്തി ഗാനങ്ങള്‍ മുഴങ്ങിയപ്പോള്‍ പാകിസ്ഥാനില്‍ ഖുര്‍ആനില്‍നിന്നുള്ള സൂക്തങ്ങളോടെയായിരുന്നു തുടക്കം. പിന്നീട് വന്നത് സിനിമാ ഗാനങ്ങള്‍. ഇതിനൊപ്പം ആളുകള്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയി. ഇതിനിടയില്‍ വെയില്‍ മാറി മഴയെത്തി. മഴയുടെ താളത്തിനൊത്ത് നൃത്തച്ചുവടുകള്‍ക്ക് വേഗം കൂടി. ചിന്നിച്ചിതറി പെയ്യുന്ന മഴക്ക് അന്താരാഷ്ട്ര അതിര്‍ത്തികളൊന്നും വിഷയമില്ലായിരുന്നു. ഇരുരാജ്യത്തും ഒരുമിച്ച് പെയ്ത മഴയില്‍ മനസ്സിനുള്ളിലെ അതിര്‍വരമ്പുകളൊക്കെ അലിഞ്ഞില്ലാതാകുന്നു.

വാഗാ ബോര്‍ഡര്‍
 


മഴ മാറുന്നതിന് മുമ്പേ ബീറ്റിങ് റിട്രീറ്റ് തുടങ്ങി. ഇന്ത്യയുടെ ബി.എസ്.എഫ് സൈനികരും പാകിസ്താന്‍ റേഞ്ചഴേ്സ് സൈനികരുമാണ് ചടങ്ങില്‍ പങ്കടെുക്കുന്നത്. ജവാന്‍മാര്‍ ദൂരെനിന്ന് ചടുലമായ കാല്‍വെപ്പുകളോടെ മാര്‍ച്ച് ചെയ്തുവന്ന് ഗേറ്റിനടുത്തെത്തി നില്‍ക്കും. കാല്‍ നെറുകയില്‍ തൊടുന്നവിധം ഉയര്‍ത്തി ശക്തിയായി തറയിലിടിച്ച് ഇവര്‍ മേലധികാരികളുടെ കൈയില്‍നിന്ന് സല്യൂട്ട് സ്വീകരിക്കുന്നു. പാകിസ്താനിലും ഇതേ പരേഡുകള്‍ ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് ഇരു രാജ്യത്തെയും ഗേറ്റ് തുറക്കും. പിന്നീട് ബ്യൂഗിള്‍ വാദ്യത്തിന്റെ അകമ്പടിയോടെ രണ്ട് പതാകകളും ഒരേസമയം താഴോട്ട് ഇറക്കുന്നു. പതാകകള്‍ ഇറക്കി ഭദ്രമായി മടക്കി ആദരപൂര്‍വം കൊണ്ടുപോവുകയും ഗേറ്റുകള്‍ അടക്കുകയും ചെയ്യുന്നതോടെ ചടങ്ങ് അവസാനിച്ചു.

വാഗാ ബോര്‍ഡറിലെ ബീറ്റിങ് റിട്രീറ്റ് ആസ്വദിക്കുന്നവര്‍
 


ഗ്യാലറിയിലില്‍നിന്നിറങ്ങി തിരിച്ച് ഓട്ടോയുടെ അടുത്തേക്ക് നടന്നു. അപ്പോഴും ചാറ്റല്‍ മഴ മാറിയിട്ടുണ്ടായിരുന്നില്ല. തിരിച്ചുപോയപ്പോള്‍ ഓട്ടോറിക്ഷയില്‍ പിന്നിലെ സീറ്റിന് പകരം ഞങ്ങള്‍ പ്രധാന സീറ്റ് തന്നെ കൈയടക്കി. അമൃത്സറിലെത്തിയപ്പോള്‍ രാത്രിയായി. റെയില്‍വേ സ്റ്റേഷന് സമീപം ജാപ്പനീസ് യുവതികള്‍ ഓട്ടോയില്‍നിന്ന് ഇറങ്ങി. സുവര്‍ണ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ക്ക് പോകാനുള്ളത്. ഓട്ടോറിക്ഷ ക്ഷേത്രത്തിന് 100 മീറ്റര്‍ അടുത്തുവരെ പോവുകയുള്ളൂ. ഓട്ടോയില്‍നിന്ന് ഇറങ്ങി വീണ്ടും നടക്കാന്‍ തുടങ്ങി. ഷൂസ് അഴിച്ചുവെച്ചു വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍.

അമൃത്സറിലെ സുവര്‍ണക്ഷേത്രം
 


 പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ തന്നെ പൊന്നില്‍ കുളിച്ചുനില്‍ക്കുന്ന ക്ഷേത്രം ദൃശ്യമായി. അകത്ത് ഭക്തികൊണ്ട് തുടിക്കുന്ന അന്തരീക്ഷം. 'ഹര്‍മന്ദര്‍ സാഹിബ്' എന്നാണ് സിഖ് മതക്കാരുടെ പ്രഥമസ്ഥാനത്തുള്ള ഈ ഗുരുദ്വാരയുടെ യഥാര്‍ഥ നാമം. നാല് വാതിലുകളുണ്ട് ക്ഷേത്രത്തിന്. ഈ വാതിലുകളിലൂടെ ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും കടന്നുവരാം. ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഇവിടെയെത്തുന്നുണ്ടെന്നാണ് കണക്ക്. കുറച്ചുനേരം ക്ഷേത്രത്തിനകത്ത് ചെലവഴിച്ച ശേഷം പുറത്തിറങ്ങി തിരിച്ച് റൂമിലോട്ട് നടന്നു.

ലേഖകനും സുഹൃത്തുക്കളും സുവര്‍ണക്ഷേത്രത്തില്‍
 


ഇനി യാത്ര ഹിമാലയത്തിന്റെ മടിത്തട്ടില്‍ ചന്തം ചാര്‍ത്തിനില്‍ക്കുന്ന മനാലിയിലോട്ടാണ്. നാട്ടില്‍നിന്ന് യാത്ര തുടങ്ങുന്നതിന്റെ മുമ്പ് അമൃത്സറില്‍നിന്ന് ശ്രീനഗര്‍ വഴി ലഡാകിലേക്ക് പോകണമെന്നായിരുന്നു പ്ലാന്‍. എന്നാല്‍, ജമ്മുകശ്മീരിന്റെ തലസ്ഥാന നഗരിയിലെ സംഘര്‍ഷങ്ങളും കര്‍ഫ്യൂവും വഴിമാറി ചിന്തിക്കാനിടയാക്കി. വെള്ളിയാഴ്ച അതിരാവിലെ തന്നെ അമൃത്സറിനോട് യാത്രചൊല്ലി. ശാന്തവും സൗമ്യവുമായ പഞ്ചാബി ഗ്രാമങ്ങള്‍ പിന്നിട്ട് ഹിമാചല്‍ പ്രദേശിന്റെ അതിര്‍ത്തികടന്നു.
 

നിറഞ്ഞൊഴുകുന്ന ബിയാസ് നദി. മാന്‍ഡിയില്‍ നിന്നുള്ള ദൃശ്യം
 


ഇനിയങ്ങോട്ട് കുന്നും മലകളുമാണ്. വന്‍മരങ്ങള്‍ കാവല്‍നിക്കുന്ന റോഡുകളില്‍ നമ്മുടെ നാടുകാണി ചുരത്തിലേതുപോലെ കുരങ്ങന്‍മാര്‍ കൂട്ടംകൂടി നില്‍ക്കുന്നു. മലകള്‍ കയറിയും ഇറങ്ങിയും യാത്ര മുന്നോട്ട്. ദൂരങ്ങളിലേക്ക് തുറന്നിരിക്കുന്ന പ്രകൃതിയുടെ മായാമനോഹര ദൃശ്യം കാറിന്റെ ജാലകത്തിലൂടെ മിന്നിമായുന്നു. ഉച്ചയോടെ മാന്‍ഡിയിലെത്തി. അവിടം മുതല്‍ കൂട്ടിന് ബിയാസ് നദിയുമുണ്ട്. കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയുടെ ഓരം ചേര്‍ന്നാണ് റോഡ്. റോഹ്ത്തങ് പാസില്‍നിന്ന് ഉദ്ഭവിക്കുന്ന ബിയാസ് സിന്ധുനദിയുടെ പ്രധാന പോഷക നദിയാണ്. കുളുവും പിന്നിട്ടതോടെ വഴിയോരങ്ങളില്‍ ആപ്പിള്‍ മരങ്ങള്‍ ദൃശ്യമായിത്തുടങ്ങി. കേരളത്തിലേക്കടക്കമുള്ള ആപ്പിള്‍ കയറ്റിയയക്കുന്നത് ഹിമാചല്‍ പ്രദേശിലെ തോട്ടങ്ങളില്‍നിന്നാണ്.

 
ഹിമാചല്‍ പ്രദേശിലെ മലനിരകള്‍
 

വൈകുന്നേരത്തോടെ മനാലിയിലെത്തി. വണ്ടിയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മരംകോച്ചുന്ന തണുപ്പ് വന്ന ഞങ്ങളെ പൊതിഞ്ഞു. ബിയാസ് നദിയുടെ സമീപമാണ് റൂമെടുത്തിരുന്നത്. റൂമിലിരിക്കുമ്പോള്‍ വെള്ളമൊഴുകുന്നതിന്റെ ഇരമ്പല്‍ കാതില്‍ വന്നടിക്കുന്നു. അല്‍പനേരം വിശ്രമിച്ച് ജാക്കറ്റണിഞ്ഞ് ടൗണിലോട്ടിറങ്ങി. റൂമില്‍നിന്ന് പാലം കടന്നുവേണം പ്രധാന മാര്‍ക്കറ്റിലെത്താന്‍. വിനോദസഞ്ചാരികള്‍ക്കായി തുറന്നുവെച്ചിരിക്കുകയാണ് ഓരോ കടകളും. കൂടുതലും തണുപ്പിനെ പ്രതിരോധിക്കാനുള്ള സാധനങ്ങള്‍. ഞങ്ങളും ചെറിയ ഷോപ്പിങ്ങ് നടത്തി. പുറത്ത് തണുപ്പ് കൂടിവരികയാണ്. ഭക്ഷണം കഴിച്ച് ഒട്ടും താമസിക്കാതെ റൂമിലേക്ക് മടങ്ങി.

യാത്ര തുടരും...

Day 8 (September 1, 2016, Thursday)
Sightseeing at Amritsar
Jalianwala Bagh, Golden Temple (Harmandir Sahib), Wagah Border Ceremony

Day 9 (September 2, 2016, Friday)
Amritsar to Manali (Himachal Pradesh)-400 KM
Route: Hoshiarpur, Bhota, Ner Chowk, Mandi, Kullu
Stay: Manali
Journey Time: 7.00 AM - 6.00 PM (11 hrs)

Tags:    
News Summary - jallianwala bagh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.