ഗസ്റ്റ് ഹൗസിൽ നാനാതരം ആള്‍ക്കാർ ഉണ്ടെങ്കിലും ബംഗാളികളുടെ ആധിക്യമാണ് കാണാന്‍ കഴിഞ്ഞത്. ഗസ്റ്റ് ഹൗസിൻെറ നടത്തിപ്പുകാരും ബംഗാളികള്‍ തന്നെ. കുറ്റവാളികള്‍ ആയി വന്നവര്‍ മാത്രമല്ല, സ്വതന്ത്ര്യാനന്തരം വന്ന ഉദ്യോഗസ്ഥരും ബംഗാളികള്‍ തന്നെയായിരുന്നു. ഗസ്റ്റ് ഹൗസ് ജീവ്നക്കരാനായ അയാന്‍ മുഖര്‍ജി കല്യാണം കഴിച്ചിരിക്കുന്നത് ഒരു മുസ്ലിം യുവതിയെ ആണ്. രണ്ടു വീട്ടുകാരും യോജിച്ചു തന്നെയാണ് വിവാഹം നടത്തികൊടുത്തത്. നമുക്ക് അത്ഭുതം തോന്നുമെങ്കിലും അവര്‍ക്കതില്‍ ഒരു പ്രശ്നവുമില്ല. അതിന്നു പ്രധാന കാരണം അവരുടെയെല്ലാം പാരമ്പര്യമാണ്.
"ഞങ്ങളുടെയൊക്കെ പൂര്‍വികര്‍ ക്രിമിനലുകള്‍ ആയിരുന്നു, അങ്കിള്‍."
"ക്രിമിനലുകള്‍? അതോ കുറ്റവാളികളോ..."
"ക്രിമിനലുകള്‍ തന്നെ അങ്കിള്‍..."
എന്നെ അങ്കിള്‍ എന്ന് വിളിക്കുന്നതിൻെറ യുക്തി എനിക്ക് മനസിലായില്ലെങ്കിലും അയാന്‍ പറയുന്നതു മുഴുവന്‍ ഞാന്‍ കേട്ടിരുന്നു. കുറ്റവാളികള്‍ സ്വയം കര്‍ഷകരാവുക. ലോകത്ത് ഇങ്ങനെയൊരു സൗഭാഗ്യം മറ്റേതെങ്കിലും ജയില്‍പുള്ളികള്‍ക്ക് ലഭിച്ചുകാണാന്‍ ഇടയില്ല. രാഷ്ട്രീയ കുറ്റവാളികള്‍ അല്ലാത്തവരെ കഠിന ശിക്ഷകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആദ്യത്തെ ആറുമാസം ഏകാന്ത തടവും, പിന്നീടു ഒന്നരവര്‍ഷം ബാരക്കിലും പിന്നിട് ജയില്‍ വളപ്പിലും ഇത്തരക്കാര്‍ക്ക് ജോലി ചെയ്യാം. അവരാണ് പിന്നീടു പെറ്റി ഓഫീസര്‍മാരായി മാറുന്നത്. ഏകദേശം പത്തുവര്‍ഷം കഴിയുമ്പോള്‍ അവര്‍ക്ക് കര്‍ഷകരാകാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ ഭൂമി അവര്‍ക്കായി പതിച്ചു കൊടുക്കും. കൃഷി ചെയ്യാനും, കന്നുകാലികളെ വളര്‍ത്താനും ഇവര്‍ക്ക് സാധിക്കുമയിരുന്നൂ. സെല്‍ഫ് സപ്പോര്‍ട്ടേഴ്സ് എന്നാണ് ഇവരറിയപ്പെട്ടിരുന്നത്.
എമ്മയുടെ പുസ്തകത്തിലെ ചിത്രങ്ങളിലൊന്ന്
കുറ്റവാളി സ്ത്രീകളെ തന്നെ വിവാഹവും ചെയ്തിരുന്നു. പക്ഷേ സ്ത്രീകളുടെ എണ്ണം കുറവായിരുന്നു. ഒരു സ്ത്രീക്ക് ആറു പുരുഷന്‍ എന്നതായിരുന്നു കണക്ക്. ഒരു സ്ത്രീക്ക് തന്നെ പല പുരുഷന്മാരാമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടെണ്ടി വന്നു. ആന്‍ഡമാനിലെ ആദിവാസികള്‍ പോലും ഇങ്ങനെ ആയിരുന്നില്ല. പക്ഷേ സെല്‍ഫ് സപ്പോര്‍ട്ടെഴ്സിന് അതൊരു പ്രശ്നമായിരുന്നില്ല. ഡോക്ടര്‍മാരായ മുറേയും, ഫേണ്‍റിഡുമാണ് കുറ്റവാളികളെ പാര്‍പ്പിക്കുന്നത് അവസാനിപ്പിക്കണം എന്ന് ശുപാര്‍ശ ചെയ്തത്. കൊടും കുറ്റവാളികളെ കര്‍ഷകര്‍ ആക്കിയെങ്കിലും അവരെ പരിഷ്കൃതര്‍ ആക്കാനുള്ള ഒരു നടപടിയും ഉണ്ടായിരുന്നില്ല. പഴയ ബന്ധങ്ങളുടെ ഓര്‍മ്മയോ, ജാതിവ്യവസ്ഥയോ, മതമോ, ധാര്‍മികബോധമോ ഒന്നും അവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. അവരുടെ തലമുറയാണ് ലോക്കല്‍സ് എന്ന് അറിയപ്പെടുന്നത്.
കട്ടമരത്തില്‍ നിന്നുള്ള കാഴ്ച
1922 ൽ ആന്‍ഡമാനിലെ പീനല്‍ സെറ്റില്‍മെൻറിലേക്കു ഇനി കുറ്റവാളികളെ അയക്കരുത് എന്ന് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബില്ല് കൊണ്ട് വന്നപ്പോള്‍ സെല്‍ഫ് സപ്പോര്‍ട്ടെഴ്സിനെ എന്ത് ചെയ്യും എന്നൊരു ചോദ്യം വന്നു? മാത്രമല്ല അവരില്‍ ഉണ്ടായ മൂവായിരത്തില്‍ അധികം വരുന്ന പുതിയ തലമുറയും ഒരു ചോദ്യചിഹ്നമായി മാറി. ഇപ്പോള്‍ ഉള്ളവരെ കര്‍ഷകരായി തുടരാന്‍ അനുവദിച്ചു കൊണ്ട് ബില്ല് പാസായി. പക്ഷേ ഇതിനിടയിലാണ് മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ കുടുംബസഹിതം ഇങ്ങോട്ട് നാടുകടത്തിയത്. പുതിയ പുതിയ തീരുമാന പ്രകാരം അവര്‍ക്ക് വീടും ഭൂമിയും നല്‍കി. അതില്‍ താൽപര്യം ഇല്ലാത്തവര്‍ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ തിരിച്ചു പോയി. അങ്ങനെ ഇവിടെ നിന്നവരാണ് ഗഫൂര്‍ സാഹിബിനെ പോലുള്ള മുസ് ലിം പരമ്പര. രംഗത്തു നിന്ന് മായാബന്ധറിലേക്ക് പോവാന്‍ തയ്യാറായി. എമ്മയാണ് എന്‍റെ അടുത്തിരുന്നത്. രാവിലെ ഞാനും എമ്മയും കൂടി അടുത്തുള്ള ബീച്ചില്‍ പോയിരുന്നു. അപ്പോഴൊക്കെയും ഒരു പുസ്തകവും വായിച്ചാണ് എമ്മയുടെ നടപ്പ്. എപ്പോഴും മുഖത്തു നിറഞ്ഞ ചിരിയുണ്ടാവുന്നത് കൊണ്ടാകാം എമ്മയോട് ആർക്കും അടുപ്പം തോന്നും. എമ്മയും വിന്‍സും വില്യമും യുക്കെയില്‍ നിന്നാണ്. മറീനയും കെറിയും അമേരിക്കയില്‍ നിന്നും. ഇവരൊക്കെ ഇന്ത്യയില്‍ വന്നു പരിചയപെട്ടവരാണ്.
പുതുവര്‍ഷം പിറക്കാന്‍ കുറഞ്ഞ ദിവസമേ ഒള്ളൂ. ക്രിസ്തുമസ് ഹാവ്ലോക്കില്‍ ആണെന്നാണ് എമ്മ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ന് അങ്ങോട്ട് പോവുമായിരിക്കും. വിന്‍സും കേറിയും കലപിലാന്നു സംസാരിക്കുന്നുണ്ട്. എനിക്കൊരക്ഷരം പോലും മനസിലാകുന്നില്ല. എമ്മ എന്നോട് സംസാരിക്കുമ്പോള്‍ പതുക്കെയാണ് സംസാരിക്കുക. അപ്പൊ ഒരു മാതിരിയൊക്കെ എനിക്ക് പിടികിട്ടും. രംഗത്തു റോഡിനിരുവശവും ചെറിയ വീടുകള്‍ ഉണ്ട്. ഒരു കേരളാ ഗ്രാമത്തെ ഓര്‍മിപ്പിക്കുന്ന വഴികള്‍. ചിലപ്പോയെക്കെ ചെറിയ വയലുകള്‍, അങ്ങാടികള്‍. നല്ല മഞ്ഞും ഉണ്ട്. മികച്ചതെന്നു പറയാവുന്ന റോഡ്. മായാബന്ധറില്‍ എത്താന്‍ ഏകദേശം രണ്ടുമണിക്കൂര്‍ എടുത്തു. ഗ്രേറ്റ് ആന്‍ഡമാന്‍ ട്രങ്ക് റോഡ് പോര്‍ട്ട് ബ്ലയറിനെയും മായാബന്ധറിനെയും ബന്ധിപ്പിക്കുന്നതാണ്. ഇന്നത് ദിഗില്‍പൂരിനപ്പുറം നീണ്ടിരിക്കുന്നു. എഴുപതുകളില്‍ ആരംഭിച്ച റോഡ് നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ പ്രയാസപെട്ടിരുന്നു.
മായാബന്ധറില്‍ നിന്നും ഭക്ഷണം കഴിച്ചു വീണ്ടും യാത്ര. ദിഗില്‍പൂരാണ് എത്തേണ്ടത്. അവിടെ നിന്നും ഫെറിയില്‍ ഹാവ്ലോക്കിലേക്ക്, ഇതാണ് പ്ലാന്‍. തികച്ചും കാര്‍ഷികമായി തന്നെ ജീവിക്കുന്നവരാണെന്ന് ഇവിടുത്തുകാര്‍ എന്ന് തോന്നുന്നു. കൃഷിയിടങ്ങള്‍ നിരവധിയുണ്ട്. ഒരു പാലം കടക്കേണ്ടി വന്നു. ദ്വീപില്‍ കണ്ട ആദ്യത്തെ പാലം. ഇതിനു വേണ്ട നിര്‍മ്മാണ സാമഗ്രികള്‍ പോര്‍ട്ട് ബ്ലയറില്‍ നിന്നാവും വന്നിട്ടുണ്ടാവുക. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്നതിനേക്കാള്‍ വികസന പ്രവര്‍ത്തങ്ങള്‍ക്ക് ഇവിടെ വേഗത കൂടുതലാണെന്ന് പറയേണ്ടിവരും. ഗില്‍പൂരിനോട് അടുക്കുന്തോറും കൃഷിയിടങ്ങള്‍ മാത്രമായി കാഴ്ച. ദിഗില്‍പൂര്‍ പോര്‍ട്ട് ബ്ലയറിന്‍റെ അത്ര വളരെ വലിയ പട്ടണം അല്ലെങ്കിലും ഏറെക്കുറെ വലുത് തന്നെയാണ്. കാളീ പ്രതിമകള്‍ റോഡിന്‍റെ ഇരുവശവും ഉണ്ട്. ബംഗാളികള്‍ ആയിരിക്കണം ഇവിടെ കൂടുതല്‍. കുറച്ചു മുന്നോട്ടു പോയപ്പോള്‍ ആ ഊഹം തെറ്റാണെന്ന് ബോധ്യമായി. കാരണം തമിഴ് ഗാനങ്ങളുടെ ഈരടികളാണ് മുഴങ്ങി കേള്‍ക്കുന്നത്. പക്ഷേ വീടുകള്‍ക്കൊക്കെ എനിക്ക് അപരിചിതമായ നിര്‍മ്മാണ ശൈലിയാണ്. ബര്‍മീസ് രീതിയിലുള്ള വീടുകളാണ് ഇവിടെ കൂടുതലും എന്ന് ഗണേഷ് പറഞ്ഞു.
ഏരിയല്‍ ജെട്ടിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഫെറി കിട്ടുക. ജെട്ടികരികില്‍ മരത്തടികള്‍ കൂട്ടിയിട്ടിരിക്കുന്നു. നല്ല രീതിയില്‍ തന്നെ മരംവെട്ടു നടക്കുന്നുണ്ടാകണം. ഒരു ചെറിയ സ്പീഡ് ബോട്ടില്‍ കയറി ഞങ്ങള്‍ ദൂരെ നിര്‍ത്തിയിരിക്കുന്ന ബോട്ടിലേക്ക് നീങ്ങി. അവിടെ എത്തിയപ്പോഴാണ് ബോട്ടല്ല അതൊരു കട്ടമരം ആണെന്ന് മനസിലായത്. ഒരു കുഞ്ഞു ആഡംബര കപ്പല്‍. ഗണേഷ് ഇത് വരെ പണം സംബന്ധമായി ഒന്നും പറഞ്ഞില്ലെങ്കിലും ഇനിയങ്ങോട്ട് എൻെറ പേഴ്സിന്‍റെ കനം പെട്ടെന്ന് കുറയും എന്ന് എനിക്ക് മനസിലായി. അകത്തു നല് ലസൗകര്യങ്ങള്‍ ഉണ്ട്. കഫ്തീരിയ പോലും ഉണ്ട്. കട്ടമരം നീങ്ങികൊണ്ടിരുന്നു. ഞാനും ഗണേഷും മാറിയിരുന്നു സംസാരിച്ചു. ബാക്കിയുള്ളവര്‍ പുറത്തെ കാഴ്ചകള്‍ കണ്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ എമ്മയും ഞങ്ങളുടെ കൂടെ കൂടി. നേരം ഇരുട്ടി തുടങ്ങി. ഉയര്‍ന്ന തിരമാലകളില്‍ കട്ടമരം ഒരു പന്തെന്ന കണക്കെ ഉയര്‍ന്നു പൊങ്ങുന്നു. രാത്രിയില്‍ രംഗത്ത് നിന്നും കുറച്ചു പേര്‍ കൂടി വന്നിരുന്നു. ഗണേഷാണ് പറഞ്ഞത് ഹാവ്ലോക്കിലെക്കല്ല ബാരന്‍ ഐലൻറിലേക്കാണ് പോകുന്നതെന്ന്. രാത്രിയില്‍ പാശ്ചാത്യ സംഗീതത്തിലും മദ്യത്തിലും കട്ടമരം നിറഞ്ഞപ്പോള്‍ ഞാന്‍ പതിയെ വലിഞ്ഞു...
കുറച്ചു കഴിഞ്ഞപ്പോള്‍ കയ്യില്‍ ഒരു ബിയറുമായി ഗണേഷ് എന്നെ തിരഞ്ഞു വന്നു. ഒരു ഗൈഡ് എന്ന നിലയില്‍ ഗണേഷ് ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടല്ല. അതുകൊണ്ട് തന്നെ എന്നെപോലെ അപകര്‍ഷതാബോധം കൊണ്ട് മാറിയിരിക്കേണ്ട ആവശ്യവും ഇല്ല. ഗണേഷ് എന്നെ അങ്ങോട്ട് നിര്‍ബന്ധിച്ചു കൊണ്ടുപോയി.എമ്മയും കേറിയും ആഘോഷത്തില്‍ പങ്കുചേരാന്‍ കൈകൊണ്ടു ആംഗ്യം കാണിച്ചു.. ഞാന്‍ ശരിയെന്ന അര്‍ത്ഥത്തില്‍ വിരല്‍ ഉയര്‍ത്തികാണിച്ചു...കുറച്ചു സമയം കൂടി അവിടെ നിന്ന് ഞാന്‍ പതുക്കെ അവിടെ നിന്നും ക്യാപ്റ്റന്‍റെ അടുത്തുപോയി. ആ സംഘത്തില്‍ ഞാനൊരു അധികപറ്റാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
ക്യാപറ്റന്‍ എന്ന് വിളിക്കുന്നതിനേക്കാളും സ്രാങ്ക് എന്ന വിളിയാണ് യോജിക്കുക. കാരണം അതായിരുന്നു വേഷം. ക്യാപറ്റന്‍ ലോക്കല്സില്‍ പെട്ടയാളാണ്. സഹായി ബീഹാറിയും. അവരും മദ്യപിക്കുന്നുണ്ട്. അണ്‍റ്റിയ എന്ന നാടന്‍മദ്യം. നമ്മുടെ തെങ്ങിന്‍കള്ള് പോലെയാണ് നിറം. അവർ നിര്‍ബന്ധിച്ചെങ്കിലും ഞാനത് സ്നേഹപൂര്‍വം നിരസിച്ചു. ക്യാപറ്റന്‍ നല്ല സംസാരപ്രിയനാണ്. അല്ലെങ്കില്‍ അകത്തുള്ള മദ്യം അദ്ദേഹത്തെ സംസാരിപ്പിക്കുന്നു. പഴയ പട്ടാളക്കാരൻെറ ലഡാക്ക് കഥകള്‍ പോലെയാണ് തോന്നിയത്. ആന്‍ഡമാനും നിക്കോബാറും അദ്ദേഹത്തിന് കൈവെള്ളയില്‍ എന്ന പോലെ അറിയാം. ,അദേഹം സഞ്ചരിക്കാത്ത വഴികള്‍ ഇല്ല എന്നൊക്കെ. ചിലപ്പോള്‍ സത്യമാകാം.. പക്ഷേ ഒരിക്കലും എനിക്ക് വിശ്വസിക്കാന്‍ കഴിയാത്ത ഒരു കഥയാണ് പിന്നീട് എന്നെ അദേഹം പറഞ്ഞത്. ക്യാപ്റ്റന്‍റെ യൗവന കാലത്ത് അദേഹത്തിന് നിരവധി അംബര്‍ കിട്ടുമായിരുന്നു. തിമിംഗലത്തിന് ദഹനക്കേട് സംഭവിക്കുമ്പോള്‍ ഛര്‍ദിച്ചു കളയുന്നതാണ് അംബര്‍. ഒരു കിലോ അംബറിന് ഒരു ലക്ഷം വരെയൊക്കെ കിട്ടുമായിരുന്നു. അതിന്‍റെ വിലയറിയാത്ത അദ്ദേഹമത് പലര്‍ക്കും വെറുതെ കൊടുത്തു.
എന്‍റെ മുഖത്തെ അവിശ്വസനീയ ഭാവം കണ്ടു ക്യാപറ്റന്‍ വീണ്ടും പറഞ്ഞു,
അങ്കിള്‍ സത്യമാണ്, ഈ കാടുകളില്‍ ലോകം എന്തെക്കെയോ അന്വേഷിക്കുന്നുണ്ട്.
വീണ്ടും അങ്കിള്‍ വിളി. മുടി നരച്ച ഒരു മനുഷ്യന്‍ എന്നെ അങ്കിള്‍ എന്ന് വിളിക്കുന്നതിന്‍റെ കാരണം ഞാന്‍ തിരക്കി. അത് ആന്‍ഡമാനിലെ ഒരു ഉപചാരമാണ്. ആളുകള്‍ പരസ്പരം അടുക്കുമ്പോള്‍ തമ്മില്‍ വിളിക്കുന്നതാണ് അങ്കിളും ആന്‍റിയും.
അപ്പൊ എവിടെയാ നമ്മള്‍ നിര്‍ത്തിയെ ...ആ ... അംബര്‍ .
അംബര്‍ മാത്രമല്ല അങ്ങനെ പലതുമുണ്ട്. ബര്‍മ്മക്കാരും തായലൻറുകാരുംഅംബറിന് വന്നപ്പോള്‍ ചൈനക്കാര്‍ വന്നത് ഹവാബീല്‍ തേടിയാണ്.
അതെന്താണത്?
അതൊരു പക്ഷിക്കൂടാണ്. ഇവിടെയുള്ള ചെറിയ പക്ഷികള്‍ വായിലെ തുപ്പല്‍ കൊണ്ട് ഉണ്ടാക്കുന്ന കൂടാണിത്. അത് വെച്ചു ചൈനക്കാര്‍ സൂപ്പ് ഉണ്ടാക്കും.
അത് ചിലപ്പോള്‍ ശരിയാകും എന്നെനിക്കു തോന്നി. കാരണം ഒട്ടുമിക്ക ഭക്ഷങ്ങളും ഉത്ഭവിച്ചത് ചൈനയില്‍ നിന്നാണല്ലോ.
നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്നല്ലേ പറഞ്ഞത് ? അങ്ങോട്ട് ഇവിടെ നിന്നും മരത്തടികള്‍ കയറ്റുമതി ചെയ്യരുണ്ടല്ലോ. പടാക്ക് മരം.
ആ പടാക്കില്‍ നിന്നും ഒരു സാധനം കിട്ടാറുണ്ട്. ബര്‍ എന്ന് ഞങ്ങള്‍ വിളിക്കും. പടാക് മരത്തിനു പ്രായമാകുമ്പോള്‍ അതിന്റെ ഒരു ഭാഗം മുഴ പോലെ വീര്‍ത്തുവരും. അത് ചെത്തിയെടുത്തു മിനുസപെടുത്തി ഞങ്ങള്‍ അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കും. ,, മറ്റൊരു മരം, മാര്‍ബിള്‍ പോലെ തിളങ്ങുന്നതാണ്. എത്ര പേരാണ് ആ മരം ഇവിടെ നിന്നും കടത്തികൊണ്ടു പോയിരിക്കുന്നത്..
തല്‍ക്കാലം ക്യാപ്റ്റനെ വിശ്വസിക്കുകയെ തരമൂള്ളൂ. ക്യാപ്റ്റന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങിയതും ഒരു ചുമ കൊണ്ട് ഗണേഷ് അതിനു തടയിട്ടു. ഗണേഷിനെ ക്യാപ്റ്റന് കൊടുത്ത് ഞാന്‍ രക്ഷപ്പെട്ടു. അവരുടെ ആഘോഷം അപ്പോഴും തീര്‍ന്നിരുന്നില്ല. എന്‍റെ ക്യാബിൻെറ അടുത്തു തന്നെയാണ് എമ്മയുടെ ക്യാബിനും. അവളെന്തോ കുത്തികുറിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ എമ്മെയെന്നെ വിഷ് ചെയ്തു, ഞാനും.
എമ്മ പുതുവത്സര ആഘോഷം കഴിഞ്ഞാല്‍ കാര്‍ നിക്കോബാറിലേക്കാണ് പോകുന്നത്. എന്നെയും ക്ഷണിച്ചെങ്കിലും എനിക്കതിനു സാധിക്കുമായിരുന്നില്ല. എമ്മയുടെ മുത്തച്ഛന്‍ ബ്രിട്ടീഷ് എയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് നിക്കോബാറില്‍ കാണാതായെങ്കിലും പിന്നിട് മരണപ്പട്ടു എന്ന് സ്ഥിതീകരിച്ചിരുന്നു. അദേഹത്തിന്‍റെ ശവകുടീരം കാണാന്‍ വേണ്ടിയാണു എമ്മ പോകുന്നത്. എമ്മയുടെ കൈയില്‍ ഒരു പഴയ പുസ്തകം ഉണ്ടായിരുന്നു. മിഷണറീസ് നിക്കോബാറില്‍ പോയിരുന്ന സമയത്ത് എഴുതപ്പെട്ടു എന്ന് കരുതുന്ന ഒരു പുസ്തകം. കൂട്ടത്തില്‍ അന്നത്തെ കാര്‍ നിക്കോബാറില്‍ താമസിച്ചിരുന്നവരുടെ കുറെ ഫോട്ടോകളും. കിടക്കാന്‍ പോയപ്പോള്‍ ആ പുസ്തകവും എടുത്താണ് ഞാന്‍ പോയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.