????????- ??? ?????

കേരളം അവരുടെ സ്വപ്നഭൂമി

ജെഡിടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ചാറു വര്‍ഷം അധ്യാപകനായിരുന്നു ഞാന്‍. എന്റെ ക്ലാസില്‍ ഒരു മണിപ്പൂരി പെണ്‍കുട്ടി ഉണ്ടായിരുന്നു. ശബ്‌ന എന്നായിരുന്നു പേര്. അവള്‍ ഓണം അവധിക്കോ ക്രിസ്മസ് അവധിക്കോ നാട്ടില്‍ പോയാല്‍ തിരിച്ചു വരുമ്പോഴേയ്ക്കും ഏതാണ്ട് ഒരു മാസം ആയിട്ടുണ്ടാവും. ഇതെന്തുകൊണ്ടാണെന്ന് അന്ന് ഞാന്‍ അവളോട് അന്വേഷിച്ചിരുന്നു. അതിന് അവള്‍ നല്‍കിയ മറുപടി വണ്‍സൈഡ് യാത്രയ്ക്കുതന്നെ ഒരാഴ്ച വേണ്ടി വരും എന്നായിരുന്നു. ഞാന്‍ അത്ഭുതപ്പെട്ടു. നമ്മുടെ രാജ്യത്തിന് ഉള്ളില്‍ത്തന്നെ എത്താന്‍ ഇക്കാലത്തും ഒരാഴ്ചയൊക്കെ വേണ്ടതുണ്ടോ എന്നായിരുന്നു സംശയം. അവള്‍ പറഞ്ഞു, കൊല്‍ക്കത്തയില്‍ എത്തിയാല്‍ പോലും മണിപ്പൂരിലേയ്ക്ക് ട്രെയ്ന്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണെന്ന്. ട്രെയ്ന്‍ യാത്രയൊക്കെ കഴിഞ്ഞ് പിന്നെ ബസ് കിട്ടാനായി അടുത്ത പാട്. പോരെങ്കില്‍ ബന്ദോ മറ്റോ ഉണ്ടെങ്കില്‍ യാത്ര പിന്നെയും വൈകും. ചുരുക്കത്തില്‍ വണ്‍സൈഡ് യാത്രയൊക്കെ ഒരാഴ്ചകൊണ്ടൊക്കെ പൂര്‍ത്തിയായാല്‍തന്നെ വലിയ അത്ഭുതമാണെന്ന് എനിക്ക് മണിപ്പൂരിലെത്തിയപ്പോള്‍ മനസിലായി. ബസ് എന്നൊക്കെ പറഞ്ഞാല്‍ അത്യപൂര്‍വ വസ്തുവാണെന്ന് നിരത്തിലിറങ്ങിയയാല്‍ ആര്‍ക്കും ബോധ്യപ്പെടാവുന്നതേ ഉള്ളൂ. 
 

മണിപ്പൂരിലെ ഒരു കുടുംബം
 


മണിപ്പൂരിലെത്തിയപ്പോള്‍ പരിചയത്തില്‍ ഉള്ള ചിലരോട് ശബ്‌നയെപ്പറ്റി അന്വേഷിച്ചു. പക്ഷെ, ശബ്‌നയ്ക്കു പകരം എന്റെ മുന്നിലെത്തിയത് മറ്റു ചില വിദ്യാര്‍ഥികള്‍ ആയിരുന്നു. മലയാളക്കരയുടെ സന്‍മനസുകൊണ്ട് പഠിക്കാന്‍ സൗഭാഗ്യം ലഭിച്ച മറ്റു ചിലര്‍. കിസ്മത്ത് അവരില്‍ ഒരാളാണ്. 1999ലെ സംഘര്‍ഷങ്ങളിലൊന്നില്‍ പിതാവ് നഷ്ടപ്പെട്ട കുട്ടി. അവളുടെ ആറാം വയസിലായിരുന്നു ആ സംഭവം. തുടര്‍ന്ന് അസം സ്വദേശിയായ മുഹമ്മദ് ഇഖ്ബാല്‍ എന്ന വ്യക്തിയുടെ ഇടപെടലിലാണ് കിസ്മത്ത് കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ വേരുകളുള്ള ഒരു സന്നദ്ധപ്രവര്‍ത്തകനാണ് ഇഖ്ബാല്‍. കോഴിക്കോട്ടെ ഒരു ബിസിനസുകാരന്‍ കിസ്മത്തിന്റെ പഠനം സ്‌പോണ്‍സര്‍ ചെയ്തു. ചാത്തമംഗലം എം.ഇ.എസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എൽ.കെ.ജിക്കായിരുന്നു ചേര്‍ന്നത്. അന്ന് ഇംഗ്ലീഷും മലയാളവും മണിപ്പൂരി ഭാഷ തന്നെയും അറിയാത്ത കുട്ടി. ചെറുപ്പം മുതല്‍ മലയാളവും ഇംഗ്ലീഷും പഠിക്കാന്‍ കഠിനാധ്വാനം ആയിരുന്നെന്ന് കിസ്മത്ത് പറയുന്നു. രാപ്പകലില്ലാത്ത തീവ്രശ്രമം. അങ്ങനെ  ഭാഷകളെ ഒരുവിധം വരുതിയില്‍ നിര്‍ത്തി. ക്ലാസില്‍ മിടുക്കിയായിത്തന്നെ പ്ലസ്ടുവും പൂര്‍ത്തിയാക്കി.

വീടുകളിലൊന്ന്
 


ഈ വര്‍ഷമാണ് തിരിച്ച് മണിപ്പൂരിലെത്തിയത്. മണിപ്പൂരിയും മലയാളവും ഇംഗ്ലീഷുമെല്ലാം അവള്‍ ഇപ്പോള്‍ മാതൃഭാഷപോലെ കൈകാര്യം ചെയ്യുന്നു. 
തിരിച്ചു പോരാന്‍ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍, ഇനിയും നാട്ടില്‍ പഠിച്ചില്ലെങ്കില്‍ മണിപ്പൂരി ഭാഷ അറിയാത്ത സ്ഥിതി വരുമെന്ന് പേടിച്ചുപോയെന്ന് കിസ്മത്ത് പറയുന്നു.  മൊയ്‌രാങ് കോളെജില്‍ ഇപ്പോള്‍ ബി.എയ്ക്കു പഠിക്കുകയാണ് കിസ്മത്ത്. അതോടൊപ്പം മണിപ്പൂര്‍ ക്രിയേറ്റിവ് സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു. സമയം ഇതിനു രണ്ടിനുമായി എങ്ങനെ മാനേജ് ചെയ്യുന്നു എന്നു ചോദിക്കുമ്പോള്‍ വീണ്ടും പുഞ്ചിരി. കേരളത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍ ദാരിദ്ര്യവും നിരക്ഷരതയും കളിയാടേണ്ടിയിരുന്ന ഒരു സാധാരണ പിന്നാക്ക കുടുംബത്തിലെ അംഗമാണ് കിസ്മത്ത്. തന്റെ ജീവിതം മാറ്റിമറിച്ചത് കേരളയാത്രയാണെന്നു പറയുമ്പോള്‍ അവളുടെ മുഖത്ത് ചാരിതാര്‍ഥ്യം. 
 

വീടിനകം
 


കിസ്മത്തിനൊപ്പം മറ്റു ചിലരെക്കൂടി ഞങ്ങള്‍ കണ്ടു. അതിലൊരാളാണ് ജരീന. കിസ്മത്തിന്റെ ബന്ധുവാണവള്‍. പക്ഷെ, അവള്‍ അധികകാലം കേരളത്തില്‍ തുടര്‍ന്നില്ല. എന്നാല്‍, പഠനം അവസാനിപ്പിച്ചതുമില്ല. നാട്ടിലെത്തി പഠനം തുടരുന്നു. മറ്റൊരാള്‍ ഇംഫാല്‍ ഖേര്‍കൗവിലെ നഗ്മയാണ്. കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാമില്‍ ആയിരുന്നു പത്താം ക്ലാസ് വരെ പഠനം. ഇപ്പോള്‍ നാട്ടിലെത്തി പഠനം തുടരുന്നു. അവരുടെ സഹോദരന്‍ വാരിസ് ജെ.ഡി.ടി ഐ.ടിയില്‍ പഠനം പൂര്‍ത്തിയാക്കി മണിപ്പൂര്‍ സര്‍ക്കാര്‍ സര്‍വിസില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ പരീക്ഷ പാസായി നില്‍ക്കുന്നു. പിന്നെയും കണ്ടുമുട്ടി മറ്റൊരാളെ- വാസിര്‍ എന്ന കേരളത്തിന്റെ മികച്ച അത്‌ലറ്റ്. ജെ.ഡി.ടിയില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി മികച്ച നേട്ടങ്ങള്‍ കൊയ്ത താരം. 100 മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ക്യൂബയിലും ഖത്തറിലും ഓടി. വാസിറിന് നേരത്തെ മിലിറ്ററിയില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ റപ്പായി ജോലി ചെയ്യുന്നു. 
 

മണിപ്പൂരിലെ സ്വകാര്യ സ്കൂളുകളിലൊന്ന്
 


മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ ചില പ്രൈവറ്റ് സ്‌കൂളുകള്‍ സന്ദര്‍ശിക്കാനും ഞങ്ങള്‍ക്ക് അവസരമുണ്ടായി. കേരളത്തിലേതു പോലെ മാനെജ്‌മെന്റ് പ്രൈവറ്റും ശമ്പളം സര്‍ക്കാരും എന്നതല്ല അവിടങ്ങളിലെ രീതി. മറിച്ച് പ്രൈവറ്റ് സ്‌കൂളില്‍ ശമ്പളം നല്‍കേണ്ടത് മാനെജ്‌മെന്റിന്റെ മാത്രം ബാധ്യതയാണ്. ആ പരിമിതികള്‍ സ്‌കൂളുകളില്‍ കാണാം. തൗബാല്‍ ജില്ലയിലെ ലിലോങ്ങില്‍ ഞങ്ങള്‍ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ചു. ഒറിസ സ്വദേശി നിരഞ്ജന്‍ ആണ് ഹെഡ്മാസ്റ്റര്‍. കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ - തെക്കേ അറ്റത്തെ സംസ്ഥാനം, 100 ശതമാനം സാക്ഷരത, 3.3 കോടി ജനസംഖ്യ എന്നിങ്ങനെ കേരളത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ ഓരോന്നോരോന്നായി മൂപ്പര് എണ്ണിപ്പറയാന്‍ തുടങ്ങി. ഒരു കേരളോകിപീഡിയയാണല്ലേ എന്ന കമന്റ് പാസാക്കി ഞങ്ങള്‍ ഒന്ന് സുഖിപ്പിച്ചു. ഇതൊക്കെ ഇത്ര വല്യ കാര്യമാണോ എന്ന മട്ടിലാണ് മൂപ്പര്‍. തംബാല്‍ അക്കാദമി എന്നാണ് സ്‌കൂളിന്റെ പേര്. പിന്നെ ഞങ്ങള്‍ സംസാരത്തിനായി അദ്ദേഹത്തിന്റെ ഓഫിസ് മുറിയിലിരുന്നു. 

വടികൊണ്ട് ഫാൻ പ്രവർത്തിപ്പിക്കുന്ന ഹെഡ്മാസ്റ്റർ
 


സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം പല തവണ എഴുന്നേറ്റ് മുകളില്‍ തൂക്കിയിട്ട ഫാനിനെ ബഹുമാനിക്കുന്നത് കാണാമായിരുന്നു. ഫാന്‍ വടികൊണ്ട് തട്ടിക്കൊടുത്താലേ പായൂ എന്നതുതന്നെ കാരണം. എന്നാല്‍, രണ്ടു മിനിറ്റ് കറങ്ങി വീണ്ടും ഓഫാകും. വീണ്ടും എഴുന്നേറ്റ് കൈകൊണ്ട് തട്ടും. ഭൗതിക സാഹചര്യങ്ങളെല്ലാം സ്‌കൂളില്‍ നന്നെ കുറവ്. കളിമണ്‍ കുഴച്ച് മെഴുകിയതാണ് നിലം. ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാത്തതിനാല്‍ രണ്ടു ഷിഫ്റ്റുകളിലാണ് പ്രവര്‍ത്തനം. രാവിലത്തെ ക്ലാസ് ആറു മണിക്കു തുടങ്ങും. അത്രയും രാവിലെ ക്ലാസില്‍ വരാന്‍ അവിടെ ആര്‍ക്കും പ്രശ്‌നമില്ല. അത്യാവശ്യം അസൗകര്യങ്ങള്‍ ഉള്ളവര്‍ അത് അജസ്റ്റ് ചെയ്യുന്നു. അടുത്ത ഷിഫ്റ്റ് 10 മണിക്കാണ്. ഞങ്ങള്‍ ക്ലാസുകളില്‍ കയറുകയും കുട്ടികളോട് കുശലം പറയുകയും ചെയ്തു. അധ്യാപകര്‍ക്കൊപ്പം ഫോട്ടൊ എടുത്തു. 
 

ക്ലാസ് മുറി
 


പടിഞ്ഞാറ് അസമും വടക്ക് നാഗാലാന്‍ഡും തെക്കുപടിഞ്ഞാറ് മിസോറവും അതിരിടുന്ന മണിപ്പൂരില്‍ മ്യാന്‍മറാണ് തെക്കു കിഴക്കന്‍ അതിര്‍ത്തി. 22.3 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ വിസ്തൃതി. ഭൂരിപക്ഷം ഹൈന്ദവര്‍. രണ്ടാമത് ക്രിസ്ത്യാനികള്‍. മൂന്നാമത് മുസ്‌ലിംകള്‍. സനമഹിസ്റ്റുകള്‍ നാലാമതും ബുദ്ധര്‍ അഞ്ചാമതും വരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയായ മ്യാന്‍മര്‍ ബോര്‍ഡര്‍ വരെ പോകണമെന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, രോഹിംഗ്യന്‍ വിഷയം കത്തിനില്‍ക്കുന്നതിനാല്‍ കൂട്ടത്തിലുള്ള ഐ.ബി ഉദ്യോഗസ്ഥന്‍ നിരന്തരം ഞങ്ങളെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു. അതിര്‍ത്തിയില്‍ നിങ്ങളെ കണ്ടാല്‍ മ്യാന്‍മര്‍ സൈന്യം തട്ടിക്കളയാനും മടിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തെ ബൈപ്പാസ് ചെയ്ത് സ്വന്തമായി വാഹനം ഏര്‍പ്പാടാക്കി പോകുന്നത് അതിസാഹസികമാകും എന്നതിനാല്‍ തല്‍ക്കാലം ഞങ്ങള്‍ അതിനു മുതിര്‍ന്നില്ല. എങ്കിലും സാധ്യതകള്‍ വീണ്ടും അന്വേഷിച്ചുകൊണ്ടിരുന്നു. 
 


ഇതിനിടയില്‍ ജിരിബം ജില്ലയിലേയ്ക്ക് ഒരു യാത്ര ഒത്തുവന്നു. അവിടെനിന്നുള്ള സ്വതന്ത്ര എം.എല്‍എയാണ് അസ്ഹാബുദ്ദീന്‍. 60 സീറ്റുള്ള അസംബ്ലിയില്‍ കോണ്‍ഗ്രസ് 28, ബിജെപി 21 എന്നതായിരുന്നല്ലോ ഇത്തവണത്തെ തെരഞ്ഞെടുപ്പു ഫലം. ഭരണം പിടിക്കാന്‍ പാര്‍ട്ടിക്കാര്‍ തട്ടിക്കൊണ്ടുപോയ എം.എല്‍എമാരുടെ കൂട്ടത്തില്‍ അസ്ഹാബുദ്ദീനും ഉണ്ടായിരുന്നു. ഒടുക്കം ബി.ജെ.പിക്ക് വോട്ട് ചെയ്യാം എന്ന നിബന്ധനയോടെയാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്. അദ്ദേഹവുമൊത്ത് അദ്ദേഹത്തിന്റെ മണ്ഡലമായ ജിരിബത്തിലേയ്ക്ക് ഒരു യാത്ര ആസൂത്രണം ചെയ്തിരുന്നു. എംഎല്‍എയെ ഞങ്ങള്‍ ഇംഫാലിലെ ഔദ്യോഗിക വസതിയില്‍ ചെന്നുകണ്ടു. എംഎല്‍എമാരുടെ വീടുകള്‍ ഏതാണ്ടെല്ലാം അടുത്തടുത്താണ്. ജയിലുകള്‍ പോലെ വന്‍മതിലുകളുടെ ഉള്ളില്‍ സുരക്ഷിതമായി നിര്‍ത്തിയിരിക്കുകയാണ് വീടുകളെ. മതിലിനു മുകളില്‍ അല്‍പ്പംകൂടി ഉയരത്തില്‍ ഒരു ഔട്ട് പോസ്റ്റും ഉണ്ട്. ഔട്ട്‌പോസ്റ്റില്‍ തോക്കേന്തിയ ഒരു സുരക്ഷാ ജീവനക്കാരന്‍ ഇരിക്കുന്നു. വീടിനു ചുറ്റും സി.സി.ടി.വി വച്ചിട്ടുണ്ട്. റോഡുകളില്‍ സൈനിക വാഹനങ്ങള്‍ കാണാം. പലപ്പോഴും അവര്‍ നമ്മളെയും വാഹനങ്ങളെയും പരിശോധിക്കും. എംഎല്‍എയുടെ സെക്യൂരിറ്റി കണ്ട് ഒരു മണിപ്പൂരിയോട് ഞാന്‍ ചോദിച്ചു, എല്ലാ എംഎല്‍എമാര്‍ക്കും ഇങ്ങനെയൊക്കെത്തന്നെയാണോ എന്ന്. അയാള്‍ ചോദിച്ചു, കേരളത്തില്‍ എങ്ങനെയാണെന്ന്. ഞാന്‍ പറഞ്ഞു, അവിടെ മന്ത്രിക്കുവരെ ഒരു ഗണ്‍മാനെ കിട്ടിയാല്‍ വലിയ കാര്യമായിപ്പോയെന്ന്! അതും കൈയിലുണ്ടാവുക വെറുമൊരു റിവോള്‍വര്‍ മാത്രമാണെന്നും. ശേഷം അയാളും ഞാനും ചിരിച്ചു. ജനിക്കുകയാണെങ്കില്‍ മണിപ്പൂരിലെ എംഎല്‍എയായി ജനിക്കണമെന്ന് ഞാന്‍ തമാശ പറഞ്ഞു. പറഞ്ഞു തീര്‍ന്നില്ല, അതാ ഗവര്‍ണറുടെ വാഹനം മുന്നിലൂടെ പാഞ്ഞുപോയി. ഹമ്പമ്പോ... ഇതെത്ര വാഹനങ്ങളുടെ അകമ്പടിയാണ് ഗവര്‍ണര്‍ക്ക് ! എല്ലാം പട്ടാള വാഹനങ്ങള്‍തന്നെ. മുമ്പിലും പിന്നിലുമൊക്കെയായി ഹോണടിച്ചും അല്ലാതെയും. ഇന്ത്യന്‍ പ്രസിഡന്റിനെക്കാള്‍ വലിയ സെക്യൂരിറ്റി ഗവര്‍ണര്‍ക്കോ.. അപ്പൊ ജനിക്കുകയാണേല്‍ മണിപ്പൂരിലെ ഗവര്‍ണറായിത്തന്നെ ജനിക്കണം..!
 

അസ്ഹാബുദ്ദീന്‍ എം.എൽ.എ
 


എംഎല്‍എയുമായി ഞങ്ങള്‍ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തു. കേരളത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടായി. കുടുംബശ്രീ മാതൃകയില്‍ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പില്‍ വരുത്തുന്നതിനെ കുറിച്ചും സംസാരിച്ചു. സന്ദര്‍ശനത്തിന്റെ രണ്ടു ദിനം കഴിഞ്ഞ് അദ്ദേഹത്തിന്റെ സ്വന്തം ജിരിബം മണ്ഡലത്തിലേയ്ക്ക് പോകാമെന്ന് നിശ്ചയിച്ചു. മൂപ്പരുടെ കൂടെ പോകുമ്പോള്‍ രണ്ടുണ്ട് കാര്യം. മുന്നിലും പിന്നിലുമൊക്കെയായി സൈനിക വാഹനങ്ങള്‍ ഉണ്ടാവും. മണ്ഡലത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ പെട്ടെന്ന് എത്തിപ്പെടുകയും ചെയ്യാം. എന്നാല്‍, പോകേണ്ടതിന്റെ തലേദിവസം ഐബിയുടെ അറിയിപ്പു വന്നു. അടുത്ത ദിവസം പോയാല്‍ മതിയെന്ന്. അങ്ങനെ ആ ദിവസത്തെ ഷെഡ്യൂളുകള്‍ മാറ്റി ഞങ്ങള്‍ അടുത്ത ദിവസത്തേയ്ക്കായി കാത്തുനിന്നു. അതാ വരുന്നു വീണ്ടും നിര്‍ദേശം. യാത്ര ക്യാന്‍സല്‍ ചെയ്യണമെന്ന്. അങ്ങനെ ജിരിബം കാണാനുള്ള പൂതി അവിടെ അവസാനിച്ചു. 
 

സ്കൂളിൽ ഭക്ഷണം കഴിക്കുന്ന അധ്യാപകരും വിദ്യാർഥികളും
 


ഒന്നു രണ്ടു സന്ദര്‍ശനങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ഞങ്ങള്‍ ബംഗലുവിലേയ്ക്കുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്തു. 11 മണിക്കാണ് ഫ്‌ളൈറ്റ്. 10.03നെങ്കിലും വിമാനത്താവളത്തില്‍ എത്തിയാല്‍ മതി. ഹോട്ടലില്‍നിന്ന് പരമാവധി 10 മിനിറ്റ് ദൂരമേ ഉള്ളൂ. ഞങ്ങള്‍ 9.45നുതന്നെ ഹോട്ടലില്‍നിന്ന് ഇറങ്ങി. വാഹനം അല്‍പ്പം മുന്നോട്ടുനീങ്ങി. റോഡില്‍ അതാ നടക്കുന്നു ഒരു മാരത്തണ്‍. ജങ്ഷന്‍ പൂര്‍ണമായി ബ്ലോക്കായിരിക്കുന്നു. കുറെനേരം കാത്തുനിന്നു. ഏതാണ്ട് ഒരു 20 മിനിറ്റൊക്കെ ആയിക്കാണും. ഒരുവിധം ആ ജങ്ഷന്‍ കടന്നുകിട്ടി. അപ്പോഴതാ അടുത്ത ജങ്ഷനിലും ബ്ലോക്ക്തന്നെ. ഡ്രൈവര്‍ ഒരു ഷോര്‍ട്ട് റോഡിനു വാഹനം പിടിച്ചു. ചെന്നു ചാടിയിടത്തുമുണ്ട് അത്യാവശ്യം ബ്ലോക്ക്. ഞാന്‍ ഗൂഗിള്‍ മാപ്പ് ഇട്ടുവെച്ചിട്ടുണ്ട്. അതിലെ ചേച്ചി പറയുന്ന വഴിക്കേ അല്ല നമ്മുടെ ഡ്രൈവര്‍ വാഹനം ഓടിക്കുന്നത്. ബുദ്ധിമുട്ടിക്കണ്ട, കുറുക്കു വഴികളാവും എന്നു കരുതി ഞങ്ങളും മിണ്ടാതിരുന്നു.

ഇംഫാൽ വിമാനത്താവളം
 


ഒടുക്കം ഇംഫാല്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സമയം 10.35. വരിയൊക്കെ തെറ്റിച്ച് ഞങ്ങള്‍ നേരിട്ട് അകത്തുകയറി. പക്ഷെ, ലഗേജില്‍ എത്തിയപ്പോള്‍ സ്വീകരിക്കില്ല, ബോര്‍ഡ്-ഇന്‍ ടൈം കഴിഞ്ഞു എന്നു പറഞ്ഞു. ഞങ്ങള്‍ പല രൂപത്തില്‍ പറഞ്ഞെങ്കിലും ഫലിച്ചില്ല. അങ്ങനെ ഇന്‍ഡിഗൊയുടെ അടുത്ത ഫ്‌ളൈറ്റിന് ഓരോ ടിക്കറ്റിനും നാലായിരം രൂപ കൂടുതല്‍ നല്‍കി ഞങ്ങള്‍ ബുക്ക് ചെയ്തു - എല്ലാ കലാപരിപാടികളും നടുറോഡില്‍ തന്നെ അവതരിപ്പിക്കുന്ന നമ്മുടെ ഭാരതസംസ്‌കാരത്തെയോര്‍ത്ത് അഭിമാനവിജൃംഭിതരായി..! ഈയൊരു അസൗകര്യം മാറ്റിനിര്‍ത്തിയാല്‍ ആഹ്ലാദമകരമായിരുന്നു നോര്‍ത്ത് ഈസ്റ്റിലെ ദിനങ്ങള്‍. ഒരിക്കല്‍കൂടി വരാന്‍ കൊതിപ്പിക്കുന്ന മണിപ്പൂരിന്റെ അപാരമായ ഹരിതാഭയുടെ ഓര്‍മകളുമായി അടുത്ത ഫ്‌ളൈറ്റില്‍ ഞങ്ങള്‍ ബോര്‍ഡ് ഇന്‍ ചെയ്തു. 

Tags:    
News Summary - kerala their dream land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.