ഹോട്ടലിലെ ലോബിയില്‍ മണിപ്പൂര്‍ ടൂറിസത്തിന്റെ ഒരു സ്ലൈഡ് ചില്ലിട്ട് വച്ചിട്ടുണ്ട്. അതില്‍ മണിപ്പൂരി സ്ത്രീകളുടെ കരുത്തും നിശ്ചയദാര്‍ഢ്യവും തുളുമ്പുന്ന ശരീരഭാഷയുമായി മേരി കോം ഗുസ്തി പിടിച്ചുനില്ക്കുന്നുണ്ട്. മേരി കോം മണിപ്പൂരികളുടെ ഇപ്പോഴത്തെ ഇഷ്ട വനിതകളില്‍ ഒരാളാണ്. എന്നാല്‍, നമുക്ക് ഒരു പി.ടി ഉഷയെയോ അഞ്ജു ബോബി ജോര്‍ജിനെയോ ഒക്കെ പോലെ വിരലിലെണ്ണാവുന്നവര്‍ അല്ല മണിപ്പൂരുകാര്‍ക്ക് അവര്‍ക്കിടയിലെ കായിക മേഖലയിലെ വനിതാ താരസാന്നിധ്യം. ഫുട്ബാള്‍ ഫോര്‍വാഡ് ഗംഗം ബാലദേവി, ഹോക്കി താരങ്ങള്‍ സുമന് ബാല, സുശീല ചാനു, ഇബിമാള് ചാനു മൈമം, വെയ്റ്റ് ലിഫ്റ്റര്‍മാരായ സഞ്ചിത ചാനു, സോണിയ ചാനു, മീരാബായി ചാനു, കുഞ്ചറാണി ദേവി, ജി. അനിതാ ദേവി, ബോക്സര്‍ എല്‍. സരിതാദേവി തുടങ്ങി ഒട്ടനവധി വനിതാ നാമങ്ങള്‍ കായിക മേഖലയില്‍ മണിപ്പൂരിന്റെ സ്വകാര്യ അഹങ്കാരമാണ്.
ഇതു മണിപ്പൂരിലെ വനിതകളുടെ മാത്രം കാര്യമല്ല. ഇവിടെയുള്ള പുരുഷന്മാരും ഇങ്ങനെയൊക്കെത്തന്നെ. ഇപ്പോള്‍ത്തന്നെ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ എട്ടു പേര് മണിപ്പൂരില്നിന്നുള്ളവരാണ്. ധീരജ് സിങ്, ജിക്സണ്‍ സിങ്, ഖുമാന്തെം, ബോറിസ് സിങ്, സുരേഷ് സിങ്, അമര്‍ജിത് സിങ്, മുഹമ്മദ് ഷാജഹാന്, നോംഗ്ദാബ നവോറം എന്നിവര്‍. ബോക്സര്‍ ദേവേന്ദ്ര സിങ്, ഡിങ്കൊ സിങ്, ഫുട്ബോളര് ബൊയ്താങ് ഹവൊകിപ്, ഹോക്കി പ്ലെയര്‍ കോത്തജിത് സിങ്, ഫുട്ബാളര്‍ ബിദ്യാനന്ദ സിങ് തുടങ്ങി മണിപ്പൂരിൻെറ കായിക സൗഭാഗ്യം പിന്നെയും നീളുന്നു.
യൂറോപ്യര്‍ക്കിടയില്‍ പ്രിയങ്കരമായ മുന്തിയ ഇനം കളിയാണ് പോളൊ. കുതിരപ്പുറത്തേറി ഹോക്കി സ്റ്റിക്കു പോലൊരെണ്ണം കൈയില്‍വച്ച് ഗോള്‍പോസ്റ്റിലേയ്ക്ക് കളിക്കാര്‍ പന്ത് പായിക്കുന്നത് കാണാന്‍ ചന്തമേറെയാണ്. പോളോയ്ക്ക് നൂറ്റാണ്ടുകളുടെ പെരുമയുണ്ടെങ്കിലും ആധുനിക പോളോയുടെ ജന്മഗേഹം മണിപ്പൂര്‍ ആണെന്ന് കരുതപ്പെടുന്നു. പോളോയെ ലോകത്തിനു മുന്നില്‍ പ്രിയങ്കരമാക്കിയ ബ്രിട്ടിഷുകാര്‍ക്ക് മണിപ്പൂരുകാരാണ് ഈയിനം പരിചയപ്പെടുത്തുന്നത്. ഇംഫാല്‍ നഗരഹൃദയത്തില്‍ ഒരു പോളോ ഗ്രൗണ്ട് ഇപ്പോഴുമുണ്ട്. മഴക്കാലമായതിനാല്‍ ഗ്രൗണ്ട് ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നു. സീസണില്‍ തുറക്കും. പോളോ കളിക്കാനുള്ള കുതിരകള്‍ ഇപ്പോഴും നഗരത്തിന്റെ പല ഭാഗങ്ങളില്‍ മേയുന്നതു കാണാം. ഞങ്ങള്‍ പോളോ ഗ്രൗണ്ടിന്റെ ചില ചിത്രങ്ങള്‍ എടുത്തു മടങ്ങി.
പോളോ സ്റ്റേഡിയത്തോടു തൊട്ടുചേര്‍ന്നാണ് ഇംഫാലിലെ പല സുപ്രധാന ലാന്‍ഡ് മാര്‍ക്കുകളും സ്ഥിതി ചെയ്യുന്നത്. രക്തസാക്ഷി കവാടവും അതിനകത്തുള്ള ഷഹീദ് മിനാറുമാണ് അതിലൊന്ന്. 1891ല്‍ ബ്രിട്ടിഷുകാരോട് പൊരുതമരിച്ച മണിപ്പൂര്‍ സൈനികരുടെ സ്മാരകമാണ് ഷഹീദ് മിനാര്‍. ബിര്‍ ടികേന്ദ്രജിത് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബിര്‍ എന്നാല്‍ വീരന് എന്നാണ് മണിപ്പൂരി ഭാഷയിലെ അര്‍ഥം. കിരീടാവകാശി ടികേന്ദ്രജിത്തിനെയും സേനയെ നയിച്ചിരുന്ന ഡങ്കല്‍ ജനറലിനെയും ഈ സ്ഥലത്തുവച്ച് ബ്രിട്ടുഷുകാര് തൂക്കിലേറ്റുകയായിരുന്നു. ശിക്ഷാവിധി വേളയില്‍ 8000 സ്ത്രീകള്‍ വെള്ളവസ്ത്രം മാത്രം ധരിച്ച് ഇവിടയെത്തി രാജകുമാരനും പടത്തലവനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്നാണ് ചരിത്രം. തൂക്കിക്കൊല്ലാന്‍ നേരം ഡങ്കല്‍ ജനറല്‍ പൊട്ടിച്ചിരിച്ചുവെന്നും അതുവഴി മണിപ്പൂരികളുടെ ചെറുത്തുനില്‍പ്പിന്റെ അന്തസുയര്ത്തിയെന്നും സ്മാരകത്തിനു സമീപം ഗ്രാനൈറ്റ് കല്ലില്‍ എഴുതിവച്ചിട്ടുണ്ട്.
മണപ്പൂരിലെ ഒരു ഗോത്രവര്‍ഗത്തിന്റെ പേരാണ് ഡങ്കല്‍. ഇംഫാലില്‍ ഡങ്കലിന്റെ പേരില്‍ ഒരു റോഡും ഉണ്ട്. ഇത് ഇംഗ്ലീഷില്‍ thangal എന്നാണ് എഴുതുന്നത്. കടകളുടെ നെയിം ബോര്‍ഡിനു താഴെ thangal എന്നു കണ്ടപ്പോള്‍ കൗതുകമായി. ഇവിടെയും ഏതു തങ്കളാണാവോ വന്ന് പേരെടുത്തത്. വല്ല തങ്ങളും വന്ന് കച്ചവടം ചെയ്തോ എന്നതായിരുന്നു സംശയം. ഈ സംശയം നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചപ്പോഴാണ് അതിന്റെ എഴുത്തുരൂപം പിടികിട്ടിയത്.
ഇംഫാലിലെ വഴിയടയാളങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്തിന് ഫ്ളൈ ഓവറും അവിടത്തെ നാട്ടുകാര്‍ പറഞ്ഞുതന്നിരുന്നു. ഏത് ഫ്ളൈ ഓവര്‍ എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, മണിപ്പൂരില്‍ ഒരേയൊരു ഫ്ളൈ ഓവറേ ഉള്ളൂവെന്ന്. ബിര്‍ ടികേന്ദ്രജിത്തിന്റെ പേരിലാണ് ഇതും. നമ്മുടെ നാട്ടില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് കരാര്‍ നല്കിയാല് സാധനങ്ങള്‍ക്കു വില കയറുന്നതിന് അനുസരിച്ച് നിര്‍മാണച്ചെലവ് വര്ധിക്കാറുണ്ടല്ലോ. എന്നാല്‍, ഇംഫാലിലെ ഫ്ളൈ ഓവറിനും ചെലവ് എസ്റ്റിമേറ്റിനെക്കാള്‍ എത്രയോ വലുതായി. കാലതാമസം കൊണ്ടുള്ള വിലക്കയറ്റമായിരുന്നില്ല യഥാര്‍ഥ വില്ലന്‍. ഓരോ തവണയും തീവ്രവാദികള്‍ പണം ചോദിക്കും. അതു നല്‍കിയാലേ അവര്‍ പിന്നെ പണി തുടരാന്‍ അനുവദിക്കുകയുള്ളൂ. ഇതായിരുന്നു കാരണമെന്ന് മണിപ്പൂര്‍ ഐബിയിലെ ഉദ്യോഗസ്ഥന് ഫക്രുദ്ദീന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
നദികളാല്‍ സമൃദ്ധമാണ് മണിപ്പൂര്‍. ഇംഫാല്‍ നഗരഹൃദയത്തിലും കാണാം നദികള്‍. പക്ഷെ, നമ്മുടെ നാട്ടിലെ ഒരു വലിയ തോടിന്റെ വലിപ്പമേ കാണൂ എന്നു മാത്രം. മഴക്കാലമായതിനാല്‍ എല്ലാം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. ആവശ്യത്തിലേറെ ചെളിയും അതിലുണ്ടെന്ന് അടുത്തുകൂടെ നടക്കുമ്പോള്‍ തോന്നുന്നു. ചെളിയുടെ ഒരു കെട്ട മണം പല നദിയുടെയും സമീപത്തുണ്ട്. പക്ഷെ, അതില്‍ത്തന്നെ സ്ത്രീകള്‍ അലക്കുകയും പുരുഷന്മാര് നീന്തിക്കുളിക്കുകയും ചെയ്യുന്നതു കാണാം. ബിര്‍ ടികേന്ദ്രജിത്ത് മേല്‍പ്പാലത്തില്‍നിന്ന് നോക്കിയാലും കാണാം നേരെ താഴെ രണ്ടു പുഴകള്‍. നംബുലും നാഗയും. ഇരു പുഴകളും പാലത്തിനു സമീപം സംഗമിച്ച് ഒരുമിച്ചാണ് ഒഴുകുന്നത്. ഇവയോടു ചേര്‍ന്നാണ് ലോകത്തിലെ ഒരേയൊരു സമ്പൂര്‍ണ വനിതാ വിപണി എന്നറിയപ്പെടുന്ന ഇമാ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.
ഇമാ കെയ്ത്തല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇമാ എന്നാല്‍ മണിപ്പൂരി ഭാഷയില്‍ അമ്മ എന്നര്‍ഥം. കെയ്ത്തല്‍ എന്നാല്‍ മാര്‍ക്കറ്റും. ഇമാ കെയ്ത്തല്‍ എന്നാല്‍ മദര്‍ മാര്‍ക്കറ്റ് എന്നര്‍ഥം. ടികേന്ദ്രജിത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി മൂന്ന് ഭാഗങ്ങളായാണ് മാര്‍ക്കറ്റ്. ഒരു ഭാഗത്ത് വെറും തുണിത്തരങ്ങള്‍ മാത്രം. മറു ഭാഗത്ത് മറ്റെല്ലാം. ഉപ്പുതൊട്ടു കര്‍പ്പൂരം വരെയും ഉണക്കമീന്തൊട്ട് സിന്ദൂരപ്പൊട്ട് വരെയും ഇവിടങ്ങളില്‍ ലഭ്യം. ആദ്യവസാനം സ്ത്രീകള്‍ മാത്രമായിരിക്കും മാര്‍ക്കറ്റില്‍ നമ്മളെ സ്വീകരിക്കുന്നതും സാധനങ്ങള്‍ നല്‍കുന്നതും പണം വാങ്ങിയിടുന്നതും എല്ലാം. പുരുഷന്മാരുടെ ഒരു പൊടിപോലുമില്ല എവിടെയും. സ്ത്രീകള്‍ വളരെ ഊര്‍ജസ്വലരായാണ് കച്ചവടത്തിനുള്ളത്. പൊതുവില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ് മണിപ്പൂരി സ്ത്രീകള്‍. ക്രീമും പൗഡറുമൊക്കെ മുഖത്തു തേച്ച് ലിപ്സ്റ്റിക് ഇട്ട് ചുവപ്പിച്ചാണ് ഇരിക്കുക. കസ്റ്റമറെ നന്നായി ചിരിച്ചുകൊണ്ടു സ്വീകരിക്കും. ഇവനൊക്കെ ആരെടാ എന്നാവുമായിരിക്കും ചിലപ്പോള്‍ മനസില്‍.. പക്ഷെ, ഇടപെടലില്‍ കോഴിക്കോട്ടെ കച്ചവടക്കാരെ വെല്ലും. ചിലര്‍ കടയില്‍ത്തന്നെ ഭക്ഷണം കഴിക്കുകയും കിടുന്നുറങ്ങുകയും ചെയ്യുന്നതൊക്കെ കാണാം. രാവിലെ നാലരയോടെത്തന്നെ പച്ചക്കറി മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കും. അഞ്ചു മണിക്കാണ് സൂര്യോദയം. അപ്പോഴേക്കും മറ്റു സ്റ്റാളുകളും സജീവമാകും. നാലായിരത്തോളം സ്ത്രീകളാണ് ഇമാ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നത്.
ഉള്ളതു പറയാമല്ലോ, മാര്‍ക്കറ്റില്‍ വില കുറഞ്ഞ് ഒന്നും കണ്ടില്ല. ഏതു നാട്ടില്‍ പോയാലും അവിടത്തെ ചില പ്രത്യേക ഇനങ്ങളെങ്കിലും നമുക്ക് കുറഞ്ഞ വിലയില്‍ കിട്ടാറുണ്ടല്ലോ. പക്ഷെ, മണിപ്പൂരില്‍ അതുണ്ടായില്ല. ഞങ്ങള്‍ കണ്ടെത്താഞ്ഞിട്ടാണോ എന്നും ഉറപ്പില്ല. തുണിക്കടകളില്‍ ശൈത്യകാലത്തില്‍ ധരിക്കുന്ന ഷീറ്റുകള്‍ ധാരളമുണ്ട്. ഒരു ശരാശരി ഷോളിന് വില ചോദിച്ചപ്പോള്‍ ലാസ്റ്റ് റേറ്റ് 550 പറഞ്ഞു. ഞങ്ങള്‍ തൊട്ടടുത്തുണ്ടായിരുന്ന ഒരു ബി.എസ്.എഫുകാരനോട് ശരിയാണോ, ഇത്രയും വിലയുണ്ടോ ഈ ഐറ്റത്തിന് എന്ന് അന്വേഷിച്ചു. ഒരു 300-400 രൂപയ്ക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഒരു റൗണ്ടടിച്ച് പുറത്തിറങ്ങി. റോഡ് സൈഡിലെ നടപ്പാതയില്‍ മണിപ്പൂരി വസ്ത്രമായ ഫനെകും കുപ്പായവും ധരിച്ച സ്കൂള്‍ വിദ്യാര്‍ഥിനികള്‍. നമ്മുടെ മുണ്ടു പോലത്തെ വസ്ത്രമാണ് ഫനെക്. ഉടുക്കുന്നതും ഏതാണ്ട് സമാനം. പല വര്‍ണങ്ങളിലുണ്ട് ഫനെക്. നല്ല വെടിപ്പില്‍ ഉടുത്താല്‍ കാണാന്‍ നല്ല ചന്തം. അവര്‍ക്കൊപ്പം ഒരു ഫോട്ടൊ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അനുവാദം ചോദിക്കണമല്ലോ. ചോദിച്ചപ്പോള്‍ കുറച്ചു പേര്‍ക്ക് താല്‍പ്പര്യം. മറ്റു ചിലര്‍ 'ആചാരപ്രകാരം' താല്‍പ്പര്യക്കുറവ് കാണിച്ചു. അതുകൊണ്ട് ആ ഫോട്ടോ മിസ്സായി. ചില കാര്യങ്ങളൊക്കെ നമ്മള് അനുവാദം ചോദിക്കാന്‍ നിന്നാല്‍ പൊലീസുകാരനോട് അനുവാദം ചോദിച്ചപോലെയാവും എന്നു പറഞ്ഞപോലെയായി. എ.എസ്.ഐ, എസ്.ഐ, സി.ഐ, ഡി.വൈഎസ്.പി മുതല്‍ അവസാനം ഡിജിപിയോടു വരെ നമ്മള് അനുവാദം ചോദിക്കേണ്ടി വരും. അവസാനം ഡിജിപി വേണ്ടെന്നും പറയും..!!
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.