ജറവകളുടെ കാട്ടിലൂടെ മഡ് വോള്‍ക്കാനോയിലേക്ക്

യാസീന്‍റെ നോട്ട്സ് സാഹിബിനെ തിരിച്ചേല്‍പ്പിച്ചു ഞാൻ റൂമിലേക്ക്‌ മടങ്ങി. വായനക്കിടയില്‍ നിരന്തരം കോട്ടുവാ ഇട്ടിരുന്നതു അദേഹം തെറ്റിദ്ധരിച്ചോ ആവോ? ഒന്ന് കിടക്കണം. ഉറങ്ങി തുടങ്ങിയപ്പോയാണ് സുബ്രന്‍റെ ഫോണ്‍ വരുന്നത്. നാളെ അവനു വരാന്‍ സാധിക്കില്ലെന്നും ഒരു ദിവസം വിശ്രമിക്കാനും പറഞ്ഞു.   വീണ്ടും കിടന്നപ്പോഴാണ് നാളെ ഫ്രീ ആണ് എന്ന വിവരം ഗഫൂര്‍ സാഹിബിനെ കണ്ട് പറഞ്ഞാലോ എന്ന് തോന്നിയത്. നാളെ യാസീനെ കാണാന്‍ പറ്റിയാലോ ? വിവരം പറഞ്ഞപ്പോള്‍ ഗഫൂര്‍ സാഹിബു പറഞ്ഞു, "ന്നാ പിന്നെ ഇങ്ങക്ക് ആടെ പോയ്ക്കൂടെ"  . "നെലമ്പൂര് "

എവിടെ ? നിലമ്പൂരോ..ഈ മനുഷ്യന് ഇതെന്തു പറ്റിയെന്നു ചിന്തിക്കുകയും ചെയ്തു.

"ആ..ആടെയല്ലേ മറ്റെ ഭൂമിന്ന് മണ്ണൊക്കെ വരുന്നത്. ഇബിടെ വരുണോല് എല്ലാരും അങ്ങട്ട് പോവും."

ഇങ്ങള് പോയ്ക്ക്ണോ .. എൻെറ ചോദ്യം

"ആ.. കാണാനല്ല.. പണ്ട് കൂപ്പില് പണിക്കു പോയീന്. എടക്ക് മണ്ണോലിച്ച് വരും."

എനിക്ക് ഒരു ഐഡിയയും കിട്ടിയില്ല, എന്നാലും പോയേക്കാം. നാളെ എന്തയാലും വെറുതെ ഇരിക്കുകയാണല്ലോ. പക്ഷേ എങ്ങനെ പോകും. അതിനും വഴി ഗഫൂര്‍ സാഹിബു തന്നെ കണ്ടെത്തി. ഒരു ട്രാവൽസില്‍ നിന്നും പോകുന്ന മിനിബസ്സില്‍ എനിക്കൊരു സീറ്റ് അദേഹം സംഘടിപ്പിച്ചു തന്നു.

പെര്‍മിറ്റിനു കാത്തിരിക്കുന്ന വാഹനങ്ങളുടെ നിര
 


പുലര്‍ച്ചെ മൂന്നു മണിക്ക് തന്നെ ബസ് വന്നു. വിദേശികള്‍ അടക്കം ഒരു സംഘം ആളുകള്‍ അതിനകത്തുണ്ട്‌. എന്‍റെ സീറ്റില്‍ ഇരുന്നു ഞാന്‍ വീണ്ടും ഉറങ്ങി. ഡ്രൈവര്‍ തട്ടിയുണര്‍ത്തിയപ്പോയാണ് ഉണര്‍ന്നത്. എന്നോട് ഐഡി കാര്‍ഡ് ചോദിച്ചു. പാസ്പോര്‍ട്ട്‌ മാത്രമാണ് തിരിച്ചറിയൽ രേഖയായി ഉണ്ടായിരുന്നത്. ഞാനത് കൊടുത്തു. കണ്ണ്തിരുമ്മി നോക്കി. ഇരുട്ടില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്നന്ന വാഹനങ്ങള്‍.. ഒന്നും മനസിലായില്ല. അടുത്തിരുന്ന വിദേശിയാണ്‌ പറഞ്ഞത്, ഇതൊരു ചെക്ക് പോയിൻറ് ആണെന്ന്. ഇവിടെ നിന്നും പെര്‍മിറ്റ്‌ എടുത്താല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ. അവർ മഡ് വോള്‍ക്കാനോ കാണാന്‍ പോവുകയാണ്. ലജ്ജ കൊണ്ട് ഞാന്‍ ചൂളിപോയി. ഒന്നാമത്തെ കാര്യം ഈ സംഗതി ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്, മറ്റൊന്ന് ഒരു വിദേശിയില്‍ നിന്നും ഇന്ത്യക്കാരനായ ഞാൻ അത് അറിയേണ്ടി വരിക. ആന്‍ഡമാനെ കുറിച്ച് കുറച്ചൊക്കെ അറിയാം എന്ന മിഥ്യാധാരണ അതോടെ ഞാനുപേക്ഷിച്ചു. ഒരു തയ്യാറെടുപ്പും ഇല്ലാതെ വന്നതില്‍ ഖേദിക്കുകയും ചെയ്തു. ലജ്ജിച്ചിട്ടു കാര്യമില്ല. അറിവ് ലഭിക്കുന്നത് എവിടുന്നാണെങ്കിലും സ്വീകരിക്കുക. ആരില്‍ നിന്നും ലഭിക്കുന്നു എന്നതല്ല, എന്ത് ലഭിക്കുന്നു എന്നതിലാണ് കാര്യം.

ജറവ റിസര്‍വ്ഡ് ഏരിയ
 


പുകയുന്ന ഒരു അഗ്നിപര്‍വ്വതം ഉണ്ടെന്നു അറിയാം.  വിദേശികള്‍ പറഞ്ഞതില്‍ എന്തൊക്കെയോകുറച്ച് മാത്രമാണ് മനസിലായത്. അവരുടെ കൈയിൽ മാപ്പുകളും, എന്തെല്ലാമോ കുത്തികുറിച്ച പേപ്പറുകളും കണ്ടു. നല്ല പഠനം നടത്തിയിട്ട് തന്നെയാണ് എത്തിയത് എന്ന് ഉറപ്പ്. ഇരുട്ടിന്‍റെ കനംകുറഞ്ഞു വന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. മുന്‍പില്‍ കുറച്ചു മാറി വെളിച്ചമുള്ള ഒരു കെട്ടിടം. രണ്ടും കല്‍പ്പിച്ചു ഞാനങ്ങോട്ട്‌ നടന്നു. ബസ് എടുത്താലും എനിക്ക് കയറാമല്ലോ. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ണെത്താദൂരത്തോളം വാഹനങ്ങള്‍ കിടക്കുന്നു. ജിര്‍ക്കാതാംഗ് എന്ന പ്രദേശമാണ്. ജറാവകളുടെ ആവാസവ്യവസ്ഥയില്‍ കൂടിയാണ് ഇനി പോകേണ്ടത്. സുബ്രന് ഇന്ന് വരാന്‍ സാധിക്കാഞ്ഞത് നന്നായി. അല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഒരു സൗഭാഗ്യം ലഭിക്കുമായിരുന്നോ? നാല് തവണയാണ് ഇത് വഴി വാഹനങ്ങള്‍ കടത്തിവിടുക. ഞാന്‍ വീണ്ടും ബസ്സിലെത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ ഡ്രൈവറും, ഗൈഡും തിരിച്ചു വന്നു. ഇനി നമ്മള്‍ പോവുന്നത്, ജറാവാ റിസര്‍വ്ഡ് വനത്തില്‍ കൂടിയാണ്. ആരും ഫോട്ടോയെടുക്കരുത് എന്ന് ഓര്‍മ്മിപ്പിച്ചതിന് ശേഷം ഗൈഡ് എന്‍റെ അടുത്തിരുന്നു.

ഗണേഷും യാത്രക്കാരിൽ ഒരാളായ എമ്മയും
 


ചെന്നെയില്‍ നിന്നുള്ള ഗണേഷ് വര്‍ഷങ്ങളായി ഇവിടെ ഗൈഡായി ജോലി ചെയ്യുകയാണ്. ഗണേഷിനെയാണ് സാഹിബു വിളിച്ചിരുന്നത്‌. സഹൃദയന്‍, എല്ലാവരോടും ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. ജറാവകളെ കാണാന്‍ കഴിയുമോ എന്ന എന്‍റെ ചോദ്യത്തിന് നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കില്‍ എന്നാണ് മറുപടി തന്നത്. കൈയില്‍ കരുതിയിരുന്ന ചോക്ലേറ്റ്സ് പങ്കുവെച്ചു കഴിക്കുമ്പോള്‍ ബസ് നിബിഡവനത്തില്‍ എത്തിയിരുന്നു. എന്‍റെ കണ്ണുകള്‍ പുറത്തായിരുന്നു. എവിടയാണ് ജറാവകള്‍ നിൽക്കുക എന്നറിയില്ലല്ലോ? ഇനി ഉണര്‍ന്നു കാണുമോ? അതോ വല്ല ഏറുമാടത്തിലും ആവുമോ ? കുറച്ചു കഴിഞ്ഞപ്പോള്‍ ഗണേഷ് എന്നോട് പറഞ്ഞു, അൽപം കൂടെ സഞ്ചരിച്ചാൽ ഒരു അരുവികാണും, അതിനു ശേഷം കാണുന്ന നദിക്കപ്പുറമാണ് സാധാരണ അവര്‍ മീന്‍പിടിക്കാറുള്ളത്. ഫോട്ടോ എടുക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം, ആരും കാണരുത്. ഞാന്‍ അരുവിയും നോക്കിയിരുന്നു. അരുവി കഴിഞ്ഞതും ഞാന്‍ കാമറ ശരിയാക്കി വെച്ചു. മാക്സിമം സൂം ചെയ്തു, കിട്ടുമോ ഇല്ലയോ എന്നൊന്നും ഉറപ്പില്ല. നദിയെത്തിയതും ബസ് വളരെ പതുക്കെ പോവാന്‍ തുടങ്ങി. ഗണേഷ് എല്ലാവരോടുമായി പറഞ്ഞു, എതിര്‍വശത്തു ഇരുന്നവര്‍ ഈ ഭാഗത്തേക്ക് നോക്കിയിരിപ്പായി, അതാ ..ദൂരെ ജറാവകള്‍..രണ്ടുപേര്‍ മീന്‍പിടിക്കുന്നുണ്ട്, കുട്ടിയെന്നു തോന്നിക്കുന്നവന്‍ പാറപ്പുറത്ത് കമിഴ്ന്നു കിടക്കുകയാണ്. സ്ത്രീകളില്‍ ഒരാള്‍ മാക്സി പോലെ എന്തോ ധരിച്ചിരിക്കുന്നു. തലയിലും കഴുത്തിലും ആഭരണം പോലെ എന്തോ ഉണ്ട്. കിട്ടുന്ന മീന്‍ ഇട്ടുവെക്കാന്‍ ആയിരിക്കണം കുട്ടയും ഉണ്ട്. ഞാന്‍ തുടരെ തുടരെ ക്യാമറ ക്ലിക്ക് ചെയ്തു. ബസ് മുന്നോട്ടു നീങ്ങി.

ജംഗാർ
 


നിലമ്പൂര്‍ ജെട്ടിയില്‍ എത്തുമ്പോള്‍ നല്ല തിരക്കായിരുന്നു. ഇനി ജങ്കാര്‍ കടന്നു വേണം പോകാന്‍. കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങളുടെ ബസും ജങ്കാറില്‍ കയറിപറ്റി. മെറൂണ്‍ നിറത്തിലുള്ള സര്‍ക്കാര്‍ ബസും ഉണ്ട്. കാഴ്ചയില്‍ തന്നെ പഴക്കം തോന്നിക്കുന്ന ബസിന്‍റെ രൂപം മെറൂണ്‍ നിറം കൂടി ആയപ്പോള്‍ വര്‍ഷങ്ങള്‍ പിറകിലേക്കാണോ ബസ് യാത്ര ചെയ്യുന്നത് എന്നൊരു സംശംയം. ദൂരെ നിലമ്പൂര്‍ ജെട്ടികാണാം. എൻെറ നാടായ ചുങ്കത്തറയില്‍ നിന്നും നിലമ്പൂരിലേക്ക് കഷ്ടിച്ച് 6 കിലോമീറ്റര്‍ മാത്രമാണുള്ളത്. എന്നാല്‍ മറ്റൊരു നിലമ്പൂരിലേക്ക് ഞാന്‍ വിമാനം കയറി വന്നിരിക്കുന്നു. ഇവിടെ നിലമ്പൂര്‍ഉണ്ട്, മഞ്ചേരിയുണ്ട്, വണ്ടൂര്‍ ഉണ്ട്. ഖിലാഫത്ത് പ്രസ്ഥാനം മൂലം ഇവിടെ എത്തിയ ആളുകള്‍ അവരുടെ നാടിനെ ഇങ്ങോട്ട് പറിച്ചുനട്ടു. നമുക്ക് നമ്മുടെ എത്ര തലമുറയെ ഓര്‍ത്തെടുക്കാന്‍ കഴിയും? ഒന്നോ രണ്ടോ ? ചിലപ്പോള്‍ എന്‍റെയും തലമുറയില്‍ പെട്ട ആരെങ്കിലും ഇവിടെ കാണുമായിരിക്കും. ബാരാതാംഗ് ജെട്ടിയില്‍ ജങ്കാര്‍ അടുത്തു.

ഗുഹയിലേക്കുള്ള ജലപാത
 


ജങ്കാറില്‍ വെച്ച് തന്നെ ഗണേഷ് വോള്‍ക്കാനയെ കുറിച്ചും മറ്റൊരു ഗുഹയെ കുറിച്ചും ചെറിയ ഒരു വിവരണം തന്നിരുന്നു. അതുകൊണ്ട് തന്നെ എനിക്കിപ്പോൾ കാണാന്‍ പോവുന്നതിനെ കുറിച്ച് ഒരു ധാരണയുണ്ട്. ബാരാതാംഗില്‍ നിന്നും മോട്ടോര്‍ ഘടിപ്പിച്ച ചെറിയ ബോട്ടിലാണ് പിന്നീടുള്ള യാത്ര. കണ്ടല്‍കാടുകള്‍ക്കിടയിലൂടെയുള്ള യാത്ര അതിമനോഹരമായിരുന്നു. വേരുകള്‍ തിങ്ങിനിറഞ്ഞ, വളവും തിരിവുമുള്ള ചെറിയ ജലപാത. നിരന്തരം സുനാമികല്‍ ഉണ്ടായിട്ടും ഈ ദ്വീപുകളെ ചേര്‍ത്തുപിടിച്ചു രക്ഷിക്കുന്നത് ഈ കണ്ടല്‍ക്കാടുകളാണ്. മുതലകളുണ്ട് എന്ന ബോര്‍ഡ് ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും പക്ഷികളുടെയും, ചിവീട്കളുടെയും മറ്റനേകം ജീവജാലങ്ങളുടെയും ശബ്ദങ്ങളില്‍ അതില്ലാതായി. കരക്കടുത്ത ബോട്ടില്‍ നിന്നും പുറത്തിറങ്ങി. ഇനിയും കുറച്ചു നടക്കാനുണ്ട്. മുന്‍പില്‍ ഗണേഷും പിറകില്‍ ഞങ്ങളും ഉയര്‍ത്തി കെട്ടിയ മരപ്പാലത്തിലൂടെ നടന്നു. ഇടുങ്ങിയ വഴികള്‍, ചുറ്റും ഇടതൂര്‍ന്ന്‍വളരുന്ന മരങ്ങള്‍, വഴിയില്‍ മുഴുവന്‍ ഗുഹയെ പരിചയപെടുത്തുന്ന ബോര്‍ഡുകള്‍. തുറസ്സായ ഒരു വശത്ത് ദൂരെ കുടിലുകള്‍ കാണുന്നു. ആന്‍ഡമനീസ് ആണെന്ന് ഗണേഷ് പറഞ്ഞു.

മുതലകളെ സൂക്ഷിക്കണം എന്ന ബോര്‍ഡ്
 


ഇടുങ്ങിയവഴികളിലൂടെ ഗുഹയുടെ അകത്തേക്ക് പ്രവേശിച്ചു. ശില്‍പ്പം പോലെ രൂപാന്തരം സംഭവിച്ചിരിക്കുന്ന പാറകള്‍. എന്നാല്‍ ഒരു ശില്‍പ്പിയുടെ കൈ ഇതില്‍ പതിഞ്ഞിട്ടുമില്ല. പ്രകൃതിയുടെ നിരന്തരമായ പ്രവര്‍ത്തനം മൂലമാണ് ഈ ഗുഹകള്‍ സൃഷ്ടിക്കപെട്ടത്‌. മഴയില്‍ കൂടിച്ചേരുന്ന കാര്‍ബണ്‍ഡയോകസൈഡ് പാറകളില്‍ ഒരു ആസിഡ് പോലെ പ്രവര്‍ത്തിക്കും. ഇത് പാറകളില്‍ പ്രവര്‍ത്തിച്ചാണ് പാറകള്‍ക്ക് ദ്വാരം ഉണ്ടാകുന്നതും, വിള്ളലുകള്‍ ഉണ്ടാകുന്നതും. ഇപ്പോള്‍ കാണുന്ന ഗുഹാരൂപങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെ വര്‍ഷങ്ങളുടെ രാസമാറ്റത്തിന്‍റെ പ്രവര്‍ത്തനം ഉണ്ട്. ആദിവാസികള്‍ ഈ ഗുഹകളില്‍ താമസിച്ചിരുന്നോ എന്ന എന്‍റെ ചോദ്യത്തിന് ഗണേഷിനു കൃത്യമായി ഒരു മറുപടി പറയാന്‍ സാധിച്ചില്ല. എനിക്ക് തോന്നിയത് ഇല്ലെന്നാണ്. കാരണം കാര്‍ബണ്‍ഡയോക്‌സൈഡ് ബാഷ്പീകരിക്കുമ്പോള്‍ വീണ്ടും കാര്‍ബണ്‍ഡയോക്‌സൈഡ് ഉണ്ടാവില്ലേ ? അങ്ങനെയെങ്കില്‍ ആദിവാസികള്‍ എന്നല്ല ചെറിയ പക്ഷികള്‍ക്ക് പോലും അത് വിഷവാതകം ആവില്ലേ ?

ഗുഹ
 


മഡ് വോള്‍ക്കാനോയെ ചെന്ന് കാണുന്നത് വരെ ആകാംക്ഷയായിരുന്നു. കുന്നു കയറി ചെല്ലുമ്പോള്‍ തന്നെ വഴിയില്‍ഉടനീളം ഒരു അരുവിയെന്ന പോലെ ചെളി ഒഴുകിയിരിക്കുന്നു. വേലികെട്ടിതിരിച്ച ഭാഗത്ത് നിന്നാണ് ചെളി വരുന്നത്. ചാരനിറത്തിലുള്ള ചെളിയാണ് വരുന്നത്. ഉത്ഭവസ്ഥാനത്ത് നിന്നും കുമിളകള്‍ ഉയരുന്നുണ്ട്. ഭൂഗര്‍ഭത്തിലുള്ള പ്രകൃതിവാതകം പുറത്തേക്ക് വരുമ്പോഴുള്ള തടസമായ ഭൂപാളികള്‍ക്കിടയിലുള്ള ചെളി പുറത്തേക്ക് തള്ളുന്നതാണ്. ചിലപ്പോള്‍ ഭീകരമായ രീതിയില്‍ ചെളി വരാറുണ്ട്. എത്ര നിഗൂഢമാണ് ഇവിടം.

മഡ് വോള്‍ക്കാനോ
 


തിരിച്ചു ജെട്ടിയില്‍ എത്തിയപ്പോയാണ് ഗണേഷ് പറയുന്നത്, ഗണേഷും വിദേശികളും തിരിച്ചു വരുന്നില്ലെന്നും അവര് ഒന്നുരണ്ടു സ്ഥലത്ത് പോയി ഹാവ്ലോക്ക് വഴി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് വരുകയെന്നും. കാശിന്‍റെ കാര്യമൊക്കെ സാഹിബ് വഴി തീര്‍ക്കാം എന്നും പറഞ്ഞു. ജങ്കാര്‍ നീങ്ങാന്‍ തയ്യാറെടുത്തു. ഇവരുടെ കൂടെ പോയാലോ ? പക്ഷേ അതെങ്ങനെ സാഹിബിനെയും സുബ്രനെയും അറിയീക്കും. ഞാന്‍ ഗണേഷിനെ സമീപിച്ച് എന്നെ കൂടെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചു. അയാള്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു, എങ്കിലും വിദേശികളുടെ സമ്മതം കൂടി ചോദിച്ചിട്ടാണ് ഗണേഷ് സമ്മതിച്ചത്. സാഹിബിനെയും സുബ്രനെയും വിവരം ധരിപ്പിക്കാന്‍ ബസ് ഡ്രൈവറെ ഏല്‍പ്പിക്കുകയും ചെയ്തു.

വോള്‍ക്കാനയിലേക്കുള്ള പാത
 


മായാബന്ധര്‍ എക്പ്രെസ്സ് എന്ന സര്‍ക്കാര്‍ ബസ്സിലാണ് യാത്ര. ഞങ്ങളെ കൂടാതെ മറ്റുയാത്രക്കാരും ഉണ്ട്. എന്‍റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പയ്യന്‍ പോര്‍ട്ട്‌ബ്ലയറില്‍ പഠിക്കുകയാണ്. വിശാഖ് രംഗത്ത് എന്ന ദ്വീപിലാണ് വീട്. ഹോസ്റ്റലില്‍ നിന്നും പഠിക്കുന്ന വിശാഖ് നന്നായി സംസാരിക്കുന്നു. മായാബന്ധറിലും, ദിഗ്ലിപുരില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ അവിടെയുണ്ട്. വീണ്ടും ഒരു ജങ്കാര്‍ കയറിയാണ് യാത്ര. ഗന്ധിറ്റ്ഘട്ട് ജെട്ടിയില്‍ നിന്നും ഉത്തരജെട്ടിയിലേക്ക്. രംഗത്തു എത്തിയപ്പോയെക്കും രാത്രി ആയിരുന്നു. ബാരാതാംഗില്‍ നിന്നും ബോട്ട് വഴി എത്തമെന്നിരിക്കെ ബസില്‍ വരാനുള്ള തീരുമാനം എന്തയാലും യാത്ര ക്ഷ ബോധിച്ചു. ഗവര്‍മെൻറ് ഗസ്റ്റ് ഹൗസില്‍ ഞാനും ഗണേഷും ഒരു റൂമിലാണ് കിടന്നത്.

(തുടരും)

Tags:    
News Summary - mud volcano in andaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.