ഇന്ത്യ ടൂര്‍ ഭാഗം 3
നാട്ടില്‍നിന്ന് യാത്ര തുടങ്ങിയിട്ട് ഏകദേശം 2500 കിലോമീറ്റര്‍ ദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ചൊവ്വാഴ്ച രാവിലെ തന്നെ വസ്ത്രങ്ങളെല്ലാം അലക്കിയിട്ടു. പിന്നീട് ജയ്പൂരിലെ മിത്സുബിഷിയുടെ ഷോറൂമില്‍ പോയി പജീറോ ഒന്ന് കാണിക്കാമെന്ന് കരുതി. വീല്‍ അലൈന്‍മെന്റും ബാലന്‍സിങ്ങുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഡല്‍ഹിയിലേക്ക് നീളുന്ന ദേശീയപാതക്ക് സമീപമാണ് ഷോറൂം. ഗൂഗിള്‍മാപ്പ് നോക്കിയാണ് യാത്ര. ദേശീയപാതയില്‍ കിലോമീറ്ററുകള്‍ കഴിഞ്ഞാല്‍ മാത്രമാണ് പുറത്തേക്കുള്ള വഴി കാണാന്‍ സാധിക്കൂ. ഗൂഗിള്‍ മാപ്പില്‍ കാണിച്ച സ്ഥലത്തേക്ക് പോകാന്‍ യുടേണ്‍ എടുക്കേണ്ടതുണ്ട്. ഒടുവില്‍ പത്ത് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വന്നു ഒരു യുടേണ്‍ കണ്ടുപിടിക്കാന്‍. ഷോറൂമിലെത്തിയപ്പോഴേക്കും ഒമ്പത് മണി കഴിഞ്ഞു. ജീവനക്കാരെല്ലാം എത്തിത്തുടങ്ങുന്നതേയുള്ളൂ. അവരുടെ പരിശോധന കഴിഞ്ഞപ്പോഴേക്കും 11 മണിയായി.
വണ്ടിയെടുത്ത് പ്രശസ്തമായ ഹവാമഹല്‍ ലക്ഷ്യമാക്കി നീങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന നഗരത്തെ കാക്കുന്ന ജയ്പൂര്‍ ഗേറ്റ് കടന്നതോടെ കെട്ടിടങ്ങളുടെ നിറം മാറാന്‍ തുടങ്ങി. കൊട്ടാരങ്ങളും കോട്ടകളും മറ്റു പ്രധാന കെട്ടിടങ്ങളുമെല്ലാം പിങ്ക് നിറത്തിലാണ്. ഇതിന് ചുറ്റുമാണ് ജയ്പൂര്‍ സിറ്റി ഗേറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. 1727ല്‍ മഹാരാജ ജയ്സിങ് രാമന്‍ രണ്ടാമനാണ് ഗേറ്റുകള്‍ പണികഴിപ്പിച്ചത്. ആറ് മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്.
ചാന്ദ്പോള്‍, സുരാജ്പോള്‍, അജ്മീരി, ന്യൂഗേറ്റ്, സങ്കനേരി, ഗാട്ട്, സാമ്രാട്ട്, സോര്‍വാര്‍ സിങ് എന്നീ പേരുകളിലുള്ള എട്ട് കവാടങ്ങളാണുള്ളത്. ജയ്പൂരിന്റെ മണ്ണില്‍ കാലുകുത്തുമ്പോള്‍ കാലം അറിയാതെ പിന്നിലേക്ക് പാഞ്ഞുപോകും. 1727ല്‍ തന്നെയാണ് വാസ്തുശാസ്ത്ര പ്രകാരണം ജയ്പൂര്‍ നഗരവും നിര്‍മിക്കുന്നത്. ബംഗാളില്‍നിന്നുള്ള വിദ്യാധര്‍ ഭട്ടാചാര്യയാണ് നഗരത്തിന്റെ ശില്‍പി.
വണ്ടി പാര്‍ക്ക് ചെയ്ത് ഹവാ മഹല്‍ ലക്ഷ്യമാക്കി നടന്നു. തലക്ക് മുകളില്‍ സൂര്യന്‍ കത്തിയാളുകയാണ്. സഞ്ചാരികളെ കാത്ത് ഇലാക്ട്രിക്ക് ഓട്ടോകള്‍ വരിവരിയായി നില്‍ക്കുന്നു. സിന്ദൂരവും രാജസ്ഥാനി കരകൗശല വസ്തുക്കളും നിറഞ്ഞ തെരുവുകള്‍ പിന്നിട്ട് ഹവാ മഹലിനുള്ളില്‍ പ്രവേശിച്ചു. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹല്‍ എന്നതിനര്‍ഥം. 1799ല്‍ മഹാരാജാ സവായ് പ്രതാപ് സിങ്ങാണ് മാളിക പണി കഴിപ്പിച്ചത്.
ചെറിയ ജാലകങ്ങള്‍ അടങ്ങിയ കൂടുകള്‍ ചേര്‍ത്തുവെച്ച് അഞ്ച് നിലകളിലായുള്ള ഈ മാളിക സ്ത്രീകള്‍ക്ക് പുറത്ത് നടക്കുന്ന ആഘോഷങ്ങളും ഉത്സവങ്ങളും വീക്ഷിക്കാനായി പണി കഴിപ്പിച്ചതാണ്. ചുവന്ന മണല്‍ക്കല്ലില്‍ വെളുത്ത വരമ്പുകള്‍ ചേര്‍ത്ത് രജപുത്രശൈലിയിലാണ് ഹവാമഹലിന്റെ രൂപകല്‍പ്പന. ലാല്‍ചന്ദ് ഉസ്താദാണ് 953 ജാലകങ്ങളുള്ള ഈ മാളികയുടെ ശില്‍പി. ശ്രീകൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് മുകള്‍ഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാളികയുടെ നടുമുറ്റത്തിരിക്കുമ്പോള്‍ ശിലകളില്‍ ഒരു കാലം വിടരുന്നതിന്റെ വിസ്മയം നാമറിയും.
ഹവാമഹലില്‍നിന്ന് നടക്കാനുള്ള ദൂരം മാത്രമേയുള്ളു സിറ്റി പാലസിലേക്ക്. ജയ്പൂരിന്റെ മുന്‍ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രവംശത്തിന്റെ ആസ്ഥാനമാണീ കൊട്ടാരം. മഹാരാജ സവായ് സിങ് രണ്ടാമനാണ് ഇത് പണികഴിപ്പിക്കുന്നത്. ചന്ദ്രമഹല്‍, മുബാറക് മഹല്‍ എന്നിവയടക്കം അഞ്ച് ഭാഗങ്ങളാണ് കൊട്ടാരത്തിനുള്ളത്. കൊട്ടാരസമുച്ചയം ഇന്ന് മ്യൂസിയമാണെങ്കിലും ചന്ദ്രമഹല്‍ മാളികയുടെ ഒരു ഭാഗം രാജകുടുംബ്ധിന്റെ താമസസ്ഥലമായി ഉപയോഗിക്കുകയാണ്. സിറ്റിപാലസിന്റെ തൊട്ടുമുന്നില്‍ തന്നെയാണ് ജന്തര്‍ മന്ദറിലേക്കുള്ള കവാടം. ജയ്സിങ് രണ്ടാമാന്‍ തന്നെയാണ് ഇതിന്റെയും സ്ഥാപകന്‍.
യുനോസ്കോയുടെ പൈതൃക സ്മാരക പട്ടികയില്‍ ഉള്‍പ്പെട്ട ജന്തര്‍ മന്ദര്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമാണ്.
ഞങ്ങളുടെ അടുത്ത ലക്ഷ്യം അരാവലി മലമുകളിലെ നഹര്‍ഗഡ് കോട്ടയാണ്. നഗരത്തിരക്ക് കഴിഞ്ഞതോടെ ചുരം കയറാന്‍ തുടങ്ങി. വീതികുറഞ്ഞ റോഡ് മലമുകളിലോട്ട് പറ്റിപ്പിടിച്ച് കയറുന്നു. കോട്ടയുടെ പ്രവേശ കവാടത്തില്‍നിന്ന് ടിക്കറ്റെടുത്ത് വണ്ടിയുമായി മുന്നോട്ടുനീങ്ങി. 1734ല്‍ മഹാരാജ സവായ് ജയ് സിങ് രണ്ടാമനാണ് കോട്ട നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം കോട്ട വികസിപ്പിക്കുകയും ഇതിനുള്ളില്‍ ചെറിയ കൊട്ടാരം നിര്‍മിക്കുകയും ചെയ്തു. കോട്ടയുടെ മുകളില്‍നിന്നാല്‍ ജയ്പൂര്‍ നഗരം നമ്മുടെ കണ്മുന്നില്‍ നിറയും. കണ്ണെത്താ ദൂരത്തോളം കെട്ടിടങ്ങള്‍ പരന്നുകിടക്കുന്നു. നഹര്‍ഗഡിന് പുറമെ അമര്‍, ജയ്ഗഡ് എന്നീ കോട്ടകളും ജയ്പൂര്‍ സാമ്രാജ്യത്തിന്റെ അതിരുകള്‍ കാക്കുന്നു.
കോട്ടയില്‍നിന്ന് തിരിച്ചിറങ്ങി നഗരം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. പ്രശസ്തമായ ജല്‍മഹലും പിന്നിട്ട് വീണ്ടും നഗത്തിരക്കിലമര്‍ന്നു. ജയ്പൂര്‍ സിറ്റി ഗേറ്റ് കഴിഞ്ഞതോടെ ആധുനികതയുടെ മുഖമാണ് നഗരത്തിന്. തലക്ക് മുകളിലൂടെ ജയ്പൂര്‍ മെട്രോ ട്രെയിന്‍ കുതിച്ചുപായുന്നു. രാത്രി വലിയ മാളുകളും കെട്ടിടങ്ങളും പ്രകാശം പരത്തി നഗരത്തിന് ചന്തം ചാര്‍ത്തുന്നു. അടുത്തദിവസം കാതങ്ങള്‍ വീണ്ടും താണ്ടാനുള്ളതിനാല്‍ കാലം കാത്തുവെച്ച കാഴ്ചകള്‍ മുഴുവനാക്കാതെ റൂമിലോട്ട് മടങ്ങി.
ബുധനാഴ്ച അതിരാവിലെ തന്നെ ജയ്പൂരിനോട് യാത്ര പറഞ്ഞ് വാഹനത്തില്‍ കയറി. പഞ്ചാബിലെ അമൃത്സറാണ് ലക്ഷ്യം. ഏകദേശം 650 കിലോമീറ്ററിനടുത്ത് ദൂരമുണ്ട്. ദേശീയപാത ഒഴിവാക്കി സിക്കാര്‍ മുതല്‍ ഗ്രാമീണ പാതകളിലൂടെയാണ് യാത്ര. റോഡുകളില്‍ ഒട്ടകവണ്ടികള്‍ ഇടം പിടിച്ചിരിക്കുന്നു. ഗ്രാമീണരുടെ മുഖ്യവാഹനമാണ് ഒട്ടകം. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഇവയെ ഉപയോഗിക്കുന്നു. ഒട്ടകങ്ങളെ കൂടാതെ ചെറിയ ലോറികളും ജീപ്പുകളുമാണ് സഞ്ചാരത്തിനുള്ള ഉപാധികള്‍. ജീപ്പുകള്‍ക്ക് മുകളില്‍ അഞ്ചും ആറും ആളുകള്‍ ഒരുമിച്ചിരുന്ന് സാഹസികമായാണ് യാത്ര.
റോഡുകളില്‍ ബസുകള്‍ വിരളമാണ്. ഒടുവില്‍ രാജസ്ഥാനിലെ വരണ്ട കാലാവസ്ഥക്ക് വിടനല്‍കി ഹരിയാനയിലേക്ക് കടന്നു. സിര്‍സ എന്ന നഗരം കഴിഞ്ഞ് മുന്നോട്ടുപോകും തോറും കാഴ്ചകള്‍ക്ക് നിറം വെക്കാന്‍ തുടങ്ങി. ഇടക്കിടക്ക് കൃഷിപ്പാടങ്ങളും ചെറിയ പട്ടണങ്ങളും മാറിമാറി വരുന്നു. കൃഷിയൊഴിഞ്ഞ പാടങ്ങളില്‍ കബഡി കളിക്കുന്ന ചെറുപ്പക്കാര്‍. പലയിടത്തും റോഡുകളുടെ സ്ഥിതി ദയനീയം.
പഞ്ചാബ് അടുക്കുംതോറും ഗോതമ്പ് പാടങ്ങള്‍ ദൃശ്യമായിത്തുടങ്ങി. ഉച്ചയോടെ അതിര്‍ത്തികടന്നു. കഠിനാധ്വാനികളാണ് പഞ്ചാബികള്‍. എവിടെയും കൃഷിയിടങ്ങള്‍ മാത്രം. ഒരിഞ്ച് സ്ഥലം പോലും വെറുതെയിടാതെ എല്ലാവരും കൃഷിയില്‍ മുഴുകിയിരിക്കുന്നു. മാന്‍സയിലെത്തിയപ്പോള്‍ ഉച്ചഭക്ഷണത്തിനായി ഹോട്ടലില്‍ കയറി. ദേര സച്ച സൗദ വിശ്വാസ സമൂഹത്തിന്റെ തലവനായ ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികളുടേതാണ് ഹോട്ടല്‍. അകത്തെ ചുമരുകളില്‍ നിറയെ നേതാക്കളുടെ ചിത്രങ്ങള്‍ ഇടംപിടിച്ചിരിക്കുന്നു.
സിഖ് മതത്തിലെ യാഥാസ്ഥിതിക ചിന്തയെ വിമര്‍ശിച്ചും കൂടുതല്‍ സ്വതന്ത്രമായ മതദര്‍ശനം മുന്നോട്ടുവച്ചുമാണ് ദേര സച്ച സൗദ സമൂഹം പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിന് സമീപത്തായി വലിയ ഒരു ആശ്രമവുമുണ്ട്. അങ്ങോട്ട് വന്ന വിശ്വാസികള്‍ മാത്രമാണ് അവിടെ ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്. ഭക്ഷണം കഴിച്ചശേഷം സമീപത്തെ കടയില്‍നിന്ന് അല്‍പ്പം പഞ്ചാബി മധുരപലഹാരങ്ങളും വാങ്ങി. റോഡിന് ഇരുവശവും മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ രാജസ്ഥാനിലും ഹരിയാനയിലും അനുഭവപ്പെട്ട ചൂടൊന്നും പഞ്ചാബിലില്ല. അതുകൊണ്ടുതന്നെ കുറച്ചുസമയം ആശ്രമവും പരിസരങ്ങളും ഞങ്ങള്‍ നടന്നുകണ്ടു.
അമൃത്സറിലേക്ക് ഇനിയും ദൂരമുണ്ട്.
വീണ്ടും വണ്ടിയെടുത്ത് യാത്ര തുടര്‍ന്നു. വിരിഞ്ഞുനില്‍ക്കുന്ന ഗോതമ്പ് പാടങ്ങള്‍ക്ക് നടുവിലൂടെ പജീറോ ചീറിപ്പായുകയാണ്. കൃഷി കഴിഞ്ഞാല്‍ പിന്നെ പഞ്ചാബികളുടെ പ്രിയം വാഹനങ്ങളോടാണെന്ന് തോന്നും, അതും മോഡിഫൈ ചെയ്ത എസ്.യു.വികളോട്. പാതയോരത്തെല്ലാം വാഹനങ്ങളുടെ ആക്സസറീസ് ഷോപ്പുകള്‍ കാണാം. ഞങ്ങളുടെ പജീറോ കണ്ടിട്ട് നിരവധി പഞ്ചാബികളാണ് കുശലാന്വേഷണത്തിനെത്തിയത്.
നമ്മുടെ നാട്ടില്‍ കാണുന്ന പല മോഡിഫൈഡ് ജിപ്സിയും ജീപ്പുകളും പഞ്ചാബില്‍നിന്ന് കൊണ്ടുവരുന്നതാണ്. യാത്രക്കിടയില്‍ നഗരങ്ങളും കൃഷിയിടങ്ങളും മാറിമാറി വരുന്നു. ഒടുവില്‍ ബര്‍ണാലയും മോഗയും പിന്നിട്ട് സിഖുകാരുടെ പുണ്യനഗരത്തിലെത്തിയപ്പോഴേക്കും രാത്രി ഒമ്പത് കഴിഞ്ഞിരുന്നു..
തുടരും...
Day 6 (Aug 30, 2016, Tuesday)
Sightseeing at Jaipur
Jaipur Gate, Hawa Mahal, City Palace, Jantar Mantar, Nahargarh Fort, Jal Mahal
Day 7 (Aug 31, 2016, Wednesday)
Jaipur to Amritsar (Punjab) ^ 647 KM
Route: Sikar, Sirsa, Mansa, Barnala, Moga, Harike
Stay: Amritsar
Journey Time: 6.00 AM^9.00 PM (15 hrs)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.