ആ കൂറ്റൻ കവാടം കടക്കുമ്പോൾ വെണ്ണക്കല്ലിൽ ഉയർന്നു നിൽക്കുന്ന താജ്മഹൽ കണ്ട് അന്തംവിട്ട ലോകത്തിലെ എത്രാമത്തെ ആളായിരിക്കും ഞാനെന്ന് വെറുതെ ഒന്നോർത്തുപോയി. ജനകോടികളുടെ കൺമുന്നിൽ തെളിഞ്ഞുനിൽക ്കുന്ന ആ പ്രണയസൗധം കാണുക എന്നത് ജീവിതാഭിലാഷമായവരിൽ എത്രാമത്തെയാളായിരുന്നിരിക്കണം ഞാൻ...? താജ്മഹൽ കാണാനിറങ് ങി ബോണസായി ഡൽഹിയും കാണാൻ കഴിഞ്ഞതിൻെറ സന്തോഷത്തിലായിരുന്നു ഞങ്ങൾ. കാണാൻ ആഗ്രഹിച്ചത് താജ്മഹലാണ് കൂട്ടത്തിൽ ക ണ്ടതാണ് മറ്റുള്ളതെല്ലാം. താജ്മഹൽ കാണാൻ പോയി, ഡൽഹി വഴിയായതുകൊണ്ട് അതും കണ്ടു. അങ്ങനെപറയാനാണ് എനിക്കിഷ്ടം.
ഏഴാംക്ലാസ്സിൽ പഠിപ്പിച്ച ടീച്ചറുടെ യാത്രാവിവരണം കേട്ടപ്പോൾ തോന്നിയ മോഹമാണ് താജ് കാണുക എന്നത്. കാലങ്ങളേ ാളം അത് ഉള്ളിൽ ഉറങ്ങിത്തന്നെ കിടന്നു.. വിവാഹശേഷം ആദ്യയാത്ര താജ്മഹൽ കാണാനാവണം എന്ന മോഹം മനസ്സിൽ ആണിയടിച്ചു നോ ക്കി. തിരക്കിൻറെ കാര്യത്തിൽ എൻറെ ഉപ്പയെ വെല്ലുന്ന ഡോക്ടറാണ് കെട്ടിയത്. വെറുതേ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞ ആഗ്രഹത്ത ിന് പ്രതീക്ഷയുള്ള മറുപടിയായിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപാട് സ്ഥലങ്ങളിൽ പോയെങ്കിലും താജ് എന്ന ആ ഗ്രഹം മാത്രം ബാക്കിയായി.
വർഷങ്ങൾക്കു ശേഷം മക്കളൊക്കെയായി ജീവിതമൊന്നു ശാന്തമായപ്പോൾ വീണ്ടും ആ മോഹമുണർന്ന ു. തിയതി ഉറപ്പിച്ചു. മനസ്സിൽ എത്രയോ ആയിരം ലഡ്ഡു പൊട്ടി. കൂടെ പഠിച്ച ഡൽഹിയിലെ കുടുംബസുഹൃത്തിനെ വിളിച്ച് സംശയങ് ങളുടെ കെട്ടഴിച്ചു. ഡേറ്റ് ഉറപ്പിച്ചോളൂ, ബാക്കിയൊക്കെ ഏറ്റെന്ന് അവൻ ഉറപ്പും തന്നു.
അങ്ങനെ ആ ദിനം എത്തി. നെ ടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുമ്പോൾ നല്ല മഴ.. അതിനേക്കാൾ വലിയ മഴ മനസ്സിൽ പെയ്യുന്നുണ്ടായിരുന്നു. കുറച്ചുകാലം ഡൽഹിയിൽ ആയിരുന്നതിനാൽ പ്രിയതമന് വലിയ ആകാംക്ഷയൊന്നുമില്ല. ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. ഇന്ത്യക്ക് പുറത ്തുപോയപ്പോൾ പോലും എനിക്കിത്ര ആകാംക്ഷയുണ്ടായിരുന്നില്ല.. മൂന്നു മണിക്കൂറിൽ ഞങ്ങൾ ഡൽഹി എയർപോർട്ടിൽ ലാൻഡ് ചെയ് തു..
അർധരാത്രി ഡൽഹി എയർപോർട്ടിൽ കാൽ തൊടുമ്പോൾ ഒരു തണുപ്പ് കാലിൽ തുടങ്ങി ഹൃദയത്തിലേക്കിഴഞ്ഞുകയറി. സുഹൃത്ത് പറഞ്ഞുവിട്ട കാർ പുറത്ത് കാത്തുകിടപ്പുണ്ടായിരുന്നു. ഒരു സർദാർജിയായിരുന്നു ഡ്രൈവർ. അപ്പോൾ മുതൽ തിരികെ പോരുന് നതുവരെ ഞങ്ങളുടെ സാരഥിയായി അദ്ദേഹം സ്ഥാനമേറ്റു. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കുതന്നെ സർദാർജി വ ണ്ടിയും കൊണ്ട് ഹാജർ.
റെഡ്‌ഫോർട്ട്...
17ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാൻ തന്നെ പണികഴിപ്പിച്ച ചെങ്കോട്ട ഞങ്ങൾക്കുമുന്നിൽ നെടുങ്കനെ കിടന്നു. ഷാജഹാൻ ഇതിന് ‘കില ഇ മുഅല്ല’ എന്നാണ് പേരിട്ടിരുന്നത്. മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഇവിടെയായിരുന്നു. ബ്രിട്ടീഷുകാർ പിടിച്ചടക്കും വരെ മുഗൾ രാ ജവംശത്തിന്റെ തലസ്ഥാനമായിരുന്നുവല്ലോ റെഡ് ഫോർട്ട്.
നൂറ്റാണ്ടുകളുട െ പഴക്കമുള്ള, ചെങ്കല്ലുകൾ അടുക്കിവെച്ചുണ്ടാക്കിയ ചുവന്ന കോട്ട.. ഓരോ ഭാഗവും ഓരോ അത്ഭുതം.. ‘ഇതുകണ്ട് ഡൽഹിയെ വിലയി രുത്തരുത്. അത്ര വൃത്തിയൊന്നും ഉണ്ടാവില്ല, അത് പഴയ ഡൽഹിയാണ്’ ഫോണിൽ സുഹൃത്തിന്റെ സന്ദേശം വന്നു. പറഞ്ഞത്ര വൃത്തിഹ ീനമായിരുന്നില്ല. നടക്കാൻ മടിച്ചിയായിരുന്ന എനിക്കുപോലും കിലോമീറ്ററുകൾ നടന്നിട്ടും ക്ഷീണമോ വേദനയോ തോന്നിയില്ല.
ജുമാ മസ്ജിദിലേക്ക്..
ഡൽഹിയിലെ തന്നെ ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിലൊന്നായ ചാന്ദിനി ചൗക്കിലാണ് ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ്. ഷാജഹാൻ ചക്രവർത്തി ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനനഗരമായ (ഇപ്പോൾ പുരാനാദില്ലി ) ഷാജഹാനാബാദിലെ നമസ്കാരപ്പള്ളി ആയാണ് മസ്ജിദ് പണിതത്. ജമാമസ്ജിദ്, ജാമിമസ്ജിദ്, ജാമിയ മസ്ജിദ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
താജ്മഹൽ നിർമ്മാണത്തിന്റെ പ്രചോദനത്തിൽ ഈ മസ്ജിദിനും ഒരു പങ്കുണ്ട്. വെള്ളിയാഴ്ച ഉച്ചനേരത്ത്, ദൈവത്തിനു മുന്നിൽ സാഷ്ടാംഗം സമർപ്പിച്ച മനുഷ്യരുടെ നിരകളാൽ നിറഞ്ഞിരുന്നു ജുമാ മസ്ജിദും പരിസരവും.
മഹാത്മാവിൻറെ രാജ്ഘട്ട്..
രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലത്ത് ഒരിക്കലും അവസാനിക്കാത്ത സന്ദർശകരുടെ തിരക്കായിരുന്നു. സമാധിസ്ഥലം പൂക്കളാൽ അലങ്കരിച്ചിരുന്നു. ഡൽഹിയിലെ ഏറ്റവും നല്ല കാലാവസ്ഥയെന്ന് എല്ലാവരും പറഞ്ഞെങ്കിലും ചെരിപ്പഴിച്ചാൽ ചുട്ടുപൊള്ളുന്നതിനാൽ കാൽ നിലത്തു വെക്കാൻ വയ്യായിരുന്നു.
അപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള നേരമായിരുന്നു. ഉഡുപ്പി ഹോട്ടലിലേക്കുള്ള വഴി സുഹൃത്തിന്റെ സന്ദേശമായി ഫോണിലെത്തി.. ഞങ്ങൾ കുറച്ചു കാലം തമിഴ്നാട്ടിലായിരുന്നു. അപ്പോൾ ഉഡുപ്പി ഹോട്ടലിന്റെ രുചി തേടി പോവാറുണ്ടായിരുന്നു ഇടയ്ക്കു. അതിനാൽ അവിടേക്കു തന്നെ പോയി.
സർദാർജിക്കും കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നതിനാൽ എവിടെയും ടൈം വെറുതേ പോയില്ല. ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോൾ സുഹൃത്ത് കാത്തിരിപ്പുണ്ടായിരുന്നു. വല്ലപ്പോഴുമേ കാണാറുള്ളൂവെങ്കിലും ഔപചാരികതയൊന്നുമില്ലാതെ നടുറോഡിൽ വെയിലിൽ നിന്ന് കുറച്ചുനേരം വിശേഷം പറഞ്ഞു പിരിഞ്ഞു..
ലോട്ടസ് ടെംപിൾ..
വെളുത്ത മാർബിളിൽ പൊതിഞ്ഞ ഇരുപത്തിയേഴു ഇതളുകളുള്ള ഒരു ഭീമൻ താമരപ്പൂവിനെ ഉയർത്തിവെച്ചത്പോലെ.. ബഹാപൂർ എന്ന ഗ്രാമത്തിലാണ് ബഹായ് ക്ഷേത്രം അഥവാ ലോട്ടസ് ടെംപിൾ സ്ഥിതി ചെയ്യുന്നത്. ബഹായി മതവിശ്വാസികളുടെ ആരാധനാലയം ആണെങ്കിലും ഇവിടെ ആർക്കും സന്ദർശിക്കാം. ക്ഷേത്രത്തിന്റെ നടുത്തളത്തിന്റെ തറ വെള്ള മാർബിൾ കൊണ്ട് നിർമിച്ചിരിക്കുന്നു. നടുത്തളത്തിലേക്ക് തുറക്കുന്ന ഒമ്പത് വാതിലുകളുണ്ട്. നടുത്തളത്തിൽ ഏകദേശം 2500 ഓളം പേർക്ക് ഇരിക്കാനുള്ള സൗകര്യം.
ഉള്ളിലെപ്പോഴും ശാന്തമായിരിക്കണമെന്നാണ് നിർദ്ദേശം. ആരാധനാമൂർത്തികളില്ലാതെ മൗനത്തിന്റെ ഇടനാഴിയിലുടെ ദൈവത്തിലേക്കൊരു യാത്ര.. കുറച്ചു നേരം അതിനുള്ളിൽ മൗനമായിരുന്നു.. ഇടക്കൊരു കുഞ്ഞിന്റെ കരച്ചിൽ വലിയ പ്രതിധ്വനി ഉണ്ടാക്കി. അവിടെയിരുന്നു രഹസ്യം പറയുന്നത് പുറത്തു മൈക്ക് വെച്ചു പറയുന്ന പോലെയായിരിക്കുമെന്നു തോന്നി.
കുത്തനെയൊരു മിനാരം
ലോട്ടസ് ടെംപിളിൽനിന്നിറങ്ങിയത് കുത്തബ്മിനാർ കാണാനാണ്. 73 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ആഢ്യത്വത്തിന്റെ പ്രതീകം. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇതും ഉൾപ്പെട്ടിട്ടുണ്ട്. ഇന്തോ - അറബ് വാസ്തുശിൽപ കലയുടെ ആകർഷണീയത അഞ്ച് നിലകളിൽ തുളുമ്പി നിൽക്കുന്നു. അതിനു മുകളിലേക്ക് കയറുന്നതിന് 399 പടികൾ. ഇടിമിന്നലും ഭൂകമ്പവും കേടുപാടുകൾ വരുത്തിയപ്പോഴൊക്കെ ദില്ലി സുൽത്താന്മാർ അത് തീർത്തിട്ടുണ്ട്. മുകളിലെ രണ്ടു നിലകൾ വെണ്ണക്കല്ലു കൊണ്ടും ബാക്കിയുള്ളവ ചുവന്നമണൽക്കല്ലിന്റെ കട്ടകൾ കൊണ്ടും നിർമിച്ചിരിക്കുന്നു.
പാർലിമെന്റ് ഹൗസ് ഒന്നോടിച്ചു കണ്ട് റൂമിലേക്ക് തിരിച്ചു. രാത്രി ഒമ്പതു മണി മുതൽ രാവിലെ ഒമ്പതു മണി വരേ വിശ്രമിക്കാനുള്ളതാണ്. സുഹൃത്തിന്റെ ഓഫീസിന്റെ അടുത്ത ഹോട്ടലായിരുന്നതിനാൽ വേണ്ടപ്പെട്ടൊരാൾ അടുത്തുള്ള തോന്നലായിരുന്നു ഞങ്ങൾക്ക്. കിടന്നെങ്കിലും ഉറക്കം വന്നില്ല. കണ്ണ് മയങ്ങുന്ന നേരത്തെല്ലാം താജ്മഹലിൻറെ ദൃശ്യം വന്ന് ഉറക്കം കെടുത്തിക്കളഞ്ഞു.
ശനിയാഴ്ച പ്രഭാതഭക്ഷണം കഴിഞ്ഞതും ആഗ്രയിലേക്കു പുറപ്പെട്ടു. ആരോടും ഒന്നും ചോദിക്കേണ്ടി വന്നില്ല ഓരോ സ്ഥലമെത്തുമ്പോഴും സുഹൃത്തിന്റെ ചെറുവിവരണങ്ങളും ലിങ്കുകളും സന്ദേശമായെത്തിയിരുന്നു. സർദാർജി നല്ലൊരു ഗൈഡും കൂടിയായിരുന്നു. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലൂടെ പോകുന്ന പ്രതീതിയായിരുന്നു ആഗ്രയിലേക്കുള്ള യാത്ര.
ആഗ്ര..! ആ ബോർഡ് കണ്ടപ്പോൾ ഹൃദയത്തിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി.
ആദ്യം പോയത് ആഗ്രാഫോർട്ട് കാണാനാണ്. അക്ബർ ചക്രവർത്തിയുടെ പ്രൗഢി നിറച്ചുവെച്ച കോട്ടകൾ.. അനാർക്കലിയും സലീമും ഓടിനടന്ന മണ്ണ്. അനാർക്കലിയെന്ന നാദിറ മരണമടഞ്ഞെന്നറിഞ്ഞു സലിം എന്ന ജഹാംഗീർ മറ്റൊരു വിവാഹം ചെയ്തു ഭരണം ഏറ്റെടുത്ത മണ്ണ്.. വെളുത്ത മാർബിൾ ബാൽക്കണിയുള്ള ടവറിൽ അക്ബർ ചക്രവർത്തിയുടെ കൊച്ചുമകനായ ഷാജഹാൻ ചക്രവർത്തി സ്വന്തം പുത്രനായ ഔറംഗസീബിനാൽ തടവിലാക്കപ്പെട്ടതും, താജ്മഹൽ നോക്കി വിങ്ങിക്കരഞ്ഞു ചരമം പ്രാപിച്ച ചരിത്രമൊക്കെ മുന്നിൽ തെളിഞ്ഞു വന്നു. 17ാം നൂറ്റാണ്ടിൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണാഞ്ജലിയായി പണിത മുസമ്മൻ ബുർജ് അഥവാ സമാൻ ബുർജ് എന്ന അഷ്ടഭുജ സ്തംഭത്തിൽ തന്നെയാണ് ഷാജഹാൻ ചക്രവർത്തി കണ്ണീർവാർത്തു തടവിൽ കഴിഞ്ഞിരുന്നത്. മുസമ്മൻ ബുർജ് എന്ന ടവറിന്റെ ബാൽക്കണിയിലൂടെ താജ്മഹലിന്റെ വിദൂരദൃശ്യം കണ്ടപ്പോൾ മനസ്സിലൊരു കുഞ്ഞുവേദന തോന്നി. അത്ഭുതങ്ങളുടെ കൂമ്പാരം തന്നെയായിരുന്നു ഓരോ കാഴ്ചകളും..
ഉച്ചഭക്ഷണത്തിന്റെ സമയം നമ്മുടെ ചോറിന്റെ വില ശരിക്കുമറിഞ്ഞു. നാട്ടിൽ ചോറിന്റെ കൂടെ പായസം വെക്കുന്നപോലെ അവിടെ ചപ്പാത്തിയുടെ കൂടെ ഇത്തിരി ചോറ് കിട്ടും. വെറും ചോറ് മാത്രമായി വാങ്ങാൻ ഒരു കോഴിബിരിയാണിയേക്കാൾ വില കൊടുക്കണം.
താജിൽ കയറുന്നതിനു മുമ്പ് അൽപമൊന്ന് വിശ്രമിക്കാൻ തീരുമാനിച്ചു. സുഹൃത്ത് എല്ലാം മുമ്പേ ചെയ്തുവെച്ചിരുന്നതിനാൽ ഒന്നും അന്വേഷിച്ച് അലയേണ്ടിവന്നില്ല. താജ് റിസോർട്ടിൽ ആയിരുന്നു റൂം.. താജ്മഹലിനടുത്തേക്കു ഒന്നോടിച്ചെല്ലാനുള്ള ദൂരം. നൂറോ ഇരുനൂറോ മീറ്റർ അകലത്തിൽ കണ്ണെത്തും ദൂരത്തു താജ്മഹൽ കാണാമായിരുന്നു.. കണ്ട് കൊതിതീരാൻ സുഹൃത്തിന്റെ കരുതലായിരുന്നു അത്. നടക്കാവുന്ന ദൂരമേയുള്ളുവെങ്കിലും മക്കളെയും കൊണ്ട് സൈക്കിൾവണ്ടിയിൽ കയറി. താജ്മഹൽ കണ്ണുനിറച്ചു കണ്ടുകൊതിതീരും വരെ എന്നെ ശല്യപ്പെടുത്തരുതെന്നു ആദ്യമേ ഭർത്താവിനോടും മക്കളോടും പറഞ്ഞു.
ചെക്കിങ് ഒക്കെ കഴിഞ്ഞു താജ്മഹലിലേക്കുള്ള എൻട്രൻസ് കടന്നപ്പോൾത്തന്നെ എനിക്ക് ഭാരമില്ലാതായി. ഒരു പഞ്ഞിക്കഷണംപോലെ ഏതൊക്കെയോ ആകാശങ്ങളിലുടെ പറന്നു നടക്കുന്ന പോെല. ഇടക്ക് ഫോട്ടോയെടുക്കൽ, ഗൈഡുകളുടെ പിടിവലി.. ആ വല്ലാത്ത അനുഭൂതിയിൽ ഒന്നിലും നിന്നില്ല മനസ്സ്.. മുൻപൊക്കെ ചെരിപ്പഴിച്ചു വെച്ചായിരുന്നു പ്രവേശനം. എന്നാലിപ്പോൾ ചെരിപ്പിനുമുകളിലൂടെ ഒരു കവറിട്ടാൽ മതിയായിരുന്നു. അതൊക്കെ അവിടെത്തന്നെ വിൽക്കുന്നുണ്ട്. വെളുത്തമാർബിളിൽ പണിത ഓർമ്മകുടീരത്തിനു മുന്നിൽ നിൽക്കുമ്പോൾ വല്ലാത്തൊരു തണുപ്പായിരുന്നു മനസ്സിൽ.. കണ്ണുകളിലൊരു കുഞ്ഞു മഞ്ഞുതുള്ളി വീണപോലെ.. വൈകുന്നേരമായിരുന്നതിനാൽ ഒട്ടും വെയിലുണ്ടായിരുന്നില്ല. നല്ല കാലാവസ്ഥയുമായിരുന്നു.
മുഗൾ പേർഷ്യൻ സംസ്കാര സങ്കലനം. യമുനാനദിയുടെ തീരത്തു 22 വർഷങ്ങൾ കൊണ്ട് ഉസ്താദ് അഹ്‌മദ് ലാഹോറിയുടെയും ഉസ്താദ് ഇസയുടെയും നേതൃത്വത്തിൽ പണി കഴിപ്പിച്ച അത്ഭുതം. 28 തരം വിലപിടിപ്പുള്ള കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന താജ്മഹൽ. നാല് വശങ്ങളിലും മിനാരങ്ങളുള്ള സമചതുര സ്തംഭപാദത്തിന്റെ അകത്തെ അറക്കുള്ളിൽ അടുത്തടുത്തായി ഷാജഹാൻ ചക്രവർത്തിയും മുംതാസും പ്രണയനിദ്രയിലമർന്നിരിക്കുന്നു. ‘കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി’ എന്നായിരുന്നല്ലോ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചത്. കണ്ണുനിറയെ കണ്ടു തിരിച്ചുനടക്കുമ്പോൾ ആകെയൊരു ശാന്തതയായിരുന്നു മനസ്സിൽ, ആരോടും ഒന്നും മിണ്ടാൻ തോന്നിയില്ല.
രാത്രിഭക്ഷണം റിസോർട്ടിൽ ഒരുക്കിയിരുന്നു. മനോഹരമായ ഡിന്നർ സുഹൃത്ത് പറഞ്ഞുവെച്ചതായിരുന്നു. മങ്ങിയ വെളിച്ചത്തിൽ മ്യൂസിക് ന്റെ അകമ്പടിയോടെ ടെറസ്സിൽ ഒരു ഓപ്പൺ ഡൈനിങ്ങ്... അവിടെ നിന്നും നോക്കുമ്പോൾ കുറച്ചുദൂരെ താജ്മഹലിന്റെ വെളുപ്പ് കാണാം. ശാന്തമായ മനസ്സിലേക്ക് രുചികരമായ ഭക്ഷണത്തോടൊപ്പം ഗസലുകളും മെലഡികളും നിലാവും പിന്നെ പലനിറങ്ങളിൽ മിന്നുന്ന ലൈറ്റുകളും.... അറിയാതെ കണ്ണുകൾ ഈറനായി. ഒരു സ്വപ്നം ഇങ്ങനെ സഫലമാകുമെന്ന് കരുതിയില്ല.
‘ഇതുകാണാൻ നീ ഇത്രയും ആഗ്രഹിച്ചത് ഞാനറിഞ്ഞില്ല..’ തൊട്ടടുത്ത് നിന്ന് ജീവിത പങ്കാളിയുടെ വാക്കുകൾ അപ്പോൾ ഏതോ ലോകത്തുനിന്ന് എന്ന വണ്ണംതോന്നി. ആ രാത്രി ഞങ്ങളുറങ്ങുന്നത് ഷാജഹാൻറെയും മുംതാസിൻെറയും ഓർമകൾക്ക് നടുവിലാണല്ലോ എന്നോർത്തപ്പോൾ പുറത്തെ കുളിര് മനസ്സിലുമെത്തി.
രാവിലെ ആഗ്രയിൽ നിന്ന് വീണ്ടും ഡൽഹിയിലേക്ക് തിരിച്ചു. വരുന്ന വഴിയിൽ ഫത്തേപുർസിക്രി കാണാനിറങ്ങി. കാർ പാർക്കിങ്ങിൽ വിട്ടു അവിടത്തെ ബസിലായിരുന്നു യാത്ര. അംഗീകാരമുള്ളതും ഇല്ലാത്തതുമായ ഗൈഡുകളുടെ കൂട്ടത്തിൽ പത്തുവയസ്സ്‌പോലും ആവാത്ത കുട്ടിഗൈഡുകളുമുണ്ടായിരുന്നു. വെളുത്ത താടിയുള്ള മെലിഞ്ഞുനീണ്ട ഒരു ഉപ്പാപ്പയെ ഗൈഡായി കൂടെ കൂട്ടി.. ചുവന്ന കല്ലുകൾ അടുക്കിവെച്ച മുഗൾ-ഹിന്ദു സംസ്കാരങ്ങൾ കൂടിക്കലർന്ന കെട്ടിടങ്ങൾ.. ബുലന്ദ് ദർവാസ, പാഞ്ച് മഹൽ, ബീർബൽസ് പാലസ്, ജോധാഭായി പാലസ്... അങ്ങനെ ഒരുകൂട്ടം അത്ഭുതങ്ങൾ...
സമയക്കുറവു കാരണം മഥുരാസന്ദർശനം വേണ്ടെന്നു വെച്ചു. വരുന്ന വഴിയിൽ അവിടെ പേരുകേട്ട ആഗ്രപേടയടക്കം ഒരുപാട് സ്വീറ്റ്സ് വാങ്ങി. ഡൽഹിയിലെത്തി സുഹൃത്തിൻെറ കുടുംബത്തോെടാപ്പം പുറത്തിറങ്ങി. ത്രിവർണത്തിൽ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന ഇന്ത്യാഗേറ്റിനു അടുത്ത് കുറച്ചുനേരമിരുന്നു. രാപ്പകൽ അണയാതെ നിൽക്കുന്ന അമർ ജവാൻ ജ്യോതി.
തിങ്കളാഴ്ച സർദാർജിക്കൊപ്പം മുഗൾ-പേർഷ്യൻ ചുവയുള്ള ഹുമയൂൺ ടോംബ് (ഹുമയൂൺ കുടീരം ) കാണാൻ പോയി. മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമാണിത്. അതുകഴിഞ്ഞ് നിസാമുദ്ദീൻ ദർഗയിലേക്ക്. വഴിയിലൊക്കെ കാശ്മീരി ഷാളുകളും, പൂവും, വളയും മാലയും വിൽപ്പനക്ക് വെച്ചിരുന്നു. കൊണാട് ബസാർ, പാലിക ബസാർ അങ്ങനെ കുറെ ബസാറുകൾ.. ദീപാവലിക്ക് രണ്ടു ദിവസം കൂടിയേ ഉണ്ടായിരുന്നുള്ളു.. അതിനാൽ എല്ലായിടത്തും നല്ല തിരക്ക്. മക്കളെയും കൊണ്ട് ഷോപ്പിംഗ് ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും വേണ്ടതൊക്കെ വാങ്ങി റൂമിലേക്ക് തിരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മടങ്ങാനുള്ള ഫ്ലൈറ്റ്. ഒന്നുകൂടി ഡൽഹിയുടെ തിരക്കിൽ ചെറിയ തണുപ്പുമേറ്റ് അലഞ്ഞുനടന്നു. തിരികെ സർദാർജിയുടെ കാറിൽ തന്നെ എയർപോർട്ടിലേക്ക്. നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോഴും നല്ല മഴയായിരുന്നു. മനസ്സിൽ അപ്പോഴും താജിൻറെ മിനാരങ്ങൾ ഉയർന്നു നിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.