ബിജാപ്പൂരിലെ സംസാരിക്കുന്ന ചുവരുകൾ

'രംഭാ..., നിനക്ക് എന്നോട് മുഹബ്ബത്തുണ്ടോ..?'
ശബ്ദത്തി​​​​​​​െൻറ മാന്ത്രിക കൊട്ടാരത്തിലെ മിനുമിനുത്ത ചുവരിൽ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചതും വർത്തുളാകൃതിയിലുള്ള ഗാലറിയുടെ കൃത്യം മറുഭാഗത്തെ ചുവരുകൾ വാക്കുകളെ ഒപ്പിയെടുത്ത് അവളുടെ കാതുകളിൽ മധുരമായി ഓതിയതും ഇങ്ങനെയായിരുന്നു.
രംഭയുടെ അരുണിമ പടർന്ന അധരങ്ങൾ... നിഗൂഢവിദ്യകൾ ഒളിപ്പിച്ചുവച്ച ആ ചുവരുകളോട് ഇങ്ങനെ പ്രതിവചിച്ചു കാണണം.
'എ​​​​​​​െൻറ സുൽത്താനെ... ഞാൻ എന്നേക്കാളേറെ അങ്ങയെ സ്നേഹിക്കുന്നു..'

സുൽത്താ​​​​​​​െൻറ വചനങ്ങൾ.... 'നിന്റ്റെ മുഹബ്ബത്ത് സൂര്യചന്ദ്രന്മാരെപോലെ സത്യമാണോ രംഭാ...?'
വാക്കുകൾ അവളുടെ ആത്മാവിൽ നിന്നും നീരുറവ പോലെ പൊട്ടിച്ചിതറി... 'എ​​​​​​​െൻറ സുൽത്താനെ, തീർച്ചയായും...'
അയാളുടെ ചുണ്ടുകൾ ആ ചുവരുകളോട് വീണ്ടും മന്ത്രിച്ചു... 'എങ്കിൽ... ഞാൻ പറയുന്നതെന്തും നീ ചെയ്യുമോ...?'
'എ​​​​​​​െൻറ സുൽത്താനേ... അങ്ങ് പറയുന്നതെന്തും ഈയുള്ളവൾ അനുസരിക്കും..'
'ശരി... നി​​ന്‍റെ തമ്പുരാൻ കൽപിക്കുന്നു... സ്വർഗത്തി​​ന്‍റെ ഈ ഏഴാം നിലയിൽ നിന്നും നീ പാതാളത്തിലേക്ക് ചാടുക...'

പൊടുന്നനവെ ഗാലറിയുടെ അങ്ങേ തലയ്ക്കൽ കൈവളകളും പാദസ്വരങ്ങളും കൂട്ടമണിപോലെ നാദമുയർത്തി... മണിമുത്തുകൾ തുന്നിയ ചേലാഞ്ചലം മുകളിലേക്ക് വീശിയെറിയപ്പെട്ടു.... അവളുടെ പട്ടുകുപ്പായത്തി​​ന്‍റെ മുത്തുമണി അലുക്കുകൾ അപായമണി പോലെ ചിലമ്പിച്ചു... ഗാലറിയുടെ കൈവരികൾക്ക് മീതെ പൊന്തി അവൾ താഴേക്ക് എടുത്തുചാടി...

പിന്നെയുയർന്നത് അവളുടെ പിടയുന്ന പ്രാണ​​ന്‍റെ ആർത്തനാദമാണ്. എല്ലാം നിമിഷങ്ങൾക്കകം സംഭവിച്ചിരിക്കുന്നു. സുൽത്താൻ ഞെട്ടിയെഴുന്നേറ്റു... ഗാലറിയുടെ കൈവരികളിൽ പിടിച്ച് താഴോട്ടു നോക്കി... രംഭ അങ്ങ് താഴെ കിടന്നു പിടയുന്നു. സുൽത്താൻ ഇടുങ്ങിയ പടവുകളിലൂടെ താഴേക്കോടി.

രക്തത്തിലെ കുതിർന്ന രംഭയെ സുൽത്താൻ കൈകളിൽ കോരിയെടുത്തു... സുൽത്താ​​​​​​​െൻറ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടന്നു...
അവസാന ശ്വാസം പോലെ അവൾ ഞരങ്ങി... 'അങ്ങയ്ക്കൊപ്പം... അങ്ങയുടെ ബീവിമാർക്കൊപ്പം... എന്നെയും ഇവിടെ അടക്കുമോ...?'
ആ കരങ്ങൾ പിടിച്ചു സുൽത്താൻ അവൾക്ക് വാക്കുകൊടുത്തു...
'തീർച്ചയായും... രംഭാ...'
ആ സാധുവി​​​ന്‍റെ പ്രാണനും ഗദ്ഗദങ്ങളും ശബ്ദത്തി​​ന്‍റെ ആ മാന്ത്രിക കൊട്ടാരത്തി​​ന്‍റെ മേലാപ്പിൽ വിലയം പ്രാപിച്ചു.

ഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്തര കർണാടകയിൽ, മഹാരാഷ്ട്രയുടെ തെക്കേ അതിർത്തിയിൽ, ബിജാപ്പൂരിൽ പണിതീർന്നുകൊണ്ടിരുന്ന സുൽത്താൻ മുഹമ്മദ് ആദിൽ ഷായുടെ അന്ത്യവിശ്രമ മന്ദിരമായ ഗോൾഗുംബസ്സിൽ ഇങ്ങനെയൊരു ദാരുണം സംഭവിച്ചതെന്ന് പറയപ്പെടുന്നു. ആദിൽ ഷായുടെ അന്തഃപുരത്തിലെ ഏറ്റവും സുന്ദരിയും വിശ്വസ്​തയുമായ പരിചാരിക രംഭയാണ് ഈ കഥയിലെ നായിക. സിംഹാസനങ്ങളിൽ വാണരുളുന്നവർ സാക്ഷാൽ ദൈവത്തിന്റെ പ്രതിനിധികളെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്ന, വാഴുന്നോർ വീഴുമ്പോൾ തമ്പുരാട്ടിമാരും നിഷ്കളങ്കരായ അന്തഃപുര സ്ത്രീകളും കൂട്ടച്ചിതയൊരുക്കിയുള്ള ആത്മാഹൂതികൾ ​ചെയ്​തിരുന്ന സംഭവങ്ങൾ ഇരുളടഞ്ഞ മദ്ധ്യകാല ഏടുകളിൽ സമൃദ്ധമായിരുന്നു.

ഗോള്‍ ഗുംബസിലേക്കുള്ള പാത

എങ്കിലും ഈ കഥ സത്യമോ മിഥ്യയോ എന്നറിയില്ല... മിക്ക ഡെക്കാണി ചരിത്രകാരന്മാരും ഇതേക്കുറിച്ച് മൗനം പാലിക്കുന്നു. മാമൂൽ കൊട്ടാര ചരിത്രകാരന്മാരുടെ എടുപ്പു മാതൃകകളിൽ ഒരു പാവം പരിചാരിക തിരസ്ക്കരിക്കപ്പെട്ടതുമാകാം. എന്നാൽ, വിദേശ ചാനലുകളും തദ്ദേശീയ ഗൈഡുകളും രംഭയെ ഒരു മിത്തുപോലെ നമ്മുടെ മുമ്പിലേക്ക് അവതരിപ്പിക്കുന്നുണ്ട്. എന്തായാലും ഗോൾഗുംബസ്സി​​​​​​​െൻറ നിലവറ തണുപ്പിൽ മുഹമ്മദ് ആദിൽ ഷായ്ക്കും അംഗീകൃത ബീവിക്കും മകൾക്കുമൊപ്പം മറ്റൊരു സ്ത്രീയുള്ള കാര്യം രേഖകളിൽ തമസ്ക്കരിക്കപ്പട്ടിരിക്കുകയാണ്. എന്തോ എ​​​​​​​െൻറ മനസ്സ് പറയുന്നത് ആ 'മറ്റൊരു' സ്ത്രീ രംഭയാണെന്നാണ്... വിശ്വസ്​തതയും കൂറും കാട്ടാൻ വേണ്ടി ഏഴാം നിലയിൽ നിന്നും എടുത്തുചാടി സ്വന്തം ജീവൻ ചിതറിച്ചു കളഞ്ഞ ഒരു വെറും പൊട്ടപെണ്ണ്... എനിക്ക് അങ്ങനെ തന്നെ വിശ്വസിക്കാനാണ് ഇഷ്ടം. ചരിത്രത്തിൽ എത്രയോ ഇല്ലാക്കഥകൾ വീരസ്യമായി കൊണ്ടാടുന്നു... എത്രയോ സാത്താന്മാർ വിശുദ്ധന്മാരായി വാഴ്ത്തപ്പെടുന്നു. അതാണ് 'ഹിസ് സ്​റ്റോറി' ബിജാപ്പൂരിലെ ഒരു പരിചാരിക പെണ്ണിനെ ആരെങ്കിലും ചരിത്രത്തിന്റ്റെ 'റോയൽ സെമിറ്ററി'യിൽ അടക്കം ചെയ്തിട്ടുണ്ടെങ്കിൽ അത് വെറും കെട്ടുകഥയാകാൻ തരമില്ല... പക്ഷേ മുഹമ്മദ് ആദിൽ ഷായുടെ മരണാനന്തരം യാഥാസ്ഥിതിക കൊട്ടാര ഉപജാപകർ ചരിത്രത്തിന്റെ നിലവറയിൽ നിന്നും ആ പാവത്തി​​​​​​​െൻറ അടയാളങ്ങളെ പോലും നീക്കം ചെയ്തതായിട്ടാണ് കാണുന്നത്.

ഗോൾ ഗുംബസിനു മുന്നിലെ ആർക്കിയോളജിക്കൽ മ്യൂസിയം

നാഷണൽ ഹൈവേ 52 ൽ ബിജാപ്പൂരിലേക്ക് തിരിയേണ്ടിടത്ത് എത്തിയപ്പോൾ സമയം സായാഹ്നമായിരിക്കുന്നു. ഈ യാത്ര രാവിലെ ആരംഭിച്ചത് കർണാടകയിൽ ബദാമിയിലെ ഗുഹാക്ഷേത്രങ്ങൾ കണ്ടു കൊണ്ടാണ്. പിന്നെ പട്ടടക്കൽ... ഐഹോൾ എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ട് ബിജാപ്പൂരിലേക്ക്. ഹൈവേയിൽ നിന്ന് നോക്കുമ്പോൾ തന്നെ നമുക്ക് ബിജാപ്പൂരി​​​​​​​െൻറ അടയാളമായ ഗോൾഗുംബസ്സിനെ കാണാവും. മൊത്തത്തിൽ... മുഷിഞ്ഞ കെട്ടിടങ്ങൾക്ക് മീതെ വലിയ തലപ്പൊക്കവുമായി നില്ക്കുന്ന, മദ്ധ്യകാലഘട്ടം മുതലേയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റ താഴികക്കുടം... ലോകത്തിലെ രണ്ടാമത്തേത്. എൻ എച്ച് 52 ൽ നിന്നും കുറച്ചു ഉള്ളിലോട്ടാണ് ബിജാപ്പൂർ പട്ടണം കിടക്കുന്നത്. ഇപ്പോൾ ബിജാപ്പൂർ കർണാടകയിലെ അത്ര പ്രധാനമായ നഗരമൊന്നുമല്ലെങ്കിലും ഇവിടുത്തെ പ്രധാന വഴികൾ കേരള തലസ്ഥാനത്തേക്കാൾ വീതിയുള്ളതാണ്... വരിയോരങ്ങളിലെ കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ മുഷിഞ്ഞതാണെന്ന് മാത്രം.

ജാമി മസ്​ജിദിനു മുൻവശം

ബിജാപ്പൂർ... പത്തും പതിനൊന്നും നൂറ്റാണ്ടിലെ കല്യാണി ചാലൂക്യന്മാരുടെ വിജയപുര... മധ്യകാലഘട്ട ലോകത്തിൽ പാരീസ് നഗരത്തേക്കാൾ സമ്പന്നമായിരുന്ന വിജയനഗരത്തി​​​​​​​െൻറ തകർച്ചയ്ക്ക് കാരണഭൂതരായ 'ഡെക്കാൻ സുൽത്താനേറ്റി'ലെ ആദിൽ ഷാമാരുടെ (സി.ഇ 1489-1687) കാലത്തോടെ ബിജാപ്പൂർ പ്രസിദ്ധമായിത്തീർന്നു. വൃത്താകൃതിയിലുള്ള കോട്ടമതിലിനുള്ളിലും പുറത്തുമായി ബിജാപ്പൂർ നഗരം പരന്നു കിടക്കുന്നു... ഒപ്പം അഞ്ചു കോട്ടവാതിലുകളും. കോട്ടക്കുള്ളിൽ ഏകദേശം വൃത്താകൃതിയിൽ മറ്റൊരു കോട്ടയും. ഒരു നഗരമാകെ ചരിത്ര നിർമിതികൾ, മസ്ജിദുകൾ, ഖബറിടങ്ങൾ, കാലഹരണപ്പെട്ട ജലശേഖരങ്ങൾ... പരന്നു കിടക്കുകയാണ്. ആകെക്കൂടി നോക്കുമ്പോൾ എന്നോ ഉപേക്ഷിക്കപ്പെട്ടു പോയ ഒരു പട്ടണത്തിൽ ഇപ്പോഴും ആളുകൾ പാർക്കുന്നുവെന്നതാണ് അതി​​​​​​​െൻറ വാസ്തവം. ചരിത്ര നിർമിതികളുടെ ബാഹുല്യം കൊണ്ടോ പഴക്കം കൊണ്ടോ അതൊന്നും നന്നായി സൂക്ഷിക്കാൻ ആർക്കയോളജിക്കൽ സർവെ ഓഫ് ഇന്ത്യക്ക് പോലും കഴിയുന്നില്ലെന്ന് തോന്നുന്നു. സമുദ്ര നിരപ്പിൽ നിന്നും 1943 അടി ഉയരത്തിൽ കിടക്കുന്ന ബിജാപ്പൂർ നഗരം 3.27 ലക്ഷം (2011) ജനസംഖ്യയുള്ള ഒരു മുൻസിപ്പാലിറ്റിയാണ്. ഒപ്പം അതേ പേരിലുള്ള താലൂക്കി​​​​​​​െൻറയും ജില്ലയുടെയും ആസ്ഥാനവും കൂടിയാണ്.

ജാമി മസ്​ജിദിനു ഉൾവശം

നേരെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോയി. ഹോട്ടലിലിലെ കാര്യങ്ങൾ നിരാശാജനകമായിരുന്നു. ബെഡിൽ അങ്ങിങ്ങായി ചില 'ബഗ്ഗു'കൾ. റൂംബോയ് പറയുന്നത് 'ഒരു രാത്രി മാത്രമല്ലേ... ക്ഷമിക്കണം..' എന്നാണ്. MakeMyTrip മുറികൾക്ക് നിലവാരമില്ലാതെ കാണുന്നത് ആദ്യമായിട്ടാണ്. നേരെ അവരുടെ ടോൾഫ്രീയിലേക്ക് വിളിച്ചു പരാതിപ്പെട്ടു. അടുത്ത നിമിഷം ഹോട്ടൽ മാനേജർ മുറിയിലെത്തി. ഫ്രീയായി അവരുടെ മുന്തിയ സ്യൂട്ട് മുറിയിലേക്ക് മാറിക്കൊള്ളാൻ പറഞ്ഞു. ബഗ്ഗുകൾക്ക് വേണ്ടി അയാൾ മാപ്പു പറഞ്ഞു.

പിന്നീട് ഞങ്ങൾ ഹോട്ടലിൽ നിന്നും വേഗം പുറത്തേക്കിറങ്ങി. സമയം വൈകുന്നേരം 4:40... സായാഹ്നം അവസാനിക്കുന്നതിന് മുമ്പ് ഗോൾഗുംബസ്സിനെ പകൽവെളിച്ചത്തിൽ കാണണം. ഒറ്റ ദിവസത്തിൽ ബദാമിയും പട്ടടക്കലും ഐഹോളും ബിജാപ്പൂരും കാണുക എന്നത് ഈ യാത്രയുടെ ദൗത്യമായിരുന്നു.... അതു പൂർത്തീകരിക്കണം.

നേരെ ഗോൾഗുംബസ്സിലേക്ക് ഡ്രൈവ് ചെയ്തു. ടിക്കറ്റ് എടുക്കുന്നതിനുള്ള സമയം (9:00-17:00) കഴിഞ്ഞിരിക്കുന്നു. ഇരുവശവും മരങ്ങൾ ഇടതൂർന്ന നീണ്ട വഴിയുടെ അങ്ങേയറ്റം... ചാഞ്ഞ വെയിലിൽ ഗോൾഗുംബസ്സി​​​​​​​െൻറ ദൂരദൃശ്യം കാണാം. അടുത്തു നിന്നു നോക്കുമ്പോൾ... എൻ.എച്ച് 52 ൽ കണ്ട ഗാംഭീര്യത്തിന്​ ഇത്തിരി കുറവു വന്നേയെന്ന്​ എനിക്ക് തോന്നി.

അങ്ങനെ ആലോചിച്ചു നിലക്കുമ്പോൾ പിന്നിൽ നിന്നും ആരൊ തോണ്ടി വിളിക്കുന്നു. മുഷിഞ്ഞ പാൻറ്​സും ഷർട്ടും ധരിച്ച പ്രായമുളള മനുഷ്യൻ. അയാൾ പറയുന്നത് ഇന്നത്തെ സായാഹ്നം ഒരു നഗര പ്രദക്ഷിണം ആയാലോ എന്നാണ്... അയാളുടെ കുതിര വണ്ടിയിൽ. അയാൾക്ക് ആകെക്കൂടി ഒരു കുതിര മണം. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി... പ്രായത്തി​​​​​​​െൻറ അവശതയും പ്രാരബ്​ധവുമെല്ലാം ആ മുഖത്തിൽ നിന്നും വായിച്ചെടുക്കാം... അയാൾ നന്നേ ക്ഷീണിതനുമാണ്. ഞങ്ങളെ വിളിച്ചു കൊണ്ടു പോകാൻ അയാൾ വല്ലാതെ ശ്രമിക്കുകയാണ്. അയാൾക്ക് കടുത്ത സാമ്പത്തിക ഞെരുക്കമുണ്ടെന്ന് തോന്നുന്നു. കാർ വഴിയരികിൽ ഒതുക്കി ഞങ്ങൾ അയാൾക്കൊപ്പം കുതിരവണ്ടിയിൽ കയറി.

മെഹ്​തർ മഹൽ

നൂറ്റാണ്ടുകളുടെ നരച്ച മുഖമുള്ള പട്ടണത്തിലൂടെ ജമാൽഖാ​​​​​​​െൻറ മുഷിഞ്ഞ ചുവപ്പൻ കുതിര ഞങ്ങളെയും വഹിച്ച്​ പ്രധാന വീഥിയിലൂടെ, കുടമണികൾ കിലുക്കി നീങ്ങി. അയാൾ ഞങ്ങളെ കുറിച്ച് ഓരോന്നും ചോദിക്കുന്നുണ്ടായിരുന്നു. എ​​​​​​​െൻറ പേര് കേട്ടിട്ട്, ജമാൽഖാ​​​​​​​െൻറ സുഹൃത്തുക്കൾ ഏറെയും ഹിന്ദുക്കളാണെന്നും അയാൾ ഹിന്ദു കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. അതൊക്കെ അയാൾ ആത്മാർത്ഥമായി പറഞ്ഞതു തന്നെയായിരുന്നു. ഇപ്പോഴത്തെ ഇന്ത്യയിൽ, കേരളത്തിന് പുറത്ത് 'ജമാൽഖാൻ'മാർ അത്ര സുരക്ഷിതരല്ലായെന്നത് ആ പാവത്തി​​​​​​​െൻറ മൊഴിവഴക്കങ്ങളിൽ ഒളിഞ്ഞു കിടന്നിരുന്നു. ഒപ്പം അയാളുടെ കുടുംബ പ്രാരബ്ധങ്ങളും പറഞ്ഞു കൊണ്ടിരുന്നു... നിക്കാഹ് കഴിഞ്ഞ മകളുടെ ജീവിതത്തിലെ താളപ്പിഴ... ആൺമക്കൾക്ക് നല്ല ജോലിയായിട്ടില്ല... അയാളുടെയും ബീവിയുടെയും ആരോഗ്യക്കേടുകൾ... എല്ലാം ഒരു വായിൽ പറഞ്ഞു തീർത്തിരിക്കുന്നു. നഗരവാസിയാണെങ്കിലും നാവു പറയുന്നത് ഗ്രാമീണ​​​​​​​െൻറ നിഷ്കളങ്കതയിലാണ്. ജമാൽഖാ​​​​​​​െൻറ വാക്കുകളിൽ എവിടെയൊക്കെയോ സൂഫിസം നിറഞ്ഞു നിന്നിരുന്നു. ബിജാപ്പൂരിൽ സൂഫിസം നൂറ്റാണ്ടുകളായി സംഗീതവും ഭക്തിയും അനുഷ്ഠാനങ്ങളുമൊക്കെയായി കുതിരക്കാരനിൽ വരെ സ്വാധീനം ചെലുത്തിയിരിക്കുന്നു.

ഗഗൻ മഹൽ

ജമാൽഖാ​​​ന്‍റെ സംസാരം തുടരുമ്പോൾ എന്‍റെ കണ്ണുകൾ എം.ജി (സ്റ്റേഷൻ) റോഡി​ന്‍െറ പരിസരങ്ങളെ വീക്ഷിച്ചു കൊണ്ടിരുന്നു... എല്ലാം പഴയ കച്ചവട ശാലകൾ... മനുഷ്യരും മുഷിഞ്ഞിരിക്കുന്നു. കുതിരവണ്ടിയിലെ യാത്ര ആയാസകരമെങ്കിലും മൊത്തത്തിൽ രസകരമാണ്. ചക്രങ്ങളുടെ കടകട ശബ്ദവും കുതിരയുടെ കുളമ്പടിയൊച്ചകളും ഉടൽ കുലുക്കിയുള്ള ഓട്ടവും അനുഭവിക്കേണ്ടതു തന്നെയാണ്. ജമാൽഖാന്‍െറ കുതിരയ്ക്ക് 'ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്' ഉണ്ടെന്നു തോന്നുന്നു. എംജി റോഡിൽ ഒരു ജംഗ്ഷനിൽ എത്തിയപ്പോൾ കുതിര തനിയെ ഇടത്തേക്ക് തിരിഞ്ഞു... ദൗലത്ത്കോട്ട് റോഡിലേക്ക്. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞങ്ങൾ 'ജാമിയ മസ്ജിദി'ൽ എത്തി. ജമാൽഖാന്‍െറ കുതിര പരിചിതനെ പോലെ അവിടെ നിന്നു. അവൻ മുൻകാൽ ഉയർത്തി നിലത്തു ആഞ്ഞുചവുട്ടി... 'ഇറങ്ങി പോകൂ... സുഹൃത്തുക്കളെ' എന്നാണ് അവൻ ഞങ്ങളോട് പറയുന്നത്.

ജാമി മസ്ജിദ്... ദക്ഷിണേന്ത്യയിലെ ഏറ്റവും പുരാതനമായ വലിയ മസ്ജിദ്... 1,16,300 ചതുരശ്ര അടി വിസ്തൃതി. അലി ആദിൽ ഷാ ഒന്നാമന്‍െറ കാലത്ത്... വിജയനഗരത്തിന്‍െറ പരാജയത്തിനു ശേഷം പണി കഴിപ്പിക്കപ്പെട്ടത്. ബിജാപ്പൂരിന്‍െറ എത്രയോ തലമുറകളുടെ പ്രാർത്ഥനകൾ കേട്ട മഹാ സൗധം. ആർക്കെയൊളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ അധീനതയിലാണെങ്കിലും ഈ മസ്ജിദ് ഇപ്പോഴും സജീവമായ ഒരു ആരാധനാ കേന്ദ്രം തന്നെ... ധാരാളം വിശ്വാസികൾ ഇതിന്‍െറ പരിസരങ്ങളിൽ കൂടിനിൽക്കുന്നു. പക്ഷേ, മതിൽകെട്ടിനുള്ളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മസ്ജിദിന്‍െറ ഗാംഭീര്യതയെ കുറയ്ക്കുന്നുണ്ട്. പടവുകൾ കയറി ഞങ്ങൾ മസ്ജിദിനുള്ളിൽ എത്തി. എത്ര മനോഹരമായ നിർമിതി. ഇന്തോ - ഇസ്​ലാമിക്​ വാസ്തുശൈലി. പുറത്തെ തിരക്കൊന്നും അകത്തില്ല... ചുവരുകളിൽ നിറയെ പെയിൻറിങുകൾ... മ്യൂറലുകൾ. ആ പരിസരങ്ങളെ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. വെയിൽ കൂടുതൽ മങ്ങുന്നതിന് മുമ്പ് ബിജാപ്പൂരിന്‍െറ തെരുവുകളെ ആവുന്നിടത്തോളം കുതിരവണ്ടിയിൽ പ്രദക്ഷിണം ചെയ്യേണ്ടതാണ്. ഞങ്ങൾ മസ്ജിദിൽ നിന്നും പുറത്തേക്കിറങ്ങി.

ജോധ്​ ഗുംബസ്​

ജമാൽഖാന്‍െറ കുതിര അക്ഷമനായി നിൽക്കുകയായിരുന്നു. അവൻ ഞങ്ങളെയും കൊണ്ടു മസ്ജിദ് സ്ട്രീറ്റിലൂടെ ബിജാപ്പൂർ കോട്ടയുടെ ദിശയിലേക്ക് പോയി. പോകുന്ന വഴിയരികുകളിൽ പലയിടങ്ങളിലും പൗരാണിക നിർമിതികൾ എഴുന്നുനില്ക്കുന്നു. ഇടതു വശത്ത് മെഹ്തർ മഹൽ... കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ പുരാതനമായ കോട്ടയുടെ പൊളിഞ്ഞ ഭാഗങ്ങൾ ദൃശ്യമായി. ജമാൽഖാന്‍െറ കുതിര ഞങ്ങളെയും കൊണ്ടു കോട്ടയുടെ അകത്തളങ്ങളിലേക്ക് നീങ്ങി.

അങ്ങനെ ഞങ്ങൾ പുറം കോട്ടയക്കുള്ളിലെ ശക്തമായ അകം കോട്ടയിലെത്തി. അവിടെ ആദ്യം കയറിയത് ഗഗൻ മഹൾ... 21 മീറ്റർ ഉയരമുള്ള സ്കൈ പാലസ്... പണ്ടെങ്ങോ ഒരു കൊട്ടാരമായിരിക്കണം... ഇപ്പോൾ കണ്ടാൽ നമുക്ക് തോന്നുന്നത് ഇതൊരു കൂറ്റൻ സ്റ്റേജ് ആണെന്നാണ്. മുകളിൽ കാണുന്ന അവശിഷ്ട ഭാഗങ്ങൾ സുൽത്താന്‍െറ അന്ത:പ്പുര വനിതകളുടെ ആലയങ്ങളായിരുന്നുവെന്ന് പറയപ്പെടുന്നു. ആദിൽ ഷാമാരുടെ ബിജാപ്പൂരിന്‍െറ ചരിത്രത്തിലെ ഒരു ദുർദിനം അരങ്ങേറിയതും ഇവിടെയായിരുന്നു. 1686ൽ ബിജാപ്പൂരിലെ അവസാനത്തെ സുൽത്താൻ സിക്കന്ദർ ആദിൽ ഷായെ വെള്ളി ചങ്ങലയിൽ ബന്ധിച്ച് ദില്ലി സുൽത്താൻ ഔറംഗസീബിന് കാഴ്ചവെച്ചത്​ ഇവിടെ വച്ചായിരുന്നു. ആ വാർത്ത കേട്ട് ബിജാപ്പൂരിലെ ഏതെങ്കിലും ഒളിയിടങ്ങളിൽ പ്രാണഭയത്താൽ പതിങ്ങിയിരുന്ന് സുൽത്താ​​​​​​​െൻറ റാണി ത​​​ന്‍റെ വിധിയോർത്ത് കരഞ്ഞപ്പോൾ ആസന്നമായ മറ്റൊരു ദുരന്തത്തെ കുറിച്ച് ചിന്തിച്ചു പോലും കാണില്ല. കാരണം, ഗോൾകൊണ്ടയിലെ അവസാന സുൽത്താൻ അബൂൾ ഹസ്സൻ തനാ ഷാ യുടെ മകളായിരുന്നു ആ ഹതഭാഗ്യ. കുറച്ചു മാസങ്ങൾക്കകം ത​​​​​​​െൻറ പിതാവിനെ തേടി വരാൻ പോകുന്നതും ഇതേ വിധി തന്നെയെന്ന് അന്നവർ അറിഞ്ഞു കാണില്ല. മരണം വരെ അബൂൾ ഹസ്സൻ തനാ ഷായും സിക്കിന്ദർ ആദിൽ ഷായും... പിതാവും ഭർത്താവും... ഔറംഗസീബി​​​​​​​െൻറ ദൗലത്താബാദ് കോട്ടയിലെ ജയിലറയിൽ തന്നെയായിരുന്നു തടവിൽ കിടന്നിരുന്നത്. ഈ അകം കോട്ടക്കുള്ളിൽ ഗഗൻ മഹൾ പോലെ പല കെട്ടിട നിർമിതികളുമുണ്ട്. ചരിത്രം തേടി വരുന്നവർ തീർച്ചയായും സമയമെടുത്ത് അതൊക്കെ കാണണം. ഈ അകം കോട്ടക്ക് തൊട്ടു പുറത്ത് 1646 ൽ മുഹമ്മദ് ആദിൽ ഷായുടെ കാലത്ത് നിർമിക്കപ്പെട്ട അസർ മഹളിൽ പ്രവാചക​​​​​​​െൻറ താടിരോമങ്ങൾ സൂക്ഷിച്ചിട്ടുണ്ടത്രെ.

എന്തോ... ജമാൽഖാ​​​​​​​െൻറ കുതിരയ്ക്ക് ഞങ്ങൾ അവിടെ കൂടുതൽ നേരം തങ്ങുന്നത് പിടിക്കാത്തതു പോലെ... അവൻ മുൻകാലുകൾ നിലത്താഞ്ഞു ചവുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാം... അവ​​​ന്‍റെ ചിനപ്പ് എനിക്ക് കേൾക്കാവുന്നതാണ്. പണ്ട് അവ​​​​​​​െൻറ സുൽത്താൻ സിക്കന്ദർ പരാജിതനായി തല കുമ്പിട്ടു നിന്ന സ്ഥലത്തിനെ അവൻ മനഃപൂർവം തിരസ്ക്കരിക്കുന്നതാവാം.

ഗഗൻ പാലസിൽ നിന്നും ഞങ്ങൾ പിന്നീട് എത്തിയത് ജോഡ് ഗുംബസ്സിലാണ്. 'ഇരട്ട സഹോദരിമാർ' എന്നറിയപ്പെടുന്ന, അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ടു വലിയ സ്മാരക കുടീരങ്ങൾ. ഒന്നു ചതുരാകൃതിയിലും മറ്റേത് അഷ്ട വശങ്ങളുള്ളതുമാണ്... ഖാൻ മുഹമ്മദി​​​​​​​െൻറയും അബ്ദുൽ റസാഖ് ഖ്വാദിരിയുടെയും. 1687 ൽ സിക്കന്തർ ആദിൽ ഷാ യെ ഔറംഗസീബിന് ഒറ്റിയത് ഇവരായിരുന്നുവെന്നാണ് കരുതുന്നത്. ഇതിനെ അബ്ദുൽ റസാഖ് ക്വാദിരി ദർഗയെന്നറിയപ്പെടുന്നു.

ജോഡ് ഗുംബസ്സിൽ പുറത്തെത്തിയപ്പോൾ ഗേറ്റരികിലെ തട്ടുകട, 'സുലൈമാനി ഓൺ വീൽസി'ൽ നിന്നും ജമാൽഖാനും സുഹൃത്തും ചായ പങ്കുവയ്ക്കുന്നു... വൺ ബൈ ടൂ... രണ്ടു ചെറിയ ഗ്ളാസ്. സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തി... കിഷോരി ബാബു... കൈയിൽ നിറയെ പല വർണത്തിലുള്ള ചരടുകൾ... നെറ്റിയിൽ ഇത്തിരി ചന്ദനം... ആകെകൂടി ഒരു സംഘിഛായ. എ​​​​​​​െൻറ നോട്ടത്തി​​​ന്‍റെ അർത്ഥം മനസ്സിലാക്കിയതുപോലെ അയാൾ പറഞ്ഞു 'ഞങ്ങൾ ബാല്യകാല സുഹൃത്തുക്കളാ... എന്‍റെ കുടുംബങ്ങളിലെ എല്ലാ ചടങ്ങിലും ഇവനും കുടുംബവും പങ്കെടുക്കും... ഞങ്ങൾ അങ്ങോട്ടും അങ്ങനെയാ...' അന്നന്നത്തെ അപ്പത്തിനുവേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന മുസൽമാനും ഹിന്ദുവിനുമൊന്നും തൊട്ടുകൂടായ്മയുമില്ല, മത കലഹവുമില്ല. ഒട്ടൊക്കെ മതസൗഹൃദമുള്ള നാട്ടിൽ നിന്നും വന്ന എന്നെ അവരുടെ മതാതീതമായ സൗഹൃദം ഒന്നുകൂടി ബോദ്ധ്യപ്പെടുത്തുകയായിരുന്നു ജമാൽഖാൻ.

ജോഡ് ഗുംബസ്സിൽ നിന്നും മടങ്ങിയത്​ പോയ കാലത്തെ ഗംഭീരമായിരുന്ന ഒരു ജലശേഖരത്തി​​​ന്‍റെ മുന്നിലൂടെയായിരുന്നു... താജ്​ ബാവ്​ഡി. അതിവിശാലമായ ആ ജലശേഖരത്തി​​​ന്‍റെ മുൻവശത്തെ കമാനങ്ങളും എടുപ്പുകളുമൊക്കെ നമ്മളോടു പറയുന്നത് (1620) ഇബ്രാഹിം ആദിൽ ഷാ രണ്ടാമ​​​​​​​െൻറ ആദ്യ ബീവിയുടെ നാമധേയത്തിലുള്ള, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ നിർമിതി ഒരിക്കൽ ബിജാപ്പൂരിലെ പ്രജകൾക്ക് ഏറ്റവും പ്രിയങ്കരമായ ഒരിടം ആയിരുന്നുവെന്നാണ്. ഇപ്പോൾ അത് മലിനമായി കിടക്കുന്നതിനാൽ ഞങ്ങളെ അവിടെ നിർത്തി കാണിക്കാൻ ജമാൽഖാ​​​​​​​െൻറ കുതിര വളരെ വിമുഖനായിരുന്നു. അപ്പോഴേക്കും ബിജാപ്പൂരി​​​​​​​െൻറ ആകാശങ്ങൾ ഇരുണ്ടു തുടങ്ങിയിരുന്നു. അടിമുടി കരിപിടിച്ച ബിജാപ്പൂരി​​​ന്‍റെ ബാക്കി പത്രങ്ങളൊക്കെ നാളത്തേക്ക് മാറ്റിവച്ച് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. മടക്കവഴിയിൽ എം.ജി റോഡിലെ ആഹാര ശാലകളെ കുറിച്ച് ജമാൽഖാനോട് ചോദിച്ചറിഞ്ഞു. ബിജാപ്പൂരിലെ ഹൈദരാബാദി, മുഗളായി ബിരിയാണികൾ പ്രശസ്തമാണ്. പ്രശസ്തമായ 'ഖസ്വാ' റസ്​റ്ററൻസ്​ അയാൾ കാണിച്ചു തന്നു. വിലയിത്തിരി അധികമാകുമെന്നും പറഞ്ഞു. ഒരു നാട്ടിലെത്തിയാൽ ആഹാരത്തിലൂടെയും അവരെ അറിയണമല്ലോ.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.