?????????? ?????????????

‘സത്രം’ നോര്‍ത്തിന്ത്യന്‍സിന്‍റെ പുതിയ സ്വര്‍ഗം

കുമളി എന്ന തണുത്ത പട്ടണത്തില്‍ എന്നൊക്കെ കാല്‍ എടുത്തുവെച്ചിട്ടുണ്ടോ അന്നൊക്കെ എനിക്കവിടം പുതിയ കാഴ്ചകള്‍ സമ്മാനിച്ചിട്ടുണ്ട്. അതാണ് ഞാനും കുമളിയും തമ്മിലുള്ള ഒരാത്മബന്ധം, ഗവിയും മോഘമലയും പരുന്തുംപാറയും പാഞ്ചാലിമേടും ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്നേ കുമളി എനിക്ക് സമ്മാനിച്ച കാഴ്ചകള്‍ ആയിരുന്നു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവയെല്ലാം വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി, പുതിയ വര്‍ഷത്തില്‍ പുത്തന്‍ കാഴ്ചകള്‍ സമ്മാനിക്കാന്‍ കുമളി എന്നെ മാടി വിളിക്കുന്നതായി എനിക്ക് തോന്നി. അങ്ങനെയിരിക്കെ ആഗ്രഹം മൂത്ത് ഒരു ശനിയാഴ് ഉച്ചതിരിഞ്ഞ് തൃശൂരില്‍നിന്നും പുറപ്പെട്ട യാത്ര രാത്രിയോടെ തണുത്തു വിറച്ച് കുമളിയില്‍ എത്തിനിന്നു. വിക്ടോറിയയിലെ എന്‍റെ ആ സ്ഥിരം മുറിയില്‍ തന്നെ ആ രാത്രി കഴിച്ചുകൂട്ടി.

സ്യൂയിസൈഡ് പോയിന്‍റ്
 


പിറ്റേന്ന് രാവിലെയുള്ള തേക്കടിയിലെ ആദ്യ ബോട്ടിങ്ങിന് പോകാനൊരുങ്ങുമ്പോഴും മനസില്‍ നിറഞ്ഞ ആകാംക്ഷയായിരുന്നു. ഇത്തവണ എന്താണ് എനിക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നത്. ബോട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അരുണ്‍ എന്നൊരു ജീപ്പ് ഡ്രൈവറെ പരിചയപ്പെട്ടു. കുമളിയിലെ പുതിയ കാഴ്ചകളും വിശേഷങ്ങളും ആരാഞ്ഞപ്പോള്‍ അരുണ്‍ നല്‍കിയ മറുപടി എന്നെ ഉന്മേഷവാനാക്കി. ഇവിടം വീണ്ടും എന്നെ തിരികെ വിളിച്ചതിന്‍റെ രഹസ്യം വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഒാറഞ്ച് തോട്ടത്തിലെ ഫാം ഹൗസ്
 


കുമളിയില്‍നിന്നും ഏകദേശം 25 കി.മീ അകലെയാണ് ‘സത്രം’ എന്ന സ്ഥലം. മലകളും കുന്നുകളും കയറിയിറങ്ങി കാടിന് നടുവിലൂടെ ഒരു ജംഗ്ള്‍ സഫാരി ആരംഭിച്ചിട്ടുണ്ട് ഇവിടേക്ക്. കുറഞ്ഞ സമയം കൊണ്ടുതന്നെ വടക്കേന്ത്യക്കാരുടെ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞു സത്രം. അവിടേക്കായാലോ യാത്ര? പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. അരുണിനൊപ്പം ജീപ്പും എടുത്ത് കുമളിയുടെ ആ പുതിയ കാഴ്ചകള്‍ തേടി യാത്രയായി.

സ്യൂയിസൈഡ് പോയിന്‍റ്
 


വഴിക്കടവ് വരെ ടാറിട്ട റോഡിലൂടെ സുഖിച്ചോടിയ ജീപ്പിന്‍റെ ചക്രങ്ങള്‍ അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് കല്ലും മണ്ണും നിറഞ്ഞ കാട്ടുവഴിയിലേക്ക് പ്രവേശിച്ചു. അടച്ചിട്ടിരുന്ന ചെക്പോസ്റ്റ് ഞങ്ങള്‍ക്കായി തുറന്നു. ഞങ്ങളുടെ കൂടെ കുറച്ചു ജീപ്പുകള്‍ കൂടിയുണ്ടായിരുന്നു. അതിലെല്ലാം ഉത്തരേന്ത്യക്കാര്‍ മാത്രം. കുന്നും മലയും നിറഞ്ഞ ആ കാട്ടുപാതയിലൂടെ കയറ്റങ്ങളും ഇറക്കങ്ങളുമിറങ്ങി ആദ്യം എത്തുന്നത് ഒരു താഴ്വാരത്തിലേക്കാണ്. മുന്നില്‍ വിദൂരതയിലെ ഹരിത സമൃദ്ധിയില്‍ നീലിമയോളം എത്തിനില്‍ക്കുന്ന നിഹാരം അതില്‍ അലിഞ്ഞു ചേരുന്ന സഹ്യാദ്രി മലനിരകള്‍.

മ്ലാവ് മല
 


ആ മലനിരകള്‍ കൂടെക്കൂടെ കോടമഞ്ഞില്‍ ഒളിച്ചു കളിക്കുന്ന കാഴ്ച നമ്മെ കുറേകൂടി ആഹ്ലാദ ഭരിതരാക്കും. രാവിലെയുള്ള യാത്രയാണെങ്കില്‍ അടുത്തുള്ള വ്യക്തിയെ പോലും മറക്കുംവിധം പുകമഞ്ഞ് സന്ദര്‍ശകരെ പുളകം ചാര്‍ത്തും. ഞങ്ങള്‍ എത്തിയതും മലയുടെ മുകളില്‍നിന്നും മൂന്നു മ്ലാവുകള്‍ വന്നു എത്തിനോക്കി. ഇത് ഇവിടെ പതിവാണത്രെ. താഴ് വാരങ്ങളില്‍ ആരെങ്കിലും പുതിയതായി എത്തിയാല്‍ ഞങ്ങളുടെ വീട്ടിലേക്ക് ഇതാരാ വന്നതെന്നറിയാന്‍ ആ മ്ലാവുകള്‍ മലയുടെ മുകളില്‍നിന്നും ആകാംക്ഷയോടെ നോക്കാറുണ്ട്. എന്തായാലും മ്ലാവുകള്‍ എപ്പോഴും എത്തിനോക്കുന്ന ആ മലക്ക്മ്ലാവ് മല എന്ന പേരും നല്‍കി ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

കറുപ്പുസ്വാമി വ്യൂ പോയിന്‍റ്
 


ഭൂമിയുടെ ഉള്ളറിയാന്‍ മികച്ച മാര്‍ഗമാണ് കാട്ടിലും മേട്ടിലും കൂടെുള്ള ഇത്തരം യാത്രകള്‍. പരിശുദ്ധമായ കാഴ്ചകളുടെ മഹാക്ഷേത്രമാണ് മലനിരകള്‍. നിത്യവും സൗന്ദര്യത്തിന്‍റെ ദീപം തെളിയുന്ന ഇത്തരം മലനിരകളിലൂടെയുള്ള യാത്രകള്‍ മനസിന് ശാന്തിയും സമാധാനവും തരും. അങ്ങനെയുള്ള വഴികളിലൂടെ ജീപ്പ് കുണുങ്ങിക്കുണുങ്ങിയെത്തിയത് വേറൊരു മലയുടെ തുഞ്ചത്തായിരുന്നു. അവിടെ മരങ്ങള്‍ തീരെയില്ല. അതായിരുന്നു കറുപ്പുസ്വാമി വ്യൂപോയിന്‍റ്. ചുറ്റും പച്ചപ്പുല്‍ വിരിച്ച മലനിരകള്‍ മാത്രം. ആ മലകളില്‍നിന്നും പലപ്പോഴായി ആനയും കാട്ടുപോത്തും കൂട്ടംകൂട്ടമായി ഇറങ്ങി ഇവിടേക്ക് വരാറുണ്ടെന്ന് അരുണ്‍ പറഞ്ഞു. കുറച്ചു സമയം ഞങ്ങള്‍ അവിടെ അവക്കായി കാത്തുനിന്നെങ്കിലും നിര്‍ഭാഗ്യമെന്ന് പറയട്ടെ ഒന്നിനെയും കാണാന്‍ കഴിഞ്ഞില്ല.

സത്രത്തിലെ മൊട്ടക്കുന്ന്
 

വണ്ടി വീണ്ടും പുല്‍പടര്‍പ്പുകള്‍ക്കിടയിലൂടെ മുന്നോട്ടുനിങ്ങി. കോണ്‍ക്രീറ്റ് കാടുകളും വാഹനങ്ങളും തിങ്ങിനിറഞ്ഞ ടൗണുകള്‍ കണ്ടുമടുത്ത കണ്ണുകളുടെ യഥാര്‍ഥ ആസ്വാദനം തിരിച്ചുപിടിക്കാന്‍ കഴിയുന്നതായിരുന്നു ഈ യാത്ര കാഴ്ചകള്‍. നേര്‍ത്ത തണുപ്പും കാറ്റും നിശബ്ദതയും നിറഞ്ഞ ആ കാട്ടുവഴികള്‍ ഏതൊരജ്ഞാതനെയും ഒരു കവിയാക്കി മാറ്റും എന്നതില്‍ സംശയമില്ല. ജീപ്പ് അല്‍പം കൂടി മുന്നോട്ട് പോയപ്പോള്‍ കാനനക്കാഴ്ചകള്‍ ഏലത്തോട്ടങ്ങള്‍ക്ക് വഴിമാറി. ആ ഏലത്തോട്ടങ്ങള്‍ക്ക് നടുവില്‍ മരത്തില്‍ മുകളിലെ വീട് ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചു. കാട്ടാനകള്‍ പതിവായി ഈ എലത്തോട്ടത്തില്‍ എത്താറുണ്ടത്രെ. അവയില്‍ നിന്നും രക്ഷ നേടാന്‍ കെട്ടിയിട്ടിരിക്കുന്നതാണ് ആ മരവീട്. കണ്ടാല്‍ ആര്‍ക്കായാലും ഒരു ദിവസം അതില്‍ താമസിക്കാന്‍ തോന്നും അത്രക്ക് മനോഹരമായിരുന്നു അത്. അടുത്ത വരവില്‍ ആ ആഗ്രഹം സാധിച്ചു തരാമെന്ന് അരുണ്‍ വാക്കുതന്നു.
സത്രത്തിലേക്കുള്ള റോഡ്
 


അവിടെനിന്നും നേരെ പോയത് കാട്ടിനുള്ളിലെ ഫ്രഷ് ജ്യൂസ് സെന്‍ററിലേക്കായിരുന്നു. കാടിനകത്ത് ജ്യൂസ് സെന്‍ററോ എന്നല്ലെ? സംശയിക്കേണ്ട, സംഗതി സത്യമാണ്. 300 ഏക്കര്‍ ഓറഞ്ച് തോട്ടവും അതിനകത്ത് ഒരു കുഞ്ഞു ഫാം ഹൗസും. ഒരു പാലാക്കാരാന്‍ ജോയച്ചായന്‍റെയാണ് ഈ ഓറഞ്ച് തോട്ടം. കൂടാതെ 25000 പുതിയ ഓറഞ്ച് തൈകള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്ന കാഴ്ചയും വളരെ മനോഹരമാണ്. കാരണം മഞ്ഞ, പച്ച, നീല, വെള്ള എന്നി കളറിലുള്ള ചാക്കുകള്‍ക്കുള്ളിലാണ് ആ തൈകള്‍ വളരുന്നത്. എന്തായാലും ജീപ്പ് സഫാരിയുടെ ക്ഷീണം അകറ്റാന്‍ ഒരു ഫ്രഷ് ജ്യൂസ് കൂടിച്ചിട്ടാകാം ബാക്കി യാത്ര എന്ന് തിരുമാനിച്ചു. നമുക്ക് ഇഷ്ടമുള്ള ഓറഞ്ച് മരത്തില്‍നിന്നു പറിച്ചെടുത്ത് ജൂസുണ്ടാക്കി കുടിക്കാം എന്നുള്ളതാണ് ഇവിടത്രെ ഏറ്റവും വലിയ പ്രത്യേകത. എങ്ങും ഓറഞ്ചിന്‍റെ മധുരമൂറും ഗന്ധം പരത്തുന്ന ആ തോട്ടത്തിലൂടെ നടന്ന് എനിക്ക് ഇഷ്ടപ്പെട്ട ഓറഞ്ചുകള്‍ പറിച്ച് ജൂസ് ഉണ്ടാക്കിയതിനാലാവണം ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതുരുചി നാവിന് അനുഭവപ്പെട്ടത്. ആ നിര്‍വൃതിയില്‍ അവിടെനിന്നും അടുത്ത സ്ഥലത്തേക്ക് ജീപ്പുമായി പുറപ്പെട്ടു.

ഒാറഞ്ച് തോട്ടം
 


കാടിനു നടുവിലെ മൊട്ടക്കുന്നായിരുന്നു അടുത്ത ലക്ഷ്യം. നെല്ലിയാംപതിയിലെ മാന്‍പാറയെ അനുസ്മരിപ്പിക്കുംവിധം വളരെ ഭയാനകമായിരുന്നു ആ യാത്ര. കുത്തനെയുള്ള മലക്കയറ്റം. ജീപ്പിനില്ലാത്ത മറ്റൊരു വണ്ടിക്കും കയറാന്‍ പറ്റാത്ത കുത്തനെയുള്ള പാത കയറി മലമുകളിലെത്തിയപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് ആ ജീപ്പിനെയും ഡ്രൈവറെയും രണ്ട് കൈയും കൂപ്പി വണങ്ങുക എന്നതാണ്. അത്രക്കും അപകടം  പിടിച്ചതായിരുന്നു ആ മലകയറ്റം. എന്തായാലും ആ മൊട്ടക്കുന്നില്‍നിന്നും നോക്കിയാല്‍ ആകാശം നമ്മുടെ അടുത്തേക്ക് ഇറങ്ങി വരുന്നതായി തോന്നും. ഇവിടത്തെ കുന്നുകളില്‍ വെയില്‍ മടിച്ചു മടിച്ചാണ് ഉദിച്ചു വരിക. എപ്പോഴും തണുപ്പ്, കോടമഞ്ഞിന്‍റെ ചുഴികള്‍ ഏത് നട്ടുച്ചക്കും അനുഭവിക്കാന്‍ കഴിയും. ചില ജീപ്പുകള്‍ കുന്നുകയറി വരുന്നു. മറ്റു ചിലത് കുന്നിറങ്ങി പോകുന്നു. അവിടത്തെ ആ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഞാന്‍ മുന്നോട്ട് നടന്നു. കുന്നിന്‍ മുകളില്‍ മുഴുവന്‍  ഉത്തരേന്ത്യക്കാരുടെ ഫോട്ടോ പിടിത്തം തകൃതിയായി നടക്കുന്നു. അവരുടെ ഭാവപ്രകടനത്തില്‍നിന്നും മനസിലാക്കാം അവര്‍ക്ക് ഇവിടം വളരെ ബോധിച്ചുവെന്ന്.

ഏലം തോട്ടത്തിലെ ലോഗ് ഹൗസ്
 


അവിടെനിന്നും പിന്നെ ഞങ്ങള്‍ പോയത് മരണത്തിന്‍റെ താഴ് വരയിലേക്കായിരുന്നു. ജീപ്പിന്‍റെ രണ്ട് വീലുകള്‍ മാത്രം കടന്നുപോകുന്ന വീതിയില്‍ മലയുടെ ചരിവിലൂടെയുള്ള പാത. അങ്ങോട്ടേക്കോ, ഇങ്ങോട്ടേക്കോ ഒരിഞ്ച് മാറിയാല്‍ മരണത്തിലേക്കുള്ള വാതില്‍ തുറക്കുമെന്ന് ഉറപ്പ്. പക്ഷേ, ആ ജീപ്പുപോലെ കഠിനമായിരുന്നു അരുണിന്‍റെ കൈകളും. അതുകൊണ്ട് തന്നെ ആ നൂല്‍പാലത്തിലൂടെ എന്നെ ഭദ്രമായി ഞങ്ങളുടെ യാത്രയിലെ അവസാന കവാടമായ സൂയിസൈഡ് പോയന്‍റിലെത്തിച്ചു. ചെന്താമരക്കൊക്കയുടെ ഒരു ഭാഗമായിരുന്നു അത്. പല സൂയിസൈഡ് പോയിന്‍റുകളും അതിന്‍റെ സൗന്ദര്യം നമ്മളെ അതിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍, ഇവിടെ ഈ കൊക്ക അതിന്‍റെ ആഴത്തിലേക്ക് ഭയപ്പെടുത്തി വീഴ്ത്തുമോ എന്ന തോന്നല്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി. എന്തായാലും അധിക സമയം അവിടെ നില്‍ക്കാതെ മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. പ്രകൃതിയുടെ മടിത്തട്ടില്‍ കുമളി ഒളിപ്പിച്ചുവെച്ചിരുന്ന ആ സൗന്ദര്യത്തെ കാട്ടിതന്ന അരുണിനോട് നന്ദി പറഞ്ഞു മടങ്ങുമ്പോള്‍ മനസില്‍ ഒരു മോഹം കൂടി മൊട്ടിട്ടിരുന്നു. മഴത്തുള്ളികള്‍ ഈ മലനിരകളെയും ഓറഞ്ച് മരങ്ങളെയും പുണരുവാന്‍ എത്തുമ്പോള്‍, ചുറ്റും ഓറഞ്ചിന്‍റെ മധുരമൂറും ഗന്ധം പരന്നു കിടക്കുന്ന ആ ഫാം ഹൗസില്‍ ഒരു ദിവസം തങ്ങാന്‍ ഒരിക്കല്‍ കൂടി മലകയറണം.

For Stay & Jeep safari, Contact: 9400611083 (Arun)

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.