?????????? ?????????????????? ????????????? ??????????? ???????????? ???????????????

ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡില്‍

കോത്തഗിരി; കാണുന്നതെല്ലാം കണ്ണിനും മനസ്സിനും ആനന്ദം പകരുന്നൊരു നാടാണ്​. ഇന്ത്യയിലെ സ്വ ിറ്റ്സര്‍ലന്‍ഡ് എന്നായിരുന്നു ഇംഗ്ലീഷുകാർ കോത്തഗിരിയെ വിശേഷിപ്പിച്ചത്. ലോകത്തില്‍ ഏറ്റവും നല്ല കാലാവസ്ഥ യുള്ള നാടുകളില്‍ രണ്ടാം സ്ഥാനം അവര്‍ കോത്തഗിരിക്ക് നല്‍കിയിരുന്നു. ഒട്ടും അതിശയോക്​തി അതിലില്ലെന്ന്​ ഈ നാട ൊന്ന്​ ചുറ്റിക്കറങ്ങി കണ്ടാൽ ബോധ്യമാകും. ഗ്രാമ്യ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പാകത്തില്‍ കരുതിവെച്ചിട് ടുണ്ട് പ്രകൃതി ഇവിടെ. 'കോത്ത' വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ താമസിക്കുന്ന മലനിരകളായതിനാലാണ് 'കോത്തഗിരി' എ ന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. അധികം ടൂറിസ്റ്റ് സ്പോട്ടുകള്‍ ഇന്നാട്ടിലില്ല. എന്നാൽ, കാണുന്നതെല്ലാം സുന ്ദരമാണുതാനും. ഊട്ടിയില്‍നിന്ന് വെറും 28 കിലോ മീറ്റര്‍ ദൂരമുള്ള കോത്തഗിരി, തേയിലത്തോട്ടങ്ങളും കാര്‍ഷികവിളക ളും നിറഞ്ഞ ഗിരിനിരകളുടെ നാടാണ്.

ഊട്ടിയിലേക്കുള്ള വഴിയില്‍ തടാകക്കരയില്‍ ക്രിക്കറ്റ് കളിക്കുന്ന യുവാക്കള്‍

ഒറ്റക്കാണ് യത്രക്കിറങ്ങിയത്. ബൈക്കില്‍ കാറ്റും ചാറ്റല്‍മഴയുമേറ്റൊരു യാത്ര. സഞ്ചാരികളുടെ നിത്യകാമുകിയായ ഊട്ടിയിലേക്ക്. ഊട്ടി കണ്ട് മസിനഗുഡി വഴി മുതുമലൈ, ബന്ദിപ്പൂര്‍ വഴി ഗുണ്ടല്‍പേട്ടിലെ ഗോപാല്‍സ ്വാമി ഹില്‍സും കണ്ട് മടങ്ങാന്‍ പ്ലാനിട്ടാണ്​ പോയത്. വൈകിട്ട്​ ഊട്ടിയില്‍ റൂമെടുത്ത് കാണാത്ത കാഴ്ചകളെ കുറിച് ചറിയാന്‍ ഗൂഗിൾ മാപ്പെടുത്ത് പരതുമ്പോഴാണ് ആ പേര് കണ്ണിലുടക്കിയത്. ഊട്ടിക്ക് തൊട്ടടുത്ത് കിടക്കുന്ന നാട്. കേ ട്ടും വായിച്ചുമറിഞ്ഞ കോത്തഗിരിയെ കുറിച്ച് കൂടുതലായി ഗൂഗിള്‍തന്നെ പറഞ്ഞു തന്നു. ഭക്ഷണം കഴിക്കാന്‍ ഇറങ്ങുമ്പ ോള്‍ ലോഡ്ജിലെ റിസപ്ഷനിസ്റ്റിനോട് കോത്തഗിരിയെ കുറിച്ച് ചോദിച്ചു. കൂടുതല്‍ വിവരങ്ങള്‍ അയാളാണ്​ പറഞ്ഞുതന ്നത്​. അതോടെ റൂട്ട് ഒന്നു മാറ്റിപിടിക്കാന്‍ തീരുമാനിച്ചു.

ഊട്ടിയിലേക്കുള്ള വഴിയിൽ ഗുഡല്ലൂരിലെ പൈന്‍ മരങ്ങൾ

രാവിലെ എട്ട് മണിക്ക് യാത്ര തുടങ്ങി. കോത്തഗിരി കാണാതെ ഊട്ടി മാത്രം കണ്ട് മടങ്ങുന്നവര്‍ക്ക ് വലിയ നഷ്ടമാണ്. ഊട്ടിയുടെ മുഴുവന്‍ സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ കോത്തഗിരി റൂട്ടില്‍ സഞ്ചരിക്കണം. റോഡോരങ്ങളില്‍ ഇടക്കിടെയുള്ള വ്യൂ പോയന്‍റുകളില്‍നിന്ന് ഊട്ടിയെ മുഴുവനായി കാണാം. ഒരുവശം കാറ്റാടിയും യൂക്കാലിപ്​റ്റസും നിറഞ്ഞ നിബിഡവനവും മറുവശം തേയിലത്തോട്ടങ്ങളും കാര്‍ഷികവിളകളുമുള്ള പാതയിലൂടെയാണ് സഞ്ചാരം. ഇടക്ക് വനങ്ങള്‍ മാത്രമുള്ള പ്രദേശങ്ങളും കയറിവരും. രാവിലെ ആയതിനാല്‍ കൂട്ടിന് തണുത്ത കാറ്റും മഞ്ഞും. മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ രണ്ട് റോഡ് തിരിയുന്ന കവലയിലെത്തി. ബസ്​ സ്​റ്റോപ്പില്‍ നാലഞ്ചു പേര്‍ ബസ് കാത്തുനില്‍ക്കുന്നു. അവരോട് കോത്തഗിരി റൂട്ട് ചോദിച്ചു. പ്രായമായൊരാള്‍ വന്ന് വഴി പറഞ്ഞുതന്നു. അയാളും കോത്തഗിരിയിലേക്കാണ്. ബൈക്കില്‍ കയറാന്‍ പറഞ്ഞു. അവിടുന്നങ്ങോട്ട് ബൈക്കില്‍ രണ്ടുപേരായി. തമിഴ്നാട് സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലാണയാൾ. ചെറിയ ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. നീലഗിരി ജില്ലയുടെ ചരിത്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ടയാൾ. കൂട്ടിന് ഒരാളെ കിട്ടിയ സന്തോഷം എനിക്കുമുണ്ട്. ഓരോ കവലയില്‍ എത്തുമ്പോഴും ആ സ്ഥലങ്ങളും ചരിത്രവും ഒരു ഗൈഡിനെ പോലെ പറഞ്ഞുതന്നു. കോത്തഗിരി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ അയാളിറങ്ങി. വീണ്ടും ഒറ്റക്കായി യാത്ര.

കോടനാട് എസ്റ്റേറ്റിലൂടെ കറങ്ങാം
തമിഴ് രാഷ്ട്രീയത്തിലെ വിവാദ ഭൂമികയായ കോടനാട് എസ്റ്റേറ്റ് സന്ദര്‍ശിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതി സ്ഥിതിചെയ്യുന്ന സ്ഥലമെന്ന പേരില്‍ ഖ്യാതി നേടിയ പ്രദേശമാണിത്. വേനല്‍ക്കാലത്ത് ഇവിടുത്തെ ബംഗ്ലാവിലിരുന്നാണ്​ ജയലളിത സംസ്ഥാനഭരണം നിയന്ത്രിച്ചിരുന്നത്. ജയലളിത അവധിക്കാലം ചെലവഴിക്കാന്‍ കോടനാട് എസ്റ്റേറ്റ് തെരഞ്ഞെടുത്തതിന്‍െറ കാരണം ഇവിടുത്തെ കാലാവസ്ഥയും പ്രകൃതിഭംഗിയും പറഞ്ഞുതരും. ഏഴ് മലകളിലും അതിന് ചുറ്റുമായി 862 ഏക്കറിലായി പരന്നുകിടക്കുകയാണ് 200 വര്‍ഷത്തോളം പഴക്കമുള്ള തേയിലത്തോട്ടങ്ങളുള്ള കോടനാട്. കൃഷിഭൂമിയാലും സമൃദ്ധമാണിവിടം.

കോടനാട് എസ്റ്റേറ്റ് പാതയോരത്തുള്ള വീടുകള്‍

കോത്തഗിരി ടൗണില്‍നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിക്കണം കോടനാട് വ്യൂ പോയന്‍റിലേക്ക്. റോഡോരങ്ങളില്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വിവിധ വര്‍ണങ്ങളില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഇരുവശവും നയനമനോഹര കാഴ്ചകളാണ്. ജയലളിത താമസിച്ചിരുന്ന ബംഗ്ലാവിലേക്കുള്ള ഗേറ്റുകള്‍ പലയിടങ്ങളിലായി കാണാം. ഓരോ ഗേറ്റിനും നമ്പര്‍ എഴുതി വെച്ചിട്ടുണ്ട്. ഗേറ്റുകള്‍ തുടങ്ങുന്നിടത്തുനിന്ന് തേയില തോട്ടങ്ങളിലേക്കുള്ള ടാറിട്ട പാതകള്‍ ദൂരെ കാണാം. പാതയോരത്ത് പലയിടങ്ങളിലായും ഗേറ്റുകള്‍ക്ക് സമീപവും സി.സി.ടി.വി കാമറകളുണ്ട്. വാഹനങ്ങളില്ലാത്ത വിജനമായ പാത. ആളും മനുഷ്യനും കുറഞ്ഞ പ്രദേശം. ബംഗ്ലാവിന്‍െറ പ്രധാന ഗേറ്റിന് മുന്നിലൂടെയാണ് വ്യൂ പോയന്‍റിലേക്കുള്ള വഴി. ആത്മഹത്യാ മുനമ്പ് പോലൊരു പ്രദേശമാണ് വ്യൂ പോയന്‍റ്. താഴെ പാറക്കെട്ടുകളും പച്ച വിതാനിച്ച കുന്നുകളും കൃഷിയിടങ്ങളും സുന്ദര കാഴ്ചയൊരുക്കുന്നു. മൈസൂര്‍ മലകളും ദൂരെ കാണാം.

കോടനാട് എസ്റ്റേറ്റ്

തണുത്ത കാറ്റാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഇടക്കിടെ കോടമഞ്ഞ് പറന്നെത്തി കാഴ്ച മറച്ചുകൊണ്ടിരുന്നു. ഇരുപതോളം സഞ്ചാരികളാണ് അവിടെ ഉണ്ടായിരുന്നത്. നീലഗിരിയിലെ സുന്ദരമായ ഈ സ്ഥലം സഞ്ചാരികള്‍ക്ക് അത്ര സുപരിചിതമല്ല. കോടനാട് എസ്റ്റേറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല എന്ന മുന്‍ധാരണയാണ് സഞ്ചാരികളുടെ ഒഴുക്കില്ലാതിരിക്കാന്‍ കാരണം. എല്ലാ കാലത്തും തണുത്ത കാലാവസ്ഥയാണിവിടെ. തിരിച്ചുപോരാന്‍ തോന്നാത്ത ആകര്‍ഷണീയതയുണ്ട്​ കോടനാടിന്. എസ്റ്റേറ്റിന്‍െറ വാലറ്റമായ വ്യൂ പോയന്‍റിലേക്ക് പ്രവേശനം സൗജന്യമാണ്.

നീലഗിരി കണ്ടത്തെിയ സള്ളിവൻെറ വസതി
ജോണ്‍ സള്ളിവന്‍ എന്ന പേര് കോത്തഗിരിക്കാര്‍ക്ക് അത്ര സുപരിചിതമല്ല. ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരോട് സള്ളിവന്‍ ബംഗ്ലാവിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. ടൗണില്‍നിന്ന് വെറും നാല് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ബംഗ്ലാവ്​ അന്നാട്ടുകാര്‍ക്ക് അറിയില്ല എന്നത് അതിശയിപ്പിച്ചു. മുറിത്തമിഴില്‍ സള്ളിവനെ കുറിച്ച് വിശദീകരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഊട്ടിയും കോത്തഗിരിയും ഉള്‍പ്പെടുന്ന നീലഗിരിയെ കണ്ടെത്തിയ ബ്രിട്ടീഷുകാരന്‍ താമസിച്ചിരുന്ന വീട്ടിലേക്കുള്ള വഴി ഏതെന്ന് ചോദിച്ചപ്പോഴും അറിയില്ലെന്ന്​ തലയാട്ടി. അവസാനം ഗൂഗിളില്‍ അഭയം പ്രാപിച്ചു.

ജോണ്‍ സള്ളിവനും കുടുംബവും താമസിച്ചിരുന്ന വസതി (സള്ളിവന്‍ ബംഗ്ളാവ്)

ഗൂഗിള്‍ പറഞ്ഞുതന്ന വഴി അവസാനിച്ചത് കണ്ണേരിമുക്ക് എന്ന ഗ്രാമത്തിന് നടുവിലെ ബംഗ്ലാവിൽ. സന്ദര്‍ശകരായി ഞാനുള്‍പ്പെടെ ആറു പേര്‍ മാത്രം. മലയാളികളായി ആരുമില്ല. മൺ നിറത്തിലെ പെയിന്‍റടിച്ച വീട്. സ്വര്‍ണനിറം പൂശിയ സള്ളിവന്‍െറ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് മുറ്റത്ത്. മരപ്പലകകള്‍ കൊണ്ടാണ് വീടിൻെറ നിലം നിര്‍മിച്ചിരിക്കുന്നത്. ചരിത്ര കുതുകികള്‍ക്ക് നീലഗിരിയെ കുറിച്ച് പഠിക്കാന്‍ പാകത്തില്‍ ചെറിയൊരു മ്യൂസിയമാണ് ഇരുനിലയുള്ള ഈ കൊച്ചുവീട്. ബ്രിട്ടീഷുകാരുടെ കുടിയേറ്റത്തിന് ശേഷം ഊട്ടിയുടെയും കോത്തഗിരിയുടെയും ഒരുപാട് പഴയ ചിത്രങ്ങൾ, പഴയകാല ഉപകരണങ്ങള്‍, സള്ളിവന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ തുടങ്ങി എല്ലാം ഇവിടുണ്ട്. 2015ലാണ് ബംഗ്ലാവ്​ സഞ്ചാരികള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ തുറന്നുകൊടുത്തത്. ഊട്ടിയുള്‍പ്പെടുന്ന നീലഗിരിയെ കണ്ടെത്തി ലോകത്തിന് പരിചയപ്പെടുത്തിയ സള്ളിവന്‍ ഈ കൊച്ചുവീട്ടിലായിരുന്നു താമസം.

ജോണ്‍ സള്ളിവൻെറ കുടുംബം (സള്ളിവന്‍ ബംഗ്ളാവിലെ ശേഖരത്തില്‍നിന്ന്)

1800 ഒക്ടോബറിലാണ് കോയമ്പത്തൂരില്‍നിന്ന് ആദ്യമായി ഒരാള്‍ കഴുതപ്പുറത്ത് ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍ ആണ് നീലഗിരിയെ പഠിക്കാനായി പുറപ്പെട്ടത്. എന്നാൽ, അദ്ദേഹം ഊട്ടിയില്‍ എത്താതെ മടങ്ങി. പിന്നീട്, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ബ്രിട്ടീഷുകാരായ വില്യം കീയ്സ് എന്ന സര്‍വേയറും സഹായി മക്മോഹനുമാണ് ആദ്യമായി നീലഗിരി മലകളില്‍ എത്തുന്നത്. ഇവര്‍ എത്തുമ്പോള്‍ വ്യക്തമായ ഒരു പാതയും ഇവിടേക്ക് ഇല്ലായിരുന്നു. അന്നത്തെ കോയമ്പത്തൂര്‍ കലക്ടര്‍ ആയിരുന്ന ജോണ്‍ സള്ളിവന്‍ മുന്‍കൈയെടുത്താണ് കോത്തഗിരിയിലേക്ക് ആദ്യപാത നിര്‍മിച്ചത്.

കോടനാട് വ്യൂ പോയന്‍റ്

സേലത്തേയും കോയമ്പത്തൂരിലേയും തടവുപുള്ളികളെ ഉപയോഗപ്പെടുത്തി മേട്ടുപ്പാളയത്തെ സിരുമുഗൈ എന്ന സ്ഥലത്തുനിന്ന് കോത്തഗിരിയിലേക്കായിരുന്നു പാതയുടെ നിര്‍മാണം. ഇതോടെ ബഡക, തോട, കോത്ത, കുറുമ്പ എന്നീ ആദിമമനുഷ്യര്‍ ജീവിച്ചിരുന്ന നീലഗിരിയെ പുറംലോകം അറിഞ്ഞുതുടങ്ങി. കോത്തഗിരിയി​ലെത്തിയ സള്ളിവന്‍ ഈ ബംഗ്ലാവിൽ കുടുംബസമേതം താമസമാക്കുകയായിരുന്നുവെന്ന് ചരിത്രരേഖകള്‍ പറയുന്നു. പിന്നീട്, യൂറോപ്യന്മാര്‍ക്ക് സ്ഥിരതാമസമാക്കാവുന്ന സ്ഥലമാണെന്ന് മനസ്സിലാക്കുകയും വയോധികര്‍ക്കും സൈന്യത്തിനുമുള്ള വിശ്രമസ്ഥലമായും കോത്തഗിരിയെ മാറ്റി. വിദേശ കാര്‍ഷികവിളകള്‍ ആദിവാസികള്‍ക്ക് പരിചയപ്പെടുത്തി കൃഷിയും ആരംഭിച്ചു. 1827 ആയപ്പോഴേക്കും സള്ളിവന്‍ നീലഗിരിയിലെ മിക്ക സ്ഥലങ്ങളിലേക്കും ഗതാഗതം സുഗമമാക്കി. 1831ല്‍ കോഴിക്കോട് - ഊട്ടി പാത നിര്‍മാണം പൂര്‍ത്തിയാക്കി. ഇതോടെയാണ് ഊട്ടി എന്ന വിനോദസഞ്ചാര ഭൂപടം ലോകം അറിയപ്പെടാന്‍ തുടങ്ങിയത്. സള്ളിവന്‍ ബംഗ്ളാവിലേക്കുള്ള പ്രവേശന ഫീ മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് അഞ്ച്​ രൂപയുമാണ്. ബംഗ്ലാവും പുറംഭാഗവും മുഴുവനായി ചുറ്റിക്കണ്ടു. നടത്തിപ്പ് ചുമതലയുള്ള സ്ത്രീ പഴയ ഓരോ ഫോട്ടോയും ചൂണ്ടി ഏത് സ്ഥലമാണെന്ന് വിശദീകരിച്ചു കൊണ്ടിരുന്നു. നീലഗിരിയുടെ ആധുനിക ചരിത്രത്തിന് തുടക്കം കുറിച്ച കൊച്ചുവീട്ടുമുറ്റത്തെ ഒറ്റമരചുവട്ടില്‍ അല്‍പനേരം വിശ്രമിച്ച് വീണ്ടും യാത്ര തുടങ്ങി.

കാതറിന്‍ ജലധാരയിലെ നീരാട്ട്
കാതറിന്‍ വെള്ളച്ചാട്ടമാണ് അടുത്ത ലക്ഷ്യം. ഇവിടേക്കുള്ള വഴിയോരക്കാഴ്ചകളാണ് വെള്ളച്ചാട്ടത്തേക്കാള്‍ സുന്ദരം. തട്ടുതട്ടായുള്ള മലനിരകൾ, മലനിരകളില്‍ പച്ചപുതച്ച തേയിലച്ചെടികള്‍, കുന്നിന്‍ചെരിവുകളില്‍ കൊച്ചുവീടുകൾ, കൊച്ചുകവലകള്‍, ഇടക്ക് കൂട്ടായെത്തുന്ന കോടമഞ്ഞ്... ഉല്ലസിക്കാനും ആനന്ദിക്കാനും പ്രകൃതി ഒരുക്കിവെച്ച വഴിയോരങ്ങൾ. ആറ് കിലോമീറ്റര്‍ പിന്നിട്ട് വെള്ളച്ചാട്ടത്തിന് സമീപമെത്തി.

കാതറിന്‍ വെള്ളച്ചാട്ടം

കോത്തഗിരിയില്‍ തേയിലതോട്ടങ്ങള്‍ നിര്‍മിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ബ്രിട്ടീഷുകാരന്‍െറ ഭാര്യയുടെ പേരാണ് വെള്ളച്ചാട്ടത്തിന്. ഒരുഭാഗത്ത് മാനംമുട്ടി നില്‍ക്കുന്ന മലകളും മറുഭാഗത്ത് തേയിലക്കുന്നുകളും. ഇതിന് നടുവിലാണ് വെള്ളച്ചാട്ടം. റോഡ് അസാനിക്കുന്നിടത്തുനിന്ന് അര കിലോമീറ്റര്‍ കാല്‍നടയായി വേണം അങ്ങോട്ടത്തൊൻ. തേയിലത്തോട്ടത്തിലെ മണ്ണ് വിതാനിച്ച ചവിട്ടുവഴിയിലൂടെ നടന്നുതുടങ്ങി. കാട്ടുമരങ്ങള്‍ക്ക് നടുവിലെ പാറക്കൂട്ടത്തിലേക്ക് വീഴുന്ന വെള്ളത്തിന്ൻെറ ശബ്ദം കേള്‍ക്കാം. ഐസിൻെറ തണുപ്പുള്ള വെള്ളത്തില്‍ കുളിച്ചപ്പോള്‍ ശരീരമാകെ വിറക്കാന്‍ തുടങ്ങി. ഇവിടെയും സഞ്ചാരികള്‍ കുറവാണ്. തിരിച്ച് ടൗണിലെത്തി ഭക്ഷണം കഴിച്ചു. കോത്തഗിരിയില്‍ കൂടുതല്‍ ഹോട്ടലുകളും മലയാളികളുടേത് ആയതിനാല്‍ രുചികരമായ നാടന്‍ഭക്ഷണം ലഭിക്കും.

ഊട്ടി തടാകം അസ്തമയ കാഴ്ച

സൂര്യന്‍ താഴുന്നതിനൊപ്പം ഊട്ടിയിലേക്ക് മടക്കമാരംഭിച്ചു. കോട്ടിനിടയിലൂടെ ഇരച്ചെത്തുന്ന തണുത്ത കാറ്റില്‍ വിറക്കാന്‍ തുടങ്ങി. വഴിയോരത്ത് കണ്ട തട്ടുകടയില്‍ കയറി ചായ കുടിച്ച് ശരീരത്തെ ചൂടുപിടിപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടെ ഊട്ടിയിലെത്തി. പൈന്‍മരങ്ങളുടെ തണലും കാറ്റ് കൊണ്ടുവരുന്ന തണുപ്പുമേറ്റ് അല്‍പസമയം നടന്നു. തടാകക്കരയില്‍ അല്‍പം വിശ്രമിച്ചു. സൂര്യന്‍ അസ്തമിച്ചതിന് ശേഷം ചുരമിറങ്ങിതുടങ്ങി. ഇരുട്ടുമൂടിയ വനപാതയിലൂടെ ഇടക്കത്തെുന്ന കോടമഞ്ഞിനെ കൂട്ടുപിടിച്ചുള്ള രാത്രിസഞ്ചാരം. ഊട്ടിയെക്കാള്‍ സുന്ദരമായ, നല്ല കാലാവസ്ഥയുള്ള കോത്തഗിരിയില്‍ സഞ്ചാരികളുടെ ഒഴുക്കില്ലാതിരിക്കാന്‍ കാരണമെന്താണെന്ന ചിന്തയായിരുന്നു തിരികെയാത്രയില്‍ മുഴുവനും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.