ബാണ ഹിൽസ്​ (courtesy: viator)

വിയറ്റ്​നാമിലെ സ്വർഗത്തിലേക്ക്​ ചൈനയിൽനിന്നൊരു കപ്പൽ യാത്ര

ഇത് ഷെൻസെൻ. ചൈനയോടൊപ്പം നാൾക്കുനാൾ വളരുന്ന വ്യാവസായിക നഗരം. 1980കളിൽ 30,000 ആളുകൾ മാത്രമുള്ള മത്സ്യബന്ധന പട്ടണത്തിൽനിന്ന്​ ഏതൊരു ആധുനിക നഗരത്തോടും കിടപിടിക്കുന്ന രീതിയിൽ വളർന്ന നാട്​. ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ ഉൽപ്പന്നങ്ങളുടെ പ്രധാന കേന്ദ്രമാണ്​ ഈ ചൈനീസ്​ നഗരം.

ഞങ്ങളുടെ യാത്ര തുടങ്ങുന്നത് ഈ തുറമുഖ നഗരത്തിൽ നിന്നുമാണ്. രണ്ട് വർഷമായി കോസ്​റ്റ ക്രൂയിസ് ലൈൻസ് എന്ന ഇറ്റാലിയൻ ആഡംബര കപ്പലിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ ഒരുപാട് ഇഷ്​ടമുള്ള, ആഗ്രഹിച്ച പല സ്ഥലങ്ങളിലും യാത്ര ചെയ്യാൻ ഭാഗ്യം ലഭിക്കുകയുണ്ടായി.

കോസ്​റ്റ അറ്റ്​ ലാൻറിക്ക ക്രൂയിസ്​ ഷിപ്പ്​

അതുപോലെയൊരു യാത്രയായിരുന്നു വിയറ്റ്നാമിലെ ബാണ ഹിൽസിലേക്ക്. അവിടേക്കുള്ള യാത്ര കോസ്​റ്റ അറ്റ്ലാൻറിക്ക എന്ന കപ്പലിലാണ്. 2114 യാത്രക്കാരും 900 ജോലിക്കാരുമായാണ് കപ്പലിെൻറ പ്രയാണം.

ഷെൻസെൻ, ശ്യാമൻ, ഡാലിയൻ എന്നിവിടങ്ങങ്ങളിൽനിന്നും ചൈനീസ് യാത്രികരുമായി വിയറ്റ്നാമിലേക്കും ജപ്പാനിലേക്കും സൗത്ത് കൊറിയൻ യാത്രക്കാരെ റഷ്യയിലേക്കുമെല്ലാമാണ് കൊണ്ടുപോകാറ്. ഇപ്രാവശ്യം ഷെൻസെനിൽനിന്നും വിയറ്റ്നാമിലെ ഡനാഗ്, നത്രങ് എന്നീ രണ്ട് തുറമുഖമാണ് ലക്ഷ്യസ്ഥാനം.

ദക്ഷിണ ചൈന കടലിലൂടെയാണ് കപ്പലി​െൻറ പ്രയാണം

ഇൗ യാത്രക്ക് മറ്റൊരു സന്തോഷവുമുണ്ട്. രണ്ടിടത്തും ഒരുപാട് തവണ വന്നതാണെങ്കിലും ജോലി കഴിഞ്ഞ് കപ്പലിൽനിന്ന് പുറത്തിറങ്ങാൻ കൂടുതൽ സമയം ലഭിക്കാറില്ല. ഇത്തവണ ഞങ്ങളുടെ ക്രൂ വെൽ​െഫയർ അസോസിയേഷൻ ജീവനക്കാർക്ക്​ നടത്തുന്ന ബാണ ഹിൽസ് ടൂർ കൂടിയുണ്ട്.

നേരത്തെ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഞങ്ങളുടെ മുഴുവൻ ടീമും ഡനാഗിലെ അനാഥാലയത്തിൽ പോയി അവർക്ക് വേണ്ട വസ്ത്രവും ഭക്ഷണവുമെല്ലാം നൽകിയിരുന്നു. ടൂറിസം ഒരു രാജ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്നത് തീർത്തും ഒരു അദ്ഭുതം തന്നെ.

കപ്പലി​െൻറ മറ്റൊരു കാഴ്​ച

ദക്ഷിണ ചൈന കടലിലൂടെയാണ് കപ്പലി​െൻറ പ്രയാണം. സഞ്ചാരികളെല്ലാം ക്രൂയിസ് യാത്ര ആസ്വദിക്കുന്ന തിരക്കിലാണ്. അവർക്ക് വേണ്ട ഒരു വലിയ ലോകം തന്നെ കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ഒഴുകുന്ന കൊട്ടാരത്തിൽ അവർ മതിമറന്ന് ആഘോഷിക്കുന്നു. രാത്രിയായതോടെ വിയറ്റ്നാം സമുദ്രാതിർത്തിയിൽ പ്രവേശിച്ചു. ക്യാപ്​റ്റ​െൻറ നിർദേശപ്രകാരം കപ്പലിലെ എല്ലാവരും വാച്ചിലെ സൂചികൾ വിയറ്റ്നാം സമയത്തിലേക്ക്​ മാറ്റി. ചൈനയിൽനിന്നും ഒരു മണിക്കൂർ പിന്നിലാണ് വിയറ്റ്നാം സമയം.

പിറ്റേന്ന് രാവിലെ എട്ട് മണിയോടെ ഡനാഗ്​ തീരത്ത് കപ്പൽ എത്താറായി. തുറമുഖത്തുനിന്നും ഒരു കപ്പിത്താൻ പൈലറ്റ് ബോട്ടിൽ കപ്പലിെൻറ ബ്രിഡ്ജിലെത്തി. അദ്ദേഹം പോർട്ടിനെ കുറിച്ച് കൂടുതൽ സാങ്കേതിക സഹായങ്ങളും നിർദേശങ്ങളും നൽകി. കപ്പലിനെ തീരത്തേക്ക് അടുപ്പിക്കുന്നതിന്​ സഹായിക്കാൻ​ ടെക്ക് ബോട്ടുകളും കൂടെചേർന്നു.

ഡനാഗ്​ തീരം

തീരത്ത് നങ്കൂരമിട്ടതോടെ എമിഗ്രേഷൻ നടപടി തുടങ്ങുകയായി. പച്ച യൂനിഫോമിലുള്ള വിയറ്റ്നാം പൊലീസും മറ്റു എമിഗ്രേഷൻ ജീവനക്കാരും കപ്പലിെൻറ മൂന്നാം നിലയിൽ വന്ന് യാത്രക്കാരുടെ രേഖകൾ പരിശോധിച്ചു.

പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങളും എമിഗ്രേഷൻ നടപടിക്കായി അവിടെയെത്തി. മലയാളിയായി ഞാൻ മാത്രമേയുള്ളൂ. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ മറ്റു മലയാളി ജീവനക്കാർ നല്ല ഉറക്കത്തിലാണ്. അതുകൊണ്ട് തന്നെ കൂടെയുള്ളത് ചൈന, ഫിലിപ്പൈൻ, ഇൻഡോനേഷ്യ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള സുഹൃത്തുക്കളാണ്.

ബസിലെ സഹയാത്രികർ

ഞങ്ങളുടെ 'അന്താരാഷ്​ട്ര സംഘം' 10 മണിക്ക് എമിഗ്രേഷൻ കഴിഞ്ഞ്​ തുറമുഖത്തിനോട്​ ചേർന്ന ബസ് പോയിൻറിലെത്തി. എച്ച്.ആർ മാനേജറാണ് ഞങ്ങളെ നയിക്കുന്നത്. അദ്ദേഹം ആവശ്യമായ നിർദേശങ്ങളെല്ലാം നൽകി. അതിനുശേഷം രണ്ട് ബസുകളിലായി ഞങ്ങൾ കയറി.

വിയറ്റ്നാം ഒരു ചെറിയ രാജ്യമല്ല

ഡനാഗിലെ ബാണ ഹിൽസ് എന്ന സ്ഥലത്തേക്കാണ് ഞങ്ങളുടെ യാത്ര. 25 കിലോമീറ്റർ ബസിൽ യാത്ര ചെയ്താൽ കുളിരുകോരുന്ന ഈ കുന്നിൻചെരുവിൽ എത്തിച്ചേരാം. ബസ് ഞങ്ങളെയും കൊണ്ട് വിയറ്റ്നാമിലെ തെരുവുകളിലൂടെ മുന്നോട്ടുനീങ്ങി. മനോഹരവും വ്യത്യസ്തവുമായ കാഴ്ചയാണ് എങ്ങും.

ഡനാഗിലെ കാഴ്​ചകൾ

ഒരുകാലത്ത്​ കടലും മത്സ്യബന്ധനവുമായി ജീവിക്കുന്ന കൊച്ചു രാജ്യമായിരുന്നു വിയറ്റ്നാം. ഇന്ന് ഇവർ മാറ്റത്തിെൻറ പാതയിലാണ്. ലോകത്തിലെ മുൻനിര ഇലക്ട്രോണിക് ഉപയോഗ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് വിയറ്റ്നാം.

ചാന്മയ്, ഡനാഗ്‌, നത്രങ്, ഹലോങ് തുടങ്ങിയ സ്ഥലങ്ങൾ മുമ്പും വന്നിട്ടുണ്ട്. മലയാളികളായ സഞ്ചാരികൾക്ക് ഒരുപാട് ഇഷ്​ടമാവുന്ന നിരവധി സ്ഥലങ്ങൾ ഇവിടങ്ങളിലുണ്ട്. അധികം ചെലവില്ലാതെ വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക് കൂടി വരാൻ ഉതകുന്ന രാജ്യമാണിത്. സഞ്ചാരികളോട് വളരെ മാന്യവും ബഹുമാനവും നിറഞ്ഞ പെരുമാറ്റമാണ് എവിടെയും കാണാൻ കഴിയുക. അതുപോലെ ഓരോ ടൂറിസ്​റ്റ്​ സ്​ഥലങ്ങളിലും 10-15 ഡോളർ കൊടുത്താൽ സ്കൂട്ടർ പോലുള്ള വാഹനങ്ങൾ വാടകക്ക് ലഭിക്കും. പിന്നീടുള്ള കറക്കം അതിലാകാം.

കടൽ വിഭവങ്ങളുടെ പാതയോര വിൽപ്പന

അതിഗംഭീരമായ കുന്നുകളും മലകളും നിറഞ്ഞ നാടാണ് വിയറ്റ്നാം. ബസ് യാത്രയിലുടനീളം കൃഷിസ്ഥലങ്ങൾ വിരുന്നൂട്ടുന്നുണ്ട്. മംഗോസ്​റ്റിൻ, ചക്ക, മാമ്പഴം, ഇളനീര്, ലീച്ചി, റംബുട്ടാൻ, ദുരിയാൻ തുടങ്ങിയവ എവിടെയും കാണാം. തമിഴ്​നാട്ടിലെല്ലാം പാതയോരങ്ങളിൽ പഴുത്ത ചക്ക വിൽക്കുന്ന പോലെ ഇവിടെ പലതരത്തിലെ ദുരിയാൻ പഴങ്ങൾ ഉന്തുവണ്ടികളിൽ വിൽപ്പനക്ക്​ വെച്ചിരിക്കുന്നു.

ലഹരി നുകരും പാമ്പ്​ വൈൻ

ഭക്ഷണ വൈവിധ്യങ്ങളുടെ നാട്​ കൂടിയാണ്​ വിയറ്റ്നാം. എല്ലാ കടകളിലും കിട്ടുന്ന സാധരണ പാനീയമാണ്‌ പാമ്പ്​ വൈൻ. അരിയിൽനിന്നും വാറ്റിയെടുക്കുന്ന ഒരുതരം മദ്യത്തിൽ വിഷപ്പാമ്പുകളെയും തേളുകളെയുമെല്ലാം കാലങ്ങളായി സൂക്ഷിക്കും. ചൈന പോലുള്ള രാജ്യങ്ങളിലും ഇതിന്​ നല്ല പ്രചാരണമുണ്ട്​. ഔഷധമായും ഇതിനെ ഇവർ ഉപയോഗിക്കുന്നു.

കുപ്പിയിൽ സൂക്ഷിച്ച പാമ്പ്​ വൈൻ

ഇവിടത്തെ മറ്റൊരു വിശിഷ്​ട ഭക്ഷണമാണ് എഗ്ഗ്​​ ബാലുത്ത. വിയറ്റ്നാമിലും ഫിലിപ്പീൻസിലുമെല്ലാം യഥേഷ്​ടം ലഭിക്കുന്ന ഈ വിഭവം മലയാളികൾ​ക്കൊന്നും സ്വപ്നം പോലും കാണാനാവില്ല. താറാവ് മുട്ടയിൽനിന്നാണ്​ ഈ വിഭവം ഒരുക്കുന്നത്​. അട​െവച്ച താറാവ്‌ മുട്ട 15-20 ദിവസം കഴിയുമ്പോൾ പുറത്തെടുക്കും. അകത്തെ ഭ്രൂണം ചൂടുവെള്ളത്തിൽ വേവിച്ച്​ അതിൽ സോസും വിനാഗിരിയും ​ചേർത്ത്​ കഴിക്കുന്നതാണ് ഇതി​െൻറ രീതി.

ഡനാഗിൽ മത്സ്യവിഭവങ്ങൾ വിൽക്കുന്ന സ്ത്രീകളെ എങ്ങും കാണാം. ചിലർ മത്സ്യങ്ങളും സമുദ്ര വിഭവങ്ങളും കക്ക പോലുള്ള വസ്​തുക്കളും വിൽക്കുന്നു. മറ്റു ചിലർ ഇവ വൃത്തിയാക്കി മസാലയെല്ലാം പുരട്ടി വിൽപ്പനക്ക്​ വെച്ചിരിക്കുന്നു. മലയാളികളെ പോലെ ഒരുപാട് എരിവുള്ള മസാലകളൊന്നും ഇവർ ചേർക്കില്ല. പകരം അവരുടെ രീതിയിലെ രുചിക്കൂട്ടുകൾ മാത്രം ഉപയോഗിക്കും.

പച്ച നിറത്തിലെ ടാക്​സി കാറുകൾ

വഴിയോരങ്ങളിൽ കണ്ട മറ്റൊരു രസകരമായ കാഴ്​ചയാണ്​ പച്ച നിറത്തിലെ ടാക്സി കാറുകൾ. ടൊയോട്ടയുടെ ഇന്നോവ ക്രിസ്​റ്റക്ക്​ പോലും ഇവിടെ പച്ചനിറമാണ്​.

ചുരം കയറി മലമുകളിലേക്ക്​

വിയറ്റ്​നാമി​െൻറ വിശേഷങ്ങളിലൂടെ കണ്ണോടിക്കുന്നതിനിടെ ബസ്​ ഞങ്ങളെയും കൊണ്ട്​ മുന്നോട്ടുകുതിക്കുകയാണ്​. താമരശ്ശേരി ചുരം കയറുന്നപോലെ കുന്നുകളും മലകളും പിന്നിട്ട്​ ബാണ കുന്നിൻ ചെരുവിലെത്തി. ഇനി സൺവേൾഡ് ബാണ ഹിൽസ് എന്ന പാർക്കിലെത്താണം. ഇവിടേക്ക് എത്താൻ ഏകദേശം 30 മിനിറ്റ് കേബിൾ കാറിൽ സഞ്ചരിക്കേണ്ടതുണ്ട്. 30 ഡോളർ ആണ് ഇവിടത്തെ ടിക്കറ്റ്. ഇതിൽ ഉച്ചഭക്ഷണം കൂടി ലഭ്യമാണ്.

മലഞ്ചെരുവിലൂടെ നീളുന്ന പാത

ട്രോങ് സാൻ പർവതനിരകളിൽ സമുദ്ര നിരപ്പിൽനിന്നും 1487 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഈ കുന്നുകൾ മനോഹരമായ ഭൂപ്രകൃതി കൊണ്ടും കാഴ്ചകളാലും ഭൂമിയിലെ സ്വർഗം എന്നാണ്​ വിശേഷിപ്പിക്കുന്നത്​. ഇവിടത്തെ ഒാരോ കാഴ്ചയും അത്രമേൽ സുന്ദരമാണ്‌. ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്​ ഉയരത്തിൽ കൂടിയുള്ള കേബിൾ കാർ യാത്ര തന്നെ.

ലോകത്തിലെ മുൻനിര കേബിൾ കാർ നിർമാതാക്കളായ ഡോപ്പർമയർ എന്ന ഓസ്ട്രിയൻ കമ്പനിയാണ് ഇത്​ നിർമിച്ചിട്ടുള്ളത്. നിലവിൽ അഞ്ച് പാതകളിലായി അനേകം കേബിൾ കാറുകൾ ചലിക്കുന്നു. മണിക്കൂറിൽ 75,000 യാത്രക്കാരെ കൊണ്ടുപോകാൻ ഇതിന്​ കഴിയും. ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ കാർ പാത എന്ന റെക്കോർഡും മറ്റാർക്കുമല്ല. 2021ൽ ഇത് എട്ട് പാതകളാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ അഞ്ച്​ പാതകളിലെ തിരക്കും യാത്രക്കാരുടെ സ്വീകാര്യതയുമാണ് ഇതിന് പ്രേരിപ്പിക്കുന്നത്.

കേബിൾ കാർ യാത്ര

ഇവിടെ കേബിൾ കാറി​െൻറയും ബാണ ഹിൽസ​ി​െൻറയുമെല്ലാം ചരിത്രം വരച്ചിടുന്ന മ്യൂസിയമുണ്ട്​. അവിടെ ഒന്ന്​ കയറിയിറങ്ങി കേബിൾ കാറിെൻറ സ്​റ്റോപ്പിലേക്ക്​ നടന്നു. ഞങ്ങളെ കൂടാതെ നിരവധി സഞ്ചാരികളുണ്ട്​. ഇവരെയെല്ലാം സഹായിക്കാൻ ധാരാളം ജോലിക്കാരും.

വലിയ ഒരു കേബിൾ കാർ ഞങ്ങളുടെ അടുത്തുമെത്തി. എല്ലാവരും കയറിയതോടെ യാത്ര തുടങ്ങി. കുന്നിൻചെരിവിലൂടെ മനോഹരമായ വെള്ളച്ചാട്ടമെല്ലാം കഴിഞ്ഞ്​ കേബിൾ കാർ കുതിക്കുകയാണ്. അൽപ്പം പേടി ഇല്ലാതില്ല. അത്രമേൽ ഉയരത്തിലാണ് നമ്മളിപ്പോൾ. മൊബൈൽ ടവർ പോലെ കൂറ്റൻ തൂണുകൾ ഉണ്ടാക്കിയാണ് ഇതിെൻറ പ്രവർത്തനം. മുകളിലെത്തുേമ്പാൾ ആകാശത്തിലൂടെയാണോ അതോ മേഘങ്ങൾക്കിടയിലൂടെയാണോ പോവുന്നതെന്ന് സ​ംശയിക്കും. ബാണ കുന്നിനെ അത്രമേൽ ആസ്വാദിക്കാൻ പറ്റും ഈ കേബിൾ കാർ യാത്രയിൽ.

യാത്രക്കിടയിൽ ദൃശ്യമായ വെള്ളച്ചാട്ടം

താഴെ നോക്കിയാൽ ഒരുപാട് അകലെ കോടമഞ്ഞിൽ പുതഞ്ഞ കാട് കാണാം. എങ്ങും കോടമൂടിയിരിക്കുന്നു. ചില സമയങ്ങളിൽ കേബിൾ കാറിെൻറ നീണ്ട ഇരുമ്പ് കമ്പികൾ മാത്രമേ കാണൂ. പുറത്തെ തണുത്ത കാറ്റ് ചെറിയ ചില്ല് ജാലകത്തിലൂടെ അകത്തുവന്നു പ്രകൃതി അതിെൻറ മനോഹാരിത നമ്മെ അനുഭവിപ്പിക്കുന്നു.

ഇൗ സമയം എെൻറ മനസ്സിൽ വന്നത് നമ്മുടെ കൊച്ചുകേരളത്തെ കുറിച്ചാണ്. ഇത്തരം ഒരുപാട് ടൂറിസം സാധ്യതകൾ നമുക്കുണ്ടെങ്കിലും എന്തുകൊണ്ടോ നമ്മൾ അത് ഉപേയാഗപ്പെടുത്തുന്നില്ല. മൂന്നാറിലോ വയനാട്ടിലോ ഇതുപോലെ ഏതൊരാൾക്കും സഞ്ചരിക്കാൻ കഴിയുന്ന, പ്രകൃതിയുടെ എല്ലാം അനുഭവങ്ങളും തൊട്ടറിഞ്ഞ്​ അതിെൻറ ഭംഗി മുഴുവനും ആസ്വദിക്കാൻ ഉതകുന്ന കേബിൾ കാർ ഉണ്ടായരിന്നുവെങ്കിൽ... ഭാവിയിലെങ്കിലും അവ വരുമെന്ന പ്രതീക്ഷയോടെ ഞങ്ങളെയും കൊണ്ട്​ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചു.

ഗോൾഡൻ ബ്രിഡ്​ജിനെ​ താങ്ങിനിർത്തുന്ന രീതിയിലെ കൈ

കോടമഞ്ഞിൽ മൂടിയ സ്വർണപ്പാലം

കേബിൾ കാർ യാത്ര അവസാനിക്കുന്നത്​ ഗോൾഡൻ ബ്രിഡ്ജിന്​ മുന്നിലാണ്. ബാണ ഹിൽസിെൻറ ഒത്ത നടുവിലാണ് ഇൗ പാലം. മല മുഴുവനും ഈ പലത്തിനെ താങ്ങിനിർത്തിയ പോലെ രണ്ടു വലിയ കൈകളും കാണം. 2018ലാണ് സഞ്ചാരികൾക്കായി പാലം​ തുറന്നത്. ആ വർഷം ടൈം മാഗസിനിൽ ലോകത്തിലെ 10 സുന്ദരമായ സ്ഥലങ്ങളിൽ ഇടംനേടി. ഏറ്റവും മനോഹരമായ പാലങ്ങളിലും ഗോൾഡൻ ബ്രിഡ്​ജ്​ ഉൾപ്പെട്ടു.

പാലത്തിലൂടെ നടത്തം തുടങ്ങി. മഞ്ഞുമൂടിയതിനാൽ പലപ്പോഴും കാഴ്ചമറക്കുന്നു. കോടമഞ്ഞിനെ വകഞ്ഞുമാറ്റി നീങ്ങു​േമ്പാൾ പുതിയ പുതിയ കാഴ്ചകൾ അടുത്ത് ദൃശ്യമാകുന്നു. അതിനേക്കാളുപരി ഏറെ കുളിരും പ്രകൃതി പകർന്നേകുന്നു. നടന്ന് മലയുടെ അരികിലെത്തി. അവിടെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ തന്നെ.

പാലത്തിന്​ മുകളിലെ സഞ്ചാരികൾ

ഒരു ഫ്രഞ്ച് കോളനി അതുപോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. അതിന് മുമ്പിൽ പല നിറത്തിലെ ട്യൂലിപ് പൂവുകൾ നറുമണം വീശുന്നു. 20ാം നൂറ്റാണ്ടിെൻറ ആദ്യഘട്ടത്തിൽ വിയറ്റ്നാം ഭരിച്ചിരുന്ന ഫ്രഞ്ചുകാരുടെ ഇഷ്​ടകേന്ദ്രമായിരുന്നു ബാണ ഹിൽസ്. അതുകൊണ്ട് തന്നെയാണ് ഇൗ മലമുകളിലെ നിർമിതികൾക്ക് ഫ്രഞ്ച് ഛായയുള്ളത്. ബാണാ പർവതം സന്ദർശിച്ച ആദ്യത്തെ വിദേശിയായ ഫ്രഞ്ച് പൗര​െൻറ ജന്മനാടായ പിഗ്​നൗ ഡി ബെഹെയ്നിൽ നിന്നാണ് ഫ്രഞ്ച് കോളനിയുടെ​ പ്രചോദനം ഉൾകൊണ്ടത്. 

ഒരുനിമിഷം നമ്മൾ എത്തിപ്പെട്ടത്​ യൂറോപ്പിലാണോ എന്ന് തോന്നിപ്പോകും. യൂറോപ്യൻ ശൈലിയിലെ വ്യത്യസ്തമായ കെട്ടിടങ്ങൾ. അതിനൊത്ത് ധാരാളം ഭക്ഷണ ശാലകളും. വ്യത്യസ്​തമായ മെഴുക് പ്രതിമ മ്യൂസിയവും ഇവിടെയുണ്ട്. മദർ തെരേസായും ആൽബർട്ട് ഐൻസ്​റ്റീനുമടക്കമുള്ള ലോക പ്രശസ്തരായ പലരും ഇവിടെ ഇടംപിടിച്ചിരിക്കുന്നു.

മലമുകളിലെ ഫ്രഞ്ച്​ കോളനി (courtesy: wecityguide)

കെട്ടിട​ങ്ങൾക്ക്​ സമീപത്തെ പാർക്കുകളിൽ കുട്ടികൾ എല്ലാം മറന്ന് ഒാടിക്കളിക്കുകയാണ്​. സഞ്ചാരികൾക്കായി ധാരാളം ഉല്ലാസ റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം ഏറെ വൃത്തിയോടെയാണ് പരിപാലിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷതെ. ഒരുപക്ഷെ, സ്വകാര്യ സംരംഭമായത് കൊണ്ടാവാം ഇത്രത്തോളം ആധുനികമായ സംവിധനങ്ങളും വൃത്തിയുമെല്ലാം. എന്തായാലും രാജ്യത്തിന് ഉപകാരപ്പെടുന്ന ടൂറിസം കേന്ദ്രങ്ങൾ ആര്​ നടത്തുന്നത് കൊണ്ടും തെറ്റില്ല എന്നാണ് നമ്മെ ഇത് പഠിപ്പിക്കുന്നത്.

മഴയും മഞ്ഞും ഒരുമിച്ചെത്തു​േമ്പാൾ

ബാണ ഹിൽസിൽ മനുഷ്യരൊരുക്കിയ കാഴ്ചകളും പ്രകൃതിയുടെ നിറസൗന്ദര്യവുമെല്ലാം മറ്റൊരു ലോകത്തിലേക്ക് എത്തിച്ചിരിക്കുന്നു. വൈകുന്നേരമായതോടെ കാലവസ്ഥ മാറി. തണുത്ത കാറ്റിനൊപ്പം മഴയും പെയ്തിറങ്ങാൻ തുടങ്ങി. അത്രയൊന്നും ഗണിക്കാതെ വന്ന ഞാൻ തണുത്ത്​ വിറക്കുകയാണ്​.

ബാണ ഹിൽസിലെ ഫ്രഞ്ച്​ നിർമിതികൾ

വിയറ്റ്നാമിൽ പൊതുവെ ചൂട് കാലാവസ്ഥയാണ്. അതിനാൽ തന്നെ ഒരു ജാക്കറ്റ് പോലും എെൻറ കൈയിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു യൂസ് ആൻഡ് ത്രോ റെയിൻ കോട്ട് ഒരാളുടെ കൈയിൽനിന്നും വാങ്ങി. കുറച്ചുനേരത്തേക്കെങ്കിലും അത്​ താൽക്കാലിക ആശ്വാസമേകി.

കാഴ്ചകൾ കണ്ട് എല്ലാവരും മടങ്ങിയെത്തിയശേഷം കേബിൾ കാറിൽ മലയിറങ്ങി. താഴെ നിരവധി കച്ചവടകേന്ദ്രങ്ങളുണ്ട്. സമയം ഇനിയും ധാരാളം. അവയിലൂടെയൊന്ന് ചുറ്റിയടിച്ചു. സ്​റ്റാളുകളിൽ ബാണ ഹിൽസിൽനിന്നും ശേഖരിച്ച ആയുർവേദ വിഭവങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു.

വാക്​സ്​ മ്യൂസിയത്തിൽ ലേഖകൻ ആൽബർട്ട്​​ ​​െഎൻസ്​റ്റീ​െൻറ മെഴുക്​ പ്രതിമക്ക്​ സമീപം

മലയാളികളെ പോലെ പ്രകൃതിയോട് വളരെ അടുത്ത് ഇണങ്ങി കഴിയുന്നവരാണ് വിയറ്റ്നാം ജനതയും. പുൽതൈലം, വേദനസാംഹാരികൾ, ഒറ്റമൂലികൾ, സുവനീറുകൾ... അങ്ങനെ പലതും അവിടെ കാണാം. വിയറ്റ്നാമിെൻറ ഒാർമക്കായി ഏതാനും സുവനീറുകൾ വാങ്ങി. ഡോങ് ആണ് ഇവിടത്തെ കറൻസി. ഒറ്റനോട്ടത്തിൽ ഒരുപാട് വലുതായി തോന്നുമെങ്കിലും മൂല്യത്തിെൻറ കാര്യത്തിൽ വളരെ പിറകിലാണ്. ഒരു ചായ കിട്ടാൻ ചിലപ്പോൾ 10,000 ഡോങ് കൊടുക്കേണ്ടി വരും എന്നതാണ് അവസ്ഥ. എെൻറ ആദ്യ വിയറ്റ്​നാം യാത്രയിൽ ഏഴ് ലക്ഷം ഡോങ് (30 ഡോളർ) കൈയിലുണ്ടായിരുന്നുവെന്ന്​ ഞാൻ അപ്പോൾ ഓർത്തു.

ബസിലെ നീണ്ട യാത്രക്കുശേഷം വീണ്ടും ഡനാഗ്‌ തുറമുഖത്തിെലത്തി. കടലിൽ ഞങ്ങളുടെ സ്വന്തം കോസ്​റ്റ അറ്റ്ലാൻറിക്ക നങ്കൂരമിട്ട് നിൽക്കുന്നു. ഇതെഴുതുേമ്പാൾ സമുദ്രങ്ങളിലൂടെയുള്ള തീരാത്ത യാത്രകൾ മനസ്സിലേക്ക് കടന്നുവരികയാണ്. ലോകം മുഴുവനും കോവിഡ് എന്ന മഹാമാരി വ്യാപിച്ചതോടെ പഴയപോലെ യാത്രക്കാരും അവരുടെ സന്തോഷങ്ങളും നഷ്​ടമായി. വിവിധ സമുദ്രങ്ങളിലൂടെ സഞ്ചാരികളെയും കൊണ്ട്‌ ചുറ്റിക്കറങ്ങുന്ന ആഡംബര നൗകകളെല്ലാം, പുതിയ പ്രതീക്ഷയുടെ പ്രഭാതവും സ്വപ്​നം കണ്ട്​ കടലുകളിൽ നങ്കൂരമിട്ടിരിക്കുകയാണ്​.

കടകളിൽ വിൽപ്പനക്കുവെച്ച കരകൗശല വസ്​തുക്കൾ

ഇന്ന് കോവിഡ് അതി​െൻറ ഏറ്റവും മൂർധന്യാവസ്​ഥയിൽ നിൽക്കു​േമ്പാഴും ഇതൊന്നും ശാശ്വതമല്ലെന്ന് നമുക്കറിയാം. ഇത്തരം പ്രതിസന്ധികൾ ഒരുപാട് തരണം ചെയ്തവരാണ് മനുഷ്യസമൂഹം. വീണ്ടും നമുക്ക് യാത്ര ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിലും യാത്രകൾ എങ്ങനെയാണ്​ അവസാനിക്കുക. മനുഷ്യൻ ഭൂമിയിൽ വന്നതുമുതൽ അവൻ പ്രയാണം തുടരുകയല്ലേ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.