കർണാടകയിലെ ചാമരാജ് നഗറിലാണ് ബന്ദിപ്പൂർ ടൈഗർ റിസർവ്. ഏകദേശം 868.63 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശം. ബന്ദിപ്പൂർ നാഷനൽ പാർക്ക് എന്ന പേരിലാണ് നേരത്തേ അറിയപ്പെട്ടിരുന്നത്. 1973ൽ ‘പ്രോജക്ട് ടൈഗറി’ന് കീഴിൽ ബന്ദിപ്പൂർ ടൈഗർ റിസർവ് സ്ഥാപിതമായി. 1986 മുതൽ ഇത് നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്. കേരളത്തിന്റെ മുത്തങ്ങ വന്യജീവി കേന്ദ്രം, കബനി ടൈഗർ റിസർവ് നാഗർഹോള, തമിഴ്‍നാടിന്റെ മുതുമല വന്യ ജീവി സങ്കേതം മുതലായവ അതിരിട്ടു കിടക്കുന്നതിനാൽതന്നെ വലിയ തോതിലുള്ള വന്യ മൃഗസമ്പത്ത് ബന്ദിപ്പൂർ ടൈഗർ റിസർവിലുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ കടുവകൾ കാണപ്പെടുന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷനൽ പാർക്ക് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കടുവാ സങ്കേതം.

126 കടുവകൾ, 300 പുള്ളിപ്പുലികൾ

2021ലെ കണക്ക് പ്രകാരം ഏകദേശം 126 കടുവകൾ, 2500 ആനകൾ, 300 പുള്ളിപ്പുലികൾ തുടങ്ങി വന്യമൃഗങ്ങൾ ബന്ദിപ്പൂർ ടൈഗർ റിസർവിലുണ്ടെന്ന് ബന്ദിപ്പൂർ പ്രോജക്ട് ടൈഗർ ഡയറക്ടർ എസ്.ആർ. നടേഷ് പറയുന്നു. തൃശൂർ ജില്ലയിലെ ഗുരുവായൂരിൽനിന്ന് പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെട്ട് പെരിന്തൽമണ്ണ നിലമ്പൂർ വഴി ഊട്ടി-മൈസൂർ റോഡ് വഴിയായിരുന്നു ബന്ദിപ്പൂരിലേക്കുള്ള യാത്ര. ഏതാണ്ട് പന്ത്രണ്ട് മണിയോടെ കർണാടകയുടെ അതിർത്തിയിലുള്ള ബന്ദിപ്പൂർ ചെക്ക് പോസ്റ്റിലെത്തി. കർണാടക സർക്കാറിന്റെ ഭാഗമായ ജെ.എൽ.ആർ ലോഡ്‌ജും സഫാരിയും നേരത്തേ ഓൺലൈൻ ബുക്ക് ചെയ്തിരുന്നതുകൊണ്ട് ചെക്ക് പോസ്റ്റിൽ കൂടുതൽ ചോദ്യങ്ങൾ ഒന്നുമുണ്ടായില്ല.

ഡ്രൈ ഫോറസ്റ്റ്

കേരളത്തിന്റെ വനമേഖല പോലെയല്ല കർണാടകയുടേത്. കേരളത്തിന്റേത് നിബിഡവും കൂടുതൽ ഹരിതാഭവുമാണെങ്കിൽ കർണാടകയുടെ വനമേഖല ഡ്രൈ ഫോറസ്റ്റ് ആണ്. വിശാലമായ, നോക്കെത്താത്ത കാടുകൾ. ഇടക്കിടെ മൃഗങ്ങൾ ഇറങ്ങാനുള്ള സാധ്യത അറിയിച്ചുള്ള സർക്കാറിന്റെ മുന്നറിയിപ്പ് ബോർഡുകൾ. യാത്രക്കിടയിൽ വാഹനങ്ങൾ നിർത്താനോ പുറത്തിറങ്ങാനോ പാടില്ല. സാധാരണ ഉഷ്ണമേഖല കാലാവസ്ഥയാണ് ബന്ദിപ്പൂരിലുള്ളത്. വരണ്ടതും ചൂടുള്ളതുമായ കാലയളവ് സാധാരണയായി മാർച്ച് ആദ്യം ആരംഭിക്കുകയും ജൂണിൽ മൺസൂൺ മഴയുടെ വരവുവരെ നീണ്ടുനിൽക്കുകയും ചെയ്യും.

തേക്ക്, അക്കേഷ്യ, റോസ് വുഡ്, മുളകൾ, അത്തി, താന്നി മരങ്ങൾ (ഇത് അത്തി, ഇത്തി, താന്നി ഉൾപ്പെടുന്നവ തൃഫലാദി ചൂർണത്തിനും മറ്റ് ആയുർവേദ മരുന്നുകൾക്കുമുള്ള ചേരുവയാണ്), ചന്ദനമരങ്ങൾ തുടങ്ങി അപൂർവയിനം സസ്യങ്ങളും ബന്ദിപ്പൂരിന്റെ പ്രത്യേകതയാണ്. വിവിധയിനത്തിൽപെട്ട ചെറുതും വലുതുമായ മുള്ളുള്ളതും ഇല്ലാത്തതുമായ മുളകൾ മറ്റൊരു സവിശേഷതയാണ്. ആന, കരടി, കുരങ്ങ്, മുതലായ മൃഗങ്ങൾക്കും ചില സൂക്ഷ്മ ജീവികൾക്കും മുളകൾ ആഹാരമാകുന്നുണ്ട്.

സർക്കാർ താമസ സൗകര്യം

വനത്തിനകത്തുള്ള സർക്കാർ വക ലോഡ്ജിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും സൗകര്യമുണ്ട്. വൈകിട്ട് 3.30നുള്ള സഫാരിയും പിറ്റേന്ന് 6.30നുള്ള സഫാരിയും ഉൾപ്പെടെയുള്ള ആക്ടിവിറ്റികൾ ​വേറെയും. സഫാരി തുറന്ന ജീപ്പിലാണ്. ഉച്ചക്ക് ഒരു മണിക്ക് ചെക്ക് ഇൻ ചെയ്താൽ പിറ്റേന്ന് പുലർച്ചെ 6.30 മുതൽ 9.30 വരെയുള്ള സഫാരി കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് 10.30ന് ചെക്ക് ഔട്ട് ചെയ്യണം.

വന്യജീവികൾക്കിടയിൽ

ബന്ദിപ്പൂർ വനയാത്രക്കിടെ ആന, കടുവ, പുള്ളിപ്പുലി, കരടി, ചെങ്കീരി, കാട്ടുപോത്ത് (wild guar), കാട്ടുനായ്ക്കൾ (wild dogs) തുടങ്ങി നിരവധി വന്യജീവികളെ നേരിട്ട് അവയുടെ ആവാസ വ്യവസ്ഥയിൽതന്നെ കാണാനായി. കൂടാതെ ചുട്ടി പരുന്ത്, ക്രെസ്റ്റഡ് ഹോക് ഈഗിൾ, ഗ്രേറ്റ് എഗ്രെറ്റ്, നീല പൊന്മാൻ, പവിഴക്കാലി, തിത്തിരിപ്പക്ഷി, വിവിധയിനം തത്തകൾ, അരിപ്രാവുകൾ, മലയണ്ണാൻ, എരണ്ടകൾ തുടങ്ങിയവ വേ​റെയും. വൈൽഡ് ലൈഫ് അടുത്ത് ആസ്വദിക്കാൻ കഴിയുന്ന ബെസ്റ്റ് സ്​പോട്ടാണ് ബന്ദിപ്പൂരെന്നത് അനുഭവിച്ചുതന്നെ മനസ്സിലാക്കി.

Tags:    
News Summary - Bandipur Tiger Reserve is the best spot to experience wildlife up close

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.