അതൊരു ശരത്കാലാരംഭത്തിലെ തണുപ്പുള്ള രാത്രിയായിരുന്നു. ഞങ്ങളിപ്പോൾ പഴയ യുഗോസ്ലാവിയൻ രാജ്യങ്ങളായ ബോസ്നിയയേയും സെർബിയയേയും അതിരിടുന്ന ‘കരക്കായ്’ അതിർത്തി കഴിഞ്ഞു ലോസ്നിച്ച പ്രവിശ്യയുടെ ഉൾ വഴികളിലൂടെ സഞ്ചരിച്ചരിക്കുകയാണ്. ബോസ്നിയ -സെർബിയ യാത്രയുടെ ആറാമത്തെ ദിവസമാണിന്ന്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഖയ്യൂമിന് യു.എസ് വിസ ഇന്റർവ്യൂ ഷെഡ്യൂൾ പെട്ടന്ന് വന്നത് കൊണ്ട് ബെൽഗ്രേഡിൽനിന്നുമുള്ള മടക്ക യാത്ര ടിക്കറ്റ് ക്യാൻസൽ ചെയ്തു സരയാവോയിൽനിന്നുതന്നെ നേരെ ദുബൈയിലേക്ക് മടങ്ങി.
ശേഷം ഞാനും യൂനുസ് ഭായിയും സലീലും ഇങ്ങോട്ടു പോന്നു. സരയാവോയിൽനിന്നും മൂന്നു-നാലു മണിക്കൂർ യാത്രയുണ്ടിങ്ങോട്ട്. റോഡിൽ വാഹനങ്ങൾ നന്നേ കുറവ്. യൂനുസ് ഭായിയുടെ നിർദേശമനുസരിച്ചാണ് സലീൽ വണ്ടിയോടിക്കുന്നത്. ഇന്ന് രാത്രി തങ്ങാൻ അദ്ദേഹം ഈ ഗ്രാമത്തിലെവിടെയോ വീട് ബുക്ക് ചെയ്തിട്ടുണ്ട്. അങ്ങോട്ട് ലക്ഷ്യമാക്കിയാണ് യാത്ര. രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ട്. പതിവിലും വിപരീതമായി ഇന്നത്തെ രാത്രിക്കെന്തോ ഇരുട്ട് കൂടുതലുള്ളതു പോലെ. കുറച്ചു ദൂരം പിന്നിട്ടപ്പോൾ സലീൽ പെട്ടന്ന് വണ്ടി നിറുത്തി. അവിടെ ടാറിട്ട റോഡ് അവസാനിച്ചിരിക്കുന്നു. മാപ്പിൽ ഇനിയും കുറച്ചു ദൂരം കൂടെ കാണിക്കുന്നുണ്ട്. ഇവിടുന്നങ്ങോട്ടിനി ഒരു മൺപാതയാണ്. റോഡിലെങ്ങും ഒരു മിന്നാ മിനുങ്ങിന്റെ വെട്ടം പോലുമില്ല. എങ്ങും കൂരാ കൂരിരുട്ട് മാത്രം.
സലീൽ വണ്ടി ഒന്ന് ചവിട്ടിയിട്ടു മുന്നോട്ടെടുക്കണോ അതോ തിരിക്കണോ എന്നാലോചിച്ചോണ്ടിരിക്കെ യൂനുസ് ഭായി ധൈര്യം പകർന്നു. അങ്ങനെ ആളൊഴിഞ്ഞ മൺപാതയിലൂടെ യാത്ര തുടർന്നു. മൂന്നു നാലു കിലോമീറ്റർ പിന്നിട്ടപ്പോൾ വിജനമായ ഒരു പ്രദേശത്തെത്തി. അങ്ങകലെ ഒരു വീട് കാണാം. അതിന്നു ചുറ്റും മറ്റു വീടുകളോ വെളിച്ചമോ ഒന്നുമില്ല. യൂനുസ് ഭായി പറഞ്ഞു അതാണ് നമ്മൾ ഇന്ന് താമസിക്കാൻ പോകുന്ന വീട്. അങ്ങകലെ നായ്ക്കൾ ഓരിയിടുന്ന ശബ്ദവും കാറ്റു മരച്ചില്ലകളിലൂടെ തഴുകിയൊഴുക്കുന്ന ശബ്ദവും കൂടെയായപ്പോൾ ഏതോ ഹോളിവുഡ് പ്രേത സിനിമകളിൽ കാണുന്ന പോലുള്ള അനുഭവമായിരുന്നു. വണ്ടി വീടിന്റെ മുറ്റത്തു പാർക്ക് ചെയ്തു ഇറങ്ങിയപ്പോഴേക്ക് ഉമ്മറ വാതിൽ തുറന്നു ഒരു അപ്പൂപ്പനും അമ്മൂമ്മയും ഇറങ്ങി വന്നു.
ഞങ്ങളോട് ബാഗെല്ലാം എടുത്ത് അവരുടെ കൂടെ വരാൻ പറഞ്ഞു. ആ വീടിനു ചേർന്ന് മറ്റൊരു വീട്ടിലോട്ടു ഞങ്ങളെ ആനയിച്ചു. അതിന്റെ വാതിൽ തുറന്നു അങ്ങോട്ട് കയറാനും പേയ്മെന്റും പാസ്പോർട്ട് വെരിഫിക്കേഷനും രാവിലെ ശരിയാക്കാമെന്നു പറഞ്ഞ് അവർ പോയി. ഈ പ്രദേശവും കൂരിരുട്ടും അവരുടെ പെരുമാറ്റവും കൂടെ കൂട്ടി വായിച്ചപ്പോൾ എന്തൊക്കെയോ പന്തികേട് പോലെ. അവർ പോയ പാടെ വാതിലടക്കാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല. തണുപ്പു കാരണം കതക് ചീർത്തിരിക്കുന്നു.
അത് കൂടെ ആയപ്പോൾ ഉള്ളിലൊരു ആന്തൽ. യൂനുസ് ഭായി എരിതീയിൽ എണ്ണ ഒഴിക്കും പോലെ ഓരോന്നു പറഞ്ഞോണ്ടിരിക്കുകയാണ് ‘രാത്രി മൂന്നു മണിയാവുമ്പോൾ ഈ പ്രദേശത്തു ചില ഞെട്ടിപ്പിക്കുന്ന ശബ്ദങ്ങൾ കേട്ടിട്ടുണ്ടെന്ന ഒരു മുൻ താമസക്കാരന്റെ അനുഭവകുറിപ്പിൽ വായിച്ചതായി പറഞ്ഞു. ഞാൻ ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ ചിരിച്ചു തള്ളി. അങ്ങനെ കതകിലോട്ടു നോക്കി ഓരോന്നാലോചിച്ചു തിരിഞ്ഞും മറിഞ്ഞുമങ്ങനെ കിടന്നു. തണുപ്പായതിനാലും കതകടക്കാൻ പറ്റാത്തതിനാലുമുള്ള ഉത്കണ്ഠ മൂലവും കുറെ നേരം കഴിഞ്ഞാണ് ഉറങ്ങിയത്.
പിറ്റേന്നു രാവിലെ ജനലിന്റെ വിടവിലൂടെ സൂര്യ പ്രകാശം കണ്ണിലൊട്ടടിച്ചപ്പോൾ ചാടിയെഴുന്നേറ്റു. ചാരിവെച്ച വാതിൽ മെല്ലെ തുറന്നു പുറത്തിറങ്ങി നോക്കുമ്പോൾ കണ്ട കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഒരു വിശാലമായ പുൽമേട് അതിലൂടെ ഒരു പറ്റം ചെമ്മരിയാടുകൾ മേഞ്ഞു കൊണ്ടിരിക്കുന്നു. ചുറ്റിനും പൂത്തുലഞ്ഞ ആപ്പിൾ മരങ്ങളും മുന്തിരി വള്ളികളും. ഏദൻ തോട്ടത്തിലെത്തിയ പ്രതീതി. അങ്ങനെ കാഴ്ചകളൊക്കെ കണ്ടു നടക്കുമ്പോഴാണ് നമ്മുടെ കഥാ നായകരെ കാണുന്നത്. അപ്പൂപ്പൻ കുതിരക്കു തീറ്റ കൊടുത്തു കൊണ്ടിരിക്കുകയാണ് അമ്മൂമ്മയാണേൽ കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ ശേഖരിക്കുന്ന തിരക്കിലാണ്. എന്നെ കണ്ടപ്പോൾ സെർബ് ഭാഷയിൽ എന്തോ പറഞ്ഞു. ഗുഡ് മോർണിങ് എന്നാണ് പറഞ്ഞെതെന്നു പിന്നീട് മനസ്സിലായി.
അമ്മൂമ്മ മൊബൈലും പിടിച്ചു എന്റടുത്തോട്ടു വന്നു ബ്രെക്ഫാസ്റ്റ് എപ്പോഴാണ് വേണ്ടതെന്നാണ് ഗൂഗിൾ ട്രാൻസ്ലെറ്റിൽ ചോദിക്കുന്നത്. ഒൻപതു മണിയാകുമ്പോഴേക് മതിയെന്ന് പറഞ്ഞു. സമയമാകുമ്പോൾ അങ്ങോട്ട് വന്നാൽ മതിയെന്ന് ചൂണ്ടി കാണിച്ചു അമ്മൂമ്മ വീട്ടിലോട്ടു പോയി. ഞാൻ അപ്പൂപ്പന്റടുത്തോട്ടു പോയി. അപ്പൂപ്പന്റെ പേര് ‘ദ്രാജിക് സ്റ്റെഫാനോവിച്’ എന്നാണ്. അമ്മൂമ്മയുടേത് ‘സോറിച്ച’. അപ്പൂപ്പന്റെ കൂടെ ‘ലേല’ എന്ന നായയും ‘മികിയ’ എന്ന പൂച്ചയുമുണ്ട്. ഇവർ എവിടെ പോയാലും അകമ്പടിയായി അവരും ഒപ്പം കൂടും. അപ്പോഴേക്കും യൂനുസ് ഭായ് ക്യാമറ എടുത്ത് ഷൂട്ടിങ് തുടങ്ങിയിരുന്നു.
‘ലാസ്ഥക്കു (കുതിര)’ തീറ്റ കൊടുക്കൽ കഴിഞ്ഞപ്പോൾ സലീലിനോട് കുതിരപ്പുറത്തു കേറണമോയെന്നു ചോദിച്ചു അപ്പൂപ്പൻ. അങ്ങനെയാണെകിൽ ഒരു കൈ നോക്കാമെന്നായി സലീൽ കുതിരപ്പുറത്തു ചാടിക്കയറി. അപ്പൂപ്പൻ കുതിരയോടിക്കുന്നതിന്റെ പ്രാഥമിക കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു കൊടുക്കുന്നുണ്ട്. ഒരു പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ അപ്പൂപ്പനും കൂടെയൊടുന്നുണ്ട് യൂനുസ് ഭായി ഇതെല്ലം ക്യാമറയിൽ പകർത്തി കൊണ്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മ പുറകിൽ നിന്നും അപ്പൂപ്പനോടെന്തോ പറയുന്നു. അപ്പൂപ്പൻ ഞങ്ങളെ നോക്കി ഭക്ഷണം കഴിക്കുന്ന ആംഗ്യം കാണിച്ചു വീട്ടിലോട്ടാനയിച്ചു. പാലും മുട്ടയും സോസേജും ജാമും മറ്റു ചില സെർബ് വിഭവങ്ങളുമായി മേശ നിറഞ്ഞിരിക്കുന്നു.
അമ്മൂമ്മ ട്രാൻസ്ലേറ്റ് വഴി ഓരോ വിഭവങ്ങൾ പരിചയപ്പെടുത്തി തരുന്നുണ്ട്. വിഭവ സമൃദ്ധമായ പ്രാതലിനു ശേഷം പരസ്പരം വിശേഷ വിവരങ്ങളൊക്കെ പങ്കുവെച്ചു. യൂനുസ് ഭായി വാച്ച് നോക്കി ഇവിടുന്നു ഇറങ്ങാനുള്ള സമയമായെന്ന് പറഞ്ഞു. അടുത്ത ലക്ഷ്യ സ്ഥാനം സെർബിയയുടെ അതെൻസ് എന്നറിയപ്പെടുന്ന നോവി സാഡിലേക്കാണ്. ഇവിടുന്നു മടങ്ങുവാൻ തോന്നുന്നേയില്ല. പല രാജ്യങ്ങളിലും പലയിടങ്ങളിലും താമസിച്ചിട്ടുണ്ടെങ്കിലും ഇത് പോലയുള്ള ഒരു വീടും പരിസരവും ആധിഥേയത്വവും ആദ്യമായിട്ടായിരുന്നു.. എന്റെ ലാപ്ടോപ്പ് അബൂദബി എയർപോർട്ടിൽ വെച്ച് മറന്നില്ലേൽ ഞാൻ ഒരാഴ്ച ഇവിടെ താമസിച്ചു വർക്ക് ഫ്രം ഹോം എടുത്തേനേയെന്നു തമാശ രൂപേണ സലീലിന്റടുത്തു പറഞ്ഞു..
അങ്ങനെ ഇറങ്ങാൻ നേരം അപ്പൂപ്പൻ തൊടിയിൽ നിന്നും പറിച്ച കുറച്ചു മുന്തിരി ഒരു കവറിലാക്കി കൊണ്ട് വന്നു തന്നു . അമ്മൂമ്മ ഞങ്ങൾടെ എല്ലാം ഇൻസ്റ്റ ഐഡി വാങ്ങിച്ചു അപ്പോൾ തന്നെ കണക്ട് ആക്കി. ആളൊരു ‘ടെക്കി’യാണ്. ഗസ്റ്റ് ബുക്കിങ്, ഇൻസ്റ്റ കൈകാര്യം, ട്രാൻസ്ലേഷൻ എല്ലാം പുള്ളിക്കാരിയാണ് നോക്കുന്നത്. സഹായത്തിനു അപ്പൂപ്പനും മക്കളെ പോലെ ലാസ്ഥയും മികിയായും ലേലയും കൂടെ കാണും.. അവർ ഞങ്ങളെ മക്കളെ യാത്രയാക്കുന്നെന്ന പോലെ യാത്രയാക്കി.. ഒരു മഞ്ഞു കാലത്തു ഇത് വഴി വീണ്ടും വരാമെന്നും അന്ന് കുറച്ചു ദിവസം ഇവിടെ വന്നു താമസിക്കാമെന്നും അപ്പൂപ്പനോടും അമ്മൂമ്മയോടും പറഞ്ഞു ഞങ്ങൾ നോവി സാദ് ലക്ഷ്യമാക്കി വണ്ടി തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.