സ്​​ട്രീ​റ്റ് ടൂ​റി​സ​ത്തി​ന് ഒ​രു​ങ്ങി​യ ചേ​കാ​ടി​യി​ലെ കാ​ഴ്ച​ക​ൾ

സ്​ട്രീറ്റ് ടൂറിസത്തിന് ചേകാടി ഒരുങ്ങി

പുൽപ്പള്ളി: ചേകാടി ഗ്രാമത്തിന്‍റെ സൗന്ദര്യവും തനിമയും ജീവിതവും വിനോദ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാൻ സ്ട്രീറ്റ് ടൂറിസവുമായി വിനോദ സഞ്ചാര വകുപ്പ് രംഗത്ത്. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിൽ ഒന്നാണ് ചേകാടി.സഞ്ചാരികളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ചേകാടി.

പരമ്പരാഗത ജീവിതരീതകളും കാഴ്ചകൾകാണാനും പഠിക്കാനും സൗകര്യമൊരുക്കുന്ന ഉത്തരവാദിത്വ ടൂറിസമാണ് സ്ട്രീറ്റിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ യോഗങ്ങൾ നടന്നു.പദ്ധതി യാഥാർഥ്യമാകുന്നതോടെ ചേകാടി പ്ലാസ്റ്റിക് വിമുകതമാകും. വീടുകളിൽ ശലഭോദ്യാനം ഒരുക്കാനുള്ള പ്രാഥമിക നടപടികളും സ്വീകരിച്ചു. ഓണത്തിനുമുമ്പ് ക്ലസ്റ്റർ യോഗങ്ങൾ പൂർത്തിയാക്കും.

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസന സ്ഥിരംസമിതി ചെയർമാൻ എന്നിവർക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം കുമകരത്ത് നടന്നു. വൈവിധ്യങ്ങളായ സൗകര്യങ്ങളൊരുക്കുന്നതിന് പ്രദേശവാസികൾക്കും പരിശീലനം നൽകും.

ഫാം ടൂറിസം, വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, എക്സ്പീരിയൻസ് സ്ട്രീറ്റ്, റിവർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് തുടങ്ങിയ വൈവിധ്യങ്ങളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പുല്ല് മേഞ്ഞ വീടുകളും കാവൽ മാടങ്ങളുമടക്കം കാണാൻ കഴിയുന്ന പരമ്പരാഗത ഗോത്രവർഗ ഗ്രാമമാണ് ചേകാടി. ജില്ലയിൽ സുഗന്ധ നെല്ലിനമായ ഗന്ധകശാല പ്രധാനമായും വിളയുന്ന പ്രദേശമാണ് ചേകാടി. ആദിവാസികളും ചെട്ടി വിഭാഗക്കാരുമാണ് ഇവിടെ ഏറെയും.

പദ്ധതി വരുന്നതോടെ തനത് ഭക്ഷ്യവിഭവങ്ങളേയും പൈതൃകങ്ങളേയും ഗ്രാമത്തിലെത്തുന്നവർക്ക് പരിചയപ്പെടുത്തി വരുമാനം നേടാം.വനത്തിന് നടുവിലാണ് ഈ ഗ്രാമം. ഗോത്ര പൈതൃകവും കാർഷിക പെരുമയും ഇഴചേർന്ന് കിടക്കുന്ന ചേകാടിയിൽ നെൽകൃഷിയുടെ അളവ് കാലങ്ങളായി കുറഞ്ഞിട്ടില്ല.പദ്ധതി യാഥാർഥ്യമാകുന്നതോടെ ചേകാടി പുറം ലോകത്തടക്കം ചർച്ചയായി മാറും.

Tags:    
News Summary - Chekadi is ready for street tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.