തണുപ്പുകാലമെത്തിയതോടെ ഷാർജയിലെ ഘടികാര ഗോപുരത്തിലേക്കെത്തുന്നവരുടെ തിരക്കും വർധിച്ചു. ഒരു വശത്ത് കൽബ നഗരത്തിന്റെ വികസനവും മറുവശത്ത് മനോഹരമായ പ്രകൃതി ഭംഗിയും ആസ്വദിക്കാമെന്നതാണ് ഈ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രത്യേകത. നിർമാണം പൂർത്തിയായി മാസങ്ങൾക്കകം കൽബയുടെ പ്രധാന ആകർഷങ്ങളിലൊന്നായി ക്ലോക്ക് ടവർ മാറിക്കഴിഞ്ഞു. ഗോപുരത്തിന്റെ 40 മീറ്റർ ഉയരത്തിൽ നിന്നു നോക്കുമ്പോൾ ഷാർജ സർവകലാശാലയും കൽബ തടാകവും അതിന്റെ വാട്ടർ ഫ്രണ്ടും ഷാർജയിലെ പ്രധാന തെരുവുകളും വിശാലമായി കാണാൻ സാധിക്കും. വിനോദസഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നതും ഈ കാഴ്ചകളാണ്.
കഴിഞ്ഞ മാർച്ചിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തതാണ് ഈ ഗോപുരം. കൽബയിലെ ഏറ്റവും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു. ഗോപുരത്തിന്റെ മുകളിൽ കിരീടമണിഞ്ഞ സ്വർണ്ണ താഴികക്കുടത്തിനുപുറമെ ഇസ്ലാമിക വാസ്തുവിദ്യകളും ലിഖിതങ്ങളും ആഡംബര അലങ്കാരങ്ങളും ഗോപുരത്തിന്റെ നാല് മുഖങ്ങളേയും മനോഹരമാക്കിയിരിക്കുന്നു. 668 മീറ്റർ വിസ്തീർണമുള്ള ഗോപുരത്തിന് 60 മീറ്റർ ഉയരവും ഏഴ് നിലകളുമുണ്ട്. പ്രധാന ഓഫീസുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി പ്രാർത്ഥനാ മുറികൾ, വിനോദസഞ്ചാരികൾക്ക് റസ്റ്റാറൻറ് തുടങ്ങിയവയുമുണ്ട്.
അഞ്ചാമത്തെയും ഏഴാമത്തെയും നിലകളിൽ ഷാർജയുടെയും കൽബയുടെയും സൗന്ദര്യം ആസ്വദിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഗോപുരത്തിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോൾ ഭൂതകാലത്തിലും വർത്തമാനകാലത്തും കൽബ നഗരത്തിന്റെ വലിയ ചുവർചിത്രങ്ങളും കാണാൻ സാധിക്കും. ഗോപുരത്തിന്റെ ഘടികാരത്തിന് അഞ്ച് മീറ്റർ വ്യാസമാണുള്ളത്. കൽബയുടെ ഏത് ഭാഗത്തു നിന്നുനോക്കിയാലും കാണാൻ കഴിയും. വൃത്താകൃതിയിലുള്ള ചതുരത്തിന് സമീപം ഘടികാര സംവിധാനത്തിൽ പ്രവർത്തിക്കുന്ന 12 ചെറിയ തടാകങ്ങളും അതിൽ നിന്ന് 60 ചെറിയ നീരുറവകളും ശാഖകളായി ഒഴുകുന്നു.
രാവിലെ ഏഴ് മുതൽ 12 വരെ ഗോപുരം സന്ദർശകർക്കായി തുറക്കും. അഞ്ച് ദിർഹമാണ് പ്രവേശന നിരക്ക്. 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.