വെള്ളാറിൽ എട്ടര ഏക്കറിൽ അണിഞ്ഞൊരുങ്ങി ക്രാഫ്​റ്റ്​ വില്ലേജ്​; ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല

തിരുവനന്തപുരം: കേരള ടൂറിസത്തിന്‍റെ അഭിമാന മുദ്രയാകാനൊരുങ്ങി വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. ലോകടൂറിസം ഭൂപടത്തിലെ ഹോട്ട്സ്‌പോട്ടായ കോവളത്തിന്​ സമീപം വെള്ളാറിലാണ് ഈ കലാഗ്രാമം അണിഞ്ഞൊരുങ്ങി നിൽക്കുന്നത്.

എട്ടര ഏക്കർ മനോഹരമായി ലാൻഡ്സ്‌കേപ് ചെയ്​ത്​ നിർമിച്ച എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറിഗ്രാമം, ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു.

കുളം, മേള കോർട്ട്, ഗെയിം സോണുകൾ, പുസ്തകശാല, വായനശാല, കഫെറ്റീരിയ, റസ്റ്റോറൻറ്, വാക്ക് വേകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടോയ്​ലെറ്റ് ബ്ലോക്കുകൾ, ഓഫിസ്, അടുക്കള, റോഡുകൾ, തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ടൂറിസം വകുപ്പി​േന്‍റതാണ് 750 കരകൗശല, കൈത്തൊഴിൽ കലാകാരൻമാർക്ക് ഉപജീവനം ഒരുക്കുന്ന ഈ പദ്ധതി. ടൂറിസം വകുപ്പിന്​ കീഴിൽ കോഴിക്കോട് ഇരിങ്ങലിലെ സർഗ്ഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ്​ ഒരുക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ക്രാഫ്റ്റ് വില്ലേജും പുനർനിർമിച്ച് നടത്തുന്നത്. ആദ്യഘട്ടത്തിൽ 20 കോടി രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്.

പ്രവേശനകവാടത്തിന് സമീപം 28 സ്റ്റുഡിയോകളിലായി 50ഓളം ക്രാഫ്റ്റുകൾ അവതരിപ്പിച്ചിരിക്കുന്നു. കൗതുകവസ്തുക്കൾ എന്നതിനപ്പുറം പലവിധ ഉപയോഗങ്ങൾ ഉള്ളവയാണ്​ മിക്കതും. ഉപഹാരങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും വീടും ഓഫിസും അലങ്കരിക്കാവുന്ന മികച്ച നിലവാരമുള്ള വസ്തുക്കളും വീട്ടുപകരണങ്ങളും ഓഫിസുപകരണങ്ങളും ഫർണീച്ചറും ഇവിടെയുണ്ട്.


ദാരുശിൽപ്പൽ വിഭാഗത്തിൽ തേക്കും റോസ് വുഡ്ഡും വൈറ്റ് വുഡ്ഡും കാണാം. പെയിന്‍റിങ്ങുകൾ, പ്രതിമകൾ, ചുവർച്ചിത്രങ്ങൾ, കൗതുകവസ്തുക്കൾ, സ്മരണികകൾ, കളിപ്പാട്ടങ്ങൾ, പൂരം ക്രാഫ്റ്റ്, ഹമ്മോക്കുകൾ, ഡ്രൈ ഫ്‌ളവർ തുടങ്ങിയവയെല്ലാം കിട്ടുന്ന സിംഗിൾ പോയിന്‍റ്​ ഹബ്ബാണ് ഇവിടം.

കല്ലും മണ്ണും ലോഹങ്ങളും ഗ്ലാസും തൊട്ട് തടിയും പനമ്പും പനയോലയും തഴയും മുളയും ഈറ്റയും ചിരട്ടയും ചകിരിയും തുണിയും കടലാസും വരെയുള്ള വൈവിധ്യമാർന്ന വസ്തുക്കളിൽനിന്ന് ഇവയൊക്കെ രൂപപ്പെട്ടു വരുന്നതിന്‍റെ കൗതുകക്കാഴ്ചയും ഇവിടെ കാണാം. താൽപ്പര്യമുള്ളവർക്ക്​ നിർമാണത്തിൽ പങ്കാളിയുമാകാം.

കേരളത്തിന്‍റെ പൈതൃകങ്ങളായി അംഗീകരിച്ച്​ 'ദേശസൂചകോൽപ്പന്ന പദവി' ആർജിച്ച ആറൻമുളക്കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങൾ, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നെട്ടൂർ പെട്ടികൾ, മുട്ടത്തറ ദാരുശിൽപ്പങ്ങൾ, തഴവ തഴയുൽപ്പന്നങ്ങൾ എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. ഇവയിൽ പലതും നിർമാണസ്ഥലത്തിന്​ പുറത്തുവാങ്ങാൻ കിട്ടുന്നതും ഇവിടെയാണ്.

ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി, കണ്ണൂർ ശൈലികളടക്കം കേരളത്തിലെ എല്ലാ പാരമ്പര്യ നെയ്ത്തുരീതികളും എല്ലാ നൂതന രീതികളും പരിചയപ്പെടുത്തുന്ന നെയ്ത്തുഗ്രാമം ഇവിടെയുണ്ട്. അതിൽ നാച്ചുറൽ ഡൈയിങ് ഉൾപ്പെടെ നെയ്ത്തിലെ എല്ലാ ഘട്ടങ്ങളും തത്സമയം കാണാം. നെയ്ത്തിന്‍റെ സാധ്യതകൾ പരിപോഷിപ്പിക്കാൻ കൈത്തറി വകുപ്പുമായി ചേർന്ന് പരിശീലന പരിപാടികളും പ്രദർശനങ്ങളും പ്രവർത്തന പരിപാടിയിലുണ്ട്.

ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലെ പട്ടചിത്ര പെയിന്‍റിങ്, പ്രാചീന ഈജിപ്​തിൽ ആവിർഭവിച്ചതായി കരുതുന്ന വർണ്ണോജ്ജ്വലമായ പേപ്പർ ക്വില്ലിങ് തുടങ്ങിയവ ഇവിടെയുണ്ട്. സന്ദർശകർക്ക് കരകൗശല സ്റ്റുഡിയോകളിൽ കലാകാരൻമാരുമായി അടുത്തിടപഴകാം. നിർമാണത്തിൽ പങ്കെടുക്കുകയും ചെയ്യാം. സ്വന്തമായി രൂപകൽപ്പന ചെയ്ത് 'ഡിസൈനർ ഐറ്റം' മാതൃകയിൽ സുവനീർ നിർമിച്ചുവാങ്ങാനും അവസരമുണ്ട്. ഓൺലൈനിൽ ഓർഡർ സ്വീകരിച്ച് ഉപഭോക്താവ്​ നൽകുന്ന രൂപകൽപ്പനയുടെ മാതൃകയിൽ ഉൽപ്പന്നം നിർമിച്ച് അയച്ചുകൊടുക്കാനുള്ള സാധ്യതയും ആലോചനയിലുണ്ട്.


കൈത്തൊഴിൽ, കരകൗശല, കലാരംഗങ്ങളിൽ ഗുണമേന്മ ഉയർത്താനും വിപണി വികസിപ്പിക്കാനും മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനുമുള്ള വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. ഇതെല്ലാം സാധ്യമാക്കാൻ പത്​മശ്രീ ജേതാവ് ഗോപി മാസ്റ്ററും ശിൽപഗുരു അവാർഡ് ജേതാവ് കെ.ആർ. മോഹനനും ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളും അടങ്ങുന്ന മികച്ച കലാകാരൻമാരുടെ നിരതന്നെയാണ് ഇവിടെയുള്ളത്.

ഇവിടെയുള്ള എമ്പോറിയം എല്ലാ രാജ്യത്തിന്‍റെയും ലോകനിലവാരത്തിലുള്ള ക്രാഫ്റ്റുകളുടെയും ചിത്രങ്ങളുടെയും വിപണനത്തിന്​ വേദിയാകും. തെരഞ്ഞെടുക്കുന്ന ചിത്രകാരരുടെ ചിത്രങ്ങളുടെ പ്രദർശനവും പ്രത്യേക പ്രദർശനങ്ങളും ഒരുക്കും.

സുഗന്ധവിളത്തോട്ടം, ഔഷധത്തോട്ടം, ശലഭോദ്യാനം, ഇവല്യൂഷൻ ഗാർഡൻ തുടങ്ങി പലയിനം ഉദ്യാനങ്ങളാണ്​ മറ്റൊരു പ്രധാന ആകർഷണം. ലോക - ഇന്ത്യൻ - മലയാള സാഹിത്യങ്ങളിലെ മഹത്തായ കൃതികളുടെ ശേഖരമുള്ള പുസ്തകശാലയും സജ്ജീകരിക്കും. അവിടെ വാങ്ങാനും ഡിജിറ്റലും അല്ലാത്തതുമായ വായനക്കും സൗകര്യമുണ്ടാകും. ഭാവിയിൽ ​െട്രയിനിങ് ക്ലബായി വികസിപ്പിക്കാവുന്ന ഒരു ഗെയിം സോണും ആലോചനയിലുണ്ട്.

രാജ്യാന്തര നിലവാരത്തിൽ പെയിന്‍റിങ്, ടെറാക്കോട്ട, കൈത്തറി, ശിൽപ്പങ്ങൾ, മുള-ഈറ്റയുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി നിശ്ചിത തീം അടിസ്ഥാനമാക്കി ആർട്ട് ആൻഡ്​ ക്രാഫ്റ്റ് ബിനാലെയും വർക്ക് ഷോപ്പുകളും എല്ലാക്കൊല്ലവും സംഘടിപ്പിക്കും.

കരകൗശലമേഖലക്ക്​ പുറമെ പരദേശികൾക്കു കേരളത്തിന്‍റെ പൈതൃകവും സംസ്‌കാരവും പരിചയപ്പെടുത്താൻ തെയ്യം, കഥകളി, കോൽക്കളി, തിരുവാതിര, മാർഗ്ഗംകളി, പാവക്കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ കലകളും ഓഫ് സീസണുകളിൽ തദ്ദേശിയർക്കായി വിദേശകലാരൂപങ്ങളും അവതരിപ്പിക്കും.

തുടക്കത്തിൽ ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും അവതരിപ്പിക്കുന്ന കലാപരിപാടികൾ പിന്നീട് എല്ലാദിവസവും എന്ന നിലയിലേക്കു വളർത്തും. ഏപ്രിലിലും സെപ്​റ്റംബറിലും ക്രാഫ്റ്റ് - ഫുഡ് ഫെസ്റ്റിവലുകളും കലാമേളകളും വില്ലേജിന്‍റെ കാലണ്ടറിലുണ്ട്. ക്രാഫ്​റ്റ്​ വില്ലേജ്​ ജനുവരി 16ന്​ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്​ സമർപ്പിക്കും. 

Tags:    
News Summary - Craft Village in Vellar; Nothing is missing here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.