പേരാവൂർ: മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയുടെ ദൃശ്യഭംഗി നുകരാൻ വിനോദ സഞ്ചാരികളുടെ പ്രവാഹം. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഏലപ്പീടിക തലശ്ശേരി-ബാവലി അന്തർസംസ്ഥാന പാതയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.
മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളുമുള്ള പ്രദേശം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 മീറ്റർ ഉയരത്തിലാണ്. കണ്ണൂരിന്റെ പലഭാഗങ്ങളും അറബിക്കടലും ഇവിടെനിന്ന് മനോഹരമായി കാണാം. തലശ്ശേരി-വയനാട് സംസ്ഥാനപാതയിൽനിന്ന് ഒരു കിലോമീറ്റർ മാറി ചുരത്തിന്റെ അടിവാരത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ വെള്ളച്ചാട്ടം കാണാനും വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.
ഇക്കോ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് ഏലപ്പീടികയുടെ പ്രകൃതിഭംഗിക്കുള്ളത്. പഴശ്ശി രാജാവ് ബ്രിട്ടീഷ് പടയുമായി ഏറ്റുമുട്ടിയ പേര്യചുരം ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. മൂന്നുവശവും മഞ്ഞുമൂടിയ മലനിരകളുടെ ദൂരക്കാഴ്ച ആസ്വദിക്കാനാവുന്ന 'കുരിശുമല' ട്രക്കിങ് സാധ്യതയുള്ള വ്യൂ പോയിന്റാണ്. ഉദയാസ്തമയങ്ങളുടെ മനോഹര കാഴ്ചയാണ് ഇവിടെ ദൃശ്യമാകുന്നത്.
ഏക്കർകണക്കിന് പരന്നുകിടക്കുന്ന കണ്ടംതോട് പുൽമേടാണ് സഞ്ചാരികൾ കൂടുതലെത്തുന്ന മറ്റൊരു സ്ഥലം. രാത്രി ടെന്റ് കെട്ടി താമസത്തിനടക്കം സാധ്യതയുള്ള പുൽമേടിന്റെ സാധ്യതകളും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. പേര്യചുരത്തിൽ 29-ാം മൈലിൽ റോഡരികിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനും നിരവധി ആളുകൾ എത്തുന്നുണ്ട്.
പ്രദേശത്തെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ നടപ്പായിട്ടില്ല. സമൂഹികവിരുദ്ധർ പ്രദേശത്തെ ജനങ്ങൾക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെന്ന് പരാതിയുണ്ട്. സമയനിയന്ത്രണങ്ങളില്ലാതെ ആളുകൾ എത്തുന്നതും നാട്ടുകാർക്ക് ദുരിതമാകുന്നു. പ്രദേശത്ത് ടൂറിസം വകുപ്പോ പഞ്ചായത്തുകളോ ഇടപെട്ട് കൃത്യമായ മാർഗനിർദേശങ്ങളോടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.