കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ തോണിക്കടവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കോഴിക്കോട് നഗരത്തിൽനിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതിക്ക് ഒട്ടും പോറലേൽപിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രം.
ഇതിനടുത്ത് തന്നെയാണ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറ. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാനും അവധിദിനങ്ങൾ ആഘോഷമാക്കാനും തോണിക്കടവിലും കരിയാത്തുംപാറയിലും ആളുകളെത്താറുണ്ട്. മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാർക്ക് നൽകുന്നത് ഹൃദ്യമായ അനുഭവമാണ്.
കക്കയം മലനിരകളും ബോട്ട് സർവിസിന് അനുയോജ്യമായ കുറ്റ്യാടി റിസർവോയറിെൻറ ഭാഗമായ ജലാശയവും സഞ്ചാരികളെ ആകർഷിക്കുന്നു. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനം.
വലിയ കാറ്റാടിമരങ്ങളും ഉണങ്ങിയൊടിഞ്ഞ മരക്കുറ്റികളും മലബാറിെൻറ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നു. പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും തണുത്ത വെള്ളവും സഞ്ചാരികൾക്ക് നൽകുക മനസ്സ് കുളിർപ്പിക്കുന്ന അനുഭവങ്ങളാണ്. 3.91 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. ഇറിഗേഷൻ വകുപ്പിനാണ് നിർവഹണച്ചുമതല. ടൂറിസം മാനേജ്മെൻറ് കമ്മിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല വഹിക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്ത് 2014ൽ ആണ് തോണിക്കടവ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.
രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടർ, കഫറ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തിയറ്റർ, ഗ്രീൻ റൂം, മാലിന്യസംസ്കരണ സംവിധാനം, കുട്ടികളുടെ പാർക്ക്, ബോട്ടുജെട്ടി, ലാൻഡ് സ്കേപ്പിങ് തുടങ്ങിയവയാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. ഹൃദയദ്വീപിലേക്കുള്ള സസ്പൻഷൻ ബ്രിഡ്ജും ദ്വീപിെൻറ വികസനവുമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുകൂടി പൂർത്തിയാവുമ്പോൾ തോണിക്കടവ് ടൂറിസം പദ്ധതി മലബാറിെൻറ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറും. താമരശ്ശേരി ഭാഗത്തുനിന്ന് വരുന്നവർക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്നവർക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.