ഹിമാചൽ പ്രദേശിലെ പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന. കുളു താഴ്വാരത്തിന്റെ വടക്കുകിഴക്കായി ഒറ്റപ്പെട്ടുകിടക്കുന്നു ഈ ഗ്രാമം. ചന്ദ്രഖാനി, ദിയോട്ടിബ്ബ മലനിരകളാൽ മറയ്ക്കപ്പെട്ടാണ് മലാന സ്ഥിതിചെയ്യുന്നത്. കാസോളിൽനിന്ന് മൂന്നു മണിക്കൂറോളം നീളുന്നു മലാനയിലേക്കുള്ള യാത്ര. ചെങ്കുത്തായ മലനിരകളെ തുരന്ന് നിർമിച്ച വീതികുറഞ്ഞ റോഡുകൾക്കിടക്കുള്ള തുരങ്കപാതകൾ ഏറെ സാഹസം നിറഞ്ഞ ഡ്രൈവ് സമ്മാനിക്കും.
വാഹനം നിർത്തി രണ്ടുമണിക്കൂർ നീളുന്ന ട്രക്കിങ് കൂടി ചെയ്താലേ മലാന വില്ലേജിൽ എത്താൻ കഴിയൂ. പ്രത്യേകതരം സംസ്കാരവുമായി കഴിയുന്ന ഒരു വിഭാഗം. കഞ്ചാവുകൃഷിയും അതുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഉൽപന്നങ്ങളുമാണ് ഇവരുടെ പ്രധാന വരുമാനം. വില്ലേജിലെ ഓരോ വീട്ടിലും ഇഷ്ടംപോലെ വിറകുകൾ ശേഖരിച്ചുവെച്ചതായി കാണാം.
രണ്ടുമൂന്ന് ക്ഷേത്രങ്ങളും സ്കൂളുകളും എല്ലാം ഇവിടെയുണ്ട്. പഴയ കെട്ടിടങ്ങൾക്കൊപ്പം ആധുനിക സൗകര്യങ്ങളോടുകൂടിയ ബിൽഡിങ്ങുകളും ഉണ്ട്. പലയിടത്തും കഞ്ചാവ് ഉണക്കാൻ ഇട്ടിരിക്കുന്നു. ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് മണാലി.
ബിയാസ് നദിയുടെ തീരത്തായാണ് ഈ നഗരം. ഡിസംബർ-ജനുവരി മാസങ്ങളിൽ മൈനസ് ഡിഗ്രിയിലേക്ക് തണുപ്പ് എത്തുന്ന പ്രദേശങ്ങളാണ് സോളൻ വാലി, സിസ്സു അടക്കമുള്ള പ്രദേശങ്ങൾ. മണാലിയിൽനിന്ന് സിസ്സുവിലേക്കുള്ള യാത്ര മനോഹരവും സാഹസം നിറഞ്ഞതുമാണ്. മഞ്ഞുപുതച്ചുനിൽക്കുന്ന പാതയിലൂടെയുള്ള രസകരമായ യാത്ര.
സോളൻ വാലിയിൽ എത്തും മുമ്പുതന്നെ ഐസിൽനിന്ന് രക്ഷനേടാൻ വേണ്ട വസ്ത്രങ്ങളും ഷൂവും വാടകക്ക് ലഭിക്കും. പിന്നീട് രോഹതങ് അടൽ ടണലിനകത്തുകൂടി ഒമ്പതു കിലോമീറ്റർ യാത്ര കഴിഞ്ഞ് ചന്ദ്ര പാലത്തിലൂടെ ചെനബ് നദിയും കടന്ന് നദിയുടെ ഓരത്തുകൂടെ, ഐസ് നിറഞ്ഞ റോഡിലൂടെ സിസ്സുവിലേക്കുള്ള യാത്ര. സിസ്സു വില്ലേജിൽ ചെറിയ ടെന്റുകളിലായി നിരവധി കച്ചവടക്കാർ. ഫ്രൈഡ്റൈസ്, ഓംലറ്റ്, നൂഡിൽസ്, ചായ തുടങ്ങി ഭക്ഷണ സാധനങ്ങളും ഇത്തരം ടെൻറിൽ ലഭിക്കും.
മണാലിയുടെയും മലാനയുടെയും പ്രകൃതിയിലേക്കും
ജീവിതങ്ങളിലേക്കും മാധ്യമം ഫോട്ടോഗ്രാഫർ
ബൈജു കൊടുവള്ളി നടത്തിയ യാത്രയുടെ ചിത്രങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.