ചിറ്റാർ: കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഗവിയിലെ കാനനഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് അടുത്തമാസം മുതൽ എത്താം. കോവിഡിനെ തുടർന്ന് മാർച്ച് മാസം പകുതിയോടെയാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ യാത്ര വനംവകുപ്പ് നിർത്തിെവച്ചത്. എന്നാൽ, അടുത്ത മാസം ആദ്യ ആഴ്ചയിൽ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാെണന്ന് ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു.
ഗവിയിലേക്കുള്ള പ്രധാന റോഡുകളിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ ഉണ്ട്. താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചതിന് ശേഷം സഞ്ചാരികളെ കടത്തിവിടും. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ പച്ചക്കാനം, കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലും പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിലും വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് ഗവി വിനോദസഞ്ചാര മേഖല.
സീതത്തോട് പഞ്ചായത്തിൽ പെടുന്ന ഗവി ഏകദേശം 100 കിലോമീറ്ററോളം ദൂരത്തിൽ വനത്തിലൂടെയുള്ള ഉല്ലാസയാത്ര നവ്യാനുഭൂതി പകരും. ഇടുക്കി ജില്ലയുമായി ഇട ചേർന്നു കിടക്കുന്ന പ്രദേശം. കരിവീരൻമാരായ കാട്ടാനയുടെയും കാട്ടുപോത്തുകളുടെയും കൂട്ടം എപ്പോഴും റോഡിലെ നിത്യ കാഴ്ചയാണ്. കടുവ, മ്ലാവ്, കേഴ, കാട്ടുപൂച്ച, മരയണ്ണാൻ, കുരങ്ങ്, സിംഹവാലൻ കുരങ്ങ്, പൊൻമാൻ, മരംകൊത്തി തുടങ്ങി വിവിധ തരത്തിലുള്ള മൃഗങ്ങളെയാണ് കാണാൻ കഴിയുന്നത്. നിർഭയരായി ഇവ റോഡിനോട് ചേർന്ന് തീറ്റ തിന്നുന്നത് നിത്യ കാഴ്ചയാണ്. ഇവിടം കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്.
ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഓൺലൈൻ വഴി ബുക്ക് ചെയ്തു വേണം സഞ്ചാരികൾക്ക് ഗവിയിലേക്ക് എത്താൻ. ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്ന സമയത്ത് കൊട്ടവഞ്ചി സവാരിയും ആരംഭിക്കും.
കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചായിരിക്കും പ്രവേശനമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതിനാൽ കുട്ടികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. ഓൺലൈനിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 വാഹനങ്ങൾക്ക് പ്രതിദിനം പോകാനുള്ള അനുമതി ലഭിക്കും.
കേരള വനം വികസന കോർപറേഷൻ സഞ്ചാരികൾക്ക് ഇവിടെ സൗകര്യമൊരുക്കുന്നുണ്ട്. ഒരു ദിവസത്തെ പകൽ സന്ദർശനം ആഗ്രഹിക്കുന്നവർക്ക് രാവിലെ ഏഴു മണി മുതൽ വൈകീട്ട് 4.30 വരെ ഗവിയിൽ ചെലവഴിക്കാം. രാത്രിയുടെ നിശ്ശബ്ദതയിൽ വന്യജീവികളുടെ സാന്നിധ്യം നിശ്ശബ്ദമായും ഗന്ധമായും കാഴ്ചയായും ചുറ്റുമെത്തുന്നത് കൺകുളിർക്കെ കാണാൻ കഴിയും. ബുക്കിങിന്: www.kfdcecotourism.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.