മരുഭൂമിയുടെ പൗരാണിക ചരിത്രം എന്നും വിസ്മയകരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. പുരാതന കാലത്തെ നിര്‍മിതികളും സ്മാരകങ്ങളുമെല്ലാം കാഴ്ചക്കാരെ എപ്പോഴും ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. അത്തരത്തിലുള്ള മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്നതാണ് അബൂദബി എമിറേറ്റിലുള്ള അല്‍ഐനിലെ ഹിലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. പൊതു ഉദ്യാനവും പുരാവസ്തുകേന്ദ്രവുമായ ഇവിടെ പ്രാദേശികവും അന്തര്‍ദേശീയവുമായ സഞ്ചാരികള്‍ക്ക് മികച്ച ദൃശ്യാനുഭവമാണ് പകരുന്നത്.
അല്‍ഐനിലെ പുരാതന സ്മാരകങ്ങള്‍ എടുത്തുകാട്ടുന്നതിനു വേണ്ടിയാണ് ഹിലി പുരാവസ്തു ഉദ്യാനം വികസിപ്പിച്ചത്. യു.എ.ഇയിലെ അതി പുരാതന കാര്‍ഷിക ഗ്രാമത്തിന്റെ തെളിവുകളും വെങ്കല, ഇരുമ്പ് യുഗങ്ങളിലെ ഗ്രാമങ്ങള്‍, ശ്മശാനങ്ങള്‍, കോട്ടകള്‍, കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ മുതലായവും ഇവിടെയുണ്ട്. ബി.സി.ഇ. 3000 കാലത്തെ കാര്‍ഷിക ഗ്രാമമാണ് ഹിലി സൈറ്റ് 8ല്‍ ഉള്ളത്. ഇവിടെ നിന്നുള്ള വസ്തുക്കള്‍ അല്‍ ഐന്‍ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ബി.സി 2500-ബി.സി 2000 കാലത്താണ് ഹിലിയില്‍ ജനവാസം തുടങ്ങിയത്. ഉമ്മു അനാര്‍ എന്ന പേരിലാണ് ഇക്കാലം അറിയപ്പെടുന്നത്. അതി പുരാതന ശവകുടീരങ്ങളുടെയും കെട്ടിടങ്ങളുടെയും വന്‍തോതിലുള്ള അവശിഷ്ടങ്ങള്‍ ഹിലിയില്‍ കണ്ടെത്തിയിട്ടുണ്ട്. വെങ്കല യുഗത്തിലെ ഒട്ടേറെ നിര്‍മിതികള്‍ ഹിലിയില്‍ നിന്ന് കിട്ടിയിരുന്നു. ഇവ ജനങ്ങള്‍ക്ക് കാണാനാവും.
2000 ബി.സി കാലത്തെ ഹിലി ഗ്രാന്‍ഡ് ടോമ്പ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വൃത്താകൃതിയിലുള്ള ഈ ശവകുടീരത്തിന് 12 മീറ്ററാണ് വ്യാസം. നാല് മീറ്റര്‍ ഉയരമാണ് ശവകുടീരത്തിനുള്ളത്. മേഖലയിലെ ജനവാസകേന്ദ്രത്തില്‍ മരിക്കുന്നവരെ മറമാടാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ ശവകുടീരം. ശവകുടീരത്തിന് അലങ്കാരപ്പണികളുള്ള രണ്ട് കവാടങ്ങളാണുള്ളത്. ഉമ്മു അനാര്‍ സംസ്‌കാരം അടുത്തറിയുന്നതിന് ഈ മേഖലകളിലൊക്കെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്.
ഉദ്യാനങ്ങളും ജലധാരകളും കുട്ടികള്‍ക്കുള്ള കളിയിടങ്ങളുമൊക്കെയായി ഹിലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിനു പുറത്തും സഞ്ചാരികള്‍ക്കായി നിര്‍മിതികളുണ്ട്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീവികളുടെ ഫോസിലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോസില്‍ വാലി ഹിലി പാര്‍ക്കിനു സമീപമാണ്.
അല്‍ഐനിലെ കുവൈത്താത്ത് മേഖലയുടെ സമീപപ്രദേശമായ ശാബിയയില്‍ റോഡ് നിര്‍മാണത്തിനിടെ കഴിഞ്ഞദിവസം കണ്ടെത്തിയ കല്ലറ ഖനനം ചെയ്തപ്പോള്‍ ലഭിച്ചത് പൂര്‍വ ഇസ്ലാമിക കാലത്തെ (ബി.സി 300-300 സി.ഇ.) പുരാവസ്തുക്കളാണ്. ബി.സി. 1300ലെ പുരാവസ്തുക്കള്‍ അടങ്ങിയ പ്രദേശത്ത് 20 കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങള്‍, വെങ്കല പാത്രങ്ങള്‍, ഗ്ലാസ്, അമ്പുകളും കുന്തങ്ങളും വാളുകളും അടക്കമുള്ള ആയുധങ്ങള്‍ തുടങ്ങിയവയും ലഭിച്ചു.
ഭൂഗര്‍ഭജല ചാലുകള്‍ (അല്‍ഫാജ്) നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മേഖലയില്‍ ജനവാസമുണ്ടായിരുന്നു എന്നതിന്റെ തെളിവായും പരിഗണിക്കുന്നുണ്ട്. അല്‍ ഖ്രൈസ് മേഖലയില്‍ 11.5 കിലോമീറ്റര്‍ നീളത്തില്‍ നടത്തിയ നിര്‍മാണ പദ്ധതിയാണ് കൂടുതല്‍ പുരാവസ്തു കണ്ടെത്തലിന് സഹായകമായത്. ഇരുമ്പ് യുഗത്തിലെ ശ്മശാനവും മേഖലയില്‍ കണ്ടെത്തി. ഇവിടെ 35 കല്ലറകളാണ് കണ്ടെത്തിയത്. ആയുധസൂക്ഷിപ്പു കേന്ദ്രവും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ഒട്ടേറെ അല്‍ ഫാജുകള്‍ കണ്ടെത്തിയത് മേഖലയില്‍ നടത്തിയ കൃഷി, ജലസേചന പ്രവര്‍ത്തനങ്ങളുടെ തെളിവാണെന്നും നിഗമനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.