ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ഐ.ആർ.സി.ടി.സി കശ്മീരിലേക്ക് ടൂർ പാക്കേജ് ഒരുക്കുന്നു. മുംബൈയിൽനിന്നാണ് യാത്ര ആരംഭിക്കുക. ഇവിടെനിന്ന് ശ്രീനഗറിലേക്ക് വിമാനത്തിൽ പോകും.
ശ്രീനഗർ, ഗുൽമാർഗ്, സോനമാർഗ്, പഹൽഗാം എന്നിവിടങ്ങളിലായി അഞ്ച് രാത്രിയും ആറ് പകലും അടങ്ങുന്നതാണ് പാക്കേജ്. സെപ്റ്റംബർ 25, 26 ദിവസങ്ങളിലാണ് യാത്ര ആരംഭിക്കുക.
ശ്രീനഗറിൽ എത്തിക്കഴിഞ്ഞാൽ ആദ്യം ശങ്കരാചാര്യ ക്ഷേത്രം സന്ദർശിക്കും. തുടർന്ന് ഹൗസ് ബോട്ടിൽ ചെക്ക് ഇൻ ചെയ്യും. വൈകുന്നേരം ദാൽ തടാകത്തിൽ സ്വന്തം ചെലവിൽ ശിക്കാര റൈഡ് ആസ്വദിക്കാം. രാത്രി താമസവും ഭക്ഷണവും ഹൗസ് ബോട്ടിലാണ്.
രണ്ടാംദിനം പ്രഭാതഭക്ഷണശേഷം പഹൽഗാമിലേക്ക് പോകും. വഴിയിൽ ബെറ്റാബ് താഴ്വര, അവന്തിപു, ചന്ദൻവാടി, അരുവാലി എന്നിവ സന്ദർശിക്കും. രാത്രി പഹൽഗാമിലാണ് താമസം.
മൂന്നാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം ഗുൽമാർഗിലേക്ക് വരും. സ്വന്തം ചെലവിൽ ഗൊണ്ടോള റൈഡ് അടക്കമുള്ള ഗുൽമാർഗിന്‍റെ പ്രാദേശിക കാഴ്ചകൾ ആസ്വദിക്കാം. അതിനുശേഷം ശ്രീനഗറിലേക്ക് മടങ്ങും.
നാലാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം സോനമാർഗിലേക്ക് പോകും. ഇവിടെ താജിവാസ് ഹിമാനിയിലേക്ക് കുതിര സവാരി ചെയ്യാം. അന്ന് രാത്രി ശ്രീനഗറിൽ മടങ്ങിയെത്തും.
അഞ്ചാം ദിവസം ശ്രീനഗറിലെ കാഴ്ചകൾക്കുള്ളതാണ്. പ്രഭാതഭക്ഷണശേഷം മുഗൾ ഗാർഡൻസ്, നിഷാത് ബാഗ്, ഷാലിമാർ ഗാർഡൻസ് എന്നിവ സന്ദർശിക്കും. തുടർന്ന് ദാൽ തടാകത്തിന്‍റെ തീരത്തുള്ള പ്രശസ്തമായ ഹസ്രത്ബാൽ മസ്ജിദിലെത്തും. വൈകുന്നേരം ഷോപ്പിങ്ങിന് സമയം അനുവദിക്കും.
ആറാം ദിനം സഞ്ചാരികൾക്ക് ഇഷ്ടമുള്ള രീതിയിൽ ചെലവഴിക്കാം. വൈകീട്ട് 5.35നാണ് മുംബൈയിലേക്കുള്ള വിമാനം. 27,300 രൂപയാണ് പാക്കേജിന്‍റെ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.