ജീസാൻ: കൺനിറയെ കണ്ട് കടലോളം വലുപ്പത്തിൽ മനസ്സ് നിറക്കാൻ വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് ജീസാൻ. ചെങ്കടൽ തീരത്തോട് ചേർന്നുള്ള ജീസാൻ പ്രദേശം കടൽ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും നല്ല സ്പോട്ടാണ്. ഇവിടെ കടലോരത്ത് 209 പാർക്കുകൾ, 14 വാട്ടർഫ്രണ്ട് ഹരിതയിടങ്ങൾ, 198 കായിക മൈതാനങ്ങൾ, 96 നടപ്പാതകൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സ്വപ്നതുല്യമായ കടൽത്തീരവും അതിലെ പഞ്ചാരമണലും കടലിന്റെ നീലിമയും സന്ദർശകർക്ക് മനോഹര കാഴ്ചകൾ സമ്മാനിക്കുന്നു.
നീന്തൽ, മത്സ്യബന്ധനം, വിനോദം എന്നിവ ഇഷ്ടപ്പെടുന്നവർക്കുള്ള നിരവധി സംവിധാനങ്ങളും സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീസാൻ മുനിസിപ്പാലിറ്റി വാട്ടർഫ്രണ്ട് പാർക്കുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കളിസ്ഥലങ്ങൾ, നടപ്പാതകൾ, ടൂറിസ്റ്റ്- സ്പോർട്സ് സേവന സൗകര്യങ്ങൾ എന്നിവ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടത്തെ വാട്ടർ ഫ്രണ്ട് പാർക്കുകൾ രാജ്യത്തെ ഏറ്റവും വലിയ മറൈൻ പാർക്കുകളായി കണക്കാക്കുന്നു.
10 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സന്ദർശകർക്കായി വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ആവശ്യങ്ങളും നിവർത്തിക്കുന്ന സാധനങ്ങളും സേവനങ്ങളും ലഭിക്കുന്ന മാർക്കറ്റുകളും റസ്റ്റാറൻറുകളും ഇവിടെ നിറയെയുണ്ട്. 80,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്കിങ് സ്ഥലങ്ങളും മൂന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആറ് വിനോദ മേഖലകളുമുണ്ട്. കടൽത്തീരത്തെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യങ്ങളോടുകൂടിയ ‘കൾചറൽ സ്ട്രീറ്റും’ മേഖലയിലെ മുഖ്യ ആകർഷണ കേന്ദ്രമാണ്.
370 മീറ്റർ നീളമുള്ള ‘സൺസെറ്റ് കോറിഡോർ’ എന്ന ‘സൺസെറ്റ് ബീച്ചി’ൽ വൈകുന്നേരം സന്ദർശകരുടെ വലിയ തിരക്കാണ്. ഇത് ജീസാൻ നഗരത്തോട് ചേർന്നുള്ള വടക്കൻ തീരത്തെ ഏറ്റവും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങമാണ്. മുനിസിപ്പാലിറ്റി അധികൃതർ അടുത്തിടെ നവീകരിച്ചതാണിത്. കടലിലൂടെ നടക്കാനും കാഴ്ചകൾ ആസ്വദിക്കാനും ദൈർഘ്യമേറിയ നടപ്പാത ഒരുക്കിയിട്ടുണ്ട്. രാവിനേയും പകലാക്കും വിധം ഇവിടെ ധാരാളം വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ഏകദേശം 80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച ‘സതേൺ കോർണിഷ്’ ആണ് മറ്റൊരു ആകർഷണം. 28,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹരിതപ്രദേശങ്ങളും മേഖലയുടെ ചാരുതയുടെ പ്രതീകങ്ങളാണ്. 1,100 മീറ്റർ നീളവും 10 മീറ്റർ വീതിയും കൂടാതെ 2,800 മീറ്റർ നീളവുമുള്ള ആന്തരിക നടപ്പാതകൾ, ഗെയിംസ് ഏരിയ, തുറന്ന പ്രാർഥന ഏരിയ, പുരുഷന്മാർക്കും സ്ത്രീകൾക്കും 14 വിശ്രമമുറികൾ, ഉള്ളിൽ വിളക്കുള്ള 13 കുടകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.