പ്രതിവർഷം ദശ ലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്ന രാജ്യം. ചൈനക്കും നമ്മുടെ ഇന്ത്യക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ നേപ്പാൾ. ഇന്ത്യക്കാർക്ക് നേപ്പാൾ മറ്റൊരു രാജ്യമല്ല. മതിയായ രേഖകളുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും പോയി വരാം. ഈ ഒരു കാരണം തന്നെയാണ് ഷാർജയിൽ നിന്നും പാസ്പ്പോർട്ടുമെടുത്ത് കാഠ്മണ്ഡുവിന്റെ കുളിർമയിലേക്ക് വിമാനം കയറാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. വലിയ മുന്നൊരുക്കങ്ങളില്ലാത്ത തീരുമാനങ്ങളാണ് എപ്പോഴും യാത്രകളായി മാറുന്നത്. രാത്രി എട്ടുമണിക്ക് എയർ അറേബ്യയുടെ വിമാനത്തിലാണ് യാത്ര. ഷാർജയിൽ നിന്ന് നാലു മണിക്കൂർ യാത്രയാണ് കാഠ്മണ്ഡുവിലേക്ക്.ഇത്തവണത്തെ യാത്രയിൽ ഒരു പ്രത്യേകത കൂടിയുണ്ട്.
ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയുടെ ചെയർമാനും, ഡയറക്ട്ടറും ഞങ്ങളുടെ കൂടെയുണ്ട്. ഒപ്പം മിർഷാദും. അവധിക്കാലമായതിനാൽ വിമാനത്താവളത്തിൽ നല്ല തിരക്കുണ്ട്. ചെക്കിൻ കൗണ്ടാറുകളൊക്കെ സെൽഫ് ചെക്കിൻ ആയി മാറിയിട്ടുണ്ട്. എയർപോർട്ട് ലോഞ്ചിലെ ഭക്ഷണവും സന്ധ്യാ പ്രാർത്ഥനയും കഴിഞ്ഞ് നേരെ വിമാനത്തിലേക്ക് കയറി. ഒരു സീറ്റ് പോലും കാലിയില്ലാതെ വിമാനത്തിൽ നിറയെ യാത്രക്കാരാണ്.യാത്രക്കാരോട് എപ്പോഴും മികച്ച കൂറ് പുലർത്തുന്ന വിമാനമാണ് എയർ അറേബ്യ.
അവരുടെ കൃത്യനിഷ്ഠ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പാകിസ്താന് മുകളിലൂടെ നമ്മുടെ രാജ്യവും താണ്ടി മൂന്നര മണിക്കൂറിനു ശേഷം വിമാനം കാട്മണ്ടുവിൽ ലാൻഡ് ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന അറിയിപ്പ് വന്നു. നാലു മണിക്കൂർ അഞ്ചര മണിക്കൂറിലേക്ക് നീണ്ടു .വിമാനം പല കുറി നിലം തൊടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു .നിമിഷങ്ങൾകൊണ്ട് മാറിമറിയുന്ന കാലാവസ്ഥയാണ് നേപ്പാളിന്റെത് .ഔട്ട് ഓഫ് ഫ്യുലിലാണ് വിമാനം പറക്കുന്നതെന്ന അറിയിപ്പിന് പിന്നാലെ വിമാനം ഇന്ത്യയിലെ വാരണാസിയിൽ ലാൻഡ് ചെയ്യിക്കുകയാണെന്ന് പൈലറ്റ് അനൗൺസ് ചെയ്തു.
സുരക്ഷിതമായി വാരണാസിയിൽ ഇറങ്ങിയ വിമാനത്തിൽ ഇന്ധനവും നിറച്ച് കാലാവസ്ഥ മെച്ചപ്പെട്ടതോടെ വീണ്ടും കാ ഠ്മണ്ഡുവിലേക്ക് യാത്രയായി യാത്രക്കൊടുവിൽ ചുട്ടു പൊള്ളുന്ന മരുഭൂമിയിലെ കാലാവസ്ഥയിൽനിന്ന് ഞങ്ങൾ പറന്നിറങ്ങിയത് മഴ തിമർത്ത് പെയ്യുന്ന നേപ്പാളിന്റെ ഹൃദയ ഭൂമിയായ കാട്മണ്ടുവിലാണ്.ഇന്ത്യക്കാർക്ക് നാട്ടിലേതിന് സമാനമായ നടപടി ക്രമങ്ങൾ മാത്രമാണ് എൻട്രി സ്റ്റാംപ് പതിപ്പിച്ച് പുറത്തിറങ്ങാം. എയർപോർട് സംവിധാനങ്ങൾക്കൊക്കെ ഇന്ത്യൻ മയമുണ്ട്.
മഴ പെയ്യുന്ന പുലരിയിൽ കുളിരണിഞ്ഞു നിൽക്കുന്ന കാട്മണ്ടു.എത്ര ശ്രദ്ധ പുലർത്തിയാലും ചില പിഴവുകൾ യാത്രകളുടെ കൂടെപിറപ്പാണ് .വെറും നാല് കിലോമീറ്റർ മാത്രം ദൂരമുള്ള ഹോട്ടലിലേക്ക് 500 രൂപ കൂലിപറഞ്ഞ് വണ്ടിയിൽ കയറിയപ്പോൾ ആൾക്ക് 500 ആണ് പറഞ്ഞതെന്ന് പറഞ്ഞ് ആദ്യത്തെ പെടുത്തൽ. ടാക്സി ഡ്രൈവർമാരുടെ ചൂഷണങ്ങൾ ഇല്ലാത്തത് ഗൾഫ് രാജ്യങ്ങളിൽ മാത്രമാണ് . അവിടെ അതിന് കൃത്യമായ സംവിധാനങ്ങളുണ്ട്.ഹോട്ടൽ കൈലാസ് ബോട്ടിക് ആണ് ഞങ്ങൾ താമസത്തിനായി ബുക്ക് ചെയ്തത് .ഉപഭോക്താക്കളുടെ ഗൂഗിൾ അവലോകനങ്ങളൊക്കെ വിലയിരുത്തി ജലീൽക്കയായിരുന്നു ഈ ഹോട്ടൽ തിരഞ്ഞെടുത്തത്.
4 പേർക്കുള്ള താമസത്തിന് 200 ദിർഹംസ് അഥവാ 7000 നേപ്പാളി രൂപയാണ് ചാർജ് .ഏറ്റവും മികച്ച സൗകര്യങ്ങളും ഒപ്പം പ്രഭാത ഭക്ഷണവും ഉൾപ്പെടും .ചുരുങ്ങിയ ദിവസത്തേക്കുള്ള യാത്രയായതിനാൽ വിശ്രമത്തിനുള്ള സമയമുണ്ടായിരുന്നില്ല അൽപ്പമൊന്ന് മയങ്ങി പ്രാതൽ കഴിച്ച ശേഷം വിനോദങ്ങൾക്കായുള്ള വിവരങ്ങൾക്ക് ഹോട്ടൽ മാനേജരെ സമീപിച്ചു. കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള സഞ്ചാരികളുടെ പറുദീസയായ പോകാറാ ആയിരുന്നു ലക്ഷ്യം. ഇവിടുത്തേക്കുള്ള ബസ് യാത്ര അത്യന്തം അപകട കരവും,ഒപ്പം മനോഹരവുമാണ്.ബസ് ടിക്കറ്റ് ലഭ്യത ആരാഞ്ഞപ്പോൾ കാലാവസ്ഥ പ്രതികൂലമാണെന്നും ഇന്നലത്തെ ബസ് പുഴയിലേക്ക് മറിഞ്ഞ് ബസും 70 യാത്രക്കാരെയും കാണാനില്ലെന്ന് മാനേജർ ഡോൾ സൂചിപ്പിച്ചു.
വെള്ളിയാഴ്ച ആയതിനാൽ ജുമാ നമസ്കാരത്തിന് ശേഷം കാഠ്മണ്ഡു ചുറ്റിക്കാണാമെന്ന് തീരുമാനിച്ചു .95%ഹിന്ദുക്കളുള്ള നേപ്പാളിന്റെ തലസ്ഥാന നഗരിയിൽ നിരവധി മുസ്ലിം പള്ളികളുമുണ്ട് .മനോഹരമായ ഖുർആൻ പാരായണത്തിന്റെ അകമ്പടിയിൽ ജുമാ നിർവഹിച്ചു.ഹലാൽ ഫുഡ് കിട്ടുന്ന മദീനയും ,ഹോട്ടൽ ബിസ്മില്ലയും മുസ്ലിം നാമങ്ങളിലുള്ള തെരുവുകളും ഇവിടെ കാണാം. പട്ടണങ്ങളും തെരുവീഥികളും വളരെ വൃത്തിയിൽ സൂക്ഷിട്ടുണ്ട്.അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെയോ മുറുക്കാൻ തുപ്പി ചുവപ്പിച്ച ചുമരുകളോ ഇവിടെ കാണാൻ കഴിയില്ല.
നാരയന്തിദി പാലസ് മ്യൂസിയവും പശുപതി ടെംപിളും സന്ദർശിച്ച് ഞങ്ങൾ ചന്ദ്രഗിരിയിലേക്ക് യാത്ര തിരിച്ചു. കാഠ്മണ്ഡുവിൽനിന്ന് ഒരു മണിക്കൂർ യാത്രയാണ് ചന്ദ്ര ഗിരിയിലേക്ക്. പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ ചന്ദ്ര ഗിരി കാഠ്മണ്ഡുവിന്റെ സുകൃതമാണ്. റോപ് കാറിൽ 2500 ഓളം മീറ്റർ പ്രകൃതിയുടെ മടിത്തട്ടിലൂടെ സഞ്ചരിച്ച് മുകളിലെത്തിയാൽ കഠ്മണ്ഡുവിന്റെ മുഴുവൻ സൗദര്യവും കാണാം. കുളിരേകി പെയ്തിറങ്ങിയ മഴയുടെയും, കോടയുടെയും അകമ്പടിയോടെയാണ് ചന്ദ്രഗിരിയുടെ സൗന്ദര്യം ഞങ്ങൾ ആസ്വദിച്ചത്. മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പട്ടണങ്ങൾ മനോഹര കാഴ്ചയാണ്.
എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികൾ ഇവിടെയുണ്ട്. പ്രകൃതി സൗന്ദര്യത്താലും, മനോഹരമായ ക്ഷേത്രങ്ങളാലും നേപ്പാൾ വളരെയധികം പ്രശസ്തമാണ്.രണ്ട് ദിവസങ്ങൾക്കുള്ളിൽ കാഡ്മണ്ടു സന്ദർശനം പൂർത്തിയാക്കി. പ്രതികൂല കാലവസ്ഥയെ തുടർന്ന് മാറ്റിവെച്ചു പോകാറ യത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ബസ് ഒഴിവാക്കി ആകാശമാർഗമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. കാഡ് മാണ്ടുവിലെ തലങ്ങും വിലങ്ങും പായുന്ന വിമാനങ്ങളും എയർപോട്ടിലെ വൻ തിരക്കും നമ്മെ അത്ഭുതപ്പെടുത്തും. നേപ്പാൾ വിമാനാപകട ചരിത്രങ്ങൾ വായിച്ചറിഞ്ഞാണ് ശനിയാഴ്ചയിലെ മേഘാവൃതമായ ആകാശത്തേക്ക് പറന്നുയർന്നത്.
ബസ് പോകാറായിലേക്ക് 10 മണിക്കൂർ എടുക്കുമ്പോൾ വിമാനം 25 മിനിറ്റിൽ ലാൻഡ് ചെയ്യും.വിമാനത്തിന്റെ വലതു ഭാഗത്തിരുന്നാൽ എവരസ്റ്റിന്റെ മനോഹര ദൃശ്യങ്ങൾ കാണാം. അന്താരാഷ്ട്ര വിമാനത്താവളമാണ് പോകാറ വിമാനത്താവളം. താടാകങ്ങൾ കൊണ്ടും മനോഹരമായ മലഞ്ചെരുവുകൾകൊണ്ടും അനുഗ്രഹീതമായ പട്ടണം.നിലവിൽ നേപ്പാളിൽ ടൂറിസം സമയമല്ലങ്കിലും വൈദേശികരായ നിരവധി സഞ്ചാരികളെ ഇവിടെ കാണാൻ കഴിയും.ഫെവ ലൈക്കും, സാരങ്ങോട്ടും, ഡെവിൾ വാട്ടർ ഫാൾസുമൊക്കെയാണ് പ്രധാന കാഴ്ചകൾ. 14 ദിവസം മുതൽ 44 ദിവസം വരെയുള്ള ട്രക്കിങ് പാക്കേജുകളും, വിനോദങ്ങൾക്കായുള്ള അഡ്വഞ്ചർ ആക്റ്റീവിട്ടികളും ഇവിടെ ലഭ്യമാണ്.
ഇന്ത്യൻ ഫുഡും ചൈനയോട് സാദൃശ്യമുള്ള ഭക്ഷണവും നേപ്പാളിൽ എല്ലായിടത്തും ലഭ്യമാണ്. നേപ്പാളികൾ വളരെയധികം ആദിത്യ മര്യാദയുള്ളവരാണ്. സഞ്ചാരികളോടുള്ള അവരുടെ സമീപനം എടുത്ത് പറയേണ്ടതാണ്.ഒരു ദിവസത്തെ പോകാറാ സന്ദർശനവും കഴിഞ്ഞ് നാളെ ഷാർജയിലേക്കുള്ള മടക്കയാത്രയാണ്. നാല് ദിവസത്തെ മനോഹര കാഴ്ചകൾ സമ്മാനിച്ച നേപ്പാളിന് വിട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.