ഗോദാവരി നദിക്ക് കുറുകെയുള്ള പാലം

ഒഡിഷയിലെ അമ്പരപ്പിക്കുന്ന കാഴ്ചകൾ തേടി

മനുഷ്യന്‍ നിര്‍മിച്ചവയും പ്രകൃതി തീര്‍ത്തവയുമായി ലോകത്ത് കാഴ്ചകള്‍ അനവധിയാണ്. അവയില്‍ അവിശ്വസനീയമായവ മനസ്സുകളില്‍ അത്​ഭുതമായി മാറും. പിന്നീട് എപ്പോഴോ ദൈവീകമാകും. ഒഡിഷയിലെ മനുഷ്യനിര്‍മിതികള്‍ കാഴ്ചക്കാരനെ അമ്പരപ്പിക്കുന്നവയാണ്. കണ്ണുകളില്‍ അവ അത്ഭുങ്ങളായി മാറുമ്പോള്‍, അവ തീര്‍ത്ത ശിൽപ്പങ്ങളും ദൈവത്തോടൊപ്പമാണ്. ഒഡിഷയിലെ ഒന്നാം നൂറ്റാണ്ട് മുതലുള്ള പല നിര്‍മിതികളും എനിക്ക് ആശ്ചര്യമായിരുന്നു; തിരഞ്ഞത് ഒന്ന് മാത്രം, ശിൽപിയെ. ഒരു പക്ഷെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അവര്‍ എനിക്കും ദൈവതുല്യരായിരുന്നേനെ.

മൗണ്ട് ട്രാക്കിന്‍റെ ബാക്ക്പാക്ക് പൊടിതട്ടി എടുത്തപ്പോള്‍ മനസ്സ് ഒന്ന് പിടഞ്ഞു. രണ്ട് വര്‍ഷത്തോളമായി യാത്ര ചെയ്തിട്ട്. എവിടേക്കെങ്കിലും പോകണം. ഭിത്തിയിലെ യാത്രാ മാഗസിന്‍റെ ഇന്ത്യന്‍ മാപ്പ് ശ്രദ്ധക്ഷണിച്ചത് നവീന്‍ പട്‌നായികിന്‍റെ ഒഡിഷയിലേക്കാണ്. ചിന്തിക്കാന്‍ കൂടുതല്‍ ഒന്നും തന്നെയില്ല. പോവുക തന്നെ. എന്തുകൊണ്ട് ഒഡിഷ എന്ന ചോദ്യത്തിന് ഉത്തരമില്ല. എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒറ്റക്കുള്ള ഒരു യാത്ര വേണമായിരുന്നു. പേരും ഭാഷയുമറിയില്ല. ഒന്നറിയാം, ഗോള്‍ഡന്‍ ട്രയാങ്കിളും പിന്നെ കലിങ്കയും.

വഴിയരികിലെ പനങ്കൂട്ടങ്ങൾ 

ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ട്രെയിന്‍. ആവേശത്തിന് വ്യാഴാഴ്​ചത്തെ ഷാലിമാര്‍ എക്‌സ്​പ്രസിന് ടിക്കറ്റെടുത്തു. വൈകീട്ട് 4.55ന് തിരുവനന്തപുരം സെൻട്രലില്‍നിന്ന് ഭുവനേശ്വര്‍ വഴി ഷാലിമാറിനാണ് ട്രെയിന്‍. ഒഡിഷയിലെ യാത്രക്കായി റോയല്‍ ബ്രദേഴ്‌സ് ആപ്പ് വഴി മൂന്ന് ദിവസത്തേക്ക് സ്‌കൂട്ടറും ബുക്ക് ചെയ്തു.

രാവിലത്തെ പരിപാടികള്‍ കഴിഞ്ഞ്​ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. കൂട്ടുകാരെ കണ്ട് യാത്ര പറയണം. വെയിറ്റിങ്​ ലിസ്റ്റാണ്, ടിക്കറ്റ് കിട്ടിയില്ലങ്കിലോ? 'കള്ള വണ്ടി കയറിയാലും പോയിരിക്കും' -മനസ്സിലുറപ്പിച്ചു. 12.30 ആയപ്പോഴേക്കും എസ്-2 ബോഗിയിലെ 45ാം നമ്പര്‍ സീറ്റ് അനുവദിച്ചതായി സന്ദേശം വന്നു.

വിജയവാഡയിലേക്ക് ട്രെയിൻ അടുക്കുന്നു

ബോഗിയില്‍ എല്ലാം ബംഗാളിമാർ. കാണുന്ന മുഖങ്ങളിലെല്ലാം അപരിചിതത്വം നിറഞ്ഞുനില്‍ക്കുന്നു. പുറത്തുപോയി വെള്ളം വാങ്ങണം. ആരെയും ബാഗ് ഏല്‍പ്പിച്ച് പോകാന്‍ തോന്നിയില്ല. കേട്ടറിവുകളിലെ പോക്കറ്റ് അടിക്കാരും കള്ളന്മാരും വിഹരിക്കുന്നിടത്തേക്കാണ് യാത്ര. ഫോണില്‍ ടിക്കറ്റ് എടുത്ത് നോക്കി. ശനിയാഴ്ച രാവിലെ 4.50ന് ഭുവനേശ്വറെത്തും. ഹിന്ദി അറിയാത്തതിനാൽ ആരോടും സംസാരിക്കാനാകില്ല. ചിന്തയിലേക്ക് വീണു.

ഒട്രിയിൽനിന്ന്​ ഒഡിഷയിലേക്കുള്ള പരിവർത്തനം

പ്രാചീന കാലത്തെ ഒട്രി, പില്‍ക്കാലത്ത് ഒറീസ എന്ന പേരിലറിയപ്പെട്ട സംസ്ഥാനം. സാസ്‌കാരിക പൈതൃകം ഊട്ടിയുറപ്പിച്ച് ഒഡിഷ ആയിരിക്കുന്നു. ഒട്ടനവധി സാമ്രാജ്യങ്ങളുടെ വാഴ്ചകളും താഴ്ചകളും കണ്ട ഭൂമിക. ഒരു ഭാഗം കടലും മറുവശം കാടുമായി ചുറ്റിപ്പിണഞ്ഞ്​ കിടക്കുന്നു. പട്ടിക ജാതി-പട്ടിക വര്‍ഗക്കാരായിരുന്നു കൂടുതലും. അനവധി മതങ്ങള്‍ കടന്നുപോയ രൂപരേഖകള്‍ ജനങ്ങളെ പല വിഭാഗങ്ങളായി കേന്ദ്രീകരിപ്പിച്ചിരിക്കുന്നു. ഗുഹാമുഖം തുരന്നെടുത്ത ജൈന മതത്തിലെ ഉദയ ഗിരി കാണ്ഡഗിരി ഗുഹകളും കലിങ്ക യുദ്ധം അവസാനിപ്പിച്ച ദൗളിയിലെ ബുദ്ധന്‍റെ ഓര്‍മകളും ഒന്നാം നൂറ്റാണ്ട് മുതലുള്ള മഹാക്ഷേത്രങ്ങളും.

ട്രെയിനിൽ നിന്നുള്ള വഴിയോര കാഴ്ചകൾ 

കട്ടക്കായിരുന്നു ആദ്യ തലസ്ഥാനം. പിന്നീട് ഭുവനേശ്വറിലേക്ക് മാറ്റി. തെക്ക് ബംഗാള്‍, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും അതിർത്തി പങ്കിടുന്നു. മനോഹരമായ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന ഭുവനേശ്വര്‍, ടെമ്പിള്‍ സിറ്റി ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്. കൊണാര്‍ക്ക്, പുരി ജഗന്നാഥ ക്ഷേത്രം, ലിങ്ക രാജ ക്ഷേത്രം, ബൃഹദേശ്വര ക്ഷേത്രം, കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകമായ ചിലിക്കയും കലിങ്ക യുദ്ധത്തിന്‍റെ സ്മരണകള്‍ നിലനില്‍ക്കുന്ന ദൗളിയും സന്ദര്‍ശിക്കേണ്ടതുണ്ട്. പദ്ധതികള്‍ മനസ്സില്‍ തിരക്കഥപോലെ പാഞ്ഞു.

റെയില്‍വെ കച്ചവടക്കാരന്‍റെ ഖരം സമൂസ വിളിയാണ് ഉറക്കമുണര്‍ത്തിയത്. ബംഗാളികള്‍ കിട്ടുന്നത് എല്ലാം ആസ്വദിച്ച് കഴിക്കുന്നു. നോക്കെത്താ ദൂരത്തോളം നീണ്ട് കിടക്കുന്ന നെല്‍പാടങ്ങള്‍ കരിമ്പനകള്‍ക്ക് വഴിമാറി. തെലങ്കാനയിലെ വെയിലേറ്റ് ഉരുകി നില്‍ക്കുന്ന പനങ്കൂട്ടങ്ങള്‍ മികച്ച കാഴ്ചയാണ്. ട്രെയിന്‍ വേഗത കുറച്ച് പതുക്കെ നിശ്ചലമായി. സ്‌പോട്ട് ദ ട്രെയിന്‍ ആപ്പില്‍ അടുത്ത സ്റ്റേഷന്‍ വിജയവാഡയാണ് കാണിക്കുന്നത്. ഗോദാവരി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലത്തിലൂടെ ഷാലിമാര്‍ എക്‌സ്പ്രസ് മെല്ലെ നീങ്ങി. കോസ്റ്റ് റെയില്‍വേ സോണിലൂടെ പിന്നീടുള്ള യാത്രയില്‍ ഗ്രാന്‍ഡീസ് മരത്തോട്ടങ്ങള്‍ മാറിമാറി വന്നു. നീളത്തില്‍ കനമില്ലാതെ വളരുന്നവ വ്യവസായ ആവശ്യത്തിനാണ്. പ്രദേശത്തെ ജലലഭ്യതയെ ബാധിക്കുന്നതിനാല്‍ മൂന്നാറില്‍ ഗ്രാന്‍ഡീസ് മരങ്ങള്‍ വെട്ടിമാറ്റുകയാണ്.

ഭൂവനേശ്വർ റെയിൽവേ സ്റ്റേഷൻ

ശനിയാഴ്ച രാവിലെ 4.30ന് സൂര്യപ്രകാശത്തിന്‍റെ ആദ്യ കിരണങ്ങള്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അരിച്ചിറങ്ങുന്ന കാഴ്ച കണ്ടാണ് ഉണര്‍ന്നത്. ഒരു ചായ കുടിച്ച് കളയാം. 'ചേട്ടാ, ഒരു ചായ'. ശബ്ദം കേട്ട ഒറിയക്കാരന്‍ ഹിന്ദിയിലും ഒറിയന്‍ ഭാഷയിലും എന്തൊക്കെയൊ മാറി മാറി പറഞ്ഞു. ശരിയാണ്, ഞാനിപ്പോള്‍ കേരളത്തിലല്ല. മൺ ഗ്ലാസില്‍ അടുത്ത് നിന്നവൻ കുടിക്കുന്ന ചായ ചൂണ്ടികാട്ടി പറഞ്ഞു, 'ടീ'. ഒറിയയിലെ മറുപടി മനസ്സിലായില്ലെങ്കിലും തലയാട്ടി. 20 രൂപക്ക് ഏലക്കയും ചുക്കുമിട്ട നല്ല ചായ. മണ്‍പാത്രം തിരിച്ച് നല്‍കിയപ്പോള്‍ കച്ചവടക്കാരന്‍ വേസ്റ്റ് ബിന്നിലേക്ക് വിരല്‍ ചൂണ്ടി.

1896ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനാണ് ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ ആസ്ഥാനം. ആറ്​ പ്ലാറ്റ്‌ഫോമുകളോട് കൂടിയ വിസ്താരത്തിലുള്ള സ്റ്റേഷന്‍ 125 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നല്ല വൃത്തി. ധാരാളം ഇരിപ്പിടങ്ങളുമുണ്ട്. സ്റ്റേഷന്‍ വ്യത്തികേടാകുന്നവര്‍ക്കുള്ള ഭീമാകാരമായ പിഴയുടെ ലിസ്റ്റ് അകത്തേക്ക് കയറുന്നവരുടെ ശ്രദ്ധക്ഷണിക്കും വിധം സ്​ഥാപിച്ചിട്ടുണ്ട്.

ഐ ലൗ ഭൂവനേശ്വർ 

ചെറിയ വില്‍പ്പനശാലകള്‍, പ്ലാറ്റ്‌ഫോമില്‍ റോന്ത് ചുറ്റുന്ന പൊലീസുകാര്‍, സ്‌റ്റേഷനിലേക്ക് എത്തുന്ന ട്രെയിനിലേക്ക് ധൃതിയില്‍ ഓടി അടുക്കുന്ന റെയില്‍വെ പോർട്ടര്‍മാരും കച്ചവടക്കാരും. അതിരാവിലെ തിരക്ക് ആരംഭിച്ചിരിക്കുന്നു. ഉന്ത് വണ്ടികളിലായി പ്ലാറ്റ്‌ഫോമുകളില്‍ നിരന്നിരിക്കുന്ന പുസ്​തകങ്ങള്‍ ഇതിനിടയില്‍ ശ്രദ്ധ ആകര്‍ഷിച്ചു. നാട്ടിലെ സ്റ്റേഷനുകളില്‍ ഉണ്ടെങ്കിലും അതൊക്കെ ചെറിയ ഷോപ്പുകളിലായി ഒന്നോ രണ്ടോ ഇടത്ത്​ ഒതുങ്ങിനില്‍ക്കുന്നു. വെട്ടിത്തിളങ്ങുന്ന വിവിധ ഭാഷയിലുള്ള പുസ്തകങ്ങള്‍. അതില്‍ നിന്ന് സീതയെ (സീത ദ വാരിയര്‍ ഓഫ് മിതുല) സ്വന്തമാക്കി.

ടിക്കറ്റ് കൗണ്ടര്‍ കടന്ന് പുറത്തേക്ക്​. ഇടത് വശത്തായാണ് പോസ്റ്റ് ഓഫിസ്. പടികയറി മുകളിലേക്ക് ചെല്ലുന്നത് വിസ്താരത്തില്‍ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയത്തിലേക്കാണ്. തറയില്‍ നിരനിരയായി ആളുകള്‍ നിദ്രയിലാണ്ടിരിക്കുന്നു. പുറത്ത് യാത്രക്കാരെ കാത്ത് നൂറുകണക്കിന് ഓട്ടോകളുടെ കൂട്ടം. ഷൂവും വലിയ ട്രാവലര്‍ ബാഗുമായി എന്നെ കണ്ടപ്പോഴേ ഓട്ടോകാര്‍ എയര്‍പോര്‍ട്ട് വിളികളോടെ ചുറ്റാന്‍ ആരംഭിച്ചു. കോവിഡ്​ കാലമാണെങ്കിലും ആരും മാസ്‌ക് വെച്ചിട്ടില്ല. വിവിധ വര്‍ണങ്ങളിലുള്ള ഷര്‍ട്ട് ധരിച്ചവര്‍ യൂനിഫോം ഇല്ല എന്ന് ഉറപ്പിക്കുന്നു.

ഓട്ടോ സ്റ്റാൻഡ്​

സ്​കൂട്ടർ വാങ്ങാൻ ഇൻഫോസിറ്റിയിലേക്ക്​

ഇന്‍ഫോസിറ്റിയിലെത്തി റോയല്‍ ബ്രദേഴ്‌സില്‍നിന്നും സ്‌കൂട്ടര്‍ വാങ്ങണം. റൂട്ട് മാപ്പില്‍ 12 കിലോമീറ്ററാണ് ദൂരം. ആര്‍ക്കും ഇംഗ്ലീഷ് അറിയില്ല. ഓട്ടോകാര്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. ഇവര്‍ക്ക് ഇംഗ്ലീഷില്‍ 'വണ്‍ ഹന്‍ഡ്രട്' എന്നൊന്നും പറഞ്ഞാല്‍ മനസ്സിലാവുന്നില്ല. പലരും പല നിരക്കാണ് പറയുന്നത്. എങ്ങനെ വിശ്വസിക്കും. ഒടുവില്‍ റെയില്‍വേ പൊലീസിനോട് സംസാരിച്ചു. ഭാഷ മനസ്സിലാകാതെ അയാള്‍ കൈമലര്‍ത്തി. ഒരുപാട് സംസാരിച്ചതിനൊടുവില്‍ അടുത്തുള്ള ബസ്​സ്​റ്റോപ്പില്‍നിന്നും സർക്കാറിന്‍റെ ഗ്രീന്‍ ബസ് പിടിച്ചാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് മനസ്സിലായി.

പത്ത് മണിക്കെ ഇന്‍ഫോസിറ്റിയിലേക്ക് ബസ്സുള്ളൂ. എന്ത് ചെയ്യണമെന്ന് അലോചിച്ചു റെയില്‍വെ കോമ്പൗണ്ടില്‍നിന്നും പുറത്തേക്ക് നടന്നു. ദേശീയ പാതക്ക് ഓരത്തായി യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍കൊണ്ട് 'ഐ ലൗ ഭുവനേശ്വര്‍' എന്ന് നിര്‍മിച്ചിരിക്കുന്നു. അതും കണ്ടിരിക്കുന്നതിനിടയില്‍ ഇംഗ്ലീഷ് അറിയാവുന്ന ഒരുവനെ കണ്ടെത്തി. റോഡിന്‍റെ അങ്ങേ വശത്ത് നിന്നാല്‍ മാത്രമെ ഇന്‍ഫോസിറ്റിക്ക് ബസുള്ളൂ, മാത്രമല്ല ഊബറാണ്​ നല്ലത് എന്ന ഉപദേശവും അവിടെനിന്ന്​ കിട്ടി.

ഇൻഫോ സിറ്റി

ഊബറില്‍ കാറിന് 258ഉം ഓട്ടോ 103.53 പൈസയുമാണ് കാണിക്കുന്നത്. താമസം വിന ബുക്ക് ചെയ്ത ഓട്ടോ എത്തി. ഊബര്‍ ഓട്ടോയില്‍ ആദ്യമായാണ്. വായില്‍ നിറയെ മുറക്കാനിട്ടയാള്‍ ചോദ്യങ്ങളും പറച്ചിലുമൊന്നുമില്ലാതെ എന്നെയും കൊണ്ട് ഇന്‍ഫോ സിറ്റിയിലേക്ക് കുതിച്ചു. ശൂന്യമായ നാല് വരി പാത. ചുറ്റിനും സർക്കാർ കെട്ടിടങ്ങള്‍. ഹോക്കി കളിക്കാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് മനോഹരമാക്കിയ കലിങ്ക സ്‌റ്റേഡിയം. 20 മിനിറ്റില്‍ ഇന്‍ഫോ പാര്‍ക്ക് എത്തി.

നാട്ടിലെ ടെക്‌നോപാര്‍ക്ക് പോലെയാണ്. അമ്പര ചുംബികളായ കെട്ടിടങ്ങള്‍. ചെറിയ തണുപ്പിനെ എതിരിട്ട് നടക്കാന്‍ അനവധിപേര്‍ നിരത്തിലുണ്ട്. ചപ്പ് ചവറുകള്‍ കുന്നുകൂടി കിടക്കുന്ന ഇന്‍ഫോസിറ്റി പാര്‍ക്കും പരിസരവും അത്ര വൃത്തിയുള്ളതല്ല. റോയല്‍ ബ്രദേഴ്‌സിന്‍റെ അപ്ലിക്കേഷന്‍ വഴി ഉച്ചക്ക്​ 12 മുതൽ മൂന്ന്​ ദിവസത്തേക്ക് ഹോണ്ട ആക്ടീവ ബുക്ക് ചെയ്തിട്ടാണ് വന്നിരിക്കുന്നത്. ഓഫിസിന് മുമ്പില്‍ വണ്ടികളെല്ലാം റോയല്‍ ബ്രദേഴ്‌സിന്‍റെ എംബ്ലം പതിപ്പിച്ച് സുന്ദരമായി ഇരിപ്പുണ്ട്. കുറച്ച് നേരത്തെ വണ്ടി കിട്ടിയാല്‍ കൊള്ളാമായിരുന്നു. എക്‌സിക്യൂട്ടീവിനെ വിളിച്ച് നോക്കി. ഉത്തരം ഒന്നും തന്നെയില്ല.

ഇൻഫോ സിറ്റിയിലെ റോയൽ ബ്രദർഴ്സിന്‍റെ ഓഫിസ്​ 

ഭക്ഷണക്കടയിലെ വെല്ലുവിളി

തിരിച്ച് റോഡിലേക്ക് വന്നു. റോഡിന് സമീപത്തെ പെട്ടിക്കടകളില്‍ നടക്കാനിറങ്ങിയവരും സഞ്ചാരികളും പ്രാതല്‍ കഴിക്കാൻ കൂടിനില്‍ക്കുന്നു. സമീപത്തുള്ള രണ്ട് കടകളിലേക്ക് മാറിമാറി നോക്കി. ആൾക്കൂട്ടം കൂടുതലുള്ള കട തെരഞ്ഞെടുത്തു. നാലഞ്ച് തട്ടുകളിലായി ആഹാര സാധനങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. മുറി ഇംഗ്ലീഷ് പരിശോധിച്ചു. രക്ഷയില്ലെന്ന് മനസ്സിലായി.

അവസാന വഴി എന്നോണം അടുത്തുള്ളവന്‍റെ പാത്രം ചൂണ്ടിക്കാട്ടി. വിരല്‍ ഉയര്‍ത്തി ഒന്ന് എന്ന് ആംഗ്യം കാണിച്ചു. ദോശയും വടയും പോലുള്ള എന്തോ ഒന്ന്. കൂടെ ഗ്രീന്‍പീസ് പോലുള്ള കറിയും. സംതൃപ്​തി നല്‍കുന്ന രുചി. ചുമന്ന നിറത്തില്‍ ഉപ്പുമാവ് കട്ട പിടിച്ചത് പോലെ ഒന്ന്. അതില്‍നിന്നും ഒരാള്‍ ഒരു തവി വാങ്ങി. എന്തോ ഒരു ഹല്‍വ എന്നാണ് പറഞ്ഞത്.

തട്ട് കടയിലെ ഭക്ഷണം

ചുമന്ന ഉപ്പുമാവ് കണ്ടപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഞാനും ഒരെണ്ണം വാങ്ങി. നല്ല മധുരം. വയറ് നിറഞ്ഞു. ഇനിയുള്ള പ്രധാന വെല്ലുവിളി കഴിച്ചത് എത്ര രൂപ ആയെന്ന് ചോദിക്കലാണ്. കച്ചവടക്കാരന്‍റെ കണ്ണുകള്‍ എന്നിലേക്ക് കേന്ദ്രീകരിക്കാന്‍ കുറച്ചൊന്ന് മാറി കളിക്കേണ്ടി വന്നു. നോക്കിയതും 'ഹൗ മച്ച്' എന്ന ചോദ്യം എറിഞ്ഞു. ഭാവവ്യത്യാസങ്ങള്‍ വരാതെ അയാള്‍ അടുത്ത കസ്റ്റമറുടെ അടുത്തേക്ക് പോയി. കഴിച്ച് എല്ലാവരും കാശ് നല്‍കി പോവുകയാണ്. ഞാന്‍ ശരിക്കും പെട്ടു.

'അല്ല ഇത്രയും ആളുകള്‍ കഴിക്കുന്നതിനിടയില്‍നിന്നും എ​േന്‍റത് മാത്രം എങ്ങനെ തിരിച്ചറിയും, പാവം ഒഡിഷന്‍ ചേട്ടന്‍'. ഒടുവില്‍ കഴിച്ച പാത്രത്തില്‍ തൊട്ട് കാണിച്ചു. എല്ലാം കൂട്ടി അയാള്‍ ഹിന്ദിയില്‍ 30 എന്ന് പറഞ്ഞു. ഹിന്ദി അറിയാത്ത ഞാന്‍ കണ്ണ് മിഴിച്ചു. അങ്ങനെ ഇളിഭ്യനാവില്ല എന്ന് ഉറപ്പിച്ച് 100ന്‍റെ നോട്ടെടുത്ത് വീശി. കാര്യം മനസ്സിലാക്കിയ കച്ചവടക്കാരന്‍ വണ്ടിയുടെ സമീപത്തായി തൂങ്ങി കിടന്ന ഫോണ്‍പേ ചൂണ്ടിക്കാണിച്ചു. പൈസ ഇട്ട് മലയാളത്തില്‍ നന്ദി പറഞ്ഞ്​ ഞാന്‍ തെരുവിലേക്ക് നടന്നു.

വെള്ളക്കടുവയെ കാണാൻ

സമയം കളയണ്ട, നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പോകാം. ഒരു കിലോ മീറ്റര്‍ ദൂരം മുന്നോട്ട് നടന്ന് ബസ്​സ്റ്റാൻഡിലെത്തി. ഒഡീസി ഭാഷയില്‍ ബസുകളുടെ വിവരവും റൂട്ടുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. വഴിയില്‍ കണ്ട ടെക്കിയുടെ കൈയില്‍നിന്നും സുവോളജിക്കല്‍ പാര്‍ക്കിലെത്താന്‍ പച്ച ബസ് പിടിച്ചാല്‍ മതിയാകുമെന്ന് അറിഞ്ഞു. എന്‍റെ മലയാളം കലര്‍ന്ന നന്ദന്‍കാനന്‍ മനസ്സിലാക്കാത്തത് കൊണ്ടാകണം അനവധി ബസുകള്‍ മൈന്‍ഡ് ചെയ്യാതെ കടന്നുപോയി. പിന്നീട് വന്ന ബസുകളില്‍ പാര്‍ക്കിന്‍റെ ചിത്രം ഗൂഗിളില്‍നിന്നും എടുത്ത് കാണിച്ച്​ അന്വേഷണം ആരംഭിച്ചു. ഫലം നിരാശ മാത്രം.

ഭുവനേശ്വറിലെ ബസ് സ്റ്റോപ്പ്‌

സമീപം വശപെശക് നോട്ടവുമായി ഒരുവന്‍. പതുക്കെ ഇന്‍ഫോ സിറ്റി ലക്ഷ്യമാക്കി തിരികെ നടന്നു. വഴിയില്‍ കണ്ട ഹിന്ദിക്കാരി പെണ്‍കുട്ടി മൊ ആപ്പ് നോക്കിയാല്‍ ബസിനെ കുറിച്ച് മനസ്സിലാകുമെന്ന് അറിയിച്ച് കടന്നുപോയി (സിറ്റി സർവിസുകളുടെ വിവരങ്ങള്‍ യഥാക്രമം അപ്‌ഡേറ്റ് ചെയ്യുന്നതാണ് ആപ്പ്). ഒടുക്കം വീണ്ടും ഊബര്‍ ഓട്ടോയെ അഭയം പ്രാപിച്ചു. വാ നിറയെ പാക്ക് ഇട്ടിരിക്കുന്ന ഡ്രൈവര്‍ മൊബൈൽ ഫോണ്‍ മീറ്ററിന്‍റെ മുകളില്‍ വെച്ച് കെട്ടിയിരിക്കുകയാണ്. അതിലൂടെ മാപ്പ് നോക്കി ഒരു സാഹസിക യാത്ര. ഇതിനോടകം തന്നെ നാലഞ്ച് വളവുകള്‍ പിന്നിട്ടിരിക്കുന്നു.

ഗൂഗിള്‍ മാപ്പിലെ വഴിയാണ് ധൈര്യം തരുന്നത്. മൃഗശാലകള്‍ പൊതുവെ എന്നെ ആകര്‍ഷിക്കാറില്ല. പിന്നെ നന്ദന്‍കാനനിലെ ആ വെള്ള സുന്ദരിയെ കാണാതെ പോകാന്‍ പറ്റില്ല. പലയിടത്തും 'പിക് പോകറ്റ്‌സ്' എന്ന ബോർഡ്​ പൊങ്ങിയിട്ടുണ്ട്. ഒഡിഷയിലേക്ക് വരാന്‍നേരം സുഹൃത്തുക്കളില്‍നിന്നും കിട്ടിയ നിര്‍ദേശ പ്രകാരം പൈസ കൈയില്‍ വെക്കാതെ, രണ്ട് പോക്കറ്റിലും 50 രൂപയും അടിവസ്​ത്രത്തിനുള്ളിൽ 100 രൂപയും വെച്ചാണ് സൂക്ഷിച്ചിരിക്കുന്നത്. പഴ്‌സ് ചെറിയ ബാഗിലാക്കി ബാക്ക്പാക്കിലാക്കിയിരിക്കുന്നു.

നന്ദൻകാനൻ പാർക്ക്‌

ടിക്കറ്റ് കൗണ്ടറില്‍നിന്ന്​ എന്നെ സമീപിച്ച് ഒരു ചെറുപ്പക്കാരന്‍ ഒഡിയയില്‍ എന്തക്കെയൊ പറയുന്നു. അയാളുടെ സമീപം ഭാര്യയും കുഞ്ഞുമുണ്ട്. ഞാന്‍ ഇംഗ്ലീഷ് എന്ന് പറഞ്ഞതും ആശയവിനിമയം മുറി ഇംഗ്ലീഷിലേക്കായി. ഫാമിലിയുമായി പാര്‍ക്ക് കാണാന്‍ വന്നതാണ്. പോക്കറ്റ് അടിക്കാരെ പേടിച്ച് പൈസ എടുത്തില്ല. അകത്തുള്ള എ.ടി.എമ്മില്‍ കാശുമില്ല. ഭാര്യയുടെ മുഖത്ത് ദേഷ്യം തെളിഞ്ഞ്​ കാണാം. ആശാന്‍ ആകെ പരിഭ്രമത്തിലാണ്. ഒടുവില്‍ ഗൂഗിള്‍ പേ വഴി 500 എന്‍റെ അക്കൗണ്ടിലേക്ക് ഇട്ടു.

ഞാന്‍ അത് നോട്ടാക്കി നല്‍കി. അകത്ത് കയറിയ ഉടനെ വെള്ള കടുവ ഉള്ളിടത്തേക്ക് ഓടി. കടുവയെ കണ്ട് നില്‍ക്കുമ്പോഴാണ് വണ്ടി എടുക്കാന്‍ എപ്പോള്‍ എത്തുമെന്ന് ആരാഞ്ഞ്​ റോയല്‍ ബ്രദേഴ്‌സിന്‍റെ വിളി. തിരികെ വരാന്‍ പാര്‍ക്കിനകത്ത് നല്ലപോലെ ചുറ്റി. ഏക്കറ് കണക്കിന് വ്യപിച്ച് കിടക്കുന്ന പാര്‍ക്കില്‍ ഒരു ദിവസം മുഴുവന്‍ കാണാനുള്ളതുണ്ട്. ബോട്ടിങ്​ മുതല്‍ ട്രെയിന്‍ വരെ സജ്ജീകരിച്ചിരിക്കുന്നു.

വെള്ള കടുവ

ഫോണ്‍ വിളിച്ചിട്ടും മലയാളിയെ ലൊക്കേറ്റ് ചെയ്യാന്‍ കഴിയാത്ത ഊബര്‍ ഓട്ടോ മുന്നിലൂടെ രണ്ട് റൗണ്ട് ഓടി. ഒടുക്കം ഒറിയ ഭാഷയില്‍ ശകാരിച്ചശേഷം വണ്ടിയില്‍ കയറ്റി. രാവിലെ മുതല്‍ ഒഡിഷന്‍ ഉപദേശമാണ്. 30 മിനിറ്റ്​ ദൂരം താണ്ടിയാല്‍ എന്‍റെ റോയല്‍ യാത്ര ആരംഭിക്കും. പെട്ടെന്ന് അന്തരീക്ഷം മാറി. ശക്തമായ കാറ്റും മഴയും വന്നു. കാലാവസ്ഥ നിരിഷണ കേന്ദ്രം ഭുവനേശ്വറില്‍ സെമി സൈക്ലോണ്‍ റിപ്പോട്ട് ചെയ്തിരിക്കുന്നു.

റോയൽ ബ്രദേഴ്‌സിന്‍റെ ഹോണ്ട ആക്റ്റീവ

സൈഡിൽ ഷീറ്റ് ഇല്ലാത്ത ഓട്ടോയുടെ പിന്നിലിരുന്ന് നനഞ്ഞ്​ കുളിച്ച് റോയല്‍ റൈഡേഴ്​സിന്‍റെ ഓഫിസിന് മുന്നിലെത്തി. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി വണ്ടി എടുത്തു. 11.30 കഴിഞ്ഞിട്ടും മഴ മാറിയില്ല. ബാഗില്‍ നിന്നും തോര്‍ത്തെടുത്ത് ചുറ്റി നിക്കറിലേക്കും ടീ ഷര്‍ട്ടിലേക്കും കോസ്​റ്റ്യൂം മാറി. മഴ നനഞ്ഞാലും പോയിട്ട് തന്നെ കാര്യം. ഇനി അങ്ങോട്ട് മൂന്ന് ദിവസം റോയല്‍ ബ്രദേഴ്‌സിന്‍റെ ഹോണ്ട ആക്ടീവയുമൊത്തുള്ള യാത്രകളാണ്.

തുടരും

Tags:    
News Summary - Looking for stunning views of Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.