ഇതൊരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ കഥയാണ്. സ്വപ്നങ്ങളെ മനസ്സിൽ താലോലിക്കുന്നവർക്കുള്ള കഥയാണ്. ഈ കഥയിൽ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത് ആഫ്രിക്കയിലേക്കാണ്. മനുഷ്യകുലത്തിന്റെ കളിത്തൊട്ടിലെന്ന് പറയപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക്. ചിത്രരചനയോട് അതീവകമ്പം ഉണ്ടായിരുന്നതാണ് എന്റെ കുട്ടിക്കാലം. ആനയും പുലിയും മലകളും സൂര്യോദയവും മിക്കിമൗസും സൂപ്പർമാനും ഒക്കെ സ്കൂൾ പുസ്തകങ്ങളുടെ പല താളുകളിലും ഇടം പിടിച്ച കാലം.
കാടും കാട്ടുമൃഗങ്ങളും അന്നേ ഒരു ഹരമായിരുന്ന ഞാൻ നാഷണൽ ജോഗ്രഫിക്, ആനിമൽ പ്ലാനറ്റ് തുടങ്ങിയ ചാനലുകളിലെ ആഫ്രിക്കൻ വനാന്തരകാഴ്ചകൾ ഒത്തിരി ആവേശത്തോടെ കണ്ടിരിക്കാറുണ്ടായിരുന്നു. അന്ന് എന്റെ കുഞ്ഞുമനസ്സിൽ ഉറപ്പിച്ചതായിരുന്നു വന്യമായ ആഫ്രിക്കൻ വനാന്തരങ്ങളിലൂടെ ഒരു യാത്ര.
കോളജ് ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ചിത്രരചന റെക്കോഡ് ബുക്കിനു വേണ്ടിയുള്ളതായിരുന്നു. കോളജ് വിട്ടു പ്രവാസജീവിതത്തിലേക്ക് ചേക്കേറിയതോടെ തിരക്കായി. ജീവിക്കാനുള്ള നെട്ടോട്ടമായി. കാലത്തിന്റെ കുത്തൊഴുക്കിൽ സ്വപ്നങ്ങളൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു. പിന്നീട് നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് പഴയ അഭിരുചികൾ തികട്ടി പുറത്തേക്ക് വരാൻ തുടങ്ങിയത്.
പക്ഷെ അത് ഇത്തവണ ഫോട്ടോഗ്രാഫിയുടെ രൂപത്തിൽ ആണെന്ന് മാത്രം. കൈയിൽ ഉണ്ടായിരുന്ന പഴയ ഒരു ക്യാമറയിൽ കുറച്ചു ചിത്രങ്ങൾ പകർത്തി നോക്കി. ചിത്രം കണ്ടവർ നന്നായെന്ന് പറഞ്ഞു പ്രോൽസാഹിപ്പിച്ചു. അന്ന് മുതൽ, ഓർമയിൽ എവിടെയോ ഒളിച്ചിരുന്ന ആ പഴയ സ്വപ്നം വീണ്ടും എന്റെ ഉറക്കം കളയാൻ തുടങ്ങി. ‘ആഫ്രിക്കയിൽ പോകണം, ഒരു സഫാരി ചെയ്യണം, കുറച്ചു വൈൽഡ്ലൈഫ് ചിത്രങ്ങൾ പകർത്തണം’. ഇത് മാത്രമായിരുന്നു ചിന്ത.
പക്ഷെ അതിന് കുറച്ചു പരിശീലനം വേണം, ആവശ്യമുള്ള ലെൻസ്വേണം. സെക്കൻറ് ഹാൻഡ് മാർക്കറ്റിൽ നിന്നു ഒരു ടെലി ലെൻസ്വാങ്ങി. ദുബൈയിലെ പ്രാവുകളും മൈനകളും കുരുവികളും എല്ലാം എന്റെ ക്യാമറയിൽ പതിഞ്ഞു. അങ്ങനെയിരിക്കെ 2019 സെപ്റ്റംബർ 3ന് ഷാർജയിൽ നിന്നും കെനിയയിലേക്കു വിമാനം കയറി. ആഫ്രിക്ക എന്ന അൽഭുത ഭൂഖണ്ഡത്തിലേക്ക് ആദ്യ യാത്ര. നൈറോബി എയർപോർട്ടിൽ വന്നിറങ്ങിയ ഞാൻ കണ്ട ആദ്യ കാഴ്ച കെനിയൻ വംശജരുടെ ഒരു പ്രാദേശിക നൃത്തമാണ്.
അവരുടെ നാട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കാൻ അവരൊരുക്കിയ നയനമനോഹരമായ വിരുന്ന്. ചടുലതയാർന്ന ആ നൃത്ത ചുവടുകൾക്കൊപ്പം ചില യാത്രക്കാരും ചുവടുവെച്ചു. എന്നെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്താമെന്ന് പറഞ്ഞിരുന്ന ഒരു കെനിയൻ സുഹൃത്ത് വരാൻ അല്പം വൈകിയതിനാൽ നൃത്തം ഏറെ നേരം കണ്ടുനിന്നു. ശേഷം സുഹൃത്തിനൊപ്പം നേരെ ഹോട്ടലിലേക്ക്.
പിറ്റേന്ന് രാവിലെയാണ് സഫാരി കമ്പനിയുടെ വാഹനം എന്നെ പിക്ക് ചെയ്യുന്നത്. അതിനാൽ രാത്രി തന്നെ ക്യാമറയും ലെൻസും ബാറ്ററികളും എല്ലാം ഒന്നുകൂടി ചെക്ക് ചെയ്തു പാക്ക് ചെയ്തു വെച്ചു. അടുത്ത ദിവസം ഞാൻ കാണാനിരിക്കുന്ന കാഴ്ചകൾ എന്തൊക്കെയാവും എന്ന ചിന്തയിൽ ഉറങ്ങാൻ കിടന്നതേ ഓർമയുള്ളൂ. ഒത്തിരി നാളുകളായി എന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ആ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്ന ഒരു ദിവസത്തിലേക്ക് ഉണരാനായി ഞാൻ പതിയെ ഉറക്കിലേക്ക് വഴുതി വീണു.
രാവിലെ, മൊബൈൽ അലാറം അടിക്കുന്നതിനു മുമ്പേ എഴുന്നേറ്റു. പ്രഭാത കർമങ്ങളും പ്രാതലും കഴിഞ്ഞു സമയത്തിന് മുമ്പേ തയ്യാറായി. സഫാരി കമ്പനിയിൽ ഒരിക്കൽകൂടി വിളിച്ചു എല്ലാ കാര്യങ്ങളും ഉറപ്പു വരുത്തി. അൽപ സമയത്തിനകം സഫാരി ഗൈഡ് അലക്സ് വന്നു. മുകൾ ഭാഗം തുറക്കാൻ പറ്റുന്ന ഒരു വാൻ. വണ്ടിയിൽ വേറെയും യാത്രക്കാരുണ്ടായിരുന്നു. ഒരു അമേരിക്കൻ യുവാവ് കോളജ് പഠനം പൂർത്തിയാക്കിയത് ആഘോഷിക്കാൻ കെനിയയിൽ വന്നതാണ്. മറ്റൊരു ജർമൻ മധ്യവയസ്ക തന്റെ ഏകാന്ത ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായാണ് അവിടെ എത്തിയത്.
പിന്നെ രണ്ടു ചൈനീസ് യുവതികൾ. അവർക്ക് ഇംഗ്ലീഷും മറ്റുള്ളവർക്ക് ചൈനീസും അറിയാത്തതിനാൽ അവർ ആരാണെന്നോ എങ്ങനെ അവിടെയെത്തിയെന്നോ ഉള്ള കാര്യം അവർക്കല്ലാതെ മറ്റാർക്കും അറിയില്ല. അലക്സ് ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു. അങ്ങനെ നൈറോബിയിൽ നിന്നും മാറയിലേക്കുള്ള ഞങ്ങളുടെ സ്വപ്നയാത്ര ആരംഭിച്ചു. ഉച്ചയോടെ മസായി മാറ വൈൽഡ്ലൈഫ് റിസർവിനടുത്തെത്തി. ഉച്ച ഭക്ഷണത്തിന് ശേഷം ആദ്യ സഫാരി. പ്രധാനകവാടം പിന്നിട്ട ഉടനെ ഞങ്ങളെ സ്വീകരിച്ചത് ജിറാഫുകൾ ആയിരുന്നു. ആ കാഴ്ചയോടെ തന്നെ ഇനി വരും മണിക്കൂറുകളിൽ ഞങ്ങളെ കാത്തിരിക്കുന്ന കാഴ്ചകളെ ഓർത്ത് ആവേശഭരിതനായി.
പ്രകൃതി രമണീയമാണ് മാറ. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മനോഹരമായ പുൽതകിടുകൾ. വശ്യമായ ഈ ഭംഗിക്ക് മാറ്റു കൂട്ടാൻ നൂറു കണക്കിന് ജീവജാലങ്ങൾ. മാറയിലെ വിസ്മയദൃശ്യങ്ങൾ വേണ്ടുവോളം ആസ്വദിച്ചു ആദ്യ ദിവസത്തെ സഫാരി മതിയാക്കി ക്യാമ്പിലേക്ക് പോയി. പിറ്റേന്ന് അതിരാവിലെ വീണ്ടും സഫാരി തുടങ്ങി. ഇത്തവണ കൂടുതൽ ദുർഘടമായ വഴികളിലൂടെയായിരുന്നു യാത്ര.
ഇത്തരം പാതകളിൽ യാത്ര ചെയ്യാൻ കെൽപുള്ള ജീപ്പ്, ലാൻഡ്ക്രൂസർ, ജിപ്സി തുടങ്ങിയ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ നമുക്ക് പരിചിതമാണ്. എന്നാൽ ആദ്യമായാണ് ഒരു സാധാരണ ടു വീൽ ഡ്രൈവ് വാൻ അത്തരം വഴികൾ പിന്നിടുന്നത് മാറയിൽ കണ്ടത്. അത് കണ്ട് അൽഭുതം കൂറിയ ഞാൻ അലക്സിനോട് ചോദിച്ചു ‘ഈ വണ്ടി ഫോർ വീൽ ഡ്രൈവ് ആണോ?‘. എന്നെ നോക്കി അലക്സ് പറഞ്ഞു ‘അല്ല!‘ എന്റെ രണ്ടാമത്തെ ചോദ്യം ‘അപ്പോൾ പിന്നെ ഈ വണ്ടി ഇത്തരം വഴികളിലൂടെ എങ്ങനെ ഓടിക്കാൻ സാധിക്കുന്നു?‘അലക്സിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അദ്ദേഹം പറഞ്ഞു ‘ഞാൻ ഒരു ഫോർ വീൽ ഡ്രൈവ് മനുഷ്യൻ ആണ്.
എന്റെ കയ്യിൽ കിട്ടിയാൽ ഏതു വണ്ടിയും ഫോർ വീൽ ഡ്രൈവ് ആയി മാറും‘ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആത്മവിശ്വാസം നിറഞ്ഞു നിന്നിരുന്നു.
മാറയിൽ തീർച്ചയായും കാണേ ഒരു കാഴ്ച ‘ദി ഗ്രേറ്റ് മൈഗ്രേഷൻ‘ തന്നെ. ആയിരക്കണക്കിന് വിൽഡ് ബീസ്റ്റുകളും സീബ്രകളും മറ്റും മാറ നദി മുറിച്ചു കടക്കുന്ന കാഴ്ച ഏതൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെയും സ്വപ്നമാണ്.
ഞങ്ങൾ എത്തിയ സമയം മാറയിൽ നിന്നും ടാൻസാനിയയിലെ സാറങ്ങാട്ടിയിലേക്കുള്ള മൈഗ്രേഷന്റെ ഏതാണ്ട് അവസാന സമയമാണ്. ഇനിയും മാറ നദി കടന്നിട്ടില്ലാത്ത മൃഗങ്ങൾ യാത്രാമധ്യേ മാറ പുഴക്ക് സമീപം അല്പം വിശ്രമിക്കുന്ന കാഴ്ച കാണാനായി. രാവിലെ 6 മണിക്ക് തുടങ്ങിയതാണ് രണ്ടാം ദിവസത്തെ സഫാരി. ഇടയ്ക്കിടെ അലക്സ് ചെറു ഭക്ഷണ പാനീയങ്ങൾ തരുന്നുങ്കെിലും ഒരു ഉച്ചഭക്ഷണത്തിനായി ഇടയ്ക്കിടെ ശരീരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പക്ഷെ മാറയിലെ കാഴ്ചകൾ വിശപ്പിനെ പോലും മറപ്പിക്കുന്നത്രയും മനോഹരമായിരുന്നു.
സമയം ഉച്ചക്ക് 1 മണി. അലക്സ് വാഹനം ഒരു വലിയ പുൽമൈതാനത്തെ ഒരു ഒറ്റ മരത്തിന്റെ താഴെ പാർക്ക് ചെയ്തു. പുറത്തിറങ്ങി ചുറ്റുവട്ടമൊക്കെ നന്നായി നിരീക്ഷിച്ച ശേഷം ഭക്ഷണം കഴിക്കാനായി വണ്ടിയിൽ നിന്നും ഇറങ്ങാൻ പറഞ്ഞു. അത്യധികം സന്തോഷത്തോടെ, അത്ര തന്നെ ഭയപ്പാടോടെ ഞങ്ങളെല്ലാം പുറത്തിറങ്ങി. സിംഹങ്ങളും കഴുതപ്പുലികളും സ്വൈര്യവിഹാരം നടത്തുന്ന ആ കൊടുംകാടിന്റെ മധ്യത്തിൽ ഒരു ഉച്ചഭക്ഷണം. ആനന്ദത്തിന് ഇനി വേറെന്ത് വേണം? കുറച്ചു ദൂരെയായി നമ്മുടെ നാല് ഭാഗത്തും ഒരു പാട് സീബ്രകൾ മൈതാനത്തു മേഞ്ഞു നടക്കുന്നു.
സ്വപ്നം കാണുകയാണോ എന്ന് തോന്നി പോയ നിമിഷം. ‘നമ്മൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ വല്ല മൃഗങ്ങളും ഇങ്ങോട്ടെക് വരുമോ? വല്ല സിംഹമോ പുലിയോ.... ‘ ഞാൻ അലക്സിനോട് ചോദിച്ചു. ‘പൊതുവെ മൃഗങ്ങൾ മനുഷ്യരിൽ നിന്നും അകന്നു പോകാനാണ് ശ്രമിക്കുക. മാത്രമല്ല നമ്മൾ ഇപ്പോ ഉള്ളത് ഒരു തുറസ്സായ സ്ഥലത്താണ്. പാത്തും പതുങ്ങിയും ഇങ്ങോട്ട് വരാൻ ഉള്ള പുല്ലുകളും കുറ്റിക്കാടുകളൊന്നും ഇല്ല.
എങ്കിലും അഥവാ അത്തരം മൃഗങ്ങൾ വല്ലതും ഇങ്ങോട്ട് വരുകയാണെങ്കിൽ നമുക്കുള്ള സംരക്ഷണമാണ് ദൂരെ നമുക്ക് ചുറ്റും കാണുന്ന സീബ്രകൾ. നമുക്കുള്ള മുന്നറിയിപ്പ് അവർ തന്നു കൊള്ളും. അങ്ങനെ വല്ലതും കേട്ടാൽ ഉടനെ എല്ലാവരും പെട്ടെന്ന് വണ്ടിയിൽ കയറണം‘. ശേഷം ഓരോരുത്തർക്കും വേണ്ടി പാക്ക് ചെയ്ത് വെച്ച ഭക്ഷണം അലക്സ് വിതരണം ചെയ്തു. മാറയിലെ ഏറ്റവും ത്രില്ല് അടിപ്പിച്ച അനുഭവം ഇത് തന്നെ ആയിരുന്നു.
‘എല്ലാവരും ഉടൻ വണ്ടിയിൽ കയറുക, ഉടൻ തന്നെ‘. ഭക്ഷണം കഴിച്ച ആലസ്യത്തിലിരുന്ന് പരസ്പരം സംസാരിക്കുന്നതിനിടെ അലക്സിന്റെ ശബ്ദം കേട്ടു ഞെട്ടി. ഒരു ചോദ്യം പോലും ചോദിക്കാതെ എല്ലാവരും വണ്ടിയിൽ കയറി. ‘എന്താ കാര്യം? ‘ എല്ലാവർക്കും അറിയേണ്ടത് ആ ഒറ്റ കാര്യം. നമ്മൾ കാണാതിരുന്ന വല്ല അപകടവും അലക്സ് കണ്ടോ?. ‘ഭാഗ്യം ഉണ്ടെങ്കിൽ നിങ്ങൾക് ഇന്നൊരു കാഴ്ച കാണാം’ എന്ന് പറഞ്ഞു വണ്ടി അതി വേഗം ഓടിക്കാൻ തുടങ്ങി. ഇടക്കിടെ വാക്കീ ടാകീയിൽ മറ്റു ഡ്രൈവർമാരുമായി സ്വാഹിലി ഭാഷയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞ് അലക്സ് പറഞ്ഞു ‘ഒരു പുള്ളിപുലി ഇവിടെ അടുത്ത് തന്നെയുണ്ട്.
എന്തോ കാരണത്താൽ പരിക്ക് പറ്റിയ ഒരു സീബ്രയുടെ പിറകെ അവൻ പോയി കൊണ്ടിരിക്കുകയാണ്. നിങ്ങൾക് ഭാഗ്യം ഉണ്ടെങ്കിൽ അവൻ ആ സീബ്രയെ പിടിക്കുന്നത് കാണാം.’ ആ വാക്കുകൾ ഞങ്ങൾക്ക് നൽകിയ ആവേശം പറഞ്ഞറിയിക്കാനാവില്ല. സ്വതവേ സഫാരിയിൽ പുള്ളിപുലിയെ കാണാനുള്ള ചാൻസ് വളരെ കുറവാണ്. ഇതിപ്പോ അവൻ ഒരു സീബ്രയെ പിടിക്കാൻ പോകുന്ന ഒരു കാഴ്ച! ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം.
ഞാൻ എന്റെ ക്യാമറ തയ്യാറാക്കി വെച്ച് വണ്ടിയുടെ മുകളിൽ കൂടി നാല് ഭാഗത്തും നോക്കി കൊണ്ടിരുന്നു. കുറച്ചു ദൂരെയായി കുറെ സഫാരി വണ്ടികൾ നിർത്തിയത് കാണാം. ഒരു പാട് ക്യാമറകൾ അതിനടുത്തുള്ള ഒരു കുറ്റിക്കാടിന്റെ നേരെ ഫോക്കസ് ചെയ്തു വെച്ചിരിക്കുന്നു. മനസ്സിൽ ആവേശവും സന്തോഷവും. എന്തായിരിക്കും അടുത്ത നിമിഷം ഞങ്ങൾക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന കാഴ്ച?.
ഒടുവിൽ ഞങ്ങൾ അവനെ കണ്ടു. നല്ല ഒരു ഒന്നാന്തരം പുള്ളിപുലി. അവൻ ആ സീബ്രയെ ഞങ്ങൾ എത്തുന്നതിനു മുമ്പ് വക വരുത്തിയിരുന്നു. എങ്കിലും അങ്ങനെ ഒരു സ്ഥലത്ത് ആ സമയത്ത് എത്തിപ്പെടാൻ സാധിച്ചല്ലോ എന്ന സന്തോഷം മനസ്സിൽ. വീണ്ടും ഒരുപാട് വണ്ടികൾ പല ഭാഗത്തു നിന്നുമായി വന്നു. ഓരോ ഡ്രൈവറും അവരുടെ യാത്രക്കാർക്കു ഏറ്റവും നന്നായി പുലിയെ കാണാനാവുന്ന ഒരു സ്ഥലത്തിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ഇത് അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ടോ, അല്ലെങ്കിൽ സിംഹങ്ങളുടെയോ കഴുതപ്പുലികളുടെയോ സാന്നിധ്യം അറിഞ്ഞത് കൊണ്ടോ എന്നറിയില്ല അവൻ ആ സീബ്രയെ അവിടെ ഇട്ടേച് ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി.
സാധാരണ പുള്ളിപുലി തന്റെ ഇരയെ കൊന്ന ശേഷം വല്ല മരത്തിലും കയറ്റിയ ശേഷം ആണ് ഭക്ഷിക്കുക. സീബ്രയുടെ കുഞ്ഞിനെ അങ്ങനെ കൊണ്ട് പോകുന്നത് ടി.വിയിൽ കണ്ടിട്ടുണ്ട്. പക്ഷെ ഒരു വലിയ സീബ്ര അവന്റെ കഴിവിന്റെയും അപ്പുറമാണ്. അവൻ അവന്റെ ഭക്ഷണം കഴിക്കാതെ പോയതിന്റെ സങ്കടം, എന്നാൽ ആ ഒരു കാഴ്ച കണ്ടതിന്റെ സന്തോഷം. അങ്ങനെ സമ്മിശ്രവികാരങ്ങളോടെ ഞങ്ങൾ യാത്ര തുടർന്നു.
ആഫ്രിക്കൻ സഫാരിയിലെ മറ്റൊരു പ്രധാന ആകർഷണമാണ് ബിഗ് 5. ആന, സിംഹം, പുള്ളിപുലി, കാട്ടുപോത്ത്, കാണ്ടാമൃഗം എന്നിവയെയാണ് ബിഗ് 5 എന്ന് പറയുന്നത്. ഇവയെ കൂടാതെ വലിയ മൃഗങ്ങൾ വേറെയും ഇല്ലേ എന്ന സംശയമുണ്ടായിരുന്നു. ഹിപ്പോ, ജിറാഫ്, സീബ്ര മുതലായ നിരവധി മറ്റു മൃഗങ്ങൾ എന്തെ ഈ ബിഗ് 5 ലിസ്റ്റിൽ വന്നില്ല എന്നൊരു സംശയം. അതിന് വ്യകതമായ ഒരു ഉത്തരം അലക്സിന്റെ കയ്യിൽ നിന്നും കിട്ടിയില്ല. ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കി.
പണ്ട് കാലത്ത് വേട്ടക്കാർക്ക് കാൽനടയായി പോയി വേട്ട ചെയ്യാൻ ഏറ്റവും വിഷമം ഉള്ളതും അത്യധികം അപകടം പിടിച്ചതും ഈ പറഞ്ഞ അഞ്ച് മൃഗങ്ങളെയാണ്. അതിനാൽ അവർ ഇവയെ ബിഗ് 5 എന്ന് വിളിച്ചു. എന്റെ യാത്രയിൽ എനിക്ക് ഇതിൽ നാല് മൃഗങ്ങളെ കാണാനേ ഭാഗ്യം ലഭിച്ചുള്ളൂ. കാണ്ടാമൃഗത്തെ നോക്കി അലക്സ് ഏറെ നേരം അലഞ്ഞു. എങ്കിലും അന്നേ ദിവസം ആർക്കും പിടി കൊടുക്കാതെ മാറയിലെ കാണ്ടാമൃഗങ്ങൾ എവിടെയോ സ്വസ്ഥമായി വിഹരിക്കുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസത്തെ സഫാരിക്ക് ശേഷം ഞങ്ങൾ വീണ്ടും ക്യാമ്പിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.