ചെറുതോണി: ജില്ല ആസ്ഥാനത്തിെൻറ മേൽക്കൂരയായി വിശേഷിപ്പിക്കപ്പെടുന്ന പാൽക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രം വിനോദ സഞ്ചാരികളുടെ പറുദീസയായി. സമുദ്രനിരപ്പിൽനിന്ന് 3125 അടിയിലധികം ഉയരമുള്ള കൊടുമുടിയാണ് പാൽക്കുളംമേട്. ജില്ല ആസ്ഥാന ടൗണായ ചെറുതോണിയിൽനിന്ന് 12 കി.മീ. സമീപത്തായി സ്ഥിതി ചെയ്യുന്ന കി.മീറ്ററുകളോളം ദൈർഘ്യമുള്ള പടുകൂറ്റൻമലയാണിത്. ചെങ്കുത്തായ കയറ്റിറക്കങ്ങളും സമതലങ്ങളും മൊട്ടക്കുന്നുകളും ഇടതൂർന്നവനങ്ങളും പുൽത്തകിടികളുമുള്ള പാൽക്കുളംമേട് വിനോദസഞ്ചാരികളെ തൊല്ലൊന്നുമല്ല ആകർഷിക്കുന്നത്.
സാഹസികയാത്രകൾ ഇഷ്ടപ്പെടുന്നവർ ഏറ്റവും അധികം തെരഞ്ഞെടുക്കുന്ന വിനോദകേന്ദ്രം കൂടിയാണിത്. കണ്ണെത്താദൂരത്തോളം നിത്യഹരിതകുന്നുകൾ ഒന്നിനു പിറകെ ഒന്നായി ചക്രവാളത്തെ തൊട്ടുരുമ്മിയെന്നപോലെ നീണ്ടുകിടക്കുന്ന അത്യപൂർവകാഴ്ച ഏതു പ്രായക്കാരെയും ആകർഷിക്കും.
ഉദയാസ്തമയത്തിെൻറ മനോഹര കാഴ്ച സമ്മാനിക്കുന്ന വ്യൂപോയൻറുമാണ് പാൽക്കുളംമേട്. കുന്നിൻനെറുകയിലെ ശുദ്ധജലതടാകമാണ് മറ്റൊരു സവിശേഷത. ഏത് വേനലിലും വറ്റാത്തജലസമൃദ്ധിയാണിവിടെ. താഴ്വരയിലേക്ക് പാൽനിറത്തിലൊഴുകുന്ന അരുവിയാണ് ഈ കൊടുമുടിക്ക് പാൽക്കുളംമേട് എന്ന പേരുണ്ടാകാൻ കാരണം.
കൊച്ചി, ആലപ്പുഴ തുടങ്ങിയ ടൗണുകളുടെ വിദൂരകാഴ്ചയും ഇടുക്കി അണക്കെട്ടിലെ ജലവിതാനവും വളഞ്ഞുതിരിഞ്ഞൊഴുകുന്ന പെരിയാറും ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഏറ്റവും അടുത്തുനിന്നെന്നപോലെ കാണാനും പാൽക്കുളംമേട്ടിൽ തന്നെ ചെല്ലണം. പ്രകൃതിയുടെ സൗന്ദര്യം പൂർണമായും ഒരു കേന്ദ്രത്തിലേക്കെന്ന പോലെ ആവാഹിച്ചെടുത്തിരിക്കുകയാണെന്ന് തോന്നിപ്പോകും. പത്താം നൂറ്റാണ്ടിെൻറ ആരംഭം മുതലുള്ള പുരാവസ്തു അവശിഷ്ടങ്ങൾ ഇവിടെ കാണാൻ സാധിക്കും.
ശിലായുഗത്തെ അനുസ്മരിപ്പിക്കുന്ന ഗുഹകളും മലമുകളിൽ കാണാം. സാഹസികതക്കൊപ്പം ഉദ്വേഗജനകവുമാണ് പാൽക്കുളത്തേക്കുള്ള യാത്ര. ഓരോ മലയും കയറി നിരപ്പാർന്ന ഭാഗത്തെത്തുമ്പോൾ മറ്റൊരു മലയിലേക്കുള്ള വഴി മുന്നിൽ തെളിയുന്നു. സദാനേരവും വീശിയടിക്കുന്ന ശീതളിമയാർന്ന ഇളംകാറ്റ് യാത്രക്ഷീണം അകറ്റും. രാവിലെയും വൈകീട്ടും പുൽമേടുകളും താഴ്വാരങ്ങളും കോടമഞ്ഞിൽ പുതഞ്ഞിരിക്കുമെന്നതും ഇവിടുത്തെ സവിശേഷതയാണ്.
പാൽക്കുളം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കെത്തിച്ചേരാൻ നാല് വഴികളാണുള്ളത്. മണിയാറൻകുടിയിൽനിന്ന് കൂട്ടക്കുഴിവഴിയും ചുരുളി, ആൽപാറവഴിയും വാഹനത്തിൽ പാൽക്കുളത്തെത്താം. കൂടാതെ അശോക-മുളകുവള്ളി വഴിയും ഭൂമിയാംകുളം-കൊക്കരക്കുളം വഴിയും കാൽനടയായും പാൽക്കുളത്തേക്ക് എത്താനാവും.
മണിയാറൻകുടി, ആൽപാറ എന്നിവിടങ്ങളിൽ നിന്ന് ഓഫ്റോഡ് യാത്രക്കാണ് സൗകര്യമുള്ളത്. ഏറെ സാഹസികത നിറഞ്ഞതാണ് ഈ യാത്ര. കൊടുംവളവുകളും തിരിവുകളും കുത്തിറക്കവും കയറ്റവുമുള്ള കല്ലുകൾ നിറഞ്ഞ റോഡിലൂടെ യാത്രചെയ്യുന്നതിെൻറ രസം നുകരാൻ ധാരാളംപേർ ഇതുവഴിയുമെത്തുന്നു.
പാൽക്കുളംമേടിനെ ദേശീയ തലത്തിലേക്ക് ഉയർത്താൻ മലമുകളിൽ കുളമാവ്-നാടുകാണി മോഡൽ പവിലിയൻ സ്ഥാപിക്കുക, കുട്ടിവനങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുക, മലമുകളിൽ ചെക്ക് ഡാം നിർമിച്ച് പെഡൽ ബോട്ടിങ് ആരംഭിക്കുക, പാൽക്കുളത്തുനിന്ന് കൊക്കരക്കുളം-ചെമ്പകപ്പാറയിലേക്ക് റോപ്വേ നിർമിക്കുക, ഓഫ്റോഡ് ട്രക്കിങ് സൗകര്യം മെച്ചപ്പെടുത്തുക, മലമുകളിൽ പാർക്കിങ് സൗകര്യം നിർമിക്കുക, വാനനിരീക്ഷണകേന്ദ്രം ആരംഭിക്കുക തുടങ്ങിയ വികസനപ്രവർത്തനം കൂടിയായാൽ പ്രകൃതിമനോഹരമായ പാൽക്കുടം ടൂറിസ്റ്റ് കേന്ദ്രം സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളാൽ നിറയുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.