പൊന്നാനി: അറബിക്കടലിന്റെ മനോഹാരിതയും നിളയുടെ വശ്യസൗന്ദര്യവും തിലകക്കുറി ചാർത്തുന്ന ജില്ലയിലെ തുറമുഖ നഗരമായ പൊന്നാനി പുതുവർഷത്തിൽ ടൂറിസത്തിന്റെ അനന്തസാധ്യതകളിലേക്ക് നടന്നടുക്കുന്നു. അറബിക്കടലും ഭാരതപ്പുഴയും സംഗമിക്കുന്ന പൊന്നാനിയുടെ ഇനിയുള്ള വികസനം ടൂറിസത്തെ കേന്ദ്രീകരിച്ചാണെന്ന പ്രഖ്യാപനം പുതുപ്രതീക്ഷകൾക്കാണ് വഴിവെക്കുന്നത്.
പൗരാണിക നഗരമായ പൊന്നാനിയിൽ പൈതൃക ടൂറിസത്തിനൊപ്പം സഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികൾക്കും രൂപം നൽകുകയാണ്. മുൻവർഷങ്ങളിൽ ജില്ലയിലെ പ്രാദേശിക ടൂറിസം രംഗത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് പൊന്നാനിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ 20 ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായി മാറിയ ജില്ലയിലെ വിനോദ സഞ്ചാര കേന്ദമാണ് പൊന്നാനി. കടൽ, കായൽ വിനോദ സഞ്ചാരത്തിന് പുറമെ പൊന്നാനിയുടെയും വന്നേരിനാട് അടങ്ങുന്ന വള്ളുവനാടിന്റെയും കലാസാംസ്കാരിക പൈതൃക ടൂറിസവും അനുഭവവേദ്യമാകാൻ കഴിയുന്നയിടമാണ് പൊന്നാനി. അറബിക്കടലിനെ പുണരാൻ ഒഴുകിയെത്തുന്ന നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യാൻ നിർമിച്ച നിളയോര പാത ജില്ലയിലെത്തന്നെ തിരക്കേറിയ ഡെസ്റ്റിനേഷനിലൊന്നായി.
പുഴയോരപാതയായ ചമ്രവട്ടംകടവ് മുതൽ പൊന്നാനി ഹാർബർവരെ എഴ് കിലോമീറ്റർ നീളത്തിലുള്ള കർമ റോഡരികിലെ ഉല്ലാസ ബോട്ട് യാത്ര നവ്യാനുഭൂതി പകരും. കനോലി കനാലിന് കുറുകെ നിർമിച്ച ഹാർബർ പാലത്തിൽനിന്ന് അസ്തമയ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. കർമ്മ പാലം യാഥാർഥ്യമായതോടെ തിരൂരിൽനിന്ന് പൊന്നാനിയിലേക്ക് വരുന്നവർക്ക് ചമ്രവട്ടംകടവ് വഴി ഭാരതപ്പുഴയുടെ സൗന്ദര്യം നുകർന്ന് പുഴയോരപാതയിലൂടെ ഗതാഗത കുരുക്കില്ലാതെ എത്താനാകും. പടിഞ്ഞാറെക്കരയെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്ന അഴിമുഖത്ത് നിർമിക്കുന്ന സസ്പെൻഷൻ ബ്രിഡ്ജിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന തരത്തിലും പാലത്തിനടിയിലൂടെ കപ്പലുകൾക്ക് പോവാനുതകുന്ന തരത്തിലും പാലം യാഥാർഥ്യമാവുന്നതോടെ സന്ദർശകരുടെ വേലിയേറ്റത്തിന് വഴിയൊരുങ്ങും. പൊന്നാനി കടൽ തീരത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുമൊരുങ്ങുന്നു.
ജില്ല ടൂറിസം വകുപ്പ് പൊന്നാനി നഗരസഭക്ക് നൽകിയ പുളിക്കക്കടവ് പ്രദേശത്ത് അമ്യൂസ്മെന്റ് പാർക്ക്, വാട്ടർ തീം പാർക്ക്, വാട്ടർ സ്പോർട്സ്, സ്വിമ്മിങ് പൂൾ, പവലിയൻ നവീകരണം ഉൾപ്പെടെയും ഒരുക്കാനും തീരുമാനമുണ്ട്. കനോലി കനാൽ പുനരുദ്ധാരണവും ടൗണിലെ പൈതൃക വികസനവും യഥാർഥ്യമായാൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പൊന്നാനി സവിശേഷ ഇടം നേടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.