ചെറുതും വലുതുമായ അനേകം ദ്വീപുകളാൽ പ്രശസ്തമാണ് ഉമ്മുൽ ഖുവൈൻ. ഇപ്പോൾ ജനവാസമില്ലാത്ത ഈ ദ്വീപുകൾ പ്രകൃതി കൈയയച്ച് കനിഞ്ഞ നയനമനോഹാരിതയാൽ സമ്പന്നമാണ്. ദുബൈ പോലെയുള്ള ഹൈടെക് നഗരങ്ങൾ റിയൽ എസ്റ്റേറ്റ്, ടൂറിസ്റ്റ് സാധ്യതകൾക്ക് ആർഭാടപൂർണമായ മനുഷ്യനിർമ്മിത ദ്വീപുകൾ ഒരുക്കുമ്പോൾ, സ്വാഭാവികമായി രൂപം കൊണ്ട ഇത്തരം ദ്വീപുകൾക്ക് നൂറ്റാണ്ടുകൾ പഴകിയ വാസത്തിന്റെയും സാഹസത്തിന്റെയും കഥകളാണ് പറയാനുള്ളത്.
പേർഷ്യൻ ഉൾക്കടലിൽ വൻകരയോട് ചേർന്ന് ചിതറിക്കിടക്കുന്ന ഈ ദ്വീപുകളിൽ, വലിപ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ ഉള്ളതാണ് സിനിയ. എമിറേറ്റിന്റെ മുനമ്പായ പഴയ ബസാറിൽ നിന്നും ഒരറ്റം കാണാൻ കഴിയുന്ന ഈ പച്ചത്തുരുത്ത് റാസൽഖൈമ അതിർത്തി വരെ ജാലകന്യകയെ പ്പോലെ നീണ്ടു നിവർന്ന് കിടക്കുന്നു. മൂന്ന് ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉള്ള ഈ ദ്വീപിൽ 5000 വർഷങ്ങൾക്ക് മുമ്പേ ജനവാസം ഉണ്ടായിരുന്നതിന്റെ നിരവധി അടയാളങ്ങൾ ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.
ഈയിടെ കണ്ടെത്തിയ ക്രൈസ്തവ സന്യാസി മഠത്തിന്റെയും ബിഷപ്പ് ഹൗസിന്റെയും ശേഷിപ്പുകൾ ഇസ്ലാം മതത്തിന്‍റെ വരവിന് മുമ്പ് തന്നെ ഇതൊരു ജനവാസ കേന്ദ്രമായിരുന്നു എന്നതിന്റെ തെളിവാണെന്ന് ഗവേഷകർ വിലയിരുത്തുന്നു. പേർഷ്യൻ ഉൾക്കടൽ തീരങ്ങളിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതയും മുത്ത് മത്സ്യബന്ധനത്തിന്റെ പ്രധാന കേന്ദ്രവുമായിരുന്നു സിനിയാ ദ്വീപ് എന്നാണ് വിലയിരുത്തൽ.
അറബി ഭാഷയിൽ ‘മിന്നുന്ന പ്രകാശം’ എന്ന അർത്ഥം വരുന്ന ‘സിനിയ’ ഈ ഭൂപ്രദേശത്തെ സൂര്യന്റെ അമിത പ്രകാശത്തിൽ നിന്നും ചൂടിന്റെ കാഠിന്യത്തിൽനിന്നും ഉരുത്തിരിഞ്ഞ പേരാവാം എന്നാണ് പണ്ഡിതഭാഷ. ശുദ്ധജലത്തിന്റെ ദൗർലഭ്യതയും കൃഷിക്ക് അനുയോജ്യമല്ലാത്ത മണ്ണും വൻകരയുടെ മറ്റു ഭാഗങ്ങളിലേക്ക് പതിയെ ഈ ആവാസവ്യവസ്ഥ പറിച്ചു നടപ്പെടാൻ കാരണമായിട്ടുണ്ടാകാം.
കണ്ടൽക്കാടുകളും തെളിഞ്ഞ നീല വെള്ളവും സ്വർണ്ണവർണ്ണമുള്ള മണൽതീരവും വംശനാശ ഭീഷണി നേരിടുന്ന പക്ഷി മൃഗാദികളും ഈ സ്വർഗ്ഗത്തുരുത്തിൽ വിരുന്നെത്തുന്ന സഞ്ചാരികളുടെ മനം കവരാറുണ്ട്. ഇപ്പോൾ ചില റിസോർട്ടുകൾക്ക് മാത്രം അതിഥികളെ കൊണ്ടുപോകാൻ അനുമതിയുള്ള ഈ പ്രദേശത്തേക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാവർക്കും സന്ദർശനം നടത്താം എന്നാണ് പ്രതീക്ഷിക്കുന്നത് .
പ്രകൃതിയെ പിണക്കാതെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പാർപ്പിട പദ്ധതികൾ ഏതാണ്ട് അന്തിമഘട്ടത്തിലാണ്. കൂടാതെ റോഡ് മാർഗ്ഗം എത്തിച്ചേരുന്നതിനായി ഇതിഹാദ് റോഡിൽ നിന്നും വെള്ളത്തിന്‍റെ മുകളിലൂടെയുള്ള ക്രോസ് വേയുടെ നിർമാണവും പൂർത്തീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.