നിലമ്പൂർ: നോക്കെത്താ ദൂരത്തോളം വൃക്ഷത്തലപ്പിനാൽ അലങ്കൃതം, തണുത്ത കാറ്റ്, മുന്നിലൂടെയും പിന്നിലൂടെയും വന്ന് കണ്ണുപൊത്തുന്ന കോടമഞ്ഞ്. ചുരം യാത്രയിലുടനീളം കൂട്ടുവരുന്ന കോടമഞ്ഞ്. സ്വപ്നത്തെക്കാൾ മൂല്യമുള്ള അനുഭവങ്ങളാണ് നാടുകാണി ഒരുക്കുന്നത്. ചോലവനങ്ങളും അരുവികളുമാണ് നാടുകാണിയുടെ മറ്റൊരഴകും ആകർഷണവും. വ്യൂപോയന്റിൽ നിന്നാൽ കോടമഞ്ഞ് പെയ്തിറങ്ങുന്നത് കാണാം. പശ്ചിമഘട്ടത്തിന്റെ ഭാഗമാണിത്. മൺസൂൺ കാലത്തിന്റെ വരവറിയിച്ച് ചുരം കോടമഞ്ഞ് പുതക്കുന്നത് അപൂർവമല്ല.
കഴിഞ്ഞ ദിവസങ്ങളിൽ നട്ടുച്ചക്കുപോലും ചുരം കോടമഞ്ഞിന്റെ മേലാപ്പണിഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 1200ഓളം അടി ഉയരത്തിലൂടെയാണ് ചുരം പാത കടന്നുപോവുന്നത്. നീലഗിരിയോട് ചേർന്നുള്ള ഭൂമിക. ചുരംപാതയുടെ പതിനൊന്നര കിലോമീറ്റർ ദൂരം കേരളത്തിന്റെയും ആറ് കിലോമീറ്റർ ഭാഗം തമിഴ്നാടിന്റേയുമാണ്. ജനവാസ കേന്ദ്രമായ ആനമറിയിൽനിന്ന് മൂന്നര കിലോമീറ്റർ യാത്ര ചെയ്താൽ ഒന്നാംവളവിലെത്താം.
ഇവിടം മുതലാണ് ചുരത്തിലെ മനോഹര താഴ്വാര കാഴ്ച തുടങ്ങുന്നത്. കാഴ്ചയുടെ വസന്തം സമ്മാനിച്ചും വികസനത്തിന്റെ തേര് തെളിച്ചും ചുരംപാത ഒന്നുകൂടി മണവാട്ടി ചമഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി കാലാവസ്ഥ വ്യതിയാനത്തോടൊപ്പം ചുരത്തിൽ കോടമഞ്ഞ് കുറഞ്ഞുവരുന്നതായി കാണുന്നു. വെള്ളത്തിന്റെ സാന്നിധ്യം കുറഞ്ഞുവരുന്നതാണ് ഒരു കാരണമായി പറയുന്നത്. മുളങ്കാടുകൾ കുറഞ്ഞതോടെ കാറ്റിന്റെ വേഗം കൂടുന്നതിനാൽ മഞ്ഞുപടലങ്ങൾ ചിതറുന്നതും കോടമഞ്ഞ് കുറയാൻ കാരണമായി പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.