ഫുജൈറയിലെ മസാഫി പർവത നിരകളിലെ പ്രകൃതി ദത്തമായ അരുവിയോട് കൂടിയ പാതയിലെ കാൽനടയാത്ര. എല്ലാ ആഴ്ചയിലേയും അവസാന ദിവസങ്ങളിലെ ട്രക്കിങ് ഹൈക്കിങ് യാത്രകൾ പോലെ അന്നും പ്ലാൻ ചെയിതിരുന്നു. പ്ലാനിങ് പ്രകാരം 16 പേര് യാത്രയിലുണ്ട്. പല യാത്രകളിലായി പലപ്പോഴും കൂടെ കൂടിയവർ. ആ ആഴ്ചയിലെ ചർച്ച മുഴുവൻ ഫുജൈറ മേഖലയിലെ ഏറ്റവും നല്ലത് എന്ന് പറയാവുന്ന സ്പ്രിങ് വാലി ഹൈക്കിങ്ങിനെ കുറിച്ചായിരുന്നു. തണുത്ത വെള്ളം കാലുകളിൽ തലോടി കൊണ്ടുള്ള ഒരു യാത്ര. പുലർച്ചെ നാലിന് എഴുന്നേറ്റു. അഞ്ചരക്ക് മുമ്പേ മീറ്റിങ് പോയിന്റിൽ എത്തണം. ഇവിടെ നിന്നും ഒരു മണിക്കൂറോളം യാത്രയുണ്ട്. വെള്ളം, ഡ്രൈ ഫ്രൂട്ട്സ്, വിറ്റാമിൻ സി, അത്യാവശ്യം ചോക്ലൈറ്റ് ഇവയൊക്ക എടുത്ത് ബാഗ് മുറുക്കി യാത്ര തുടങ്ങി. നേരത്തെ നിശ്ചയിച്ച പ്ലാൻ പ്രകാരം രാവിലെ 5.30നു തന്നെ മീറ്റിങ് പോയിന്റിൽ എത്തി. റാസൽ ഖൈമയിൽനിന്നും ഒരു മണിക്കൂർ യാത്ര. നേരത്തെ തന്നേ പലരും അവിടെ എത്തിയിരുന്നു. യു.എ.ഇയുടെ പല ഭാഗങ്ങളിൽനിന്നും വരുന്നവർ. ആറ് മണിക്ക് മുന്നേ തന്നെ എല്ലാവരും എത്തിച്ചേർന്നു. പല സ്ഥലങ്ങളിൽനിന്നുള്ളവരാണെങ്കിലും ഒരേ മനസ്സുള്ളവർ.
ഇവിടെ ആദ്യം കാണുന്നത് നമുക്ക് പോകാനുള്ള പാതയുടെ ഒരു ഒരു മാപ്പാണ്. അത് അവിടെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. ഏഴു കിലോമീറ്ററോളം വരുന്ന നടപ്പാത. മൂന്ന് ബാച്ചുകളായി തിരിഞ്ഞു യാത്ര തുടങ്ങി. അവിടെ താഴോട്ടുള്ള പടികളാണ് ആദ്യം എതിരേൽക്കുന്നത്. അതിറങ്ങുമ്പോൾ തന്നെ വെള്ളം കുത്തിയൊലിക്കുന്ന ശബ്ദം കാതുകളിൽ പതിക്കും. പുലർച്ചെ ആയതിനാൽ പല കിളികളുടെയും ശബ്ദം കൂടി ഇതിൽ കലരുമ്പോൾ കർണ്ണാനന്ദകരം. പടികൾ ഇറങ്ങിയ കഴിഞ്ഞാൽ ശരിക്കും ഒരു ഫാമിലേക്കാണ് കടക്കുന്നത്. കാലുകളെ കുളിരണിയിച്ചു കൊണ്ട് ഒഴുകുന്ന ചെറിയ അരുവികളിലൂടെ യാത്ര തുടർന്നു. ചുറ്റും ഫലഭുയിഷ്ടമായ ചെടികളും മരങ്ങളും മുട്ടൊപ്പം നിൽക്കുന്ന പുല്ലുകളും ചുറ്റും പലതരം കിളികളുടെ ശബ്ദവും എല്ലാം കൂടി ഒരു ചെറിയ വനത്തിൽ യാത്ര ചെയ്യുന്ന അനുഭൂതിയായി. മുന്നോട്ട് പോകും തോറും ചെറുതും വലുതുമായ പാമ്പുകൾ, പലതരം കിളികൾ, തവള, മീനുകൾ തുടങ്ങി പല ജീവികളെയും ഇവിടെ കാണാൻ സാധിക്കും. ആദ്യത്തെ രണ്ട് കിലോമീറ്റർ ഈ പച്ചപ്പകളുടെ തണലുകളിലൂടെയും വശങ്ങളിലൂടെയുള്ള അഗ്രികൾച്ചർ ഫാം, വാട്ടർ പൂളുകൾ, യഥാർത്ഥ പ്രകൃതിദത്ത കുളങ്ങൾ എന്നിവയിലൂടെയും സുഖകരവും തണുത്തതുമായ സുഗമമായ നടത്തമാണ്. ഈ പ്രദേശങ്ങൾ കുടുംബങ്ങൾക്കും കുട്ടികൾക്കും നല്ല പിക്നിക് സ്ഥലങ്ങളാണെന്ന് പറയാം. പാമ്പുകളേയും മറ്റ് ജീവജാലങ്ങളേയും സൂക്ഷിക്കുക. ആ വന്യജീവികളുടെ വീടാണിത്. അത് കാഴിഞ്ഞാൽ പിന്നെ ഹൈകേഴ്സിനും ട്രെക്കേഴ്സിനും വേണ്ടിയുള്ളതാണ്.
ചെറിയ ഗേറ്റ് കടന്നു കുത്തനെയുള്ള പടികൾ കയറി മുകളിലേക്ക്, ചിലയിടങ്ങളിൽ ഏങ്കോണിച്ച് നിൽക്കുന്ന പാറകളിൽ പിടിച്ചു വീണ്ടും മുകളിലേക്ക്, ശ്രദ്ധ വളരെ അത്യാവിശ്യം. രണ്ടു മുതൽ മൂന്ന് ആളുകളുടെ വലിപ്പമുള്ള പാറകൾ അവയിലൂടെ ശ്രദ്ധാപൂർവ്വം പിടിച്ചു ചെറിയ നടപ്പാതയിലൂടെ വീണ്ടും മുകളിലേക്ക്. വരണ്ടതും, ഇടുങ്ങിയതുമായ ഈ വഴികൾ ആദ്യമായി യാത്ര ചെയ്യുന്നവരെ ഒരു പക്ഷേ മടുപ്പിച്ചേക്കും. ചെന്നിറങ്ങുന്നതു വരണ്ട നദീ തടത്തിലേക്കാണ്. മഴക്കാലത്ത് നദികൾ കുത്തിയൊലിച്ച ചാലുകൾ ആക്കിയ ആ നദി തടങ്ങളിലൂടെ രണ്ട് കിലോമീറ്ററോളം നടത്തം. വഴിയിൽ കാണുന്ന ചെങ്കുത്തായ പാറകൾ, വീണ്ടും അവയുടെ മുകളിലേക്ക്, ചെറിയ വിശ്രമം. വീണ്ടും യാത്ര. ഇവ പിന്നിട്ടു കഴിഞ്ഞാൽ പിന്നെ നമ്മെ ആനയിക്കുന്നത് പ്രകൃതി ദത്തമായ കുളങ്ങളാണ്. അതും ഒന്നല്ല, രണ്ടല്ല. നിറയെ വെള്ളവും ചെറിയ വെള്ളചാട്ടങ്ങളോട് കൂടിയ കുളങ്ങൾ. കൂടാതെ ചുറ്റും പൂത്തു നിൽക്കുന്ന ചെടികളും, മീനുകൾ നിറഞ്ഞ കൊച്ചരുവികളും. വളരെ പ്രശാന്ത സുന്ദരമായ സ്ഥലം. അതും ഇവിടെ ഈ മണലാരണ്യത്തിൽ.
അത്രെയും നേരം നടന്നതിന്റെ ക്ഷീണം എല്ലാം മറന്നു കൊണ്ട് വന്ന ബാഗും മറ്റു സാധങ്ങളും പാറയിടുക്കിൽവെച്ചു നേരെ കുളത്തിലേക്കു ചാടി ഒന്ന് മുങ്ങി നിവർന്നപ്പോഴേക്കും ബാക്കിയുള്ളവരും കൂടെ കൂടി. തണുത്ത വെള്ളത്തിൽ മതി വരുവോളം മുങ്ങി കിടന്നും നീന്തി പതപ്പിച്ചും അത് വരെയുള്ള എല്ലാ ക്ഷീണവും പതപ്പിച്ചു കളഞ്ഞു. ആ ചെറിയ വെള്ളച്ചാട്ടങ്ങളിൽ കണ്ണുമടച്ചു എല്ലാം മറന്നു അരമണിക്കൂറോളം ഇരുന്നു. ഇത്തരം യാത്രയിൽ നടത്താറുള്ള ഏകാന്ത ധ്യാനം, മനസ്സും ശരീരവും എല്ലാം ആ പ്രകൃതിയിൽ അർപ്പിച്ചു കുറച്ചു സമയം. ശബ്ദങ്ങളെയും കാഴ്ച്ചകളെയും മനസ്സിൽ ആവാഹിച്ച കുറച്ചു സമയം. ഇനി തിരിച്ച് ഇറങ്ങണം. താണ്ടിയ വഴികളിൽ ഇനിയും കാണാകാഴ്ചകൾ ഒത്തിരി ഒളിപ്പിച്ച ഈ വഴികളിലൂടെ വീണ്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.