ഇന്നത്തെ സൂര്യോദയം കാണുന്നത് ക്രൂയിസിന്റെ മട്ടുപ്പാവിൽ നിന്നാക്കാമെന്ന് കരുതി നേരത്തെ ഉണർന്ന് ഓപ്പൺ ടെറസിൽ കയറി കാത്തിരിപ്പായി. കാർമേഘവും മൂടൽ മഞ്ഞും കണ്ട അരുണൻ കിടക്കപ്പായയിൽ നിന്നും എഴുന്നേൽക്കാതെ കിരണങ്ങളെ ഒളിപ്പിച്ചു വെക്കുകയാണുണ്ടായത്. മൂടൽ മഞ്ഞിൽ മുങ്ങിയ മറ്റു ക്രൂയിസുകളെയും പ്രിയ പാറ മലകളെയും കപ്പലിനടുത്തു നിന്നു മാനത്തേക്കെത്താൻ കുതിച്ചുചാടുന്ന മീനുകളെയും കണ്ട് സൺബാത്തിന് നീക്കിയിട്ടിരുന്ന ചാരുബഞ്ചിൽ മുകളിലേക്ക് നോക്കി അൽപ്പനേരം കിടന്നു.
ശാന്തവും സുന്ദരവുമായ പ്രഭാതം. ലിസ്റ്റിൽ ബാക്കി കിടക്കുന്ന ട്രക്കിങ് ഒരെണ്ണം പൂർത്തീകരിക്കലാണ് രാവിലത്തെ പ്രോഗ്രാം. പ്രഭാത ഭക്ഷണം അകത്താക്കി യാത്രക്കുള്ള തയാറെടുപ്പിലേക്ക് നീങ്ങി. ആരുടെ മുമ്പിലും മുട്ട് മടക്കില്ല എന്ന നിർബന്ധബുദ്ധിയുള്ള എന്റെ നല്ല പാതി മല കയറ്റത്തിനില്ലെന്നു പറഞ്ഞ് ക്രൂയിസിൽ ഇരുന്നു കൊണ്ടുള്ള കാഴ്ചകൾക്ക് തയാറായി. യഥാർഥത്തിൽ ഇതിൽ ഭാഗഭാക്കാവാൻ കഴിയാതിരുന്നത് അവളെ സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്ടം തന്നെ ആയിരുന്നു. HANG SUNG SOT അഥവാ Surprise Caveലേക്കായിരുന്നു കൊച്ചു വെളുപ്പാൻ കാലത്തെ ട്രക്കിങ് അഥവാ യാത്ര. BO HON ISLAND ആണ് വേദി. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലത്ത് Humidity കുറവും കാലാവസ്ഥ വരണ്ടതുമായതിനാൽ, ഏറ്റവും അനുയോജ്യമായ സമയത്താണ് ഞങ്ങളുടെ പുറപ്പാട്. അമ്പതോളം പടികൾ കയറി വേണം caveൽ എത്തിച്ചേരൽ. കയറ്റവും ഇറക്കവുമായി ഗുഹക്കകത്ത് നടത്തം തുടരുമ്പോൾ ഏതോ ഒരു മായിക ലോകത്താണ് നമ്മളെന്ന് തോന്നും. ഗുഹയുടെ ഒട്ടു മിക്ക ഭാഗങ്ങളിലും വർണ വെളിച്ചം തൂകുന്ന ലൈറ്റുകളുണ്ട്. പാറമലയുടെ വർണവൈവിധ്യവും അതിന്റെ ഹൃദയത്തിലൂടെയുള്ള ഗുഹാ വഴിയും കുഞ്ഞുന്നാളിൽ നമ്മുടെ മനസ്സിലേക്ക് ഇൻജെക്ട് ചെയ്തു വിട്ട സ്വർഗ-നരക ഭാവനാ ചിത്രങ്ങളുടെ നേരിട്ടുള്ള കാഴ്ചകളാണോ നാമിവിടെ കാണുന്നത് എന്ന് തോന്നിപ്പിക്കുന്നവയായിരുന്നു.
പടികൾ കെട്ടി ഒതുക്കി, കാണികൾക്ക് ഒരസൗകര്യവും നേരിടാൻ ഇടവരുത്താത്ത കരുതലുകളുടെ കേന്ദ്രം കൂടിയായിരുന്നു Surprise Cave. അക്ഷരാർഥത്തിൽ മികച്ച Surprise. ഇതിന്റെ ആസ്വാദ്യത വർണിക്കാൻ അക്ഷരങ്ങൾക്ക് ശേഷിയില്ല. കണ്ടറിയേണ്ടവ അഥവാ അനുഭവിച്ച് അറിയേണ്ടവ അങ്ങിനെ ചെയ്താൽ മാത്രമെ അനുഭവവേദ്യമാകൂ! അവിടെ നിന്നെടുത്ത ചിത്രങ്ങൾ സംസാരിക്കും ബാക്കി. ഇവിടെ ചെലവഴിച്ച ഒന്നരമണിക്കൂർ ഇല്ലായിരുന്നെങ്കിൽ ജീവിതം തീർത്തും അർഥശൂന്യമായിപ്പോയേനെ!. Surprise cave സന്ദർശനം പൂർത്തിയാക്കിയതോടെ ക്രൂയിസിലെ വാസത്തിന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു. Caveലെ വിശേഷങ്ങൾ പറഞ്ഞു കേൾപ്പിച്ചപ്പോൾ ശ്രീമതിയുടെ മനസ്സിലേക്ക് നഷ്ടബോധത്തിന്റെ ലാഞ്ചനകൾ എത്തിനോക്കിയെങ്കിലും, ഇവിടെ വരെ എത്തിച്ചേരാനും ഇത്രയെങ്കിലും കാണാനും കഴിഞ്ഞതിലുള്ള സന്തോഷത്താൽ നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള വ്യഥയെ പമ്പകടത്തി. ക്രൂയിസുകാർ പത്ത് മണിക്ക് ഞങ്ങൾക്കായി ഒരു Brunch (Breakfast + Lunch) ഒരുക്കിയിട്ടുണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണം. അതിഥികളെ സ്വീകരിക്കുന്നതിലും സത്കരിക്കുന്നതിലും ഒരു കോഴിക്കോടൻ സാമ്യതയാണ് അവരിൽ എനിക്കു കാണാൻ കഴിഞ്ഞത് (പ്രാദേശിക വാദമായി തെറ്റിദ്ധരിക്കരുതേ😀).
ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ഭാരതത്തോടുള്ള ഒരു പ്രത്യേക സ്നേഹം അവരുടെ കണ്ണുകളിൽ കാണുന്നതായും തോന്നി. ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും LA REGINA തലേന്നാൾ ഞങ്ങളെ ഏറ്റുവാങ്ങിയ ജെട്ടിയിൽ എത്തിക്കഴിഞ്ഞിരുന്നു. ടീന ഒരു ബോട്ടിലേക്ക് ഞങ്ങളെ വിളിച്ചു കയറ്റി. ലഗേജുകൾ എല്ലാം തന്നെ ക്രൂയിസ് സ്റ്റാഫ് ബോട്ടിൽ എത്തിച്ചു കഴിഞ്ഞിരുന്നു. ബോട്ട് ഞങ്ങൾ ഇന്നലെ കാത്തിരുന്ന Reception centreൽ എത്തിച്ചേർന്നപ്പോൾ അതാ അവിടെ ചിരിച്ചു കൊണ്ട് ഞങ്ങളെയും കാത്തിരിക്കുന്ന ഞങ്ങളുടെ ഡിറ്റ്. Ninh Binh (നിൻ ബിൻ) എന്ന സ്ഥലത്തേക്കാണ് ഇനിയുള്ള യാത്ര. വടക്കൻ വിയറ്റ്നാമിലെ റെഡ് റിവർ ഡെൽറ്റ എന്നറിയപ്പെടുന്ന ചെറിയ ഒരു നഗരമത്രെ Ninh Binh. അവിടുത്തെ പർവത ഓരങ്ങളിലൂടെ 500 പടികൾ കയറി ഡ്രാഗൺ ക്ഷേത്രത്തിൽ എത്തിച്ചേർന്നാൽ നിൻ ബിൻ നഗരത്തിന്റെ സമഗ്രമായ ആകാശക്കാഴ്ച നമുക്ക് ലഭിക്കുമത്രെ. HANG MUA VIEW POINT എന്നാണതിന്റെ പേര്. ഇവിടെയുള്ള ഗുഹ MUA CAVE എന്നറിയപ്പെടുന്നു. ഇതിന്റെ മുമ്പിലായുള്ള ഏക്കർ കണക്കിലുള്ള വിശാലമായ ദേശം മുഴുവൻ താമരകളാൽ സമ്പന്നവുമത്രെ. Halong Bayയിൽ നിന്നു മൂന്നര മണിക്കൂർ ബസ് യാത്ര കൊണ്ട് നിൻ ബിനിൽ എത്തിച്ചേരാം. യാത്രാമധ്യേ ഡിറ്റ് ഒരു കെട്ടിടത്തിന്റെ മുൻവശത്തായി ബസ് നിർത്തി. മുള (Bamboo) ഉൽപന്നങ്ങളുടെ നിർമിതി-പ്രദർശന കേന്ദ്രമായിരുന്നു അത്.
ഒരു ഹാളിൽ ഇരുത്തി വിപണന കേന്ദ്രത്തിലെ ഒരു വനിത 10 മിനിറ്റിലധികം സമയം ഇതിനെ കുറിച്ചുള്ള ക്ലാസ് എടുത്തു. മുള കൊണ്ടുൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളെ ഒന്നൊന്നായി പരിചയപ്പെടുത്തി. എണ്ണ (oil) പുരണ്ട പ്രതലങ്ങൾ വരെ തുടച്ച് വൃത്തിയാക്കിയ ടവ്വലുകൾ ടാപ്പിനു കീഴെ വെള്ളത്താൽ കഴുകുമ്പോൾ -സോപ്പ് പോലുമുപയോഗിക്കാതെ -അവ വൃത്തിയായി മാറുന്ന അത്ഭുതകരമായ കാഴ്ച. അതിലേറെ എന്നെ ആകർഷിച്ചത് വെള്ളത്തിൽ കുതിർന്ന വസ്ത്രങ്ങളിൽ നിന്നും ഒരു തുള്ളി വെള്ളം പോലും ഉറ്റി വീഴുന്നില്ല എന്ന കാര്യമാണ്. മുളയാണ് ഈ തുണി നെയ്തെടുക്കാൻ ഉപയോഗിക്കുന്നത്. ഇന്ത്യൻ പരുത്തിത്തുണികളേക്കാൾ എന്തുകൊണ്ടും മികച്ചതാണീ മുള ഉൽപന്നങ്ങൾ എന്ന് അവർ കാണിച്ചു തന്നു. നടുവേദന, മുട്ടുവേദന, ഷോൾഡർ വേദന എന്നിത്യാദികൾ ശമിപ്പിക്കാൻ ഉതകുന്ന ബെൽറ്റുകൾ, ഹെയർ ഡൈ, ക്രീമുകൾ, സോക്സുകൾ എന്നിവയുടെ നിർമിതികളിലും വിവിധ തരം മുളകൾ ഉപയോഗിക്കുന്നുണ്ട്. ടവ്വലുകൾ, ബെഡ് ഷീറ്റുകൾ, ഷാളുകൾ, നൈറ്റികൾ, ടൂത്ത്ബ്രഷുകൾ, കട്ടിങ് ബോർഡുകൾ, അടുക്കള ഉപകരണങ്ങൾ എന്നിങ്ങനെ സർവം മുളമയം. Great tree എന്നാണിവർ മുളയെ വിശേഷിപ്പിക്കുന്നത്. ഇതെല്ലാം കണ്ടപ്പോൾ ചക്കക്കാലമായാൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ കറിയായും ഉപ്പേരിയായും മെഴുക്കുപുരട്ടിയായും ചക്കപ്പായസമായും ഊണിന് പുഴുക്കായും പ്രത്യക്ഷപ്പെടുന്ന ചക്ക വിഭവങ്ങളാൽ സഹികെട്ട ഒരു കാരണവർ ചോദിച്ച ചോദ്യമാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. മോരും ചക്ക കൊണ്ടാണോ മക്കളേ .......! ടവ്വലുകളും ഹെയർ ഡൈയും വേദന സംഹാരികളും എല്ലാമായി കുറച്ചു വഹകൾ ഞങ്ങളും വാങ്ങി.
Mua Cave ലേക്കുള്ള യാത്രാമധ്യേ ഇടിവെട്ടോടു കൂടിയ നല്ല മഴ കാണാനും ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. നാലുമണിയോടെ അവിടെ എത്തിച്ചേർന്നു. Halong Bayയിൽ കണ്ടു പരിചയിച്ച അതേ തരം പാറക്കൂട്ടങ്ങൾ. അവക്കിടയിൽ ദ്വീപുകളെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങൾ. പ്രധാന വിനോദ സഞ്ചാര കേന്ദ്രം തന്നെയാണ് Mua caveഉം Dragon templeഉം എന്ന് ആൾക്കൂട്ടം തെളിയിച്ചു. ഡ്രാഗൺ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും പ്രദാനം ചെയ്യുന്നുവെന്നാണ് അവരുടെ വിശ്വാസം. ഈ ചങ്ങാതിക്ക് സൂപ്പർ നാച്ചുറൽ പവർ ഉണ്ടെന്നും അവർ വിശ്വസിക്കുന്നു. നാല് ജീവികളുടെ ഭാഗങ്ങൾ ചേർന്നാണ് ഡ്രാഗണെ രൂപകൽപന നടത്തിയിരിക്കുന്നത്. കെട്ടിടങ്ങളുടെ മുകളിലും മലമുകളിലും എല്ലാം ഡ്രാഗൺ ശില്പങ്ങൾ ധാരാളമായി കാണാം. ബ്ലൂ ഡ്രാഗൺ കൺട്രി എന്നാണത്രെ വിയറ്റ്നാം അറിയപ്പെടുന്നത്. കടലുകളും പാറകളും പച്ചപ്പും നിറഞ്ഞ മനോഹര ദൃശ്യ വിസ്മയങ്ങളാണ് ഇതിനു കാരണം. വിയറ്റ്നാമിന്റെ ഉത്ഭവത്തെ സംബന്ധിച്ചുള്ള ഐതിഹ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും ഡ്രാഗണത്രെ. ഡിറ്റ് ഈ വഹ കാര്യങ്ങളെല്ലാം വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിനു ശേഷം എല്ലാവർക്കുമുള്ള ടിക്കറ്റുമായി രംഗപ്രവേശം ചെയ്തതോടെ Mua cave ലേക്കുള്ള യാത്ര ആരംഭിച്ചു.
അഞ്ഞൂറ് പടികൾ നടന്നുകയറിയാൽ പിന്നെ ഇറങ്ങേണ്ടി വരില്ല എന്നതിനാൽ എന്റെ ശ്രീമതി പതിവു പോലെ പർവതപ്രാന്തത്തിലുള്ള caveന്റെ പ്രവേശന ഭാഗത്തെ കാഴ്ചകളിലും താമരക്കടലിനു മുമ്പിലും പാതയോരത്ത് കെട്ടി ഞാത്തിയിട്ട ഊഞ്ഞാലുകളിലുമായി ഒന്നരമണിക്കൂർ ചെലവഴിച്ചു കൊള്ളാമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. Brunchന്റെ ഊർജം അവസാന തിരിയിൽ എത്തിത്തുടങ്ങിയിരുന്നു. എങ്കിലും .....! ഒരെങ്കിലുമില്ല. കൈയിൽ കരുതിയ വാട്ടർ ബോട്ട്ലുമായി 500 പടികൾക്കപ്പുറമുള്ള ഡ്രാഗൺ ദേവനെ കണ്ടിട്ടു തന്നെ കാര്യം എന്ന് തീർച്ചപ്പെടുത്തി. ഉയരങ്ങളെ മേഖങ്ങളെ തഴുകിക്കൊണ്ട്, പാറക്കൂട്ടങ്ങളുടെ ഔന്നത്യം കീഴടക്കുന്നത് വരെ ആവേശം ഒട്ടും നഷ്ടപ്പെട്ടിരുന്നില്ല. വാരഫലക്കാർ പ്രവചിച്ചെഴുതുന്ന ഉന്നത നില അലങ്കരിക്കും എന്ന പ്രഖ്യാപനം പോലെ അത്യുന്നതങ്ങളിൽ എത്തിച്ചേർന്നു. അവിടെ നിന്നും താഴേക്കു നോക്കിയാൽ നിൻ ബിൻ നഗരവും താമരയാൽ കടൽ പോലെ പരന്നുകിടക്കുന്നയിടവും ഒരാകാശ കാഴ്ചയായി മിഴിവാർന്നു നിന്നു. മികച്ച അനുഭവം തന്നെയായിരുന്നു ഇതെല്ലാം. ഡ്രാഗൺ ദേവന്റെ അടുത്തെത്താൻ 500 പടികളും പിന്നിട്ടശേഷം കിഴുക്കാം തൂക്കായ പാറക്കൂട്ടങ്ങൾ താണ്ടണം. Highly inflammable😀 ആദിൽ വരയാടു കണക്കെ അള്ളിപ്പിടിച്ച് അവിടെയെത്തി ഫോട്ടോകൾ എടുത്തതിനാൽ ഞാൻ റിസ്ക് എടുത്തില്ല. ഡ്രാഗണമ്മാവന്റെ അനുഗ്രഹം മൊബൈലിലൂടെ വാങ്ങാമെന്ന് നിനച്ചു. ഏതാണ്ട് ഒന്നരമണിക്കൂറെടുത്തു കയറ്റവും ഇറക്കവും പൂർത്തീകരിക്കാൻ. മറവിൽ തിരിവുകളിൽ നിന്നും മലയാളം പേച്ച് കേൾക്കാൻ ഇടവന്നത് സന്തോഷദായകമായിരുന്നു. ബാംഗളൂരിൽ താമസിക്കുന്ന കൊച്ചിക്കാരാണ്.
താഴെ ഇറങ്ങി ശ്രീമതിയോടൊപ്പം Mua Caveന്റെ ഏതാനും ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും ഫോട്ടോ പകർത്തുകയും ചെയ്തു. താമരക്കുളത്തിനു മധ്യത്തിലൂടെ കെട്ടി ഉയർത്തിയ പാതയിലൂടെ അരണ്ട വെളിച്ചത്തിൽ നടത്തവും കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു വിയറ്റ്നാം സെലിബ്രിറ്റി പെൺകൊടിയെ കണ്ടുമുട്ടി. ആദിൽ അവളോടൊപ്പം ഒരു ഫോട്ടോക്ക് പോസ് ചെയ്തു. Ninh Binhന്റെ ഗ്രാമപശ്ചാത്തലത്തിലുള്ള ഒരു റിസോർട്ടിലാണ് ഇന്നത്തെ അന്തിയുറക്കം. അരമണിക്കൂർ ബസ് യാത്രക്കു ശേഷം റിസോർട്ടിന് സമീപത്തേക്കുള്ള റോഡിൽ ചെന്നെത്തി. ബസിനു പോകാൻ തക്ക വീതിയില്ലാത്ത റോഡായതിനാൽ അവിടെ ഇറങ്ങി. Luggage കൾ കൊണ്ടുപോവാൻ റിസോർട്ടുകാരുടെ ജഡ്ക്ക വണ്ടി അഞ്ചു മിനിറ്റിനുള്ളിൽ അവിടെ എത്തിച്ചേർന്നു. ലഗേജുകൾ കയറ്റിവിട്ട് 10 മിനിറ്റ് വണ്ടിക്കു പിന്നാലെ നടന്ന് ഞങ്ങൾ റിസോർട്ടിൽ എത്തി. ശാന്തസുന്ദരൻ എന്നു വിളിക്കാവുന്ന റിസോർട്ട്. ആതിഥ്യ മര്യാദയാൽ അതി സമ്പന്നരായ റിസോർട്ട് ജീവനക്കാർ. ആറ് വില്ലകളുടെയും താക്കോൽ കൈപ്പറ്റി ഞങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ഭദ്രമായി അവിടെ എത്തിച്ച്, കുളിയും കഴിഞ്ഞ് റിസോർട്ടിന്റെ ഡൈനിങ് ഏരിയയിലേക്ക് നടന്നു. എട്ടു മണിക്കായിരുന്നു നിർദിഷ്ട അത്താഴം. 10 മിനിറ്റ് വൈകിയതിൽ, ഭക്ഷണ സമയം തെറ്റിയോ എന്ന ആധിയിൽ എത്ര തവണയാണ് അവർ Excuse പറയാൻ എത്തിയതെന്നതിന് കണക്കില്ല. ജോലിക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പെരുമാറ്റം കണ്ടാൽ വിനയം കണ്ടുപിടിച്ചത് തന്നെ ഇവരാണെന്നു തോന്നും. സൂപ്പുകളും നൂഡിൽസും തന്നെയാണ് ഇവിടെയും ഒന്നാമൻ. ഡ്രാഗൺ ഫ്രൂട്ടടക്കമുള്ള ഫ്രൂട്ട്സിന്റെ ധാരാളിത്തം കണ്ടതിനാൽ ആശ്വാസവുമായി. അങ്ങിനെ അന്നത്തെ ദിവസത്തിന്റെ മനോഹാരിതയും മനസ്സിന്റെ വർണത്താളുകളിൽ വരച്ചിട്ട് ഞങ്ങൾ നന്നായുറങ്ങി...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.