കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയങ്ങള്‍ തേടി ക്ഷേത്രനഗരി ലക്ഷ്യമാക്കി തമിഴ്നാട്ടിലൂടെ ഒരു യാത്ര... പഴയകാല തമിഴ്പാട്ടുകളുടെ ശബ്ദ താളത്തില്‍ ഉച്ചവെയിലിന്റെ കാഠിന്യം മാറ്റാന്‍ സൈഡ് സീറ്റിലിരുന്ന ഞങ്ങളെയുംകൊണ്ട് തഞ്ചാവൂരിലേക്ക് ബസ് മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു. വൈകീട്ടോടെ തഞ്ചാവൂര്‍ സ്റ്റാൻഡില്‍ ഇറങ്ങി ഓട്ടോ പിടിച്ച് ബൃഹദീശ്വരക്ഷേത്ര പരിസരത്തേക്ക്.
ഭരതനാട്യത്തിലെ അഭിനയമുദ്രകള് ആലേഖനം ചെയ്ത ചുമരുകൾ. കരിങ്കല്ലില്‍ തീര്‍ത്ത ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്ന് കാണാന്‍ ആയിരങ്ങളാണിവിടെ ദിവസവും എത്തുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത ക്ഷേത്ര മകുടത്തിന്റെ നിഴല്‍ നിലത്ത് വിഴാത്ത അത്ഭുത നിർമിതി ഏവരെയും അതിശയിപ്പിക്കും. കുഞ്ചരമല്ലന് രാജപെരുന്തച്ചനാണ് ക്ഷേത്രത്തിന്റെ ശിൽപി. ഗായകരുടെ തമിഴ് കീര്‍ത്തനങ്ങൾ കേട്ട് കുറച്ച് സമയം അവിടെ ചെലവഴിച്ചു.
രാമേശ്വരത്തേക്ക് ട്രെയിന്‍ കയറി. പുലര്‍ച്ചെ സ്റ്റേഷനിലെത്തി. ശേഷം ടാക്സിയിൽ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള, എൻജീനിയറിങ് വിസ്മയംകൊണ്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ട 2345 മീറ്റര്‍ നീളമുള്ള, രാജ്യത്തെ ഏറ്റവും നീളംകൂടിയ പാമ്പന്‍ കടല്പാലത്തിലേക്ക്. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും പുണരുന്ന ധനുഷ്കോടി മുനമ്പിലേക്കുള്ള യാത്രയില്‍ ഇരുവശത്തുള്ള കടലിരമ്പവും കണ്ണെത്താദൂരെയുള്ള ആകാശ നീലിമയും കാണേണ്ടതുതന്നെയാണ്. ഫോണിൽ ശ്രീലങ്കയുടെ സിഗ്നൽ! ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരമേ ശ്രീലങ്കയിലേക്ക് ഇവിടെനിന്നുള്ളൂ.
കടപ്പുറത്തിനടുത്തുള്ള പ്രേതനഗരത്തില്‍ കുറച്ചുസമയം ചെലവഴിച്ചു. 1964ൽ വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ പ്രദേശത്ത് സുവർണ കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍. കാണാൻ ഏറെയുണ്ടിവിടെ. മഹാദുരന്തങ്ങളില്‍ മണ്മറഞ്ഞുപോയവരുടെ കാല്പാദങ്ങള് നോക്കി തലയെടുപ്പോടെ, പാതിതകര്‍ന്ന ക്രിസ്ത്യന്‍ പള്ളിയുടെ പ്രവേശന കവാടം. റെയിൽവേ കോട്ടേജ്, പോസ്റ്റ് ഓഫിസ്, ആശുപത്രി, പാണ്ടികശാല, തടികമ്പനികള്, ക്ഷേത്രങ്ങള്‍ എല്ലാമുണ്ട് പ്രേതനഗരത്തിൽ.
ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജന്മനാടും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മണ്ണും കാണാനാണ് പിന്നീട് പോയത്. കലാമിന്റെ വീടിന്റെ മുകള്‍വശം ചരിത്ര സൂക്ഷിപ്പുകളുടെ കലവറയായ മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്. അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഫോട്ടോ പകര്‍ത്താന്‍ അനുവാദമില്ല. കലാമിന്റെ കുഞ്ഞുനാള് മുതല്‍ ജീവിതാവസാനം വരെയുള്ള നിരവധി ചിത്രങ്ങൾ ചുമര് ഹാളില്‍ തൂക്കിയിട്ടിരിക്കുന്നു. വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, പേനകള്‍, നിസ്കരിക്കാന്‍ ഉപയോഗിച്ച മുസല്ല, ചെരിപ്പ്, ഓണററി ഡോക്ടറേറ്റ് അധികാര പത്രങ്ങള്‍, പത്മഭൂഷന്‍, പത്മശ്രീ, ഭാരതരത്ന ബഹുമതികള്‍ എല്ലാമുണ്ട് കൂട്ടത്തിൽ. കലാമിന്റെ ആത്മകഥയില്‍ പരാമര്‍ശിച്ച രാമേശ്വരത്തെ രാമനാഥ സ്വാമിക്ഷേത്രവും കണ്ടു. ചായക്കൂട്ടുകൾകൊണ്ട് മനോഹരമായ ചിത്രപ്പണികളും ശിൽപങ്ങളും പ്രൗഢിയോടെ നിൽക്കുന്നു. മൂന്ന് ഇടനാഴിയുണ്ട് ഇവിടെ.
ഇവയില്‍ ആദ്യ ഇടനാഴി ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴി എന്നപേരിൽ ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. രാവിലെ ആറു മണിക്ക് മധുരയിലേക്കുള്ള ട്രെയിൻ. മധുരയിലെത്തി ആദ്യം പോയത് കസവുകരയാല് തീര്‍ത്ത ചുങ്കിടി സാരികള്‍ തിരഞ്ഞ്. കോട്ടന്‍ സാരികള്‍ക്ക് പ്രസിദ്ധിയുള്ള ഒരുപാട് നെയ്ത്തുശാലകളുടെ നാടാണ് മധുര. നാലഞ്ച് സാരികള്‍ വാങ്ങി നേരെ മീനാക്ഷി ക്ഷേത്രനടയിലേക്ക്. ചുറ്റും തിരക്കുപിടിച്ച തെരുവുകള്‍. അവിടെയാകെ ചുറ്റിക്കറങ്ങി തിരികെ നാട്ടിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.