കൊണാര്‍ക്ക് രഥചക്രം

മനുഷ്യഭാഷയെ മറികടക്കുന്ന കല്ലിന്‍റെ ഭാഷ

ഒഡിഷയിലെ ആദ്യ ലക്ഷ്യസ്ഥാനം പുരിയാണ്. പുറത്ത്​ നല്ല മഴയാണ്​. ഒരു തോര്‍ത്ത് എടുത്ത് കഴുത്തിലിട്ട് ഗൂഗിള്‍ മാപ്പ് പറഞ്ഞ വഴിയെ വാടകക്കെടുത്ത സ്​കൂട്ടറിൽ യാത്ര ആരംഭിച്ചു. ട്രാവലര്‍ ബാഗ് മുന്നില്‍ വെച്ചിട്ടുണ്ട്. മഴ നനയാതിരിക്കാന്‍ അതിന്‍റെ മുകളിലത്തെ അറയില്‍ ഗൂഗിള്‍ മാപ്പ് ഓണാക്കി ഫോണ്‍ സൂക്ഷിച്ചിരിക്കുകയാണ്. സംശയം തോന്നു​േമ്പാൾ പാതയോരത്ത് നിര്‍ത്തി ഇടക്കിടക്ക് ഫോണ്‍ കൈയിലെടുത്ത് ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചാരം. നാലുവരി പാതയിലെ എണ്ണം പറഞ്ഞ ട്രാഫിക് സിഗ്‌നലുകള്‍ താണ്ടിയുള്ള യാത്ര. ഭുവനേശ്വര്‍-കട്ടക്ക് ദേശീയ പാതയിലൂടെ പിപ്പിലി പിന്നിട്ട് പുരി-കട്ടക് റോഡ് നേരെ 60 കിലോമീറ്റര്‍ താണ്ടിയാല്‍ പുരി ജഗന്നാഥ ക്ഷേത്രം.

ട്രാഫിക്ക് ബ്ലോക്കുകള്‍ താണ്ടി അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ദൗളി നഗരത്തിലേക്കുള്ള പാതയോരത്ത് എത്തും. വലത് വശത്തേക്ക് പോയാല്‍ ദൗളി. ഇടത് അരികിലായി ടാര്‍പോളിന്‍ വലിച്ച് കെട്ടിയ കടയില്‍ തെരുവ് ഭക്ഷണം വില്‍ക്കുന്നുണ്ട്. കാഴ്ചയില്‍ പാനിപൂരി പോലെ തോന്നും. വണ്ടി ഒതുക്കി ഒരെണ്ണം ഓര്‍ഡര്‍ ചെയ്തു. ഒരു തെര്‍മോകോള്‍ പാത്രത്തില്‍ സവാള അരിഞ്ഞതും പൊരിയും തൈരും മികിസ് ചെയ്​ത ഭക്ഷണം. പ്രത്യേക രുചി ഒന്നും തോന്നിയില്ല. കഴിച്ചു, അത്ര തന്നെ. ദയാനദി ഒഴുകി മറയുന്ന പാലങ്ങള്‍ പിന്നിട്ട് മുന്നോട്ടുപോയി.

പുരിയിലേക്കുള്ള പാത

വഴിയോരത്തെ മൈല്‍ കുറ്റിയില്‍ കറുത്ത അക്ഷരത്തില്‍ കണ്ട പുരി 50 കിലോമീറ്റര്‍ എന്ന സൂചകം ഗൂഗിള്‍ മാപ്പ് ഓഫാക്കിയിടാനുള്ള കോണ്‍ഫിഡന്‍സ് ആയിരുന്നു. മുന്നോട്ട് പോകുന്തോറും വലുതായി വരുന്ന റോഡ്. ദേശീയ പാതയുടെ മധ്യത്തിലെ ചെടികള്‍ വളര്‍ന്ന വലുതായി മറുവശത്തെ വണ്ടികളിലേക്കുള്ള കാഴ്ച മറച്ചിരിക്കുന്നു. തട്ട് തട്ടായി തീര്‍ത്ത നെല്‍പാടങ്ങള്‍. സൈക്കിളില്‍ കലങ്ങള്‍ ഇരുവശത്തേക്കും തൂക്കി അലുദം വില്‍ക്കുന്ന കച്ചവടക്കാര്‍.

അതർനല പാലം

മുഡിയ പുഴക്ക് കുറുകെയുള്ള അതര്‍നല പാലത്തിലേക്ക് പ്രവേശിച്ചു. അതര്‍നല പുരിയിലേക്കുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. മുഡിയ പുഴ പായല്‍ നിറഞ്ഞ് പച്ച പുതച്ചിരിക്കുന്നു. 13ാം നൂറ്റാണ്ടില്‍ പുരിയിലെ ഭരണാധികാരിയായ ബനുദെബ പണികഴിപ്പിച്ച ഈ പാലം 18 കട്ടകളും 18 കല്‍തൂണുകളും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്​. അതര്‍നല എന്ന പേര് അര്‍ഥമാകുന്നത് 18ാം പാസേജ് എന്നാണ്. പുതിയ പാലത്തിന് സമീപമായി നിലനില്‍ക്കുന്ന പഴയപാലത്തില്‍ വലിയ ഒരു പ്രതിമ കണാം. ഒഡീഷന്‍ വാസ്തുവിദ്യാ അത്ഭുതമെന്നാണ് നിര്‍മിതിയെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. അന്ന് ഈ പാലം സാധ്യമായില്ലെങ്കില്‍ പുരിയിലേക്കുള്ള പ്രവേശനം ദുസ്സഹമായിരുന്നു. ചെറിയ 18 കാലുകളില്‍ അതര്‍നല അനേകമാണ്ട് നിലനിന്നു.

വഴിയോരത്തെ ലഘുഭക്ഷണശാല

ബ്രാഹ്മണ കോളനികള്‍ താണ്ടി വണ്ടി നാല് വരി പാതയോളം വീതിയുള്ള റോഡിലേക്ക് പ്രവേശിച്ചു. അവിടെനിന്ന് വര്‍ണങ്ങള്‍ പൂശിയ പുരി ജഗന്നാഥ ക്ഷേത്രത്തിന്‍റെ കമാനം കാണാം. കച്ചവടം തകൃതിയായി നടക്കുന്നു. കാലുകുത്താന്‍ പറ്റാത്ത രീതിയില്‍ ആളും ആരവവും. അമ്പലത്തിന്‍റെ അകത്തേകുള്ള പ്രവേശനം പൊലീസും അര്‍ദ്ധ സേനയും ചേര്‍ന്ന് തടഞ്ഞിരിക്കുന്നു. അകത്തേക്ക് കയറാന്‍ ഒരു ശ്രമം നടത്തി. ഫലം സമ്പൂര്‍ണ പരാജയം. എന്തെങ്കിലുമൊന്ന് അറിയാന്‍ കുറേ ശ്രമങ്ങള്‍ നടത്തി. വലിയ ബഹളങ്ങള്‍ക്കിടയില്‍ ആര്‍ക്കും എന്നെ ചെവിക്കൊള്ളാന്‍ നേരമില്ല. ദേഷ്യവും നിരാശയും. ഇവിടംവരെ വന്നിട്ട് എങ്ങനെയാണ് ക്ഷേത്രം കാണാതെ പോകുന്നത്.

കൂടി നില്‍ക്കുന്ന ജനക്കൂട്ടം. കാവല്‍ നില്‍ക്കുന്ന അര്‍ധ സൈനികരുടെയും പൊലീസിന്‍റെയും കണ്ണും വെട്ടിച്ച് അകത്ത് കടന്നാലോ എന്ന് തോന്നി. ബാഗ് ആരെയെങ്കിലും ഒന്ന് ഏല്‍പ്പിക്കാതെ അകത്തേക്ക് കയറാന്‍ പറ്റത്തുമില്ല. പല പല ആശയങ്ങളും മിന്നിമറഞ്ഞു.

പഴയ അതര്‍നല പാലത്തിന്‍റെ ഓര്‍മക്കായി മുഡിയ പുഴക്ക് സമീപം സ്ഥാപിച്ച പാലവും അതിന് മുകളിലെ ശിൽപവും

ഒടുവില്‍ തിരികെ പോകാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഇടത് ഭാഗത്തായി തിരക്കില്‍നിന്ന് ഒഴിഞ്ഞ് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ കണ്ടത്. ഒരാശയം തോന്നി, പൊലീസ് സ്‌റ്റേഷനിലെ പാര്‍ക്കിങ്ങിലേക്ക് വണ്ടി ഓടിച്ച് കയറ്റി. മുറ്റത്ത് യൂണിഫോമിലല്ലാത്ത ഒരു സ്ത്രീയും രണ്ട് പൊലീസുകാരികളുംനിന്ന് സംസാരിക്കുന്നു. 'അയാം ഫ്രം കേരള, ഐ നീഡ് ടു വിസിറ്റ് ടെമ്പിള്‍' എന്ന എന്‍റെ ചോദ്യം കേട്ട് അന്തംവിട്ട് അവര്‍ ചുറ്റിനും നോക്കി.

ഒറിയന്‍ ഭാഷയില്‍ പരസ്​പരം എന്തൊക്കെയോ പറഞ്ഞു. ഒടുക്കം യൂണിഫോമിലല്ലാത്ത സ്ത്രീ അകത്തേക്ക് പോയി പ്രധാന പൊലീസുകാരനുമായി വന്നു. കോവിഡ്​ കാലമായിട്ടും ആര്‍ക്കും മാസ്‌കില്ല. അലക്ഷ്യമായി യൂണിഫോം ധരിച്ചിരുന്ന അയാള്‍ കൈയിലിരിക്കുന്ന നെല്ലിക്ക രുചിച്ച്‌ കൊണ്ട് ലാഘവത്തില്‍ ഇംഗ്ലീഷില്‍ കാര്യം തിരക്കി.

നുവനായി പാലത്തിനു മുകളില്‍ നിന്നുള്ള ദൃശ്യം

'അമ്പലത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഞങ്ങളും കുറച്ച് കഴിഞ്ഞ് അങ്ങോട്ട് പോകും. ബാഗ് ഇവിടെ വെച്ചാല്‍ ആരെങ്കിലും എടുത്തോണ്ട് പോകില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. സൊ, യു ഗോടു കൊണാര്‍ക്ക്'. ഇതിനിടയില്‍ കയറി യൂണിഫോമില്ലാത്ത സ്ത്രീ ഒറിയയില്‍ സംസാരിക്കുന്നുണ്ട്. ഒടുവില്‍ ഞാന്‍ പറഞ്ഞു 'ഓക്കെ ദെന്‍, ഐ വില്‍ ഗോറ്റു കൊണാര്‍ക്ക് ദെന്‍ ചില്‍ക്ക'. പൊലീസുകാരന്‍ അത് തിരുത്തി കൊണാര്‍ക്കില്‍ നിന്നും പുരി വഴി മാത്രമെ ചില്‍ക്കയില്‍ പോകാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞ് അയാള്‍ ഉള്ളിലേക്ക് പോയി. സമീപം നിന്ന പൊലീസുകാരിയുടെ മുഖത്ത് നോക്കിയതും അറിയാതെ വായില്‍നിന്നും 'എങ്ങനെ കൊണാര്‍ക്കില്‍ പോകും' എന്ന് ചോദിച്ച് പോയി. പൊലീസുകാരി അവരുടെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി പിന്നാലെ വരാന്‍ ആംഗ്യം കാണിച്ചു.

റോഡ് ടു കൊണാര്‍ക്ക്

സുപരിചിതമായ റോഡ് കൈകാര്യം ചെയ്യുമ്പോലെ തിരക്കിനിടയില്‍ റിക്ഷ വണ്ടികള്‍ തീര്‍ത്ത ട്രഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ ചൂഴ്ന്ന് അവര്‍ മുന്നേറി. കിണഞ്ഞ് ശ്രമിച്ച് പിന്നാലെ ഞാനും. കോളനിയിലെന്ന പോലെ അടുത്തടുത്ത് വീടുകള്‍, പൊട്ടിപ്പൊളിഞ്ഞ റോഡ്, തകര്‍ന്നിടത്ത് തളം കെട്ടി നില്‍ക്കുന്ന വെള്ളം, റോഡിന് മധ്യത്തിലൂടെ മേഞ്ഞ് നടക്കുന്ന കാളകള്‍, അശ്രദ്ധമായി സൈക്കള്‍ ചവിട്ടുന്ന കുട്ടികള്‍. ഇടത് കൈയില്‍ ഗൂഗിള്‍ മാപ്പും വലത് കൈയില്‍ വണ്ടിയും ബാലന്‍സ് ചെയ്താണ് സഞ്ചാരം. ഗൂഗിള്‍ മാപ്പിലെ സാറ്റലൈറ്റ് ദൃശ്യം ഏതോ കടലോര മേഖലയിലൂടെയാണ് യാത്ര എന്ന് മനസ്സിലാക്കാന്‍ സഹായിച്ചു.

കൊണാര്‍ക്ക് - മറൈൻ ഡ്രൈവ് റോഡിന് സമീപത്തെ ബീച്ചിലെ ബോട്ടിങ് പോയിന്‍റ്​ 

ഏഴ് കിലോമീറ്ററോളം ദൂരം പിന്നിട്ടിട്ടുണ്ടാവും. ഒരു വെള്ള കെട്ടിടത്തിൻെറ അരികിലായി അവര്‍ വണ്ടി നിര്‍ത്തി. പിന്നിലായി ഞാനും. നേരെ തെക്കോട്ട് ചൂണ്ടിക്കാട്ടി ഒറിയയില്‍ എന്തൊക്കെയൊ പറഞ്ഞു. എനിക്ക് അറിയേണ്ട കാര്യങ്ങളിലൂന്നി ഇംഗ്ലീഷില്‍ ഞാനും സംസാരിച്ചു. വഴിയോരത്ത് കച്ചവടം നടത്തുന്ന ചേച്ചി അത്ഭുതമെന്നോണം ഇമ വെട്ടാതെ ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നത് കണ്ട് ഞാന്‍ സംസാരം നിര്‍ത്തി.

ഭാഷ മനസ്സിലായില്ലെങ്കിലും എനിക്ക് പോകേണ്ടത് നേരെ തന്നെ എന്ന് ഉറപ്പിച്ചു. പുരി-കൊണാര്‍ക്ക് പാതയില്‍ മുന്നോട്ട് പോകുന്തോറും റോഡിലെ പൊട്ടിയ കുഴികളില്‍ വെള്ളം നിറഞ്ഞ അവസ്ഥയില്‍ നിന്നും മാറ്റമില്ല. ആഴമില്ലെന്ന് കരുതി അശ്രദ്ധമായി ഇറക്കിയ ചെളികുണ്ടില്‍ വീണ് വണ്ടി ഇടത്തോട്ട് ചരിഞ്ഞു. സ്‌കൂട്ടര്‍ കൈയില്‍നിന്നും വീണു. ആളുകള്‍ ഓടിക്കൂടി. പതറാതെ സ്‌കൂട്ടര്‍ പൊക്കിയെടുത്ത് മുന്നോട്ട് തന്നെ. പൊട്ടിപ്പൊളിഞ്ഞ പാതകള്‍ ഇല്ലാതായി. റോഡിന് അരികില്‍ മണല്‍തരികള്‍ പ്രത്യക്ഷമായി. മനോഹര പാത. അധികം വണ്ടികളൊന്നുമില്ല.

കൊണര്‍ക്ക് - മറൈൻ ഡ്രൈവ് റോഡിലെ ബീച്ചില്‍ വിശ്രമിക്കുന്നവര്‍

നേരെ ഒരു കിലോമീറ്റര്‍ അപ്പുറം യു ടേണ്‍ കാണിക്കുന്നുണ്ട്. മുന്നോട്ട് പോയപ്പോള്‍ വലത് വശത്തായി ഒരു പുഴയോരത്ത് നിരനിരയായി ബോട്ടുകള്‍ ഒതുക്കിയരിക്കുന്നത് കാണാനായി. പൊഴിമുഖമാണ്. ദൂരെ ഒരു മണല്‍ തിട്ടക്ക് അപ്പുറം കടൽ. പൊഴിമുഖത്ത് ബോട്ടിങ്ങിനും കായിക വിനോദങ്ങള്‍ക്കും നിറയെ സഞ്ചാരികള്‍ എത്തുന്നുണ്ട്. വാട്ടര്‍ സ്‌പോർട്ട്​സിനായി ഊഴം കാത്ത് നില്‍ക്കുകയാണ് സഞ്ചാരികള്‍. വിവിധയിനം കായിക വിനോദങ്ങള്‍ കാണാന്‍ തന്നെ രസകരമാണ്. സമീപത്തായുള്ള ബീച്ചില്‍ ആളുകള്‍ കളിക്കുന്നുണ്ട്.

പുരി-കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് റോഡിലൂടെയാണ് യാത്ര. മുന്നിലായി കറുത്ത നിറത്തില്‍ നീണ്ടുകിടക്കുന്ന പാത അറ്റം വരെ ദൃശ്യമാകും. റോഡിന് അരികുവശം ചേര്‍ന്ന് ഒരല്‍പ്പം മാത്രം നീണ്ട തായിതടിയുടെ ചില്ലകളില്‍ നിറയെ ഇലകളുള്ള മരങ്ങളാണ് മുഴുവന്‍. ഇടക്കിടക്ക് കടന്നുവരുന്ന പാലങ്ങള്‍ യാത്രക്ക് ഒരു പ്രത്യേക രസം നല്‍കുന്നുണ്ട്. നുവനായി പാലത്തിന്‍റെ തീരങ്ങളില്‍ ചൂണ്ടയുമായി ചെറുപ്പക്കാര്‍ നിരന്നിരിക്കുന്നു. കൊതുമ്പ് വള്ളത്തില്‍ മീനിനായി വലവീശുകയാണ് ചിലര്‍.

കൊണര്‍ക്ക്

കാഴ്ച പെട്ടെന്ന് മാറി. ഇടത് വശത്ത് ആകാശം മറയുന്ന ഉയരത്തില്‍ കാറ്റാടി മരങ്ങള്‍ നിറഞ്ഞു. കിലോമീറ്ററുകള്‍ പിന്നിട്ടിട്ടും അവ തന്നെ. വിജനമായ വീഥി. ഗൂഗിള്‍ മാപ്പ് വാക്കുമാറ്റാതെ കൊണാര്‍ക്ക് 10 കിലോമീറ്റര്‍ എന്ന് വിളിച്ച് പറയുന്നുണ്ട്. ചെറിയ കടകളും ഇടക്ക് കടലോര റെസ്റ്റോറന്‍റുകളും. കാടിന് മധ്യത്തിലൂടെയുള്ള റോഡ് പോലെയാണ് പാതയിപ്പോള്‍. പ്രധാന പാത അവസാനിച്ചിരിക്കുന്നു. ഇടത് ഭാഗത്തേക്ക് വളഞ്ഞ് കുറച്ച് ദൂരം സഞ്ചരിച്ചാല്‍ കൊണാര്‍ക്ക് സൂര്യ ക്ഷേത്രം.

കൊണാര്‍ക്ക് സൂര്യ ക്ഷേത്രം

പുരി ജില്ലയില്‍നിന്നും കൊണാര്‍ക്ക് - പുരി മറൈന്‍ ഡ്രൈവ് റോഡിലൂടെ 35 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെത്താം. പുരാവസ്തു വകുപ്പിന്‍റെ കീഴിലായതിനാല്‍ ആരാധന കര്‍മങ്ങളൊന്നും നടക്കുന്നില്ലിപ്പോള്‍. സമീപത്ത് താല്‍ക്കാലികമായി നിര്‍മിച്ച ചെറിയ അമ്പലത്തില്‍ കര്‍മങ്ങള്‍ നടക്കുന്നുണ്ട്. കൊണാര്‍ക്ക് ആര്‍ക്ക ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. കൊണ എന്നാല്‍ കോണ്‍ എന്നും ആര്‍ക്ക എന്നാല്‍ സൂര്യന്‍ എന്നും അര്‍ഥം വരുന്ന വാക്കുകളില്‍ നിന്നാണ് കൊണാര്‍ക്ക് എന്ന പദം ഉത്ഭവിച്ചത്. പഴയ 20 രൂപ നോട്ടിലും ഇപ്പോഴുള്ള പത്ത് രൂപ നോട്ടിലും കണുന്നത് കൊണാര്‍ക്കിലെ രഥ ചക്രങ്ങളാണ്.

നൃത്ത മണ്ഡപത്തിലെ സിംഹ ഗജ ശിൽപം

കൊണാര്‍ക്കിന് മുന്നിലെ പാത വഴിയോര കച്ചവടക്കാര്‍ കൈയടക്കിയിരിക്കുന്നു. ബുദ്ധ പ്രതിമകള്‍ വില്‍ക്കുന്നവര്‍, വിവിധ തരം തെരുവു ഭക്ഷണങ്ങള്‍, വളകള്‍ തുടങ്ങിയവ തെരുവിനെ സമ്പന്നമാക്കുന്നു. പ്രവേശന കവാടത്തിന് മുന്നില്‍ എത്തിയപ്പോള്‍ ആദ്യം തിരഞ്ഞത് പാര്‍ക്കിങ്ങായിരുന്നു. ക്ഷേത്ര കവാടത്തിന് എതിര്‍വശം കണ്ട പാര്‍ക്കിങ്ങിലേക്ക് പോയി. ഒരു പയ്യന്‍ സമീപിച്ച് 20 രൂപയുടെ കൂപ്പണ്‍ തന്നു. 'വേര്‍ ക്യാന്‍ ഐ കീപ് മൈ ലഗേജ്' എന്ന എന്‍റെ ചോദ്യം കേട്ടതും അവൻ മിഴിച്ച് നിന്നു. മനസ്സലായിട്ടില്ലെന്ന് തോന്നുന്നു. ഉടന്‍ ഞാന്‍ വണ്ടിയില്‍ നിന്നും ബാഗ്​പാക്ക്​ കൈയിലെടുത്തു. അവന്‍ എന്നെ സമീപത്തെ ചെരുപ്പ് കടയുടെ അടുത്തേക്ക് കൊണ്ടുപോയി. തെരുവില്‍ ടാര്‍പ്പോളിന്‍ വലിച്ച് കെട്ടിയ കട. സമീപത്തായി നിറയെ ബാഗുകള്‍ വെച്ചിട്ടുണ്ട്. കണ്ടയുടന്‍ എ​േൻറതും വാങ്ങിവെച്ചു.

ഗേറ്റ് കടന്ന് ക്ഷേത്രത്തിന്‍റെ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. ചതുരാകൃതിയില്‍ വെട്ടിയെടുത്ത പാറകള്‍ വിരിച്ച നിരത്ത്. ഇടത് വശത്ത് അതേ നിറത്തിലെ കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ടിക്കറ്റ് കൗണ്ടര്‍. ചെറിയ ക്യൂവില്‍ സന്തോഷപൂര്‍വം അണിനിരന്നു. ഇന്ത്യക്കാര്‍ക്ക് 40 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് നിരക്ക്.10 രൂപ കോയിന്‍ മാതൃകയിലുള്ള ടിക്കറ്റുമായി സൂര്യ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിലേക്ക് കടന്നു. കല്ലുകള്‍ പാകിയ വഴി അതേപോലെ ക്ഷേത്രത്തിന് ചുറ്റമുണ്ട്.

കൊണര്‍ക്ക് ഭിത്തിയിലെ ശിൽപങ്ങള്‍

മുകള്‍ വശം തുറന്ന കെട്ടിടത്തിലൂടെ പ്രവേശിച്ചു. മുമ്പിലായി പാറയില്‍ തീര്‍ത്ത ഫലകത്തില്‍ കൊണാര്‍ക്കിന്‍റെ രൂപരേഖ തയാറാക്കിയിരിക്കുന്നു. നാല് വശവും മതിൽ കെട്ടിത്തിരിച്ച പാര്‍ക്കില്‍ പൂര്‍ണമായും തകര്‍ന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകള്‍ വ്യക്തമായി കാണാം.

അതില്‍ കേടുപാടുകള്‍ അധികം സംഭവിക്കാതെ ഉയർന്നുനില്‍ക്കുന്ന മൂന്ന് കെട്ടിടങ്ങള്‍. മധ്യത്തായുള്ളതാണ് സൂര്യക്ഷേത്രം. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ കൊണാര്‍ക്ക് പുരാവസ്തു വകുപ്പിന്‍റെ കീഴിലാണ്. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ബി.സി 1250ല്‍ ഒറീസയുടെ വടക്ക് കിഴക്കന്‍ കടലോരമേഖലയില്‍ ഗംഗ രാജവംശത്തിലെ രാജാവായിരുന്ന നരസിംഹ ദേവന്‍ ആരാധന മൂര്‍ത്തിയായ സൂര്യദേവന് വേണ്ടി പണികഴിപ്പിച്ചതാണ്.

കൊണാർക്കിലെ തകര്‍ന്നുപോയ ഭാഗത്തിന്‍റെ അവശിഷ്​ടങ്ങൾ

ക്ലോറൈറ്റ്, ലാറ്ററൈറ്റ്, കൊണ്ടാലൈറ്റ് കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ നിര്‍മിതിക്കായി ഉപയോഗിച്ച കല്ലുകള്‍ കടലോരമേഖലയില്‍നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇവ മറ്റ് എവിടെ നിന്നോ എത്തിച്ച് ഇവിടെ വെച്ച് ഒരുക്കി പണികഴിപ്പിച്ചതായി കരുതപ്പെടുന്നു. ഓരോ കല്ലിലും വിസ്മയം തീര്‍ത്തിരിക്കുന്ന കൊണാര്‍ക്കിലെ ശില്പ ചാതുര്യത്തെ കുറിച്ച് രബീന്ദ്ര നാഥ ടാഗോര്‍ പറഞ്ഞത് 'ഇവിടെ കല്ലിന്‍റെ ഭാഷ മനുഷ്യന്‍റെ ഭാഷയെ മറികടക്കുന്നു' എന്നാണ്.

സൂര്യന്‍റെ മൂന്ന് ഭാവങ്ങള്‍ അഥവാ ഉദയം, മധ്യാനം, അസ്തമയം എന്നിവ കല്ലില്‍ വിരിഞ്ഞിരിക്കുന്നു. എട്ട് കോലും ഒമ്പത് അടിയുമുള്ള രഥ ചക്രത്തില്‍ സമയം കണക്കാക്കാന്‍ സാധിക്കും. വര്‍ഷാവര്‍ഷം നടക്കുന്ന ചന്ദ്രബഗ മേളയാണ് പ്രധാന തീര്‍ഥാടനം. വടക്കേ ഇന്ത്യ മുസ്​ലിം രാജവംശങ്ങള്‍ പിടിച്ചടക്കിയ 15നും 17 നൂറ്റാണ്ടിനും ഇടയില്‍ മുസ്ലിം അധിനിവേശം തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ശക്തമായ ചെറുത്ത് നില്‍പ്പില്‍ വിജയം കൈവരിച്ചതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

ചായ ദേവി ക്ഷേത്രം

പടിക്കെട്ടുകള്‍ കടന്ന് നൃത്ത മണ്ഡപത്തിലേക്ക്. പ്രവേശന കവാടത്തിന്‍റെ മുന്നില്‍ ഇരുവശത്തുമായി സിംഹ - ഗജ ശില്‍പ്പങ്ങള്‍. ആനയുടെ മുകളില്‍ യുദ്ധത്തില്‍ ആധിപത്യം നേടിയപോലെ നെഞ്ച് വിരിച്ച് ഞെരിഞ്ഞ് അമര്‍ന്ന് നില്‍ക്കുന്ന സിംഹം, ആനയുടെ കൈയിക്കുള്ളില്‍ ഞെരിഞ്ഞ് അമര്‍ന്ന് ഒരു മനുഷ്യനും. സിംഹം അഹങ്കാരത്തെയും ആന സമ്പത്തിനെയും സൂചിപ്പിക്കുന്നതായി ഗൈഡ് പറഞ്ഞു. ഇവ രണ്ടും കാരണം പരാജയപ്പെട്ട മനുഷ്യനാണ് ശില്‍പ്പത്തിന്‍റെ ഇതിവൃത്തം.

പടിക്കെട്ടുകള്‍ പിന്നിട്ട് മുകളിലേക്ക് കയറിയാല്‍ കൊത്ത് പണികളില്‍ തീര്‍ത്ത നര്‍ത്തകിമാര്‍ ഭിത്തിയുടെ ഓരോ ഭാഗത്തും നിറഞ്ഞുനില്‍ക്കുന്നു. ഫോട്ടോഗ്രഫര്‍മാര്‍ മണിക്കൂറുകള്‍ ചെലവിടുന്നുണ്ട് ഓരോ ഭാവങ്ങളും പകര്‍ത്താന്‍. നൃത്ത മണ്ഡപത്തിന് പിന്നിലെ പടിക്കെട്ടുകള്‍ക്ക് സമീപം നിന്നാല്‍ നോട്ടം എത്തുന്നത് സൂര്യ ക്ഷേത്രത്തിന്‍റെ വലിയ കമാനത്തിലേക്കാണ്.

ചായ ദേവി പ്രതിഷ്​ഠ

40 അടി നീളത്തില്‍, ഇരു വശത്തും 12 ചക്രങ്ങളോട് കൂടി ഏഴ് കുതിരകള്‍ വലിക്കുന്ന തേര്. കൊത്തി എടുത്ത വലിയ പാറക്കല്ലുകളില്‍ നിര്‍മിച്ച ക്ഷേത്രം ഭാരതീയ വാസ്തുവിദ്യ അത്ഭുതം തന്നെയാണ്. 70 മീറ്റര്‍ നീളമുള്ള ഗോപുരം കാലപ്പഴക്കത്തില്‍ തകര്‍ന്നതായി കരുതപ്പെടുന്നു. ഇപ്പോഴുള്ളത് മണല്‍ നിറച്ച് നശിക്കാതെ നിലനിര്‍ത്തിയിരിക്കുകയാണ്.

ഉള്ളിലേക്ക് വലിയ വാതിലുകളുണ്ട്. ഗൈഡുമാരുമൊത്ത് ചുറ്റിനും സഞ്ചരിച്ച് ഓരോ കഥകളും കേട്ട് മുന്നേറുകയാണ് സഞ്ചാരികള്‍. ഒരു ചക്രത്തിന് സമീപത്തായി നിന്നു. ചക്രത്തിന്‍റെ പകുതി മാത്രമാണ് എന്‍റെ പൊക്കം. ക്ഷേത്രത്തിന്‍റെ ഇടത് ഭാഗത്തെ ഗ്രൗണ്ടില്‍ പടികളോട് കൂടി ഉയര്‍ത്തി കെട്ടിയ മണ്ഡപം. ഇരുവശത്തുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് കുതിര പടയാളികള്‍. ശില്‍പ്പത്തിന് തല നഷ്ടപ്പെട്ടിരിക്കുന്നു. അമ്പലത്തിന് വലതുവശം ഈ സ്ഥാനത്ത് ആനകളുടെ ശിൽപ്പങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്.

നൃത്ത മണ്ഡപത്തില്‍ നിന്നുള്ള ദൃശ്യം

ക്ഷേത്രത്തിന്‍റെ പിന്നിലായി അല്‍പ്പം ഇടതുമാറി ചായ ദേവി ക്ഷേത്രം. അതിന്‍റെ ഭിത്തികളുടെ നാല് വശത്തും വാത്സ്യാന മഹര്‍ശിയുടെ കാമസൂത്രയിലെ താന്ത്രിക ലൈംഗികതയുടെ വിവിധ മുഹൂര്‍ത്തങ്ങള്‍ കൊത്തി വെച്ചിരിക്കുന്നു. മണ്ഡപത്തിൻെറ പുറത്തെ ഭിത്തിയില്‍ കറുത്ത നിറത്തില്‍ സൃഷ്ടിച്ചിരിക്കുന്ന മീന്‍ കടിച്ച് പിടിച്ചുള്ള മുതലയും അതിൻെറ മുകളിലായി സൂര്യദേവനും ശ്രദ്ധ ആകര്‍ഷിക്ക തക്കതാണ്. ഉള്ളില്‍ ഗേറ്റുകളിട്ട് സംരക്ഷിച്ച നിലയില്‍ ചായ ദേവിയുടെ പ്രതിഷ്​ഠ. ആദ്യം പണികഴിപ്പിച്ചത് ചായ ദേവി ക്ഷേത്രമാണെന്നും പിന്നീട് യുദ്ധ വിജയത്തിൻെറ ഓര്‍മക്കായാണ് പ്രധാന ക്ഷേത്രം പണികഴിപ്പിച്ചതെന്നും പറയപ്പെടുന്നു.

കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്‍റെ മുന്‍ വശത്ത് നിന്നുള്ള ദൃശ്യം

കിണറുകളും അടുക്കളയും അനവധി മണ്ഡപങ്ങളും ഏറ്റവും പിന്നിലായി മായ ദേവി ക്ഷേത്രവും. പലതും തിരിച്ചറിയാനാകാത്ത വിധം തകര്‍ക്കപ്പെട്ടിരിക്കുന്നു. പ്രവേശന കവാടത്തിലെ മാപ്പ് നല്‍കുന്ന ദൃശ്യം നടന്ന് കാണുമ്പോള്‍ കല്ലില്‍ തീര്‍ത്ത കവിതയാണ് കൊണാര്‍ക്ക് എന്ന് മനസ്സിലവും. സൂര്യ രശ്​മികള്‍ തീരത്ത് നിന്നും നട മന്ദിരത്തിലെത്തി വിഗ്രഹത്തിൻെറ മധ്യത്തായുള്ള വജ്രത്തിലൂടെ പ്രതിഫലിച്ചിരുന്നു എന്നാണ് പറയപ്പെട്ടിരുന്നത്. വജ്രം ഉള്‍പ്പടെ പലതും മ്യൂസിയത്തിലേക്കും ചില വിഗ്രഹങ്ങള്‍ പുരിയിലേക്കും മാറ്റി. സഞ്ചാരികള്‍ ഏറെയും വടക്കെ ഇന്ത്യകാരാണ്. മതില്‍ കെട്ടിനകത്ത് നില്‍ക്കുന്ന മരങ്ങളും അമ്പലത്തിനകത്തെ ചുറ്റി നില്‍ക്കുന്ന പച്ച പരവതാനി വിരിച്ച പുല്‍മേടുകളും വല്ലാതെ ആകര്‍ഷിക്കും.

ചായ ദേവി ക്ഷേത്രത്തിന്‍റെ ഭിത്തിയിലെ രതി ശിൽപം

കിഴക്ക് ഭാഗത്തുള്ള മരം വെള്ള പൂക്കള്‍ വിരിച്ച് പരിമളം പരത്തുന്നു. കുറച്ച് നേരം അവിടെ നിന്നു. വല്ലാണ്ട് ലഹരി പടര്‍ത്തുന്ന മണം. സൂര്യന്‍ മങ്ങി വരുന്നു. മത്ത് പിടിപ്പിച്ച ഗന്ധത്തിൽ ലയിച്ച് ശില്‍പ്പി ചിന്തിച്ചപോലെ ഏഴ് കുതിരകള്‍ സൂര്യ വേഗത്തില്‍ രഥത്തെയും പേറി പറക്കുന്നതായി ഒന്ന് ഓര്‍ത്തു. പുറത്തിറങ്ങി ഇടത് വശത്തായുള്ള പടികള്‍ കയറിയാൽ മതിലിന് മുകളിലായി എത്തും. അതിൻെറ വശത്ത് ചെറിയ ക്ഷേത്രവുമുണ്ട്.

കൊണര്‍ക്ക് - പുരി മറൈന്‍ ഡ്രൈവ് റോഡ് രാത്രിയില്‍

പൂജാരിമാര്‍ എല്ലാവരെയും വിളിച്ച് കയറ്റുന്നുണ്ട്. യാചകരും ചരിത്ര പുസ്തകങ്ങള്‍ വില്‍ക്കുന്ന സ്വദേശികളും പിന്നാലെ കൂടി. മതിലിന് മുകളില്‍നിന്നും ചിത്രങ്ങള്‍ പകര്‍ത്തി. അഞ്ച് മണി പിന്നിട്ടിരിക്കുന്നു. കൊണാര്‍ക്കിലെ ചന്ദ്രബാഹു രമചാണ്ടി ബീച്ച് പിന്നിട്ട് തിരികെ പുരിയിലേക്ക് യാത്ര തിരിച്ചു.

തുടരും...

ഒഡിഷ യാത്ര: ഭാഗം ഒന്ന്​

Tags:    
News Summary - The language of the stone that transcends human language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.