അബൂദബി നഗരത്തിൽ നിന്ന് തെക്ക്പടിഞ്ഞാറായി റുബ് അൽ ഖാലി മരുഭൂമിയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ചന്ദ്രകലയുടെ മനോഹാരിതയിൽ പ്രകൃതി ചിന്തേരിട്ട് മിനുക്കിയെടുത്ത മരുഭൂചാരുതയാണ് ലിവ ഒയാസിസ്. അറബ് ഗ്രാമീണതയുടെ അസൽ ഭംഗി ആസ്വദിക്കുവാൻ പീതവർണ മനോഹരിയായ ഈ മണൽപ്പരപ്പിൽ വരണം. കാറ്റ് നെജാത്തി കവിത കോർത്ത് അയാല നൃത്തമാടി തിമർക്കുന്നത് കാണാം.
സൗദി അറേബ്യയുമായുള്ള അബൂദബിയുടെ തെക്കൻ അതിർത്തി പങ്കിടുന്ന തനി ബദുവിയൻ ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. പരമ്പരാഗത ജീവിതത്തെ മാറ്റിനിറുത്താത്ത ഈ നാട്ടിൻപ്പുറം പുരാതന അറബ് ജീവിതത്തെ അതിവിശാലമായ ജീവിതത്തിലൂടെ വരച്ചുകാട്ടുന്നു. ഏകദേശം 50 ഗ്രാമങ്ങൾ ഉൾപ്പെടുന്ന ഈ മനോഹാരിതയിലെ പ്രധാന കേന്ദ്രം മുസൈരിയാണ്. അബൂദബിയിൽ നിന്നുള്ള ഹൈവേ മരുപ്പച്ചയിലേക്ക് പ്രവേശിക്കുന്ന കവാടമാണിത്. 2005ലെ സെൻസസ് പ്രകാരം ജനസംഖ്യ 20,196 ആയിരുന്നു. തെക്കേ അറ്റത്തുള്ള ഗ്രാമമാണ് മഹദർ ബിൻ ഉസയ്യൻ. സൗദിയിലെ എണ്ണ കേന്ദ്രമായ ഷെയ്ബയോട് ചേർന്ന് കിട്ടുന്ന പ്രദേശമാണിത്.
ലിവ ഒയാസിസിനെയും ഷെയ്ബയെയും ബന്ധിപ്പിക്കുന്ന നാട്ടുവഴികളുണ്ടെങ്കിലും നിയന്ത്രങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് ഏകദേശം മൂന്നിലൊരുഭാഗം വ്യപിച്ച് കിടക്കുന്ന റബിഅ് അൽ ഖാലി. ശൂന്യമായ നാലിലൊന്ന് എന്നാണ് ഈ വാക്കിനർഥം. ഇതിന്റെ ആഴങ്ങളിലേക്ക് എത്തിയ സഞ്ചാരികൾ വിരളം. ബദുവിയൻ ഒട്ടകങ്ങൾക്ക് പോലും കടന്നെത്താൻ സാധിക്കാത്ത വിജനത. കാറ്റിനോട് തന്നെ ചോദിക്കണം മരുഭൂമിയുടെ ആഴങ്ങളിലെ അതൃപ്പങ്ങൾ. സൗദി അറേബ്യയുടെ തെക്കുഭാഗം, ഐക്യ അറബ് എമിറേറ്റുകൾ, ഒമാൻ, യമൻ എന്നിവിടങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. മരുഭൂമിയെ കുറിച്ചുള്ള നിരവധി ഗവേഷണങ്ങളാണ് നിലവിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഈ മരുഭൂമിക്ക് 1000 കി.മീ നീളവും 500 കീ.മീ വീതിയുമുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.
നിലവിൽ ജി.പി.എസ്. സഹായത്തോടെയുള്ള യാത്രകൾ ടൂർ കമ്പനികൾ നടത്തുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ട പാശ്ചാത്യന്മാരുടെ ആദ്യ യാത്ര നടത്തിയത് 1931ൽ ബെർട്രാം തോമസും 1932ൽ സെന്റ് ജോൺ ഫിൽബിയുമാണ്. 1946നും 1950നും ഇടയിൽ വിൽഫ്രെഡ് തിസൈർ പലതവണ ഇതിനെ മുറിച്ചു സഞ്ചരിക്കുകയും ഒമാനിലെ പർവ്വതങ്ങളെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വേനൽകാല ഉച്ച സമയങ്ങളിൽ 55 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഈഫൽ ടവറിനേക്കാൾ ഉയരമുള്ള മണൽകുന്നുകൾ കാണപ്പെടുകയും ചെയ്യുന്നു. ഭൂമിയിലെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥകളിലൊന്നാണിവിടത്തേത്. എന്നിരുന്നാലും ജീവന്റെ സാന്നിധ്യം ഇവിടെയുണ്ട്. അറാക്നിഡുകൾ, റൊഡെന്റുകൾ എന്നിവയെകൂടാതെ ചിലയിനം സസ്യങ്ങളും കാണപ്പെടുന്നു. പെട്രോളിയത്തിന്റെറെ കലവറയാണ് ഈ ഭീകര മരുഭൂമി.
ദിനംപ്രതിയെന്നോണം മരുഭൂമിവൽക്കരണം വർദ്ധിച്ചുകൊണ്ടിരുന്നത് കാരണം ഇതിലൂടെയുണ്ടായിരുന്ന മുൻപത്തെ കാരവൻ പാതകൾ വഴിയുള്ള യാത്രാസഞ്ചാരം വളരെ ദുർഘടം നിറഞ്ഞതായിതീർന്നതാണ് പുറംലോകവുമായുള്ള ബന്ധം അറ്റുപോകാൻ പ്രധാനകാരണമായി പറയപ്പെടുന്നത്. എ.ഡി. 300 വരെ കുന്തിരക്കത്തിന്റെ കച്ചവടസംഘങ്ങൾ യാത്ര ചെയ്തിരുന്ന പാതകൾ നിരവധി ഉണ്ടായിരുന്നു. ആപാതകളിലെ സഞ്ചാരഗന്ധങ്ങൾ ഇപ്പോളില്ലാതായിരിക്കുന്നു. ലിവ ഈത്തപ്പഴ മഹോത്സവം നടക്കുന്ന സമയമാണിപ്പോൾ. മണലിനെന്നപ്പോലെ ഇവിടെയുള്ള ഒട്ടകങ്ങളുടെ നിറത്തിലും പെരുമാറ്റത്തിലും വൈവിധ്യങ്ങൾ കാണാം. ഖസർ അൽ സരബിലെ പൈതൃകം മരുഭൂമിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സഞ്ചാരികളെ മരുഭൂമി നാഗരികതയുടെ ഭൂതകാല മഹത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
മരുഭൂമിയിലെ ജീവിതത്തിന്റെ പരിണാമം ശരിക്കും മനസ്സിലാക്കാൻ അവസരം തുറന്നിടുന്ന ഒരേയൊരു സ്ഥലമാണിത്. പ്രവേശനം സൗജന്യമാണ്. ഏത് സമയത്തും ഇവിടേക്ക് യാത്ര ചെയ്യാം. ഡെസേർട്ട് സഫാരികൾക്ക് വ്യത്യസ്ത പാക്കേജുകളും ടൂർ പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും അനുസരിച്ച് വ്യത്യസ്ത നിരക്കുകളുമുണ്ടാകും. ഫുൾ ഡേ ടൂറുകൾ 1000 ദിർഹം മുതൽ ആരംഭിക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞത്. കൂടാതെ രാത്രി മുഴുവൻ ടൂറുകൾ 3000 ദിർഹം വരെ പോയേക്കാം.
ലിവ ഒയാസിസ് സന്ദർശിക്കുന്നതിനുള്ള നുറുങ്ങുകൾ വേനൽക്കാല മാസങ്ങൾ ഒഴിവാക്കുകയാണ് ഉത്തമം. ഈ സ്ഥലം നഗരങ്ങളെപ്പോലെ ആധുനികമല്ല, അതിനാൽ ഉചിതമായി വസ്ത്രം ധരിക്കുകയും ഭക്ഷണം കരുതുകയും ചെയ്യുക. ഖസർ അൽ സരബിൻറെ ദർശനം നഷ്ടപ്പെടുത്തരുത്. അത രു അനുഭൂതിയാണ്, വാക്കിനും അപ്പുറത്താണ്. ലിവ ഒയാസിസിൽ എങ്ങനെ എത്തിച്ചേരാം. ഫോർവീൽ വാഹനമുള്ളവർക്ക് സ്വന്തമായി എത്താവുന്നതാണ്. വഴികൾ ഗൂഗ്ൾ പറഞ്ഞുതരും. ടൂർപാക്കേജിന്റെ ഭാഗമായി നിരവധി സേവനങ്ങളും നിലവിൽ ലഭ്യമാണ്. അബൂദബിയിൽ നിന്ന് മൂന്ന് മണിക്കൂർ അകലെയാണ് ലിവ. ഡ്രൈവർ ഉൾപ്പെടെയോ അല്ലാതെയോ വാഹനം വാടകയ്ക്കെടുക്കാനുള്ള സൗകര്യവുമുണ്ട്. നിരവധി കോട്ടകൾ ലിവയിലേക്കുള്ള പാതകളോട് ചേർന്നുകാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.