ക്ഷേത്രങ്ങള്‍ കണ്ണുകളില്‍ അത്ഭുതങ്ങള്‍ തീർത്തുകൊണ്ടിരിക്കുന്നു. ഓരോന്നിനും ഓരോ സാമ്രാജ്യത്തിന്റെ കഥകള്‍. അതിലൊന്നാണ് കലിങ്കാ കലയുടെ രത്‌നം എന്നറിയപ്പെടുന്ന മുക്തേശ്വര-സിദ്ധേശ്വര ക്ഷേത്രം. ഭുവനേശ്വറില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഈ ഇരട്ടക്ഷേത്രങ്ങള്‍. യാത്രക്കിടയില്‍ നഗരത്തിന്റെ ഒരു മൂലക്കായി കണ്ട ചെങ്കല്ലില്‍ തീര്‍ത്ത ഗോപുരങ്ങളാണ് എന്നെ ഇവിടേക്ക് ക്ഷണിച്ചത്. മുക്തേശ്വര-സിദ്ധേശ്വര ക്ഷേത്രം ഒഡിഷയിലെ ആധുനിക ക്ഷേത്ര നിര്‍മിതിയിലേക്കുള്ള ചവിട്ടുപടിയായി കരുതപ്പെടുന്നു.
എ.ഡി ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ പണികഴിപ്പിച്ചിരിക്കുന്നതില്‍ വലുത് മുക്തേശ്വരയാണ്. ഉദ്യാനത്തിന് ചുറ്റും മുകളിലും താഴെയുമായാണ് ക്ഷേത്രം. താഴെതട്ടില്‍ രണ്ടാൾ പൊക്കത്തില്‍ നിരനിരയായി ഗോപുരങ്ങള്‍. അതില്‍ ശ്രദ്ധയാകർഷിക്കുന്ന തരത്തില്‍ നടുവിലായി കാണുന്നതിലാണ് പ്രധാന പ്രതിഷ്ഠ. പിന്നിലായി ഒരു കുളം. പ്രധാന പ്രതിഷ്ഠക്ക് എതിര്‍വശത്തായി കല്ലില്‍ തീര്‍ത്ത ഇടത്തരം നീളത്തിലുള്ള ആറ് ഗോപുരങ്ങള്‍. പ്രധാന പ്രതിഷ്ഠക്ക് സമീപം തൊഴാന്‍ ഊഴം കാത്തുനില്‍ക്കുകയാണ് ഭക്തർ.
തൊട്ട് സമീപത്തായുള്ള ഗോപുരത്തിനകത്തെ സര്‍പ്പ വിഗ്രഹത്തിന്റെ സമീപം ചെന്ന് ഭക്തര്‍ക്ക് പ്രാർത്ഥിക്കാം. ചെറിയ അകലങ്ങളിലായി നില്‍ക്കുന്ന അനവധി ഗോപുരങ്ങള്‍ ചേര്‍ന്നാണ് ക്ഷേത്രം. കാലക്രമത്തില്‍ സൗന്ദര്യം നഷ്ടപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത് നിര്‍മിക്കുമ്പോള്‍ അത്ഭുത സൃഷ്ടിയായിരുന്നു എന്നതില്‍ സംശയമില്ല. അവ ഇന്ന് സാമ്രാജ്യത്തിന്റെ കഥകള്‍ പറയുന്ന സംസാരിക്കാത്ത തെളിവുകള്‍ മാത്രമാണിന്ന്.
ചെങ്കല്ലില്‍ ചരിത്രം ഓര്‍മിപ്പിച്ച് നില്‍ക്കുന്ന ക്ഷേത്രങ്ങളെ മാറി മാറി നോക്കി. കഴിഞ്ഞുപോയ ആ ദിനങ്ങളില്‍ ഭക്തര്‍ അണിനിരന്നിരുന്ന പടവുകളെല്ലാം ഇപ്പോള്‍ വിജനമാണ്. ഒരിക്കള്‍ ഏതൊരു സൃഷ്ടിക്കും പ്രൗഢി നഷ്ട്ടപ്പെടും. പിന്നീട് എത്തുന്നവര്‍ ചരിത്ര അന്വേഷികളാണെങ്കില്‍ അവ അനശ്വരമായി നിലനില്‍ക്കും. ചെങ്കല്ലിലെ ചരിത്രം പിന്നിട്ട് എന്റെ യാത്ര തുടര്‍ന്നു.
ദൗളിയിലെ സാഞ്ചി സ്തൂപം
ഒരു പക്ഷെ ബി.സി 261ല്‍ കലിങ്ക യുദ്ധം അവസാനിക്കുന്നത് വരെ ദൗളിയിലെ മലനിരകള്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഇടമായിരിന്നിരിക്കണം. ദയ നദിയില്‍ രക്തത്തില്‍ കുതിര്‍ന്ന ശവശരീരങ്ങള്‍ കണ്ട് മഹാനായ അശോക ചക്രവര്‍ത്തി ഒരു തീരുമാനം എടുത്തു, ഇനി യുദ്ധമില്ല. ബ്രഹ്‌മി ലിപിയില്‍ ചരിത്രം വിളിച്ചോതുന്ന ചക്രവര്‍ത്തിയുടെ ശാസനത്തില്‍ യുദ്ധാനന്തരമുള്ള ധര്‍മപതത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. അവിടെ ആരംഭിക്കുന്നു ദൗളിയുടെ ചരിത്രവും.
ഭുവനേശ്വറില്‍നിന്ന് പുരി റൂട്ടില്‍ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ച് ദേശീയ പാതയില്‍നിന്നും വലത്തേക്ക് രണ്ട് കിലോമീറ്ററോളം കയറ്റം കയറിയാല്‍ സാഞ്ചി സ്ഥൂപമെത്തും. സമാധാനത്തിന്റെ വെള്ള പഗോഡ എന്നറിയപ്പെടുന്ന ബുദ്ധനെ കാണാന്‍ ദേശങ്ങള്‍ താണ്ടി സഞ്ചാരികള്‍ എത്തുന്നു. പാര്‍ക്കിങ് സംവിധാനമുണ്ട് ഇവിടെ. ലഗേജ് സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട് ബാക്ക്പാക്ക് തൂക്കിയാണ് കയറിയത്. കയറ്റം കയറി മുകളില്‍ ചെല്ലുമ്പോള്‍ ഷീറ്റ് മേഞ്ഞ ചെറിയ കടകള്‍ കാണാം. ദൗളി സ്പെഷ്യല്‍ അണ്ടിപരിപ്പ് വറുത്തത്, ഒരു കട നിറയെ ബുദ്ധ പ്രതിമകള്‍, പലതരം അലങ്കാര വസ്തുക്കള്‍... കച്ചവടം കേമമാക്കുന്നുണ്ട് നാട്ടുകാര്‍.
ചെരിഞ്ഞ പടികെട്ട് പിന്നിട്ട് കടകള്‍ക്ക് സമീപത്ത് കൂടെ മുകളിലേക്ക് കയറിയാല്‍ സാഞ്ചി സ്തൂപത്തിന്റെ മുറ്റമായി. 40ഓളം പടികെട്ടുകള്‍ക്ക് മുകളില്‍ വൃത്താകൃതിയിലുള്ള വെള്ള മിനാരത്തിന് മുകളിലായി സിമന്‍റില്‍ തീര്‍ത്ത അഞ്ച് കുടകളോട് കൂടി സാഞ്ചി സ്തൂപം. മിനാരത്തിന് വശങ്ങളിലായി സുവര്‍ണ നിറത്തില്‍ നഗരത്തിലേക്ക് നോക്കിയിരിക്കുന്ന സിംഹ പ്രതിമകള്‍. നാല് വശങ്ങളിലും ബുദ്ധന്റെ നാല് പ്രധാന ഭാവങ്ങളിലെ ശില്പങ്ങള്‍ കാണാം. അവിടെ ബുദ്ധനൊപ്പം സെല്‍ഫി എടുക്കുന്ന തിരക്കിലാണ് സഞ്ചാരികള്‍. സ്വാതന്ത്രത്തിന് ശേഷം ബുദ്ധ ഭിക്ഷുവായ ഭുജി ഗുരുജിയാണ് ഇന്ന് കാണുന്ന സ്തൂപം പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മക്ക് ഒരു പ്രാര്‍ത്ഥനാലയം മുറ്റത്തായി സ്ഥാപിച്ചിരിക്കുന്നു.
മുകളില്‍ നല്ല കാറ്റുണ്ട്. മകുടത്തിന് ചുറ്റും ധ്യാനത്തിലിരിക്കുന്ന ബുദ്ധന്‍മാര്‍ക്ക് ചുറ്റും ഭിത്തിയില്‍ ബുദ്ധകഥകള്‍ ആലേഖനം ചെയ്തിരിക്കുന്നു. നാല് വശത്തുനിന്നും നഗരത്തെ വീക്ഷിക്കുന്ന എട്ട് സിംഹങ്ങള്‍. ഇടത് വശത്തെ സിംഹത്തിന്റെ സമീപം നിന്ന് താഴേക്ക് നോക്കി. പാടങ്ങള്‍ക്ക് മധ്യത്തിലൂടെ് ശാന്തിയുടെ സന്ദേശം വഹിച്ച് ദയാനതി നഗരങ്ങള്‍ തേടി പരന്ന് ഒഴുകുന്നു. ദൗളിയിലെ തണുത്ത കാറ്റ് കയറിവന്ന തളര്‍ച്ച അകറ്റി. അന്നിവിടെ ചോര വീണ ഭൂമികയായിരുന്നു. ഭടന്മാരും സേനാധിപതിമാരും യുദ്ധക്കളത്തില്‍ ചോര ഒഴുക്കി. വിജയത്തിലേക്ക് രാജക്കന്‍മാര്‍ ഉറ്റുനോക്കി കൊണ്ടിരുന്നു. അശോക ചക്രവര്‍ത്തിയുടെ ചിന്തകള്‍ വിജയത്തിനപ്പുറം സഞ്ചരിച്ചു. രക്തചൊരിച്ചില്‍ അവസാനിപ്പിച്ചിരിക്കുന്നു, രാജാവ് ഉത്തരവിട്ടു. ഇനി യുദ്ധമില്ല. ബി.സി 261ല്‍ കലിങ്ക യുദ്ധം ഇവിടെ അവസാനിപ്പിച്ച് രാജാവ് ധര്‍മപതം സ്വീകരിച്ചു. ഒഡിഷയിലെ എന്റെ സന്ദര്‍ശനവും അവസാനിച്ചിരിക്കുന്നു.
ഒഡിഷയിലെ മൂന്ന് ജില്ലകളിലൂടെ 54 മണിക്കൂര്‍ 398 കിലോമീറ്റര്‍ സഞ്ചരിച്ച് റോയല്‍ ബ്രദേഴ്സിന്റെ ഹോണ്ട ആക്റ്റീവ 5ജി തിരികെ ഏല്‍പ്പിച്ചു. ചെന്നൈയില്‍ ഇറങ്ങി അവിടെ നിന്നുമാണ് മടക്കയാത്ര. വന്ന ദിവസം ഇന്‍ഫോ സിറ്റിയില്‍നിന്നും പ്രഭാത ഭക്ഷണം കഴിച്ച കടയുടെ സ്ഥാനത്ത് ഇപ്പോള്‍ പാന്‍ മസാലകള്‍ വില്‍ക്കുന്ന കടകളാണ്. പാന്‍മസാലകള്‍ അവര്‍ക്ക് പ്രിയപ്പെട്ടതായതുകൊണ്ട് ഈ രൂപമാറ്റം എല്ലാ പെട്ടിക്കടകളിലം കാണാം.
ഒഡിഷയില്‍ വന്നിട്ട് ബസില്‍ യാത്ര ചെയ്തിട്ടില്ല. ബസില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയിട്ട് തന്നെ കാര്യം. അന്വേഷിച്ച് അന്വേഷിച്ച് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ്‌റ്റോപ്പിലെത്തി. അപരിചിതനായത് കൊണ്ടാകണം ഒരാള്‍ സമീപിച്ചു. പതിയെ ഒഡിയ ഭാഷ സംസാരിച്ച് തുടങ്ങി. പന്തിയല്ലെന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റ് റോഡിന് അരികിലായി നിന്നു. അരമണിക്കൂറോളം കാത്തു, ബസ് ഒന്നും വന്നില്ല.
സമീപത്തുകൂടെ കടന്നുപോയ ഒരുവനോട് കാര്യം പറഞ്ഞു. ആദ്യം ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞെങ്കിലും കുറച്ച് നേരം ആലോചിച്ച് ഫോണില്‍ എന്തോ നോക്കിയശേഷം എന്നെയും കൂട്ടി മറ്റൊരു സ്റ്റോപ്പിലേക്ക് നടന്നു. ഇംഗ്ലീഷില്‍ കാര്യങ്ങള്‍ തിരക്കി. ആദ്യം നിന്ന സ്റ്റോപ്പില്‍ ബസ് വരൂലെ എന്ന് ഞാന്‍ ചോദിച്ചു. ഇവിടെ 20 മിനിറ്റില്‍ വരും. അവിടെ 40 മിനിറ്റിലാണ് സ്റ്റേഷനിലേക്കുള്ള ബസ്. അയാളും ബസിനായുള്ള കാത്തിരിപ്പിലായിരിക്കുമോ?!.''ആര്‍ യു ഗോയിങ്ങ് ടു റെയില്‍ വേ സ്റ്റേഷന്‍''. അയാള്‍ തലയാട്ടി.
എനിക്ക് പകുതി സമാധാനമായി. ഇനി അദ്ദേഹത്തിന്റെ കൂടെ പോയാല്‍ മതിയല്ലോ. റോഡിലൂടെ കടന്ന് പോകുന്നതെല്ലാം ലോ ഫ്ളോര്‍ ബസുകളാണ്. അവയില്‍ സ്ഥലപേരുകള്‍ ഒഡിയ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഓരോ ബസുകള്‍ കടന്നുപോകുമ്പോഴും ഞാന്‍ അയാളെ നോക്കും. ഒടുവില്‍ തളര്‍ന്ന് വഴിയോരത്ത് ഇരുന്നു. ദൂരെനിന്നും ഒരു പച്ച ബസ് വരുന്നുണ്ട്. അതില്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് കണ്ട് ചാടി എണീറ്റ് അയാളെ നോക്കി.
അയാള്‍ കൈ കാണിച്ചു. ബസ് നിര്‍ത്തിയശേഷം കണ്ടക്ടറോട് എന്തെല്ലാമോ പറഞ്ഞു. നാട്ടിലെ കെ.എസ്.ആര്‍.ടി.സിയിലെ നീല നിറത്തിലുള്ള യൂനിഫോമാണ് കണ്ടക്ടറിന്. അയാള്‍ എന്നെ ഏറ്റവും പിറകിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റിലേക്ക് അയച്ചു. അപ്പോഴാണ് എന്റെ കൂടെ നിന്നയാള്‍ കയറിയില്ലല്ലോ എന്ന് ഓര്‍ത്തത് !. വണ്ടി എടുത്തതും ടാറ്റാ കാണിച്ച് ടിയാന്‍ ഇന്‍ഫോ സിറ്റിയിലേക്ക് നടന്നു.
വണ്ടിയിലുള്ളവര്‍ ആരും പരസ്പരം സംസാരിക്കുന്നില്ല. ബസ് നിര്‍ത്തുന്ന സ്റ്റോപ്പുകളെല്ലാം മികച്ച നിലവാരത്തിലുള്ളതാണ്. അതുവരെ ടിക്കറ്റ് ചോദിച്ചുകൊണ്ടിരുന്ന കണ്ടക്ടര്‍ എന്റെ അടുക്കലേക്ക് എത്തിയില്ല. ഇനി പോകുന്നത് റെയില്‍വേ സ്റ്റേഷനിലേക്ക് തന്നെയാണോ? ചെറിയൊരു പേടി തോന്നി. ഗൂഗിള്‍ മാപ്പ് ഓണ്‍ ആക്കി വെച്ചു. ദിശ കൃത്യമാണ്.
കലിങ്കാ മൈതാനവും അനവധി കെട്ടിടങ്ങളും ജനറല്‍ പോസ്റ്റ് ഓഫിസും സര്‍ക്കാര്‍ ഓഫിസുകളും പിന്നിട്ട് ബസ് മുന്നോട്ട് നീങ്ങി. ഞാന്‍ ഇതുവരെ സഞ്ചരിച്ച ഒഡിഷ ആയിരുന്നില്ല ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഭുവനേശ്വര്‍ നഗരം. അതിവിദഗ്ദ്ധമായി പദ്ധതി രൂപപ്പെടുത്തി നിര്‍മിച്ച നഗരം. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ദേശീയ പാതയോരത്ത് കണ്ട എസ്.ബി.ഐ ബാങ്കായിരുന്നു. പാതക്ക് അഭിമുഖമായി നിലകൊണ്ടിരിക്കുന്ന ബാങ്ക് ഒരു മാളിന് സമാനമാണ്.
ഇതുവരെ കണ്ടത് ദാരിദ്ര്യം പിടിച്ച നാട് ആയിരുന്നെങ്കില്‍ ഭുവനേശ്വര്‍ അംബരചുംബികളായ നിര്‍മിതികള്‍ നിറഞ്ഞുനില്‍ക്കുന്ന നഗരമായിരുന്നു. ഇവര്‍ക്കിടയില്‍ ഈ നഗരത്തെ സൃഷ്ടിച്ച നവീന്‍ പട്നായികിനെ ഒന്നോര്‍ക്കാതെ തരമില്ല. ഗൂഗിളില്‍ പരതി, ഒഡിഷക്ക് പുറത്ത് വലിയ യൂണിവേഴ്സിറ്റികളില്‍ പഠിച്ച് ഉന്നത ബിരുദം നേടിയിട്ടുണ്ട്. പക്ഷെ ഒഡിയ ഭാഷ എഴുതാനും ഉച്ചാരണ ശക്തിയില്‍ പറയാനും അറിയില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയായി മാറാന്‍ പോകുന്നു നവീന്‍ പട്നായിക്. ടൗണില്‍ പാര്‍ട്ടി കൊടിമരങ്ങളോ തോരണങ്ങളോ കണ്ടില്ല. ഒന്ന് രണ്ടിടത്ത് മുഖ്യമന്ത്രിയുടെ ചിത്രം മാത്രം.
പെട്ടെന്ന് തിരക്കുകള്‍ക്കിടയില്‍ കൂടി കണ്ടക്ടര്‍ സമീപിച്ചു. ഞാന്‍ അമ്പത് രൂപ നല്‍കി. 30 തിരികെ നല്‍കി. പക്ഷെ ടിക്കറ്റില്ല. ഇവിടെ ഇങ്ങനെയായിരിക്കും. റെയില്‍വേ സ്റ്റേഷന് മുന്നിലിറങ്ങി. പത്ത് മണിക്കാണ് ട്രെയിന്‍. സമയം അഞ്ച് പിന്നിട്ടിരിക്കുന്നു. ടിക്കറ്റ് ഇതുവരെ കണ്‍ഫോം ആയിട്ടില്ല. പോസ്റ്റ് ഓഫിസില്‍ പോയി.
കൂട്ടുകാര്‍ക്ക് കത്തുകള്‍ അയക്കേണ്ടതുണ്ട്. ടിക്കറ്റ് ഉറപ്പിക്കാത്ത ടെന്‍ഷനും കൂടെ മനസ്സില്‍. ഇന്നാട്ടിലേക്ക് തിരിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് ഒഡിഷയില്‍നിന്നും ഒരു കത്ത് മാത്രമാണ്. നേരെ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ സ്റ്റാന്‍ഡിലേക്ക്. ജനറല്‍ പോസ്റ്റ് ഓഫിസില്‍ പോകണം. 120-ല്‍ തുടങ്ങിയ വിലപേശല്‍ അഞ്ചാമനായി കണ്ട ഓട്ടോക്കാരന് സമീപം എത്തിയപ്പോള്‍ 60-ല്‍ ഉറപ്പിച്ചു. സമയം 5.10.
5.30ന് പോസ്റ്റ് ഓഫിസ് അടയ്ക്കും. ഓട്ടോ മുന്നോട്ട് നീങ്ങി. പിന്നില്‍നിന്നും വേഗം പോകാന്‍ പറയുന്തോറും അയാള്‍ വണ്ടി സ്പീഡ് കുറച്ച് പിന്നിലേക്ക് നോക്കും. പതിയെ ഞാന്‍ മിണ്ടാതായി. 5.20 ആയപ്പോഴേക്കും പോസ്റ്റ് ഓഫിസ് എത്തി. പോസ്റ്റ് ഓഫിസും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളോടും കൂടിയ കെട്ടിടം. ഗേറ്റ് കടന്ന് വാതിലില്‍ എത്തിയതും പുറത്തേക്ക് വന്ന ഒരുവനോട് ഇന്‍ലന്‍റ് ചോദിച്ചു. 'ഹൗ മെനി ഇന്‍ലെന്‍റ് യു നീഡ്'? 'ടെന്‍' എന്ന് മറുപടി പറഞ്ഞു. തിരിച്ച് ഒന്നും പറയാതെ അയാള്‍ പുറത്തേക്കിറങ്ങി. ഉള്ളില്‍ ചെന്ന് ഞാന്‍ ഇന്‍ലെന്‍റിനായി തിരക്കി.
ശീതീകരിച്ച ഓഫിസില്‍ അഞ്ചാം കൗണ്ടറിലാണ് ഇന്‍ലെന്‍റ് കൊടുക്കുന്നത്. പക്ഷെ അവിടെ ആളില്ല. സ്റ്റാഫിനോട് കയര്‍ത്തു. 'പ്ലീസ് വെയിറ്റ് ഫോര്‍ ഫൈവ് മിനിറ്റ്'. ഒരു സമാധാനവുമില്ലാതെ ഞാനിരുന്നു. അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഒരുവന്‍ കടന്നുവന്നു. പെട്ടെന്ന് അഞ്ചാം കൗണ്ടറില്‍ ക്യൂ നീണ്ടു. മുഖം പോലും നോക്കാതെ അഞ്ച് ഇന്‍ലെന്‍റും കൊണാര്‍ക്കില്‍നിന്നും വാങ്ങിയ കാര്‍ഡ് അയക്കാന്‍ അഞ്ച് സ്റ്റാമ്പും വാങ്ങി. ട്രെയിന്‍ ടിക്കറ്റ് സ്റ്റാറ്റസ് നോക്കി, കണ്‍ഫോമായിട്ടില്ല.
എഴുതുമ്പോള്‍ കൈ വിറക്കുന്നുണ്ടായിരുന്നു. കത്ത് എഴുതിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എഴുതി കഴിഞ്ഞപ്പോഴേക്കും നെറ്റിയില്‍നിന്നും വിയര്‍പ്പ് തുള്ളികള്‍ വീണ് മഷി പരന്ന് തുടങ്ങി. സമയം 5.35. പോസ്റ്റ് ഓഫിസില്‍ ഞാന്‍ മാത്രം. നിശ്ശബ്ദത, ലൈറ്റുകള്‍ ഓരോന്നായി അണയുന്നുണ്ട്. കത്തുകള്‍ തയാര്‍. എം.ജി.ആര്‍-ചെന്നൈ സെന്‍ട്രല്‍ എക്സപ്രസ്സില്‍ എസ് 2 ബോഗിയില്‍ 26-ാമത്തെ സീറ്റ് നിങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നു എന്നൊരു ടെക്സ്റ്റ് മെസേജ് ഫോണിലേക്ക് എത്തി, ആശ്വാസമായി.
ചാടി എഴുന്നേറ്റു. ജോലിക്കാര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട്. സമയം 5.45. എനിക്കായാണ് അവസാന ലൈറ്റും അണയാതെ കിടക്കുന്നത്. എണീറ്റ് അഞ്ചാം കൗണ്ടറിനെ സമീപിച്ചു. 'വേർ ക്യാന്‍ ഐ പോസ്റ്റ്'? ''ഔട് സൈഡ് യു ക്യാന്‍ സീ ദ പോസ്റ്റ് ബോക്സ്' എന്ന മറുപടി കേട്ട ഉടന്‍ പുറത്തേക്ക് നടന്നു. അഞ്ചാം കൗണ്ടറിലെ ആളെ ഒന്നുകൂടെ തിരിഞ്ഞുനോക്കി. മനസ്സില്‍ ആ ചോദ്യം അലയടിച്ചെത്തി. 'ഹൗ മെനി ഇന്‍ലെന്‍റ് യു നീഡ്' - അതെ അയാളായിരുന്നു എന്നെ ആദ്യം അകത്തേക്ക് പറഞ്ഞുവിട്ട വ്യക്തി.
ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് റെയില്‍വേ സ്റ്റേഷന്‍. തിരികെ പോകാന്‍ ഊബറിലെ വിവരങ്ങള്‍ നോക്കി. ഓട്ടോയില്‍ 24 രൂപ, ടാക്സിയില്‍ 80. ബുക്ക് ചെയ്യുന്ന ഊബര്‍ ഓട്ടോകള്‍ എല്ലാം ക്യാന്‍സല്‍ ചെയ്യുകയാണ്. നിരാശയോടെ റോഡില്‍നിന്നു. ഇടക്ക് പാസഞ്ചര്‍ ഓട്ടോകള്‍ പോകുന്നുണ്ട്. ഒന്നില്‍ കയറി പറ്റി. എത്ര രൂപയാകുമോ എന്തോ. ഇവിടെ ഇതുവരെ കയറിയ കടകളിലെല്ലാം ഞാന്‍ കൊടുക്കുന്നത് വലിയ നോട്ടാണെങ്കില്‍ ഒട്ടുമിക്ക സമയത്തും ബാലന്‍സ് കിട്ടാറില്ല. സ്റ്റേഷന്‍ എത്തിയ ഉടന്‍ പത്ത് രൂപ നീട്ടി. അയാള്‍ എന്നെ ഒന്ന് തുറിച്ച് നോക്കി. 10 രൂപ കൂടെ നീട്ടി. ഓട്ടോക്കാരന്‍ ഹാപ്പി. പതുക്കെ നടന്ന് റെയില്‍വേ സ്റ്റേഷനിലേക്ക്. എം.ജി.ആര്‍ ചെന്നൈ സെൻട്രല്‍ എക്സ്പ്രസ് എനിക്കായി 10 മണിവരെ അവിടെയുണ്ടാകും.
സൃഷ്ടികള്‍, ജനപഥങ്ങള്‍, ഭരണാധികാരികള്‍, യുദ്ധങ്ങള്‍, ഭുവനേശ്വര്‍ പോലുള്ള മഹാനഗരം... പിന്നെ ഈ അത്ഭുത സൃഷ്ടിയെ നിലനിര്‍ത്തുന്ന ദരിദ്രരായ കുറേ ജനങ്ങളും. കെട്ടിപൊക്കിയ സൗധങ്ങളല്ല നിലനില്‍ക്കുന്ന ജീവിതങ്ങളാണ് ഇടങ്ങളെ മനോഹരമാകുന്നത്......
അവസാനിച്ചു.
Travel details
Day -1
Bubhaneswar -Nandhan kanan zoological park- puri -konark
Stay at Puri
Day-2
Puri -chilka
Stay at Bhubaneswar
Day-3
Bhubaneswar- udayagiri and kandagiri caves -Lingaraja temple- Dauli sanchi sthoopa-mukthweshra sidhareswara temple - railway station
Kilometer covered in odisha = 394Expense:
Train Ticket =1965
Room = 1400
Petrol =1400
Rent bike = 2290
Visiting Tickets =575
Auto, bus fare =500
Food=1095
Total=9225
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.