ഇന്നത്തെ യാത്ര പഞ്ചാബിെൻറ ഹൃദയത്തിലൂടെയാണ്. ഹൃദയം എന്ന് ഉദ്ദേശിച്ചത് കൃഷി ഭൂമികളാണ്. കാരണം ഇവിടത്തെ ജനങ്ങളും കൃഷിയും അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഇവരുടെ ജീവെൻറ ഭാഗം തന്നെയാണ്. പാട്യാലയിലെ ഇരുവശങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഗോതമ്പ് പാടങ്ങളുടെ ഇടയിലൂടെയാണ് യാത്ര. ഗോതമ്പ് മാത്രമല്ല, അരിയും പരുത്തിയും കടുകും ചോളവുമെല്ലാം കൃഷി നിറഞ്ഞുനിൽക്കുന്നു. അഞ്ച് നദികളുടെ നാടായ പഞ്ചാബിെൻറ നാലിൽ മൂന്ന് ഭാഗവും കൃഷി ഭൂമി തന്നെയാണ് കാണാൻ കഴിയുക.
കൃഷിപ്പാടങ്ങളുടെ അരികത്തായി ചെറിയ കുടിലുകൾ കാണാം. ഉച്ച വെയിലേറ്റ് തളരുേമ്പാൾ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും നിർമിച്ച ഇടത്താവളങ്ങളാണവ. ഏക്കറുകളോളം കൃഷിഭൂമി കൈവശമുള്ള ഭൂഉടമകളും ചെറുകിട മുതലാളിമാരും ഏറ്റവും താഴെതട്ടിലെ കർഷകരും ഒരേ മനസ്സോടെ മണ്ണിലേക്കിറങ്ങി പണിയെടുക്കുന്നത് പഞ്ചാബിെൻറ പ്രത്യേകതയാണ്.
വിളഞ്ഞുനിൽക്കുന്ന ഗോതമ്പ് പാടങ്ങൾക്ക് പൊന്നിെൻറ നിറമാണെങ്കിൽ കടുക് പാടങ്ങളിലേക്ക് എത്തുമ്പോൾ പൂന്തോട്ടത്തിൽ എത്തിയ പ്രതീതിയാണ്. മഞ്ഞ നിറത്തിൽ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടുക് പാടങ്ങൾ കണ്ണിന് കുളിരേകും. ആ കാഴ്ച എത്ര നേരം നോക്കിനിന്നാലും മതിവരില്ല.
സിഖ് ജനതയുടെ സ്നേഹവും ശൗര്യവും; അത് അനുഭവിച്ച് തന്നെ അറിയണം
ഏപ്രിൽ - മെയ് മാസങ്ങളാണ് കൃഷിയുടെ വിളവെടുപ്പ് ആരംഭിക്കുക. ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നടക്കുന്ന കൊയ്ത്തുത്സവം പോലെ പഞ്ചാബിലും വിളവെടുപ്പ് സമയത്ത് ആഘോഷം തന്നെയാണ്.
ഏപ്രിലിലാണ് ഗോതമ്പിെൻറ വിളവെടുപ്പ് സമയം. ഈ സമയം പഞ്ചാബിലെ കാർഷിക ഗ്രാമങ്ങളിൽ ഉത്സവമായിരിക്കും. തമിഴ്നാട്ടിലെ പൊങ്കൽ പോലെ, കേരളത്തിലെ വിഷു പോലെ തന്നെയാണ് പഞ്ചാബികൾക്ക് ബൈശാഖിയും. ഏപ്രിൽ - മെയ് മാസങ്ങളാണ് പഞ്ചാബിലെ ഒട്ടുമിക്ക ധാന്യ വിളകളുടെയും വിളവെടുപ്പ്.
ഈ സമയം എല്ലാവരും ഒരുമിച്ച് പാടത്തേക്കിറങ്ങി കൊയ്ത്ത് തുടങ്ങുന്നു. പഞ്ചാബി ഗാനങ്ങൾ പാടി താളമേളത്തോടെയാണ് വിളവെടുപ്പ് ആരംഭിക്കുക. ഏപ്രിൽ 13, 14 തീയതികളിലാണ് ബൈശാഖി ഫെസ്റ്റിവൽ. ഈ ദിവസങ്ങളിൽ അവരുടേതായ നാടൻ കലകളും പാട്ടുകളും കൊണ്ട് ഗ്രാമങ്ങൾ ഉണരും. അന്നത്തെ ദിവസങ്ങൾ ഉറക്കമില്ലാത്ത രാത്രികളാകും.
ഏപ്രിൽ 13ന് പുലർച്ചെ എല്ലാവരും പുതുവസ്ത്രം അണിഞ്ഞ് ക്ഷേത്രത്തിലെത്തും. അന്നേദിവസം പ്രത്യേക പൂജകൾ ഉണ്ടാകും. ഓരോ വീടുകളിലും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കും. പശുവിൻ പാൽ, നെയ്യ്, ഗോതമ്പ് നുറുക്ക്, പൊടിയരി എന്നിവ ചേർത്തുണ്ടാക്കിയ പായസം വിളമ്പും. തെരുവുകളിൽ നേരം പുലരുംവരെ ആഘോഷമാണ്.
വഴിയോരങ്ങൾ മധുര പലഹാരം വിൽക്കുന്ന കച്ചവടക്കാരെ കൊണ്ട് നിറയും. വെള്ള നിറത്തിലെ ജിലേബിയും റവ കൊണ്ട് തയാറാക്കിയ ലഡ്ഡുവുമാണ് പ്രധാന വിഭവം. പാതയോരങ്ങളിൽ കരകൗശല വസ്തുക്കളടെയും കുപ്പി വളകളുയും വിൽപ്പന സ്റ്റാളുകൾ ഇടംപിടിക്കും. പഞ്ചാബി പാരമ്പര്യ വസ്ത്രം അണിഞ്ഞ്, ചെണ്ടയും കൊട്ടി തെരുവിൽ ഡാൻസ് കളിക്കുന്നവരെയും എവിടെ നോക്കിയാലും കാണാൻ സാധിക്കും.
കാർഷികപരമായി പഞ്ചാബികൾക്ക് ഏപ്രിൽ 13 പുതുവർഷം തന്നെയാണ്. വിളവെടുപ്പ് കാലത്ത് ലഭിക്കുന്ന സമ്പാദ്യമാണ് ആ വർഷം മുഴുവനും അവർ കൃഷിക്കും മറ്റു ജീവിത ആവശ്യങ്ങൾക്കുമായി ചെലവഴിക്കുന്നത്.
കൃഷിയും അനുബന്ധ ചടങ്ങുകളുമെല്ലാം ഇവർ തലമുറകളായി കൈമാറി വരികയാണ്. കൃഷി ആണെങ്കിലും ആഘോഷങ്ങൾ ആണെങ്കിലും മറ്റാരുടെയും കൈകടത്തൽ ഇവർക്കിഷ്ടമില്ല. അതിനാലാണ് മാസങ്ങളായി അവർ ഡൽഹിയുടെ മണ്ണിൽ സമരപാതയിൽ കഴിയുന്നത്.
അരിയുടെ വിളവെടുപ്പ് കാലം സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളാണ്. പക്ഷെ, യാതൊരുവിധ ആഘോഷം ഒന്നും തന്നെ ഉണ്ടാകാതെ നിശ്ശബ്ദമായി ഒക്ടോബർ മാസം വിടപറയുന്നു. പിന്നീടങ്ങോട്ട് കൊടും തണുപ്പിെൻറ മാസങ്ങളാണ്.
അതൊന്നും വകവെക്കാതെ തലയിൽ ഒരു കെട്ടുമായി നേരം പുലരും മുന്നേ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കർഷകരാണ് പഞ്ചാബിൽ കണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരം.
ജാലിയൻ വാലാബാഗിലെ വെടിയൊച്ചകൾ
പാട്യാലയിലെ കാർഷിക ഗ്രാമങ്ങളിൽനിന്നും തിരിച്ച് അമൃത്സർ ടൗണിലേക്ക് തന്നെ എത്തിച്ചേർന്നു. ഗുരുദ്വാരയിലേക്ക് പോകും വഴിയാണ് ജാലിയൻ വാലാബാഗ് സ്മാരകം. സുവർണ ക്ഷേത്രത്തിൽനിന്നും നടക്കാവുന്ന ദൂരമേയുള്ളൂ. 1919 ഏപ്രിൽ 13ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ വീരമൃത്യു വരിച്ചവരുടെ ഒാർമക്കായി നിർമിച്ച സ്മാരകമാണിത്.
അകത്ത് കയറിയാൽ ആദ്യം കാണുക ചെറിയ മൈതാനമാണ്. സന്ദര്‍ശകര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സ്ഥലങ്ങള്‍. ചുറ്റും ഇഷ്ടിക കൊണ്ട് നിര്‍മിച്ച വലിയ മതില്‍. ഒരു അറ്റത്തായി രക്തസാക്ഷികളുടെ സ്മാരകം ഉയര്‍ന്നുനില്‍ക്കുന്നു. ഇവിടെ മരിച്ചുവീണ പ്രമുഖരുടെ പേരുകൾ മാർബിൾ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പട്ടാളത്തിന്‍റെ അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ജാലിയന്‍ വാലാബാഗ് മൈതാനത്തില്‍ ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയിരുന്നത്. യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അമൃത്സറിലെ സൈനിക കമാന്‍ഡര്‍ ജനറല്‍ റജിനാള്‍ഡ് ഡയര്‍ 90 അംഗങ്ങള്‍ വരുന്ന ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യോഗം പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കാതെ തന്നെ ഡയര്‍ വെടിവെപ്പിന് ഉത്തരവിട്ടു. 1,650 തവണയാണ് പട്ടാളക്കാള്‍ ജനക്കൂട്ടത്തിന് നേരെ വെടിവെച്ചത്. അപ്രതീക്ഷിത ആക്രമണത്തിനിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ കൂട്ടത്തോടെ മൈതാനത്തിനകത്തെ കിണറ്റിലേക്ക് ചാടി.
120 മൃതദേഹങ്ങൾ കിണറ്റില്‍നിന്ന് മാത്രം ലഭിച്ചു. ആയിരത്തിലധികം പേരാണ് കൂട്ടകശാപ്പില്‍ രക്തസാക്ഷികളായത്. ജാലിയന്‍ വാലാബാഗ് ദുരന്തത്തിന്‍റെ സ്മാരകങ്ങളായി കിണറും ചുമരുകളില്‍ വെടിയുണ്ട തുളച്ച ഭാഗങ്ങളും പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ ഈ സംഭവങ്ങള്‍ വിവരിക്കാനായി ചെറിയ മ്യൂസിയവും അകത്തുണ്ട്. ചരിത്രത്തിെൻറ കറുത്ത അധ്യായത്തിലൂടെ നടക്കുേമ്പാൾ പലപ്പോഴും എെൻറ ഒാർമകളിൽ വെടിയൊച്ച മുഴങ്ങുന്നുണ്ടായിരുന്നു. 'വാഗ അതിർത്തിയിലേക്ക് പരേഡ് കാണാൻ പോകുന്നോ' എന്ന ഒരു ഏജൻറിെൻറ ചോദ്യമാണ് ചരിത്രത്തിൽ ഉടക്കിനിന്ന മനസ്സിനെ തിരിച്ചുകൊണ്ടുവന്നത്. ഒരാൾക്ക് 100 രൂപ കൊടുത്താൽ മതിയെന്നും 10 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഓട്ടോയാണുള്ളതെന്നും അയാൾ പറഞ്ഞു.
ഉച്ചക്കുശേഷം മൂന്ന് മണിയോടെ ജാലിയൻ വാലാബാഗ് സ്മാരകത്തിന് മുന്നിൽ ഒാേട്ടാ വരും. ഉറപ്പിനായി അയാൾ 100 രൂപ അഡ്വാൻസായി വാങ്ങി. ഒപ്പം ഫോൺ നമ്പറും. ഞാൻ വീണ്ടും സുവർണ േക്ഷത്രത്തിലേക്ക് നടന്നു. കഴിഞ്ഞദിവസത്തെ പോലെ നല്ല തിരക്കുണ്ട്. അന്നത്തെ ഉച്ചഭക്ഷണം അവിടത്തെ ലങ്കാറിലായിരുന്നു.
സൗജന്യ ഉച്ചഭക്ഷണവും കഴിച്ച് മൂന്ന് മണിയോടെ ഒാേട്ടാറിക്ഷയിൽ വാഗയിലേക്ക് യാത്ര തിരിച്ചു. അമൃത്സറിൽനിന്നും ഏകദേശം 30 കിലോമീറ്റർ അകലെയാണ് വാഗ അല്ലെങ്കിൽ അത്താരി ബോർഡർ. നഗരത്തിരക്കുകൾ കഴിഞ്ഞ് വൃത്തിഹീനമായ റോഡിലൂടെയാണ് സഞ്ചാരം.
അമൃത്സറിലെ വൃത്തിയൊന്നും ഇൗ വഴികളിൽ കാണാനില്ല. പക്ഷെ വാഗയോട് അടുക്കുമ്പോൾ വീണ്ടും നല്ല ക്ലീൻ സിറ്റി ആകും. വാഗാ ബോർഡർ എത്തുന്നതിന് അഞ്ച് കിലോമീറ്റർ മുമ്പ് ഒരു സ്ഥലത്ത് ഓട്ടോ നിർത്തി. ആ സമയം ഒത്തിരി കുട്ടികൾ ഓടിവന്നു. നമ്മുടെ മുഖത്ത് ഇന്ത്യയുടെ ത്രിവർണ പതാകയുടെ ചായം പൂശാനാണ് അവർ വന്നിരിക്കുന്നത്. ആദ്യം 50 രൂപ വരെ ചോദിക്കും. 25-30ൽ ഒക്കെ കൊണ്ട് എത്തിക്കുന്നത് നമ്മുടെ മിടുക്ക്. എത്ര രൂപക്ക് ചായം പൂശിയാലും ഓട്ടോകാരന് കമീഷൻ അവരുടെ കൈയിൽനിന്നും കിട്ടുമെന്നത് മറ്റൊരു സത്യം.
വീണ്ടും ഓട്ടോകാരൻ ഒരു ഓറഞ്ച് കടയുടെ മുന്നിൽ നിർത്തി. അവിടെയും കമീഷൻ ഉണ്ടായിരിക്കും. എന്തായാലും കുറച്ച് ഓറഞ്ചും വാങ്ങി വാഗയിലേക്ക് യാത്ര തിരിച്ചു. ഏകദേശം അഞ്ച് മണിക്ക് മുന്നേ ഞങ്ങൾ അതിർത്തിയിൽ എത്തിച്ചേർന്നു. വാഗയും പരിസര പ്രദേശങ്ങളും ജനനിബിഢമാണ്.
ഇലക്ട്രോണിക് സ്കാനിങ്ങെല്ലാം കഴിഞ്ഞശേഷം ഗാലറിയുടെ അകത്തേക്ക് കയറ്റിവിടും. ഇവിടെ പ്രവേശനം തികച്ചും സൗജന്യമാണ്. ഒരുവിധം ഉന്തിയും തള്ളിയുമൊക്കെ ഗാലറിയുടെ മുന്നിലെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. രാജ്യസ്നേഹം തുളുമ്പുന്ന ഹിന്ദി പാട്ടുകൾ ഉയർന്നുകേൾക്കാം. കൂടെ ഭാരത് മാതാ കീ ജയ് വിളികളും. നമ്മുടെ രാജ്യത്തോടുള്ള സ്നേഹവും വികാരവുമൊക്കെ തൊട്ടറിഞ്ഞ നിമിഷം.
ഓരോ ഇന്ത്യക്കാരനും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് അട്ടാരി-വാഗ അതിർത്തിയിലെ എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന പതാക താഴ്ത്തൽ ചടങ്ങ്. ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേനയും (ബി.എസ്.എഫ്) പാകിസ്താെൻറ സേനയും (പാകിസ്താൻ റേഞ്ചേഴ്സ്) സംയുക്തമായി നടത്തുന്ന സൈനിക ചടങ്ങാണിത്.
കുസൃതികൾ പോലെ വിശാലവും വേഗത്തിലുള്ളതുമായ നൃത്തവും കാലുകൾ കഴിയുന്നത്ര ഉയരത്തിൽ പൊക്കുന്നതുമാണ് ഈ അഭ്യാസത്തിെൻറ സവിശേഷത. ഇത് ഇരുരാജ്യങ്ങളുടെയും ഇടയിലെ ബന്ധത്തിെൻറ പ്രതീകമാണിത്. ഒരു വശത്ത് ഇന്ത്യയോടുള്ള രാജ്യസ്നേഹവും മറുവശത്ത് പാകിസ്താനോടുള്ള അമർഷവും ഒരുപോലെ പ്രകടിപ്പിച്ച് കൊണ്ടാണ് ഈ പരേഡ് നടക്കുന്നത്.
ഒരു ഗേറ്റിന് അപ്പുറം പാകിസ്താനും സമാന രീതിയിൽ ഈ പരേഡ് നടത്തുന്നു. ആറ് മണിയോടെ ഇരുരാജ്യത്തെയും ഗേറ്റ് തുറക്കും. പിന്നീട് ബ്യൂഗിള്‍ വാദ്യത്തിന്‍െറ അകമ്പടിയോടെ രണ്ട് പതാകകളും ഒരേസമയം താഴോട്ട് ഇറക്കുന്നു. പതാകകള്‍ ഇറക്കി ഭദ്രമായി മടക്കി ആദരപൂർവ്വം കൊണ്ടുപോവുകയും ഗേറ്റുകള്‍ അടക്കുകയും ചെയ്യുന്നതോടെ ചടങ്ങ് അവസാനിച്ചു.
ലാഹോറിനും അമൃത്സറിനും ഇടയിലെ ചരിത്രപരമായ ഗ്രാൻഡ് ട്രങ്ക് റോഡിലാണ് ഇൗ സ്ഥലം. പാകിസ്താനിലെ ലാഹോറിൽനിന്ന് 24 കിലോമീറ്ററും അമൃത്സറിൽനിന്ന് 32 കിലോമീറ്ററുമാണ് അതിർത്തിയിലേക്കുള്ള ദൂരം. പരേഡ് അവസാനിച്ചാൽ പിന്നെ അധികനേരം അവിടെ നിൽക്കാൻ കഴിയില്ല. പട്ടാളക്കാർ എല്ലാവരെയും ഇറക്കി പുറത്തേക്ക് വിടും.
തിരിച്ച് അമൃത്സറിൽ തന്നെയെത്തി. ഒരിക്കൽ കൂടി ആ ചരിത്ര നഗരത്തിെൻറ നിശാകാഴ്ചകളിലൂടെ നടന്നു. പിറ്റേന്ന് രാവിലെ 6.30ന് അമൃത്സർ - കൊച്ചുവേളി എക്സ്പ്രസിൽ നാട്ടിലേക്ക് മടക്കയാത്ര തുടങ്ങി. അപ്പോഴും മനസ്സ് നിറയെ പഞ്ചാബിെൻറ സ്നേഹം മാത്രമായിരുന്നു.
അമൃത്സറിലെ ജനങ്ങളും ഗുരുദ്വാരയിൽ കിട്ടുന്ന സൗജന്യ ഭക്ഷണവും ഉള്ളിടത്തോളം കാലം ചെലവ് കുറച്ച് യാത്ര ചെയ്യാൻ കഴിയുന്ന സംസ്ഥാനമാണ് പഞ്ചാബ്. മലയാളികൾക്ക് 3500 രൂപ മാത്രം മതി ട്രെയിൻ റിസർവേഷൻ ചെയ്തു ഇവിടെ വന്നുപോകാൻ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.