തണുത്തുറഞ്ഞ പ്രഭാതങ്ങൾ...

യാത്രകൾ എന്നും മനസിന് കുളിർമയും ആനന്ദവും പകരുന്നതാണെങ്കിലും ഇന്ത്യയുടെ വടക്കേ അറ്റത്ത് പോവാൻ സാധിക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. കുന്നോളം മോഹിച്ചാൽ കുന്നിക്കുരുവോളമെങ്കിലും കിട്ടുമെന്നല്ലെ പറയാറ്! ഒരാഴ്ച ഞങ്ങളുടെ ബിസി ഷെഡ്യൂളുകളെല്ലാം മാറ്റി വെച്ച് മറ്റെല്ലാം മറന്ന് ഞാനും ഏട്ടനും മോനും കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് യാത്ര തിരിച്ചു. ഞങ്ങളുടെ കൂടെ 33 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് തന്നെയുണ്ട്. സുഹൃത്തും ബന്ധുവുമായ സുമിത്ത് മുത്തേരിയാണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. ഈ യാത്രയുടെ പ്ലാൻ ഞങ്ങൾ ഏഴ്-എട്ട് മാസം മുന്നേ തന്നെ തുടങ്ങിയിരുന്നു.

യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട സാധനങ്ങളുമെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സംഘാടകനായ സുമിത്ത് കൃത്യമായി പറഞ്ഞു തന്നിരുന്നതിനാൽ വലിയ ആശങ്കകൾ ഇല്ലായിരുന്നു. സംഘത്തിൽ കൂടുതലും പ്രായമുള്ളവരാണ്. അതുകൊണ്ടുതന്നെ യാത്ര കളറാകുമോ എന്ന ആകുലതകൾ ഉണ്ടായിരുന്നെങ്കിലും ചിലർ നമ്മുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും എന്നു തെളിയിച്ച യാത്ര കൂടിയായിരുന്നു ഇത്. ആദ്യമായി ഞങ്ങൾ മോന് വിമാന യാത്രാനുഭവം നൽകിയത് അവന് രണ്ടു വയസും രണ്ടു മാസവുമുള്ളപ്പോഴായിരുന്നു. അന്നും ഇന്നും പലരും ചോദിച്ചിരുന്നു ഇതൊക്കെ അവന് പിന്നീട് ഓർമ കാണുമോ എന്ന്? എന്തൊക്കെയായാലും മോനുമൊത്തുള്ള വിമാന യാത്ര പ്രത്യേക അനുഭൂതി തന്നെയാണ്. അവന്റെ കൗതുകം നിറഞ്ഞ നോട്ടങ്ങളും കളിയും ചിരിയുമെല്ലാം ആസ്വദിച്ചുകൊണ്ടുള്ള ആകാശയാത്ര !!

ഷാലിമാർ ഗാർഡൻ 

ഏകദേശം മൂന്ന്-മൂന്നര മണിക്കൂറിൽ ഞങ്ങൾ ഡൽഹിയിലെത്തി. ഡൽഹിയിൽ ഞങ്ങൾ രണ്ടാം തവണയാണ് പോകുന്നതെങ്കിലും രാഷ്ട്രപതി മ്യൂസിയം, രാഷ്ട്രപതിഭവൻ എന്നീ സ്ഥലങ്ങൾ ഈ യാത്രയിലാണ് കവർ ചെയ്തത്. കൂടാതെ ഇന്ത്യാ ഗേറ്റ് വീണ്ടും സന്ദർശിക്കാനും സാധിച്ചു. ഡൽഹിയിലെത്തിയാൽ നമ്മുടെ ഇന്ത്യൻ ഭരണകൂടത്തിന്റെ ഒരു പ്രത്യേക ഫീൽ നമുക്കനുഭവിച്ചറിയാം. അന്ന് വൈകീട്ട് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു. ഡൽഹിയിൽനിന്ന് ഉദ്ദംപൂരിലേക്കൊരു ട്രെയിൻ യാത്ര. പുലർച്ചെ ഒരു അഞ്ച്-അഞ്ചര ആയപ്പോൾ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. നവംബറിലെ കാശ്മീർ തണുപ്പ് ഞങ്ങളിലേക്കരിച്ചിറങ്ങിത്തുടങ്ങി. അവിടെ ഞങ്ങളെ കാത്ത് തുടർയാത്രക്കുള്ള ബസും ഗൈഡുമാരും ഞങ്ങൾക്ക് രുചികരമായ ഭക്ഷണം തയാറാക്കി തരാൻ രണ്ടു പാചകക്കാരും. ഇനി നേരെ റൂമിലേക്ക് അല്ലേ എന്നുള്ള ഞങ്ങളുടെ ചോദ്യങ്ങൾക്ക് എപ്പോൾ എത്തും എന്ന് പ്രത്യേകിച്ച് ഒരു രൂപരേഖ പറയാനൊന്നും ആവില്ലെന്ന മറുപടിയാണ് കിട്ടിയത്. യാത്രയിൽ പ്രതീക്ഷിക്കാവുന്ന പ്രയാസങ്ങളെക്കുറിച്ച് ഗൈഡുമാരായ പ്രദീപേട്ടനും ഷാജിയേട്ടനും ലളിതമായി പറഞ്ഞു തന്നു. യാത്രാമധ്യേ ഒരു റെസ്റ്റാറന്റിൽ നിർത്തി പ്രഭാത ഭക്ഷണം കഴിച്ചു. ശേഷം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ടണലിലൂടെയുള്ള യാത്ര...

കാർഗിൽ യുദ്ധ സ്മാരകം 

ചായ പൊതുവേ അത്ര കുടിക്കാറില്ലെങ്കിലും ഇവിടെ എത്തിയപ്പോൾ എനിക്ക് ചൂടു ചായ മാത്രം മതി. ഒരു ഉറക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ ശ്രീനഗറിലെത്തിയിരുന്നു. നാട്ടിലെ പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകൾ അപ്പോഴേക്ക് കട്ടായിരുന്നു. പോസ്റ്റ് ചെയ്ഡ് മാത്രമേ പ്രവർത്തിക്കുകയുള്ളുവത്രെ...

ദാൽ തടാകത്തിന് സമീപത്തു കൂടിയുള്ള യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു. ഉച്ചയോടെ റൂമിലെത്തിയ ഞങ്ങൾ ചെറിയൊരു വിശ്രമത്തിന് ശേഷം ആദ്യം പോയത് ശ്രീനഗറിലുള്ള ശങ്കരാചാര്യ ക്ഷേത്രത്തിലേക്കാണ്. 1000 അടി ഉയരത്തിൽ അവിടെയും ശങ്കരാചാര്യർ ഒരു ക്ഷേത്രമുണ്ടാക്കിയെന്നതിൽ അത്ഭുതം തോന്നി. അവിടത്തെ കാഴ്ചകൾ കണ്ട് തീർന്നപ്പോഴെക്കും വൈകുന്നേരമായി. പിന്നെ നേരെ റൂമിലേക്ക്. ഭക്ഷണ കാര്യത്തിൽ ടെൻഷനടിക്കേണ്ടി വന്നിട്ടേയില്ല. സമയാസമയം അത് പ്രദീപേട്ടൻ അങ്ങ് ഏറ്റെടുത്തുകൊള്ളും. മൂപ്പരുള്ളതുകൊണ്ട് നോർത്ത് ഇന്ത്യൻ ഭക്ഷണ രീതികൾ വയറിന് പിടിക്കുമോ എന്ന ആശങ്കയേ ഇല്ലായിരുന്നു.

ഹസ്രത്ബാൽ മോസ്ക്

കാശ്മീരിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ നിശാത് ഗാർഡനിലേക്കാണ് പോയത്. കാശ്മീർ താഴ്‌വരയിലെ രണ്ടാമത്തെ വലിയ ഉദ്യാനമാണിത്. ധാൽ തടാകത്തിന്റെ കിഴക്ക് ഭാഗത്താണ് മനോഹരമായ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. അവിടുത്തെ പ്രകൃതി ഭംഗി കണ്ണിനെ കുളിരണിയിക്കുന്നതോടൊപ്പം കാശ്മീർ വേഷത്തിൽ ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹവും പൂവണിഞ്ഞു. അൽപ്പനേരത്തേക്ക് ഞങ്ങൾ കാശ്മീർ ദമ്പതികളായി മാറി. 1633-ൽ നൂർജഹാന്റെ ജ്യേഷ്ഠൻ അസഫ് ഖാനാണ് നിഷാത് ബാഗ് രൂപകല്പന ചെയ്തത്. നിഷാത് ബാഗിന്റെ മഹത്വവും സൗന്ദര്യവും കണ്ട ഷാജഹാൻ ചക്രവർത്തി ആശ്ചര്യപ്പെടുകയും ആസഫ് ഖാനോട് മൂന്ന് തവണ നന്ദി പ്രകടിപ്പിക്കുകയും ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു. ഇതാണ് ഈ ഗാർഡന്റെ ചരിത്രം.

കാർഗിൽ യുദ്ധ സ്മാരകം 

നിഷാത് ഗാർഡനിൽ നിന്ന് നേരെ പോയത് ഷാലിമാർ ഗാർഡനിലേക്കാണ്. 1616ൽ ജഹാംഗീർ ചക്രവർത്തി തന്റെ ഭാര്യ നൂർജഹാന് വേണ്ടിയാണത്രെ ഷാലിമാർ പണികഴിപ്പിച്ചത്. മനോഹരമായ മറ്റൊരു പൂന്തോട്ടമാണിത്. ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് കാശ്മീർ ആണെന്ന വിശേഷണം പോലെ അത്ര പ്രകൃതി ഭംഗിയും പുഷ്പ മനോഹാരിതയും നമുക്കിവിടെ ആസ്വദിക്കാം. ശ്രീനഗറിൽ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞതിനു ശേഷം നാലര മണിയോടെ നേരെ ദാൽ തടാകത്തിലേക്ക്. ഞങ്ങളുടെ ഹോട്ടൽ അതിനടുത്തായതിനാൽതന്നെ ദിവസവും പുറമെ നിന്ന് തടാക ഭംഗി ആസ്വദിക്കാറുണ്ട്. ദാൽ തടാകത്തിലൂടെ ഒരു ശിക്കാര റൈഡ് പോവാത്ത കാശ്മീർ ടൂറിസ്റ്റുകൾ ഉണ്ടാവില്ലെന്നുതന്നെ പറയാം. അതാണ് ഇവിടുത്തെ പ്രധാന ആകർഷണം. പക്ഷേ ഇവിടെ വില പേശലുകൾ നടത്തിയേ തീരൂ.. അല്ലെങ്കിൽ പറ്റിക്കപ്പെടാം. വിലപേശലുകൾക്കവസാനം ഒരു മണിക്കൂർ റൈഡിനായി ഞങ്ങളും ശിക്കാരയിലേക്ക് കയറി. കിടന്നുകൊണ്ട് തടാക ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ആ തണുപ്പും... നല്ലൊരനുഭവമായിരുന്നു.. എന്നാലും ഒരുമണിക്കൂർ ബോറാകുമോ എന്നൊരു തോന്നൽ മനസിൽ ഉദിച്ചു. 22 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ദാൽ തടാകത്തിലൂടെയാണ് ഈ മനോഹരയാത്ര. യാത്രയിലുടനീളം വിവിധ ശിക്കാര കളിലായി കുങ്കുമ പൂവും ഭക്ഷണപദാർത്ഥങ്ങളും കരകൗശല വസ്തുക്കളുമൊക്കെയായി കച്ചവടക്കാർ നമ്മളിലേക്കരികിലേക്കെത്തും.

തടാകത്തിലൂടെയുള്ള കച്ചവടം ഞാനാദ്യമായാണ് ആസ്വദിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ ദാൽ തടാകം മുഴുവൻ മഞ്ഞ് ആകുമെന്നും ആയതിനാൽ തന്നെ അവിടത്തെ കച്ചവടക്കാർക്ക് ആ സമയത്ത് തൊഴിലുണ്ടാകില്ലെന്നും അറിയാൻ സാധിച്ചു. അവർ ഞങ്ങളെ തടാകക്കരയിലെ വലിയ മാർക്കറ്റായ മീന ബസാറിലേക്കെത്തിച്ചു. അവിടെ വേണ്ടവർക്ക് ഇറങ്ങാം, സധനങ്ങൾ എടുക്കാം. ഞങ്ങൾ കാഴ്ചകൾ ആസ്വദിച്ചങ്ങനെ ഞങ്ങളുടെ ഫിനിഷിങ് പോയിന്റിലേക്കെത്തി. ദാൽ തടാകത്തിനകത്തെ പോലെ തന്നെ തടാകം ചുറ്റും വഴിയോര കച്ചവടങ്ങളുണ്ടായിരുന്നു. കാശ്മീരി കാവ, മൊമോസ് എന്നിവയാണ് ഞാനവിടെ കൂടുതലായി കണ്ടത്. പിറ്റേ ദിവസത്തേക്കായി ഗ്ലൗവ്, സോക്സ്‌ എന്നിവയാണ് ഞങ്ങളവിടെ നിന്ന് വാങ്ങിയത്. അന്നത്തെ ദിവസം തീർന്നു പോയല്ലോ എന്ന നിരാശ തോന്നിയെങ്കിലും പിറ്റേ ദിവസത്തെ കാഴ്ചയുടെ ലോകം സ്വപ്നം കണ്ടുകൊണ്ട് മയങ്ങി.

ശ്രീനഗറിലെ ഹസ്രത്ത് ബാൽ ദേവാലയമായിരുന്നു സന്ദർശിച്ച മറ്റൊരിടം. ഇതൊരു മുസ്ലിം ദേവാലയമാണ്. ബസിൽ നിന്നിറങ്ങിയപ്പോൾ തന്നെ ഞങ്ങളെ വരവേറ്റത് ഒരു പ്രാവിൻ കൂട്ടമായിരുന്നു. ഒരാൾ അവർക്ക് ഭക്ഷണം നൽകുന്നു, ഭക്ഷണം കൊടുക്കുന്ന ദിശയിലേക്ക് പ്രാവുകൾ കൂട്ടമായി പറക്കുന്നു. ഞങ്ങൾ പലർക്കും ഇത് കൗതുക കാഴ്ചയായിരുന്നു. ഇത്രയും പ്രാവുകളെ ഒരുമിച്ച് ഞാനാദ്യമായാണ് കാണുന്നത്. ഇനി ഈ ദേവാലയത്തെ പറ്റി പറയാം ...

പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ ചക്രവർത്തിയുടെ ഭരണകാലത്ത് മുഗൾ സുബേദാർ സാദിഖ് ഖാനാണ് ഈ ദേവാലയത്തിന്റെ ആദ്യ കെട്ടിടം നിർമിച്ചത്. സ്ത്രീകൾക്ക് പുറത്തു കൂടിയെ സന്ദർശിക്കാനാകൂ. പുരുഷൻമാർ തല മറച്ചു വേണം അകത്തേക്ക് കയറാൻ. ഹസ്രത്ബാൽ മോസ്ക്കിൽ നിന്ന് നേരെ പോയത് മഞ്ഞണിഞ്ഞു നിൽക്കുന്ന സോനാമർഗിലേക്കാണ്.

ഞങ്ങൾ അവിടെ പ്രധാനമായും കണ്ടത് ഹട്ടുകളും വിരലിലെണ്ണാവുന്ന ഹോട്ടലുകളുമാണ്. കേരളത്തിലെ വൻകിട ഹോട്ടലുകളോട് ഒരിക്കലും നമുക്കിവയെ താരതമ്യം ചെയ്യാനാകില്ല. കാശ്മീരിലെ 'സ്വർണ പുൽമേട്' എന്നാണ് സോനാമർഗ് അറിയപ്പെടുന്നത്. ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഞാൻ കാശ്മീരിൽ കണ്ട വലിയൊരു പ്രത്യേകത വഴിയിലെല്ലാം ഓരോ പോയിന്റുകളിലും സർവ സന്നാഹങ്ങളുമായി നിൽക്കുന്ന പട്ടാളക്കാരാണ്. ഈ ഒരു കാഴ്ച കാശ്മീരിലേ കാണാനാകൂ എന്നാണ് എനിക്ക് തോന്നുന്നത്. പറഞ്ഞു കേട്ടപ്പോൾ തന്നെ ത്രില്ലടിച്ച സ്ഥലത്തേക്കാണ് ഇനിയുള്ള യാത്ര. കാർഗിൽ യുദ്ധ സ്മാരകം കാണാനായി ദ്രാസിലേക്ക്.

ഇന്ത്യയും പാകിസ്താനും 1999ൽ കാർഗിലിൽ നടന്ന യുദ്ധത്തിന്റെ ഓർമക്കായി പണി കഴിപ്പിച്ചതാണ് കാർഗിൽ വാർ മെമ്മോറിയൽ. പാകിസ്താൻ സൈന്യം നിയന്ത്രണ രേഖ മറികടന്ന് ലഡാക്, കാർഗിൽ എന്നിവയെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യൻ സൈന്യം നടത്തിയ പോരാട്ട വിജയത്തിന്റെ ഓർമ നിലനിൽക്കുന്ന ഇടം. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ കൊത്തിവെച്ച സ്മാരക ഫലകങ്ങൾ ഇവിടെ കാണാം. കാർഗിൽ യുദ്ധത്തെ കുറിച്ചുള്ള ഒരു വീഡിയോ പ്രസന്റേഷനും സൈന്യം ഒരുക്കിയിരുന്നു. അന്നുപയോഗിച്ചിരുന്ന യുദ്ധോപകരണങ്ങളും പടക്കോപ്പുകളും കണ്ടപ്പോൾ പട്ടാളക്കാരോടുള്ള ആദരവ് കൊണ്ട് ഹൃദയം തുളുമ്പി. ഇവിടെ നിന്നും തിരിച്ചു വരുന്ന വഴി സോജില വാർ മെമോറിയൽ സന്ദർശിച്ച ശേഷം റൂമിലേക്ക് മടക്കം.

തൊട്ടടുത്ത ദിവസം ഞങ്ങളുടെ യാത്ര ഗുൽ മർഗിലേക്കായിരുന്നു. യാത്ര അവസാനിക്കുന്നതിന്റെ ചെറിയൊരു സങ്കടമുണ്ടായിരുന്നെങ്കിലും ഈ യാത്രയിലൂടെ അനുഭവിച്ചറിയാൻ കഴിഞ്ഞ നല്ല നിമിഷങ്ങളോർത്ത് സമാധാനിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് ഗുൽമർഗ് അഥവാ പൂക്കളുടെ നാട്. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നാണ് ഗുൽമർഗ്. സമുദ്ര നിരപ്പിൽ നിന്ന് 2690 മീറ്റർ ഉയരത്തിലുള്ള ഇവിടേക്കാണ് ഏഷ്യയിലെ ഏക കേബിൾ കാർ സംവിധാനമുള്ളത്. ഫസ്റ്റ് ഫേസ്, സെക്കന്റ് ഫേസ് കേബിൾ കാർ ടിക്കറ്റുകൾ ഓൺലൈനായി നേരത്തെ തന്നെ ഞങ്ങൾ ബുക്ക് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന കേബിൾ കാറിൽ കയറി ഞങ്ങൾ മുകളിലെത്തി. തണുപ്പ് വളരെയെറേയുള്ള പ്രദേശമായതിനാൽ പോകുംവഴി അതിനായുള്ള വസ്ത്രങ്ങൾ ഞങ്ങൾ വാടകക്ക് എടുത്തിരുന്നു. തണുത്തുറഞ്ഞ് മഞ്ഞു പുതച്ച് തൂവെള്ള നിറത്തിലുള്ള പർവ്വത നിരകളാണിവിടത്തെ പ്രധാന കാഴ്ച. വെളിച്ചം വരുമ്പോൾ തിളങ്ങുന്ന പർവത നിരകൾ രസകരമായ കാഴ്ചയായിരുന്നു. ഇവയൊക്കെ ഇത്രയടുത്ത് ഇങ്ങനെ കാണാനായതിന്റെ എല്ലാ സന്തോഷവും ത്രില്ലും തോന്നിയെങ്കിലും യാത്രയ്ക്ക് മുന്നേ ഗൈഡ് പറഞ്ഞ കാര്യം മനസിലേക്കെത്തി. മുകളിൽ എപ്പോൾ വേണമെങ്കിലും കാലാവസ്ഥാ വ്യതിയാനം വരാം, അതിനാൽ മഞ്ഞു പെയ്താൽ എത്രയും പെട്ടെന്ന് താഴേക്ക് തിരിക്കണമെന്ന്...

കുറച്ചു നേരം തണുപ്പാസ്വദിച്ച് കയറുമ്പോഴതാ ശക്തമായ മഞ്ഞുവീഴ്ച ! പിന്നെ വൈകിയില്ല, ഉടനെ താഴേക്ക് തിരിച്ചു. അങ്ങനെ ഞങ്ങൾ താഴെയെത്തി. കാശ്മീരിലെ എല്ലാ കാഴ്ചകളും കാണാൻ കഴിഞ്ഞ ആത്മനിർവൃതിയോടെ പിറ്റേ ദിവസം ഞങ്ങൾ യാത്ര അവസാനിപ്പിച്ചു മടങ്ങി.

ഒരു യാത്രകൊണ്ട് നമുക്കനുഭവിക്കാൻ കഴിയുന്നത് ഒരു പിടി നല്ല സൗഹൃദങ്ങളും നയനാനന്ദകരമായ കാഴ്ചകളും ഓർമകളും തിരിച്ചറിവുകളുമാണല്ലേ... കാശ്മീരിൽ മഞ്ഞുവീഴ്ച്ചയും മഴയും കനക്കാൻ തുടങ്ങി. കൂടാതെ മലയിടിഞ്ഞു. തിരിച്ചുള്ള യാത്രയിൽ നാലര അഞ്ചു മണിക്കൂറോളം റോഡ് അടച്ചത് കാരണം വഴിയിൽ കുടുങ്ങി. വാഷ് റൂം ഇല്ലാതെ കഷ്ടപ്പെട്ട് പോയ നിമിഷങ്ങൾ ...പുരുഷ പ്രജകളേ.. നിങ്ങളെത്ര ഭാഗ്യവാൻമാർ !! എന്ന് തോന്നി പോയി.

ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ റോഡരികിൽ ഷീറ്റുകൊണ്ട് മറച്ച ഒരു ഒഴിഞ്ഞ മുറി കണ്ടെത്തിയതോടെ പിന്നൊന്നും നോക്കിയില്ല. ഞാനും യാത്രയിലെ കൂട്ടുകാരികളായ അഞ്ചുഷയും ചന്ദനയും ജിഷേച്ചിയും അതി സാഹസികമായി 'കാര്യസാധ്യം' നടത്തി.. വലിയ വാഹനങ്ങൾ മുന്നോട്ട് കടത്തിവിടാനാവില്ലെന്ന പൊലീസ് അറിയിപ്പ് വന്നതോടെ ഞങ്ങളുടെ തുടർ യാത്ര ബസിൽ നിന്ന് സുമോയിലേക്ക് മാറ്റേണ്ടിവന്നു. വഴി നീളെ ബ്ലോക്കിൽ കുടുങ്ങിയും വഴി തിരിച്ചു വിട്ടും യാത്ര തുടരേണ്ടി വന്നതോടെ റെയിൽവേ സ്റ്റേഷനിൽ കൃത്യസമയത്തെത്തി ട്രെയിൻ കിട്ടുമോ എന്ന് ചങ്കിടിപ്പു തോന്നിയ നിമിഷങ്ങളായിരുന്നു പിന്നീട്. എന്നാൽ ട്രെയിനെത്തുന്നതിന് 20 മിനുട്ട് മുന്നേ റയിൽവേ സ്റ്റേഷനിലെത്തി ഡൽഹിയിലേക്ക് തിരിച്ചു. ഷോപ്പിങ്ങും വിശ്രമവുമായി പകൽ ചെലവഴിച്ചു. രാത്രിയോടെ ആകാശമാർഗം തിരിച്ച് നാട്ടിലേക്ക് വരുമ്പോൾ അടുത്ത യാത്ര എങ്ങോട്ട് സംഘടിപ്പിക്കുമെന്ന ചിന്തയായിരുന്നു മനസു നിറയെ.. ഓർത്തു ചിരിക്കാനും മനസിൽ താലോലിക്കാനും ധാരാളം രസകരമായ നിമിഷങ്ങളാണ് ഈ കാശ്മീർയാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്.

Tags:    
News Summary - Travalogue: Kashmir Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.