സിങ്കപ്പൂരിൽ വന്ന നാൾ മുതൽ പുലാവുബീൻ ദ്വീപിൻെറ വിശേഷങ്ങൾ എന്നെ അത്രയേറെ മോഹിപ്പിച്ചിരുന്നു. അടുത്തിടെയാണ് അങ്ങോട്ടേക്ക് യാത്ര തരപ്പെട്ടത്. ഇങ്ങനെയൊരു ദ്വീപിലേക്ക് പോകുന്നെന്ന് പറഞ്ഞപ്പോൾ സഹയാത്രികനായി കൂടെ ജോലിചെയ്യുന്ന ജെറിനും കൂടി. ജെറിൻ തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശിയാണെങ്കിലും നന്നായി മലയാളം സംസാരിക്കും.
രാവിലെ എട്ടു മണിയോടെ ഞങ്ങൾ ബസിൽ യാത്ര പുറപ്പെട്ടു. താനമേറ ബോട്ട് ജെട്ടിയാണ് ലക്ഷ്യസ്ഥാനം. അൽപ്പസമയത്തിനകം ബസ് ഞങ്ങളെ അവിടെയെത്തിച്ചു. ചെറിയൊരു ബോട്ട് ജെട്ടിയാണെങ്കിലും കുറെയധികം ബോട്ടുകൾ നങ്കൂരമിട്ട് കിടക്കുന്നുണ്ട്. പുലാവുബീൻ പോകാനുള്ള ടിക്കറ്റിനായി കൗണ്ടറിലെത്തി. ഓഫിസ് തുറന്നിട്ടില്ലാത്തതിനാൽ തൊട്ടടുത്തുള്ള കസേരകളിൽ ഇരിപ്പുറപ്പിച്ചു.
ഏറെ താമസിയാതെ ടിക്കറ്റ് കൗണ്ടർ തുറന്നു. എന്നാൽ, ബോട്ടിനുള്ളിലാണ് പണം നൽകി ടിക്കറ്റ് എടുക്കേണ്ടതെന്നായിരുന്നു കൗണ്ടറിൽനിന്നും കിട്ടിയ മറുപടി. സമയം കളയാതെ ബോട്ട് ലക്ഷ്യമാക്കി നടന്നു. ജീവനക്കാർ പണം കൈപറ്റി ടിക്കറ്റ് നൽകി. ഒരാൾക്ക് മൂന്ന് ഡോളറാണ് നിരക്ക്. വളരെ ചെറിയ ബോട്ടാണ്.
പരമാവധി 12 പേർക്ക് യാത്ര ചെയ്യാം. സിങ്കപ്പൂരിൻെറ മെയിൻലാൻഡിൽനിന്നും ബോട്ട് നീങ്ങിത്തുടങ്ങി. 15 മിനിറ്റ് സഞ്ചരിച്ചപ്പോഴേക്കും പുലാവുബീൻ ദ്വീപിലെത്തി. ബോട്ടിൽനിന്നിറങ്ങി കരയിലേക്ക് നടന്നു. ഏകദേശം അഞ്ചുമിനിറ്റ് നടന്ന് എത്തിച്ചേർന്നത് ദ്വീപിൻെറ പ്രധാനഭാഗത്തേക്കാണ്. വെൽക്കം ടു പുലാവുബീൻ എന്ന ബോർഡ് കണ്ടപ്പോഴേ ഞങ്ങൾ ഫോട്ടോ പിടുത്തം ആരംഭിച്ചു.
പ്രകൃതി സ്നേഹികളുടെ സ്വർഗം
സിങ്കപ്പൂരിൻെറ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ദ്വീപാണ് പുലാവുബീൻ. പ്രകൃതിസ്നേഹികൾക്ക് നഗരത്തിൻെറ തിരക്കിൽനിന്നും മോചനംനേടി ശാന്തസുന്ദരമായ പ്രകൃതിയുമായി ഇഴുകിച്ചേർന്ന് ഹരിതാഭയും പച്ചപ്പും ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് ഈ മനോഹരമായ ദ്വീപ്. ഇന്തോനേഷ്യയിലെ ബത്താം എന്ന ദ്വീപിലേക്കാണ് സിങ്കപ്പൂരിൽനിന്നുള്ള യാത്രികരുടെ ഒഴുക്ക്. അതുകൊണ്ടുതന്നെ പുലാവുബീനിലേക്ക് വളരെക്കുറച്ച് ആളുകൾ മാത്രമേ യാത്ര ചെയ്യാറുള്ളൂ.
ദ്വീപിൽ താമസസൗകര്യം ലഭ്യമല്ല. അതിനാൽ ഒരു ദിവസത്തെ യാത്രക്കൊരുങ്ങിയാണ് ഞങ്ങൾ വന്നത്. നൂറിൽ താഴെയാണ് ദ്വീപിലെ ജനസംഖ്യ. ദ്വീപിലെങ്ങും രാവിലെ ശക്തിയായ മഴ പെയ്തതിൻെറ ലക്ഷണമുണ്ട്. ഏതായാലും മഴ ശമിച്ചു. പക്ഷേ, ആകാശം മേഘാവൃതമാണ്. സമയം കളയാതെ ഞങ്ങൾ നടന്നു.
ദ്വീപിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഒരു ചെറിയ കെട്ടിടമാണ്. ദ്വീപിൻെറ ചരിത്രവും ദ്വീപിലെ വഴികളുടെ റൂട്ട് മാപ്പുകളുമാണ് അവിടെയുള്ളത്. ദ്വീപിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു സൈക്കിൾ വാടകക്ക് എടുക്കുക എന്നതാണ്. സൈക്കിൾ ചവിട്ടി പുലാവുബീൻ എന്ന സുന്ദരദ്വീപ് കാണുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ ഇവിടെനിന്ന് വാനും ടാക്സിയുമെല്ലാം ലഭിക്കും.
ഞാനും ജെറിനും ആദ്യം കണ്ട സൈക്കിൾ ഷോപ്പിൽ കയറി. ഓരോ സൈക്കിൾ വീതം എടുത്തു. അവ ഉപയോഗിക്കുന്നതിനു മുമ്പ് മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. അഞ്ച് ഡോളറാണ് ഒരുദിവസത്തേക്കുള്ള വാടക. അങ്ങനെ ഞങ്ങൾ ദ്വീപ് യാത്ര ആരംഭിച്ചു.
രാവിലെ മഴ പെയ്തതിനാൽ അന്തരീക്ഷം മൂടിക്കെട്ടിയാണ് നിൽക്കുന്നത്. സൈക്കിൾ ഷോപ്പിൽനിന്നും ദ്വീപിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ഞങ്ങൾ ചെന്നെത്തിയത് ഒരു സുന്ദരപാതയിലേക്കാണ്. ആളുകളോ മറ്റുബഹളങ്ങളോ ഒന്നുമില്ലാത്ത സ്വച്ഛസുന്ദരമായ പ്രകൃതിയാണ് ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. കുറച്ചുനേരം ഞാനും ജെറിനും പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ട് സൈക്കിൾ സവാരി തുടർന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളുണ്ടെങ്കിലും വളരെ ആസ്വാദകരമായിരുന്നു ആ യാത്ര.
ഒടുവിൽ സെൻസറി ട്രയൽ എന്നൊരു ബോർഡ് കണ്ടു. ഞങ്ങൾ സൈക്കിളിൽ നിന്നിറങ്ങി. നമ്മുടെ കുട്ടനാടുപോലെ മനോഹരമായ ഒരു പ്രദേശം. നിറയെ തെങ്ങുകളാണവിടെ. കേരളത്തിലെത്തിയതുപോലെ. മനസ്സിനെ പെട്ടെന്ന് അവിടെനിന്ന് പറിച്ചെടുത്ത് സിങ്കപ്പൂരിലേക്ക് തന്നെ കൊണ്ടുവന്നു.
റംബുട്ടാനും ഡൂറിയാനും
സൈക്കിൾ സവാരി തുടരുന്നതിനിടെയാണ് ജെറിൻ ആ കാഴ്ച കാണുന്നത്. റോഡിൻെറ ഇരുവശവശവും വനനിബിഢമായതിനാൽ പെട്ടെന്നാരും അത് ശ്രദ്ധിക്കില്ല. അവിടെയുള്ള ചില വൃക്ഷങ്ങൾ റംബൂട്ടാനാണ്. മറ്റു ചിലത് പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന ഡൂറിയാനും. സീസൺ ആയതിനാൽ മരത്തിൽ മുഴുവൻ റംബൂട്ടാൻ പഴങ്ങളുണ്ട്.
സൈക്കിൾ സൈഡാക്കി ഞങ്ങൾ റംബൂട്ടാൻ മരത്തിൻെറ ചുവട്ടിലെത്തി. ഇങ്ങനെയൊരു കാഴ്ച ആദ്യം! ആകെ റംബൂട്ടാൻ കണ്ടിട്ടുള്ളത് മാർക്കറ്റിലാണ്. ഇത് മരത്തിൽ കിടക്കുന്നു. ഒരു പ്രത്യേക കൗതുകം. മരത്തിൽ കയറുകയെന്നത് ദുഷ്കരമാണ്. നാട്ടിലായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ഇത് സിങ്കപ്പൂരാണ്. ഏതായാലൂം റംബൂട്ടാൻ ഞങ്ങളെ വിഷമിപ്പിച്ചില്ല. പഴുത്ത റംബൂട്ടാനുകൾ നിലത്തു പൊഴിഞ്ഞു കിടപ്പുണ്ട്. ഞാനും ജെറിനും അവയെല്ലാം പെറുക്കിയെടുത്ത് വയറ് നിറച്ചു.
വനത്തിൻെറ അകത്തേക്ക് പ്രവേശിച്ചാൽ നിറയെ ഡൂറിയാൻ മരങ്ങളാണ്. അതിന് താഴെ പൊഴിഞ്ഞുകിടന്ന പഴങ്ങളെല്ലാം നേരത്തെയെത്തിയ സഞ്ചാരികൾ ബാഗിലാക്കി കഴിഞ്ഞിരുന്നു. ഞങ്ങൾ വീണ്ടും സൈക്കിളിൽ കയറി. യാത്രക്കിടയിൽ പലയിടങ്ങളിലും റംബൂട്ടാൻ കൃഷി ചെയ്തിരിക്കുന്നത് കാണാനിടയായി. ഇവിടെ നിന്നുമാണ് റംബൂട്ടാൻ, ഡൂറിയാൻ മുതലായ പഴങ്ങൾ സിങ്കപ്പൂരിൻെറ മെയിൻ ലാൻഡിലേക്ക് വിൽപ്പനക്കെത്തുന്നത്.
ഏകദേശം മൂന്നുമണിക്കൂർ നീണ്ട സൈക്കിൾ സവാരിക്കൊടുവിൽ ഞങ്ങൾ എത്തിച്ചേർന്നത് പുലാവുബീനിലെ മനോഹരമായ ചെക്ക് ജാവാ വെറ്റ് ലാൻഡ്‌സ് എന്ന പ്രദേശത്തേക്കാണ്. ദ്വീപിൻെറ കിഴക്കെ അറ്റത്താണ് ഈ സ്ഥലം.
ഏകദേശം 100 ഹെക്ടർ വിസ്തൃതിയുള്ള ചെക്ക് ജാവ സവിശേഷ പ്രകൃതിദത്ത പ്രദേശമാണ്. ഇവിടെ ആറ് പ്രധാന ആവാസവ്യവസ്ഥകളുണ്ട്. മണൽ ബീച്ച്, റോക്കി ബീച്ച്, സീഗ്രാസ് ലഗൂൺ, പവിഴ അവശിഷ്ടങ്ങൾ, കണ്ടൽക്കാടുകൾ, തീരദേശ വനം എന്നിങ്ങനെയുള്ള മനോഹരമായ കാഴ്ചകളാൽ സമ്പുഷ്ടമാണിവിടം.
ചെക്ക് ജാവ വെറ്റ് ലാൻഡ് പ്രദേശം എത്തിയതോടെ ഭൂപ്രകൃതി മാറിത്തുടങ്ങി. വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷം ഉടലെടുത്തു. വനത്തിലൂടെയുള്ള മൺപാതകൾ പിന്നിട്ട് ഞങ്ങൾ എത്തിച്ചേർന്നത് ഒരു കെട്ടിടത്തിന് സമീപത്തേക്കാണ്. ഓടിട്ട പൗരാണികമായ ആ കെട്ടിടം ആരെയും ആകർഷിപ്പിക്കും.
കെട്ടിടത്തിലേക്ക് കയറുന്നതിനു മുമ്പ് അവിടത്തെ കടൽ കാഴ്ച ആസ്വദിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സൈക്കിൾ കെട്ടിടത്തിന് അരികിൽ ഒതുക്കിയിട്ട് നടക്കാൻ തുടങ്ങി. പടവുകൾ ഇറങ്ങി എത്തിയത് കടലിലേക്ക് നീണ്ടുനിവർന്ന് കിടക്കുന്ന പാലത്തിലേക്കാണ്.
കടൽ പാലത്തിന് അങ്ങിങ്ങായി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. അങ്ങേയറ്റം വരെ നടക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ദൂരെനിന്ന് നോക്കുമ്പോൾ അങ്ങേയറ്റത്തായി ആരോ കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. കടൽ പാലത്തിലെ ഇരിപ്പിടത്തിൽ മേൽവസ്ത്രമെല്ലാം ഊരി മാനത്തേക്ക് നോക്കികിടക്കുന്ന ഏതോ ഒരു സായിപ്പ് ആയിരുന്നുവത്. വെയിൽ കായുകയായിരുന്ന സായിപ്പ് ഞങ്ങളുടെ ശബ്ദം കേട്ട് ചാടിയെണീറ്റു.
മേൽവസ്ത്രം അണിഞ്ഞശേഷം ഞങ്ങളെ രൂക്ഷമായി ഒന്നു നോക്കിയിട്ട് സായിപ്പ് കടൽ പാലത്തിലൂടെ നടന്നകന്നു. ഞങ്ങളുടെ വരവ് സായിപ്പിന് പിടിച്ചിട്ടില്ല എന്ന് സാരം. ഇപ്പോൾ ഞങ്ങളെ കൂടാതെ വേറെ ആരും തന്നെ അവിടെയില്ല. കടൽപ്പാലത്തിൽ നിന്നാൽ മെയിൻലാൻഡിൽ വിമാനങ്ങൾ പൊങ്ങുന്നതും ലാൻഡ് ചെയ്യാൻ താഴുന്നതും കാണാം. സിങ്കപ്പൂർ എയർലൈൻസ്, എയർ ഫ്രാൻസ്, എമിറേറ്റ്സ് എന്നിങ്ങനെയുള്ള ഫ്ലൈറ്റുകൾ പൊങ്ങുന്നതും താഴുന്നതും വ്യക്തമായി ഞങ്ങൾ കണ്ടു.
മന്ദമാരുതൻെറ ഇളംതെന്നലേറ്റ് പ്രകൃതി സൗന്ദര്യം ആവോളം നുകർന്നുകൊണ്ട് ഞങ്ങൾ കുറെനേരം അവിടെ ചെലവഴിച്ചു. പിന്നെ കടൽ പാലത്തിലൂടെ തിരികെ നടന്നു. പടവുകൾ കയറി പൗരാണികമായ കെട്ടിടത്തിന് മുമ്പിലെത്തി.
അതിനുള്ളിലേക്ക് പ്രവേശിച്ചു. പുലാവുബീൻ ദ്വീപിൻെറ ചരിത്രവും ചെക്ക് ജാവ വെറ്റ്ലാൻഡിലെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള നിരവധി ലഘുരേഖകളും കെട്ടിടത്തിനുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കണ്ടൽക്കാടുകൾക്കിടയിൽ
വീണ്ടും സൈക്കിൾ സവാരി തുടർന്നു. കുറച്ചുനേരത്തെ യാത്രക്കുശേഷം എത്തിച്ചേർന്നത് പുലാവുബീനിലെ അതിമനോഹരമായ കണ്ടൽക്കാട് പ്രദേശത്തേക്കാണ്. ചില ചുവർചിത്രങ്ങളിലെ മനോഹരമായ പെയിൻറിങ് പോലെ സുന്ദരമാണിവിടം.
മലയാളം, തമിഴ് ഗാനരംഗങ്ങൾക്ക് സെറ്റിട്ടതുപോലെയുള്ള മനോഹരമായ ഈ സ്ഥലം ഞങ്ങളെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ തടികൊണ്ടുള്ള നടപ്പാത ഒരുക്കിയിട്ടുണ്ട്. അതിൻെറ ഇരുവശങ്ങളിലുമായി മരത്തിൻറെ ചില്ലകൾ കെട്ടിപ്പിണഞ്ഞ് നിൽക്കുന്നു. എങ്ങും മനംമയക്കുന്ന പച്ചപ്പ് മാത്രം. ഞങ്ങളെ കൂടാതെ അവിടെ ആരും തന്നെയില്ല. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷം.
കുറച്ചുകൂടി മുന്നോട്ടുനടന്നതോടെ വീണ്ടും കടൽ ദൃശ്യമായി തുടങ്ങി. അവിടെ നിന്നുകൊണ്ട് കടൽ കാഴ്ച ആസ്വദിക്കുന്നതിനേക്കാൾ പിന്നിട്ടുവന്ന വഴികളിലെ നയനസുന്ദരമായ കാഴ്ചകൾ ഞങ്ങളെ മാടിവിളിച്ചു. കുറച്ചുസമയം കൂടി കണ്ടൽക്കാടിൻെറ പ്രദേശത്തുകൂടി നടന്നുകൊണ്ട് പ്രകൃതിയെ പ്രണയിച്ചു.
ആ നിറകാഴ്ചകൾ കണ്ടുനടന്ന് സമയം പോയതറിഞ്ഞില്ല. അപ്പോഴേക്കും വിശപ്പ് മുറവിളികൂട്ടി തുടങ്ങിയിരുന്നു. ലഘുഭക്ഷണം കൈയിൽ കരുതിയിട്ടുണ്ട്. അടുത്ത് കണ്ട ഒരു ഇരിപ്പിടത്തിലിരുന്ന് അത് അകത്താക്കി. ഇതിനിടെ ചാറ്റൽമഴ ചാറി തുടങ്ങിയിരുന്നു. ഭക്ഷണത്തിനുശേഷം കുറച്ചുസമയം ഞങ്ങൾ അവിടെ വിശ്രമിച്ചു.
ഇനി ലക്ഷ്യം പുലാവുബീനിലെ ഏറെ ആകർഷകമായ ജെജാവി ടവർ കാണലാണ്. ചെക്ക് ജാവ വെറ്റ് ലാൻഡിലാണ് 20 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജെജാവി ടവർ. സമൃദ്ധമായ വനങ്ങളുടെ കട്ടിയുള്ള മേലാപ്പിൽ പക്ഷികളുടെ ചിരി, കുരങ്ങന്മാരുടെ ശബ്ദകോലാഹലങ്ങൾ, ഉഷ്ണമേഖലാ വനത്തിൻെറയും താഴെയുള്ള സമുദ്രത്തിൻെറയും ആശ്വാസകരമായ കാഴ്ച എന്നിവയാണ് ഈ സ്ഥലത്തെ പ്രകൃതിസ്‌നേഹികൾക്ക് വിരുന്നൊരുക്കുന്നത്.
കിംഗ്‌ഫിഷർ പോലുള്ള ഗാംഭീര്യമുള്ള പക്ഷികളെയും വെളുത്ത വയറുള്ള അപൂർവ കഴുകന്മാരെയും കൂടാതെ പാരാകീറ്റുകൾ, ഹെറോണുകൾ, മറ്റ് പക്ഷികൾ എന്നിവയെയും ജെജാവി ടവറിൽനിന്ന് കാണാനാകും. ഈ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഇവിടെ എത്തുന്ന ഓരോ സഞ്ചാരിയിലും ആശ്ചര്യം ഉളവാക്കും.
കൂടാതെ അടുത്തുള്ള ചാംഗി വിമാനത്താവളത്തിൽ നിന്ന് ഇറങ്ങാനോ പുറപ്പെടാനോ ഒരുങ്ങുന്ന വിമാനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യാം. പ്രദേശത്തിൻെറ നിശ്ചലതയും താഴെയുള്ള കണ്ടൽക്കാടുകളും ചാംഗി സെയിലിംഗ് ക്ലബിന് സമീപം ചക്രവാളത്തിന് കുറുകെ കുരുമുളകുകളുള്ള യാർഡുകളുടെ മനോഹരമായ കാഴ്ചയും ആരുടെ ഹൃദയവും കീഴടക്കും.
ഏഴ് നിലകളുള്ള ഈ കെട്ടിടത്തിൻെറ നിർമാണം 2007ലാണ് പൂർത്തിയായത്. അന്നുമുതൽ ജെജാവി ടവർ ഒരു നിരീക്ഷണ കേന്ദ്രമായി പ്രവർത്തിക്കുന്നു. തണ്ണീർത്തടങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ തക്കവണ്ണം അലൂമിനിയം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ജെജാവി ടവറിന് ഈ പേര് ലഭിച്ചത് മലയൻ ബനിയൻ മരത്തിൽ നിന്നാണ്. ഒരു സമയം പരമാവധി 20 പേരെ ടവറിൽ കയറാൻ അനുവദിക്കും. മുകളിൽ എത്തിക്കഴിഞ്ഞാൽ ഓരോ ചെറിയ ചലനത്തിൻെറയും സ്പന്ദനങ്ങൾ നമുക്ക് അനുഭവപ്പെടും.
ടവറിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. പോകുന്ന വഴി പുലാവുബീനിലെ ദ്വീപ് നിവാസികളുടെ ഭവനം സന്ദർശിച്ചു. ചെറുതെങ്കിലും മനോഹരമായ വീടുകൾ. അടുക്കും ചിട്ടയുമുള്ള ക്രമീകരണങ്ങൾ. ചെറുപുഞ്ചിരിയോടെ ആതിഥ്യമര്യാദയുള്ള ഗ്രാമവാസികളുടെ കൂടെ ഞങ്ങൾ കുറച്ചുസമയം ചെലവഴിച്ചു. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവത്.
വാടകക്കെടുത്ത സൈക്കിൾ കടയിൽ തിരികെ നൽകി ഞങ്ങൾ ബോട്ട്ജെട്ടി ലക്ഷ്യമാക്കി നടന്നു. ജെട്ടിയിൽ കുറെ ബോട്ടുകൾ നങ്കൂരമിട്ട് കിടപ്പുണ്ട്. നിശ്ചിത ആളുകൾ എത്തിയശേഷം മാത്രമേ ബോട്ടിലേക്ക് പ്രവേശനം സാധ്യമാകൂ. കുറച്ച് സമയത്തെ കാത്തിരിപ്പിനൊടുവിൽ ആളുകൾ എത്തിത്തുടങ്ങി.
വരുന്ന ആളുകളുടെ ബാഗുകൾ പരിശോധിച്ച ശേഷം മാത്രമേ കയറ്റിവിടുകയുള്ളൂ. ബോട്ടിലേക്ക് കയറാൻ തിടുക്കം കൂട്ടിയ ചൈനീസ് ടൂറിസ്റ്റുകളുടെ ബാഗിൽനിന്നും റംബൂട്ടാനും ഡൂറിയാനുമെല്ലാം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
അങ്ങനെ അവിസ്മരണീയമായ ഓർമകൾ സമ്മാനിച്ച പുലാവുബീനിൻെറ മണ്ണിനോട് ഞങ്ങൾ വിടപറയുകയാണ്. 15 മിനിറ്റ് ബോട്ട് യാത്രക്കുശേഷം സിംഗപ്പൂർ മെയിൻ ലാൻഡിൽ എത്തിച്ചേർന്നു. ബോട്ടിൽനിന്ന് വെളിയിലേക്ക് ഇറങ്ങുമ്പോൾ ഉദ്യോഗസ്ഥന്മാരുടെ ബാഗ് പരിശോധന തുടർന്നു.
കിട്ടിയ റംബൂട്ടാനെല്ലാം തിരികെ കൊണ്ടുവരാതെ അവിടെവെച്ച് തന്നെ അകത്താക്കിയത് ഭാഗ്യം. സമയം ഏകദേശം മൂന്നു മണി പിന്നിട്ടിരുന്നു. വീട്ടിലെത്താൻ ഇനിയും ബസ് യാത്ര തുടരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണം ബോട്ട് ജെട്ടിക്ക് സമീപത്തെ റെസ്റ്റൊറൻറിൽ നിന്നാക്കി. ഭക്ഷണത്തിന് ശേഷം വീണ്ടും ബസ് യാത്ര.
ബസിൽ ഇരിക്കുമ്പോൾ ഇന്നത്തെ അവിസ്മരണീയമായ യാത്രയുടെ ഓർമകളിലേക്ക് ഞാൻ ചേക്കേറി. സ്വച്ഛസുന്ദരമായ പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള മനോഹരമായ യാത്ര. വലിയ ആനന്ദവും അനുഭവങ്ങളുമാണ് ഈ യാത്ര പകർന്നുനൽകിയത്. പുലാവുബീൻ നൽകിയ മധുരമുള്ള ഓർമകളുമായി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.