മഹാരാഷ്ട്രയിലെ കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ പിന്നിട്ട് വർദക്ക് സമീപത്തെ സേവാഗ്രാമിൽ എത്തുേമ്പാൾ സമയം അഞ്ച് മണിയായിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജി വർഷങ്ങൾ താമസിച്ച ആശ്രമത്തിന് മുന്നിലാണുള്ളത്. ചരിത്രപ്രധാന സ്ഥലമായിട്ടും അതിെൻറ ബഹളമോ തിരക്കോ കാര്യമായട്ടില്ല. ആശ്രമത്തിെൻറ പ്രധാന ഗേറ്റിലൂടെ അകത്തേക്ക് കയറി. സൂര്യോദയം മുതൽ വൈകുന്നേരത്തെ പ്രാർഥന വരെയാണ് പ്രവേശന സമയം.
കയറിച്ചെല്ലുേമ്പാൾ ആദ്യം തന്നെ വലത് ഭാഗത്തായി കാണുക ചെറിയ കടയാണ്. ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകവും വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ഇവിടെ ലഭിക്കും. മുന്നോട്ടുപോകുേമ്പാൾ ചെറിയ കുടിലുകൾ ദൃശ്യമായിത്തുടങ്ങി. ആദി നിവാസ് ആണ് ആദ്യം കണ്ണിലുടക്കുക. ഇവിടെയാണ് ആദ്യം ഗാന്ധിജി താമസിച്ചിരുന്നത്. അത് കഴിഞ്ഞാൽ പിന്നെ ബാ കുടി കാണാം. ഇവിടെയായിരുന്നു ഭാര്യ കസ്തൂർബ ഗാന്ധിയുടെ താമസം. ഇതിന് മുമ്പിലായി സർവമത പ്രാർഥന നടക്കുന്ന മൈതാനമുണ്ട്.
ഇവിടെവെച്ചായിരുന്നു എന്നും വൈകുന്നേരങ്ങളിൽ ഗാന്ധിജി ആളുകളുമായി സംസാരിച്ചിരുന്നത്. അതിന് മുമ്പിലൂടെ നടന്നാൽ ബാപു കുടിയുടെ മുന്നിലെത്തും. ഇതാണ് ഗാന്ധിജി ഏറെനാൾ താമസിച്ച വസതി. അകത്ത് അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
മണ്ണ് തേച്ച്, ഓട് മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് താമസിച്ചിരുന്നത്. ഒരുപാട് രാഷ്ട്രനേതാക്കാളുമായി ഇൗ കുടിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചരിത്രപരമായ ഒരുപാട് തീരുമാനങ്ങൾക്കും സാക്ഷിയായ കുടിലാണിത്. 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്മെൻറിെൻറ ആദ്യ യോഗം നടന്നത് സേവാഗ്രാമിലായിരുന്നു.
കുടിലിൽനിന്ന് ഇറങ്ങി വീണ്ടും നടക്കാനിറങ്ങി. വളരെ ശാന്തസുന്ദരമായ അന്തരീക്ഷം. എങ്ങും നിശ്ശബ്ദത മാത്രം. തണൽ വിരിച്ച് ധാരാളം മരങ്ങൾ ആശ്രമത്തിലുണ്ട്. കൂട്ടിന് നല്ല തണുപ്പും. പല മരങ്ങളും ഗാന്ധിജി നട്ടുവളർത്തിയവയാണ്. വഴിയിലുടനീളം ഗാന്ധിജിയുടെ വചനങ്ങൾ എഴുതിവെച്ച ബോർഡുകൾ കാണാം. സെക്രട്ടറിയേറ്റ് എന്ന കെട്ടിടത്തിലായിരുന്നു ഗാന്ധിജിയുടെ ഒാഫിസ്. ഒരുപാട് ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. കൂടാതെ ടെലഫോണും ടൈപ്പ് റൈറ്ററുമെല്ലാം ഇവർ ഉപയോഗിച്ചു.
ഗാന്ധിജിയുമായി കാര്യങ്ങൾ ചർച്ചചെയ്യാൻ ബ്രിട്ടീഷുകാരാണ് ഫോൺ നൽകിയത്. സ്ത്രീകൾക്ക് താമസിക്കാനുള്ള ഗൗരി ഭവൻ, ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ സുഹൃത്ത് ജൽഭായ് താമസിച്ച രുസ്തം ഭവൻ, ഗസ്റ്റ് ഹൗസ്, ഗാന്ധിജി സേവാഗ്രാമിലെ അവസാന നാളുകളിൽ താമസിച്ച ആഖ്രി നിവാസ് എന്നിവയെല്ലാം ആശ്രമത്തിലുണ്ട്. കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവിടെ സ്ഥിതി ചെയ്യുന്നു. സേവാഗ്രാമിൽ എത്തുന്നവർക്ക് രാത്രി താമസിക്കാനുള്ള സൗകര്യവും ലഭിക്കും.
എല്ലായിടത്തും കയറിയിറങ്ങി തിരിച്ച് പ്രാർഥന മൈതാനത്തിന് മുന്നിലെത്തി. ആറ് മണിക്കാണ് പ്രാർഥന തുടങ്ങുക. ഏതാനും സമയം കൂടിയുണ്ട്. സമീപത്ത് ആശ്രമത്തിെൻറ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന ബോർഡ് കാണാം. അതിലൂടെ ഒന്ന് കണ്ണോടിച്ച് വരാമെന്ന് കരുതി. 1936 മുതൽ 1948ൽ മരണം വരെ ഇതായിരുന്നു ഗാന്ധിജിയുടെ ആശ്രമം.
ഇദ്ദേഹത്തിെൻറ ശിഷ്യനായ വർധയിലെ സേത്ത് ജംനാലാൽ ബജാജ് 300 ഏക്കർ ഭൂമിയിലാണ് ആശ്രമം നിർമിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി 1930ൽ ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്ന് ഉപ്പ് സത്യാഗ്രഹത്തിനായി ദണ്ഡിയിലേക്ക് പദയാത്ര ആരംഭിച്ചപ്പോൾ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ സബർമതിയിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം തീരുമാനിച്ചു.
അതിനുശേഷം ഗാന്ധി രണ്ട് കൊല്ലത്തോളം തടവിൽ കഴിഞ്ഞു. ജയിലിൽനിന്ന് മോചിതനായ ശേഷം അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. തുടർന്ന് മധ്യഇന്ത്യയിൽ ഒരു ഗ്രാമം സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ജംനാലാൽ ബജാജ് ക്ഷണിച്ചതുപ്രകാരം 1934ൽ വാർധയിലെത്തിയ ഗാന്ധിജി അദ്ദേഹത്തിെൻറ ബംഗ്ലാവിൽ മഹിള ആശ്രമത്തിലെ പ്രാർഥന ക്ഷേത്രത്തിലെ മുറിയിൽ താമസിച്ചു.
1936 ഏപ്രിലിലാണ് നാഗ്പുരിൽനിന്ന് 75 കിലോമീറ്റർ അകലെ സേവാഗ്രാം സ്ഥാപിക്കുന്നത്. ഇവിടെ എത്തുേമ്പാൾ ഗാന്ധിജിക്ക് 67 വയസ്സായിരുന്നു. ഗാന്ധിജിയും ഭാര്യയും അനുയായികളും എല്ലാം ഇവിടെയാണ് കഴിഞ്ഞിരുന്നത്. 1946ൽ ഗാന്ധിജി ഇവിടെനിന്ന് ഡൽഹിയിലേക്ക് മടങ്ങി. പിന്നീട് തിരിച്ചുവരാൻ സാധിച്ചില്ല.
ചരിത്രം വായിച്ച് കഴിഞ്ഞപ്പോഴേക്കും പ്രാർഥനക്ക് സമയമായി. ആശ്രമത്തിലെ ജീവനക്കാരടക്കം കഷ്ടിച്ച് 20 പേരെയുള്ളൂ പ്രാർഥനക്ക്. ഞങ്ങളെ കൂടാതെ ഒരു ഇംഗ്ലീഷ് പൗരനുമുണ്ട് അവിടെ. 20 മിനുറ്റ് നീളുന്ന സർവമത പ്രാർഥനയാണ്. നിലത്ത് പായവിരിച്ചാണ് എല്ലാവരും ഇരിക്കുന്നത്. ജപ്പാനീസ് ബുദ്ധിസ്റ്റ് പ്രാർഥനയാണ് ആദ്യം. അത് കഴിഞ്ഞാൽ ഭഗവത് ഗീത, ഉപനിഷത്തുകൾ, ഖുർആൻ, ബൈബിൾ തുടങ്ങിയ വിവിധ മതഗ്രന്ഥങ്ങളിൽനിന്നുള്ള പ്രാർഥനകളാൽ പരിസരം ധന്യമാകും. എല്ലാവിഭാഗം ജനങ്ങളും ഒന്നാണെന്ന് ഒാർമിപ്പിക്കുകയാണ് സേവാഗ്രാമിലെ സർവമത പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.