ചിത്രങ്ങൾ തേടിയുള്ള ഒാരോ യാത്രകളിലും പലവിധ അനുഭവങ്ങൾ വിധി എനിക്കായി കാത്തുവെച്ചിട്ടുണ്ടാകുമെന്ന് ഉറപ്പായിരുന്നു. അത്തരമൊരു യാത്രക്കിടയിലാണ് ഉത്തർപ്രദേശിലെ ബാർസന ഹോളി ആഘോഷം കഴിഞ്ഞ് വാരണാസിയിലേക്ക് പോകാനുള്ള തീരുമാനം എടുക്കുന്നത്. അത് അങ്ങനെയാണ്, ഒരിക്കൽ പോലും പ്ലാൻ ചെയ്ത് ചിട്ടപ്പെടുത്തിയ യാത്രകൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല. റിട്ടേൺ ടിക്കറ്റ് എടുത്ത് എവിടേക്കും പോയിട്ടുമില്ല. നമ്മൾ എത്ര പ്ലാൻ ചെയ്യുന്നുവോ, യാത്രകൾ അത്രയും അലങ്കോലമാകാൻ സാധ്യതയുണ്ടെന്നാണ് എെൻറ പക്ഷം.
ഉത്തർപ്രദേശിലെ മഥുരയിൽനിന്നും ട്രെയിനിൽ വേണം വാരണാസി പോകാൻ. ജനറൽ ടിക്കറ്റ് എടുത്ത് ആദ്യംവന്ന വണ്ടിയിൽ തന്നെ കയറി. ജീവിതത്തിലെ ഏറ്റവും മറക്കാൻ കഴിയാത്ത ഒരു ട്രെയിൻ യാത്ര. പാസഞ്ചർ വണ്ടിയുടെ ജനറൽ കംപാർട്ട്മെൻറിൽ കുത്തിനിറഞ്ഞ ആളുകൾക്കിടയിൽ മഥുരയിൽനിന്നും തുടങ്ങി വാരണാസി വരെ 16 മണിക്കൂർ നീണ്ട യാത്ര.
ഒരു സ്റ്റോപ്പ് പോലും വിടാതെ എല്ലാ ചെറിയ സ്റ്റേഷനിലും ആ വണ്ടി നിർത്തി ആളെ കയറ്റിയും ഇറക്കിയും പതുക്കെ നീങ്ങുന്നു. ഉരുളക്കിഴങ്ങുകളും മറ്റു കൃഷികളും നിറഞ്ഞുനിൽക്കുന്ന വയലുകളിലൂടെയാണ് പാളങ്ങൾ കടന്നുപോകുന്നത്. അപ്പോഴും എെൻറ മനസ്സിൽ മുഴുവൻ കാശിയും ഗംഗയും ആയിരുന്നു. പിറ്റേന്ന് ഉച്ചക്കാണ് ലക്ഷ്യസ്ഥാനമെത്തുന്നത്.
വാരണാസിയിലെ ജീവിതം േകട്ടറിഞ്ഞ കഥകളിലേതു പോലെ അത്ര ഭീകരമല്ലെന്ന് ഹോട്ടൽ മുറി എടുക്കുമ്പോൾ തന്നെ മനസ്സിലായി. ബാഗ് എടുത്തു റൂമിലേക്ക് കൊണ്ടുവെച്ചുതന്ന റൂംബോയ് മുതൽ റിക്ഷ ചവിട്ടുന്ന ആൾ വരെ അതിന് ഉദാഹരണമായിരുന്നു. ലളിതമായ ജീവിതം നയിക്കുന്ന കുറെ നല്ല മനുഷ്യർ. ഇതോടൊപ്പം നഗരമാകെ ആത്മീയതയുടെ വലയത്തിലേക്ക് നമ്മെ ആകർഷിക്കുന്നു.
ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഗംഗാ ആരതി എന്നറിയാമായിരുന്നു. കൂടെയുള്ള കൃപാനത്തിനും വിപിനും എത്തിയ ദിവസം തന്നെ അത് കാണണം. ഞങ്ങൾ മൂന്നുപേരും ഫോട്ടോഗ്രാഫർമാരാണ്. അത്ര നീളൻ യാത്രയുടെ ക്ഷീണം ഒന്നും കാണിക്കാതെ എല്ലാവരും കാമറയുമെടുത്ത് പുറത്തിറങ്ങി.
ഗംഗാ നദീതീരത്ത് നടക്കുന്ന പ്രത്യേകതരം പൂജയാണ് ആരതി. ദശാശ്വേമേധഘാട്ടിൽ സന്ധ്യാസമയത്താണ് ഇത് അരങ്ങേറുക. പുരോഹിതന്മാരാണ് ഇതിന് നേതൃത്വം നൽകുന്നത്. ദീപങ്ങൾ ഭജെൻറ താളാത്മകമായ രാഗത്തിൽ മുകളിലേക്കും താഴേക്കും നീക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. അസിഘട്ട് എന്ന സ്ഥലത്തുനിന്നും അമ്പലങ്ങളാൽ നിറക്കപ്പെട്ട ഗംഗാ തീരത്തുകൂടി നടന്നുവേണം ആരതി നടക്കുന്ന സ്ഥലത്ത് എത്താൻ.
ചെറിയ തോണികളും അവിടേക്ക് പോകാൻ ലഭിക്കും. മൂന്നുപേരും ഒരു തോണിയിൽ കയറി. സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ മാത്രം കേട്ടിട്ടുള്ള ഗംഗാ നദിയിലൂടെ ആരതി നടക്കുന്ന സ്ഥലം ലക്ഷ്യമാക്കി തോണി തുഴഞ്ഞു. തോണിക്കാരൻ അവിടെ ജനിച്ചു വളർന്നയാളാണ്. അയാൾ വാരണാസിയുടെ കഥകൾ പറഞ്ഞ് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു.
ഇരുട്ടായപ്പോഴേക്കും അവിടെയെത്തി. ഇനി അങ്ങോട്ട് സംഭവിക്കുന്നെതല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്. അഘോരികൾ, സന്യാസിമാർ, പൂജാരിമാർ, ഭജന പാടുന്നവർ, പൂക്കൾ വിൽക്കുന്നവർ... എല്ലാവരും ചേർന്ന് ആ പ്രദേശത്തെ ഉത്സവലഹരിയിലെത്തിക്കുന്നു. ഇത്രമേൽ ആത്മീയത ഒഴുകുന്ന മറ്റൊരിടം അതുവരെയും കണ്ടിട്ടില്ല. അമ്പലത്തിൽ നിന്നും ചെറിയ പടികൾ ഗംഗാ നദീതീരത്തേക്കുണ്ട്.
നൂറുകണക്കിന് ഭക്തർ ആരതി കാണാൻ ആ പടികളിൽ ഇരിക്കുന്നു. കുറെപേർ അവർ വന്ന തോണികളിൽ തന്നെയാണ്. ഞങ്ങൾ നേരത്തെ എത്തിയതിനാൽ മുകളിലേക്ക് കയറാൻ സാധിച്ചു. അവിടെയാണ് ആരതി നടക്കുക. ആദ്യം അവിടത്തെ കാഴ്ചകൾ മുഴുവൻ നടന്ന് കാണാൻ തീരുമാനിച്ചു. ചെറിയ ദീപങ്ങൾ വെച്ച് പരിസരമാകെ അലങ്കരിച്ചിരിക്കുന്നു. പ്രത്യേകതരം വസ്ത്രങ്ങൾ അണിഞ്ഞ് കുറച്ച് പൂജാരിമാർ അങ്ങോട്ട് വന്നതോടെ എല്ലാവരും നിശ്ശബ്ദരായി ഭക്തിയോടെ ഇരുന്നു.
ആരതി ആരംഭിക്കുകയാണെന്ന് അറിയിച്ച് ശംഘിെൻറ നാദമുയർന്നു. ചന്ദനത്തിരികൾ കത്തിച്ച് പൂജാ മണികൾ അടിച്ചു. കുന്തിരിക്കം പുകപ്പിച്ചതോടെ പരിസരമാെക അതിെൻറ ഗന്ധം നിറഞ്ഞു. പ്രത്യേകതരം അനുഭവമാണ് ആ ഗന്ധം പകർന്നേകുക. അറിയാതെ നമ്മളും ആത്മീയതയുടെ ആഴങ്ങളിൽ അലിഞ്ഞുചേരും.
കത്തിച്ചുവെച്ച വലിയ പിടികളുള്ള ദീപങ്ങൾ എടുത്ത് പൂജാരിമാർ കറക്കാൻ തുടങ്ങി. പിന്നിൽ മൈക്ക് വെച്ച് ആരൊക്കെയോ ഭജന പാടുന്നു. ചെറിയ തീ ആയിരുന്നു ആദ്യം. പിന്നീട് തിരികൾ കൂട്ടി. തീയും പുകയും മന്ത്രങ്ങളും ഭജനയും ചേർന്ന് ആത്മീയതയുടെ മുർധന്യാവസ്ഥയിലേക്ക് ആവാഹിക്കുന്നു. ആളുകൾ സ്വയം മറന്ന് കൈകൾ ഉയർത്തി പ്രാത്ഥിച്ചുകൊണ്ടിരിക്കുന്നു.
ഞാൻ ആ നിമിഷം അനുഭവിക്കുകയായിരുന്നു. ഇത്ര വലിയയൊരു ആൾക്കൂട്ടത്തിൽ ജീവിക്കുക എന്ന വലിയ ഭാഗ്യം ഓർത്ത് ഫോട്ടോ എടുക്കുന്ന കാര്യം പോലും പലേപ്പാഴും മറന്നുപോയി. അങ്ങോട്ടും ഇങ്ങോട്ടും ഞാൻ നടന്നു. ഏറ്റവും ഒടുവിൽ പൂജാരിമാർ ഒരുമിച്ചുനിന്ന് കൈകൾ കൊട്ടി ഭജന പാടാൻ തുടങ്ങി. അതോടെ ആളുകൾ പിരിഞ്ഞ് അവർ വന്ന തോണികളിൽ കയറി. ഞങ്ങൾ പുണ്യനദിയുടെ തീരത്തുകൂടി റൂം ലക്ഷ്യമാക്കി നടന്നു.
ഇതിനിടയിൽ ഒരു സന്യാസി വന്ന് ഭക്ഷണം കഴിക്കാൻ 10 രൂപ തരുമോയെന്ന് ചോദിച്ചു. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് കേട്ട് അയാൾ മലയാളത്തിൽ ചോദിച്ചു, നാട്ടിൽ എവിടെയാ? മലപ്പുറം എന്ന് മറുപടി പറഞ്ഞ് അയാൾക്ക് പൈസ കൊടുത്തു. മറ്റൊന്നും പറയാതെ അയാൾ ആ നഗരത്തിെൻറ ഇരുട്ടിലേക്ക് മറഞ്ഞു. അതെ, കാശി ഒരു അനശ്വര നഗരമാണ്. ജീവിതത്തിെൻറ സായംസന്ധ്യയിൽ മനസ്സിലെ ഭാരങ്ങൾ ഇറക്കിവെക്കാൻ എത്തുന്നവർക്ക് അഭയം നൽകുന്ന നിത്യനഗരം.
Travel info
ഉത്തർ പ്രദേശിൽ ഗംഗാ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് ആറ് കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് വാരണാസി. തലസ്ഥാനമായ ലഖ്നൗവിൽനിന്ന് 320 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ബനാറസ്, കാശി എന്നീ പേരുകളിലും ഇൗ പുരാതന നഗരം അറിയപ്പെടുന്നു. കാശിയെ ശിവെൻറ നഗരം എന്നാണ് അറിയപ്പെടുന്നത്.കാശി വിശ്വനാഥക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഗംഗയുടെ കരയിൽ ധാരാളം കൽപ്പടികൾ കാണാം. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നത് ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.