ചാംബനി വംശജരുടെ മസ്ജിദ്

വിയറ്റ്നാമിലെ ചാംബനി

വിയറ്റ്നാം യാത്ര വേളയിലാണ് ചാംബനി എന്ന സമൂഹത്തെപ്പറ്റി അറിയുന്നത്. നാലാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ട് വരെ മധ്യ വിയറ്റ്നാം ഭരിച്ചത് ചമ്പ എന്ന രാജവംശമായിരുന്നു. ശിലായുഗ കാലത്തു ബോർണിയോ എന്ന സ്ഥലത്തുനിന്ന് വിയറ്റ്നാമി​െലത്തിയവരാണ് ‘ചാം’ എന്നു വിളിക്കുന്ന സമൂഹത്തിന്റെ പൂർവികർ.

ആർക്കും വേണ്ടാതിരുന്ന തീരപ്രദേശങ്ങളിൽ അവർ താമസമാക്കി. രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നുള്ള കപ്പലുകൾ വാണിജ്യാവശ്യങ്ങളുമായി തീരത്തെത്തി. അതിൽ ചിലർ ചാം സ്ത്രീകളെ വിവാഹം ചെയ്ത് അവിടെ താമസമായി. അതോടെ ഹിന്ദുമതം വ്യാപകമായി പ്രചരിച്ചു. ഒമ്പതാം നൂറ്റാണ്ടിലാണ് ചാം പ്രദേശങ്ങളിലേക്ക് പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നുള്ള മുസ്‍ലിം വ്യാപാരികൾ എത്തിത്തുടങ്ങിയത്. അതിന്‌ പ്രധാന കാരണം ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ്.

താപ് വാനും ഭാര്യയും

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ദക്ഷിണ ചൈന കടലിലേക്കും ചൈനയിലേക്കും നേരിട്ടുള്ള കടൽപാതയിലാണ് ചമ്പ. 1670 ആയപ്പോഴേക്കും രാജകുടുംബം ഉൾപ്പെടെ ഭൂരിപക്ഷം പേരും ഇസ്‍ലാം മതം സ്വീകരിച്ചിരുന്നു. ഇവർ ‘ചാംബനി’ എന്നറിയപ്പെട്ടു. വിയറ്റ്നാമിലെ ചെറിയ സമൂഹമായ ചാംബനികളെ കാണാനുള്ള യാത്രയിൽ വിയറ്റ്നാമിലെ സുഹൃത്ത് ലൂയെനുമുണ്ടായിരുന്നു.

വസ്ത്രവും ആചാരങ്ങളും

ലൂയെന്റെ പരിചയക്കാരനായ താപ് വാനിന്റെ വീടാണ് ആദ്യം സന്ദർശിച്ചത്. വലിയൊരു പറമ്പിൽ ചെറിയ ഒറ്റനില കെട്ടിടമായിരുന്നു അത്. അവിടെ താപ് വാനിന്റെ ഭാര്യയുമ​ുണ്ട്. ശരീരത്തോട് ഇറുകിക്കിടന്ന ടോപ്പും ഞൊറികളിലാത്ത പാവാടയുമായിരുന്നു വേഷം. ഞങ്ങളുടെ വരവിന്റെ ഉദ്ദേശ്യം അറിഞ്ഞപ്പോൾ കടയിൽ പോയ ഭർത്താവിനെ ഫോണിൽ വിളിച്ചു.

അദ്ദേഹം വരുന്നത് വരെ വീടിനകവും ചുമരിൽ തൂക്കിയിരുന്ന അവരുടെ പൂർവികരുടെ ഫോട്ടോയുമെല്ലാം കാണിച്ചു തന്നു. ഓരോരുത്തരുടെയും പേര് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടു. ‘‘ഇവരുടെ ചില ചടങ്ങുകളുടെ സമയത്ത് വീട്ടിലെ മുതിർന്ന സ്ത്രീ ഏഴു തലമുറക്കാരുടെ പേര് പൂജകൾ ചെയ്യാനായി പറഞ്ഞു കൊടുക്കണം.’’ ലൂയെൻ വിശദീകരിച്ചു.

ഫോട്ടോ കാണുന്നതിനിടെ താപ് വാൻ എത്തി. കാൽപാദംവരെ നീണ്ട വെള്ള ജുബ്ബയാണ് അദ്ദേഹം ധരിച്ചത്. ഫോട്ടോ എടുക്കാൻ പോയപ്പോൾ രണ്ടുപേരും വീട്ടിനകത്തുനിന്ന് ഒരു വെള്ള തുണിയെടുത്ത് തലയിൽ കെട്ടി. താപ് വാനിന്റെ തുണിയുടെ അറ്റത്തുണ്ടായിരുന്ന ചുമന്ന നൂലുകൾ തലയുടെ ഇരുവശങ്ങളിലായി തൂങ്ങിക്കിടന്നു. മുറ്റത്തിട്ടിരുന്ന ചെറിയ വട്ടമേശക്കു ചുറ്റുമിരുന്ന് ഞങ്ങൾ സംസാരം ആരംഭിച്ചു.

‘‘നിങ്ങൾ മുസ്‍ലിം ആചാരങ്ങളാണോ പിന്തുടരുന്നത്?’’ ഞാൻ ചോദിച്ചു. ‘‘ഞങ്ങൾ ചാംബനികൾ ആണ്. ചാം മുസ്‍ലിംകൾ സുന്നി രീതികൾ പിന്തുടരുന്നവരാണ്. അവരെ​േപ്പാലെ ഞങ്ങളും പ്രവാചകനായ മുഹമ്മദിൽ വിശ്വസിക്കുന്നു. പ്രാർഥിക്കാൻ പള്ളിയിൽ പോകുകയും റമദാൻ ആഘോഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഞങ്ങളുടെ ആചാരങ്ങൾ വ്യത്യസ്തമാണ്.

പ്രവാചകനെേപ്പാലെ പ്രധാനമാണ് ഞങ്ങൾക്ക് പൂർവികരും’’ അദ്ദേഹം പറഞ്ഞു. ശേഷം തൊട്ടടുത്തുള്ള പള്ളി കാണിച്ചുതന്നു. ചെറിയ ഒറ്റനില കെട്ടിടമായിരുന്നു അത്. പൊതുവെ പള്ളികളിൽ കാണുന്ന വലിയ താഴികക്കുടവും മിനാരവും ഒന്നും ഉണ്ടായിരുന്നില്ല. ‘‘ഞങ്ങളുടെ മസ്ജിദിനെ ‘താങ് മജിക്’ എന്നാണ് വിളിക്കുന്നത്.

സാധാരണ മുസ്‍ലിം പള്ളികളിലെ പോലെയല്ല ഇവിടത്തെ പ്രാർഥന. വീട്ടിൽ ആരും നമസ്‌കരിക്കാറില്ല. മസ്ജിദ് ചില വെള്ളിയാഴ്ചകളിലും റമദാൻ മാസത്തിലും മാത്രമാണ് തുറക്കുക. ഈ ദിവസങ്ങളിലാണ് പ്രത്യേക പ്രാർഥനകൾ നടക്കുന്നത്’’. അദ്ദേഹം പറയുന്നു. തിരികെ വീട്ടിൽവന്ന ശേഷം അവരുടെ ഖുർആൻ കാണിച്ചുതന്നു.

ഫോട്ടോസ്റ്റാറ്റ് എടുത്ത ഏതാനും പേജുകളായിരുന്നു അത്. ‘‘നൂറ്റാണ്ടുകൾക്ക് മുമ്പ് ചാം ഭാഷയിൽ ഖുർആൻ തർജമ ചെയ്തിരുന്നു. അതിന്റെ പല ഭാഗങ്ങളും നഷ്ടപ്പെട്ടു. ബാക്കി ഭാഗങ്ങളാണ് ഞങ്ങളിപ്പോൾ പാരായണം ചെയ്യുന്നത്‌. പൂർവികർക്കുള്ള സമർപ്പണമാണ് ഞങ്ങൾക്ക് ഖുർആൻ പാരായണം. റമദാൻ ഞങ്ങൾക്ക് റമവാനാണ്. റമദാൻ മാസത്തിൽതന്നെയാണ്‌ റമവാനും. പൂർവികരെ ഓർമിക്കാനുള്ള അവസരമാണ് റമവാൻ.

ഏഴ് തലമുറക്കാരുടെ പേരുകൾ

റമവാൻ തുടങ്ങുന്നതിനു മൂന്ന്‌ ദിവസം മുന്നേ പൂർവികരുടെ കുഴിമാടം സന്ദർശിച്ച്‌ പ്രാർഥനകൾ നടത്തി ആത്മാക്കളെ വീട്ടിലേക്ക് ക്ഷണിക്കും. വീട്ടിൽ പ്രത്യേക പൂജകളുണ്ടാകും. ആ സമയത്ത്‌ വീട്ടിലെ മുതിർന്ന സ്ത്രീ ഏഴു തലമുറ മുന്നെയുള്ളവരുടെ പേരുകൾ ഓർത്തെടുത്ത്‌ ഓരോരുത്തർക്കും വേണ്ടി പ്രാർഥിക്കും.

റമവാൻ തുടങ്ങുന്ന ദിവസം വൈകീട്ട് ‘ആചാർ’ എന്ന് വിളിപ്പേരുള്ള വ്യക്തി പള്ളിയിൽ പ്രവേശിക്കും. ഓരോ കുടുംബത്തിനും പ്രത്യേകം ആചാർ ഉണ്ട്. ഇദ്ദേഹമാണ് യഥാർഥത്തിൽ റമവാൻ മാസത്തിൽ പ്രാർഥനകൾ നടത്തുന്നത്. റമവാൻ മാസം മൊത്തം ആചാർ പള്ളിയിലാണ് താമസിക്കുക. ശ്‌മശാനത്തിൽനിന്നും വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്ന ആത്മാക്കൾ ആചാറിനൊപ്പം റമവാൻ മാസത്തിൽ പള്ളിയിലാണുണ്ടാവുക എന്നാണ് സങ്കൽപം.

പള്ളിയിൽ പ്രവേശിച്ചാൽ ആദ്യത്തെ മൂന്നു ദിവസം അദ്ദേഹം ഭക്ഷണം കഴിക്കില്ല. ആ ദിവസങ്ങളിൽ പള്ളിയിലേക്ക് മറ്റാർക്കും പ്രവേശനവുമില്ല. നാലാം ദിവസം മുതൽ ഞങ്ങൾ രാവിലെയും വൈകീട്ടും കൊണ്ടുകൊടുക്കുന്ന സസ്യാഹാരം മാത്രമാണ് ആചാർ കഴിക്കുക. സൂര്യോദയത്തിനു മുമ്പ് കഴിക്കുന്നത് ആത്മാക്കൾക്ക് വേണ്ടിയും അസ്തമയത്തിനു ശേഷമുള്ളത് അല്ലാഹുവിനുവേണ്ടിയുമാണ് എന്നാണ് കരുതുന്നത്.

കുടുംബത്തിന് വേണ്ടി അദ്ദേഹമാണ് അഞ്ചുനേരം നമസ്കരിക്കുക. എല്ലാ ചാംബനി വിശ്വാസികളും റമവാൻ മാസത്തിലെ ആദ്യത്തെ പതിനഞ്ചു ദിവസം സസ്യാഹാരമെ കഴിക്കൂ. റമവാൻ മാസത്തിന്റെ അവസാന ദിവസം ആത്മാക്കൾ തിരിച്ച്‌ അവരുടെ ലോകത്തേക്ക് മടങ്ങും. അതാണ് സങ്കൽപം’’.

മൃതദേഹത്തിന്റെ രണ്ടാംവരവ്

താപ് വാൻ മുറ്റത്ത് ഒരു മൂലയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. ‘‘ഈ സ്ഥലം കണ്ടോ. ഇവിടെയാണ് ചാം ഹിന്ദുക്കളെ പോലെ ഞങ്ങളും പണ്ട് ആളുകൾ മരിച്ചാൽ മൃതദേഹം അടക്കാതെ കുറെദിവസം വെച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഉടൻ തന്നെ മറവുചെയ്യും. മറവുചെയ്യുമ്പോൾ മൃതദേഹത്തിലെ മോതിരം എടുത്തുമാറ്റും. ഒരു വർഷത്തിന് ശേഷം കുഴിമാടത്തിൽ നിന്ന് എല്ലുകൾ പെറുക്കിയെടുത്ത്‌, മോതിരവും ചേർത്ത് പൊതു ശ്‌മശാനത്തിൽ സംസ്കരിക്കും. അവിടെവെച്ചാണ് റമവാൻ വേളയിൽ പൂർവികരെ പൂജിക്കുന്നത്.’’

താപ് വാന് ഒരു ഫോൺ വന്നതും അദ്ദേഹം തിരക്കിട്ട് വീട്ടിൽനിന്നിറങ്ങി. ചായകുടിച്ചിട്ടു പോകാൻ ഭാര്യ നിർബന്ധിച്ചെങ്കിലും വേറെയും സ്ഥലങ്ങളിൽ പോകാനുള്ളതിനാൽ ഞങ്ങളിറങ്ങി. ലൂയെനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ മനസ്സിൽ അവരെപ്പറ്റിയുള്ള ചിന്തകളായിരുന്നു. ഹിന്ദു, മുസ്‍ലിം ആചാരങ്ങൾ കൂട്ടിക്കലർത്തി, അത് പിന്തുടരുന്ന ചാംബനികളെ ഓർത്ത് അത്ഭുതം തോന്നി.

Tags:    
News Summary - travel-vietnam-story of chambani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.